കർഷകരേ....ഞങ്ങൾ ആദിവാസി വിഭാഗക്കാർക്ക് ദിശാബോധമേകുന്നു നിങ്ങളുടെ സമരം
text_fieldsകുറച്ചു ദിവസങ്ങളായി അന്നത്തിനു മുന്നിലിരിക്കുമ്പോൾ അത് നമ്മുടെ തീൻമേശയിലെത്തിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന കർഷകരെയാണ് ഓർമ വരുന്നത്. നിലനിൽപിനായി ഡൽഹിയിലെ കൊടുംതണുപ്പിൽ അവർ നടത്തുന്ന തീക്ഷ്ണസമരമാണ് മനസ്സിലേക്ക് ഇരച്ചുകയറുന്നത്. അവരോടൊപ്പം ചേർന്നുനിൽക്കണമെന്ന അദമ്യമായ ആഗ്രഹമാണിപ്പോൾ ഉള്ളുനിറയെ. കാരണം, ഞാനുൾപ്പെടുന്ന ആദിവാസി-ദലിത് സമൂഹത്തിന് ആ സമരം നൽകുന്ന ദിശാബോധവും ആവേശവും അത്രയേറെയുണ്ട്. ജനിച്ചു വീണ മണ്ണ് എെൻറ സ്വന്തം രാജ്യമാണെന്ന് ആത്മാഭിമാനത്തോടെ ഉറപ്പിച്ചു പറയുന്നതിനിടയിലും ഇന്നാട്ടിൽ നിലനിൽപ്പിനായി പൊരുതുന്ന എല്ലാവരും-അത് കർഷകനായാലും ന്യൂനപക്ഷ സമുദായക്കാരായാലും ദലിത്,ആദിവാസി സമൂഹങ്ങളായാലും- ഒരുമിച്ചു കൈകോർത്തു തെരുവിലിറങ്ങി സമരം ചെേയ്യണ്ട കാലമായിരിക്കുന്നു.
വയനാട്ടിലെ ആദിവാസി വിഭാഗക്കാരിൽ ഏറെ അംഗബലമുള്ള, എന്നാൽ ഏറ്റവുമധികം പിന്നോക്കാവസ്ഥയുള്ള സമുദായങ്ങളിലൊന്നായ 'പണിയ' സമുദായത്തിലാണ് ഞാൻ ജനിച്ചത്. സ്വന്തമെന്നു പറയാനൊരുപിടി മണ്ണും തലചായ്ക്കാൻ ഒരു കിടപ്പാടവും ഇന്നും ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സ്വപ്നം സാധ്യമാക്കാൻ വിദ്യ തേടിയിറങ്ങിയ യുവതീയുവാക്കളാകട്ടെ ബിരുദാനന്തര ബിരുദമടക്കമുള്ള ഉപരിപഠനത്തിനുശേഷവും തൊഴിലിനു വേണ്ടി അലയുന്ന കാഴ്ചയാണ്. സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും പുറമെ ജനാധിപത്യ ഭരണക്രമത്തിൽ അത്രമേൽ അർഹമായ സംവരണമടക്കം അട്ടിമറിക്കപ്പെടുന്നു. നേട്ടങ്ങളെല്ലാം ലഭിക്കുന്നതാകട്ടെ, എല്ലാ സൗകര്യങ്ങൾക്കും നടുവിൽ വിരാജിക്കുന്ന മുന്നോക്കക്കാരിലെ ചെറുവിഭാഗത്തിനു മാത്രം.
ഇത് കേരളത്തിലെ ആദിവാസികൾക്കിടയിൽ മാത്രം സംഭവിക്കുന്നതല്ല. ഈ രാജ്യം മുഴുവൻ ദലിത്-ആദിവാസി വിഭാഗങ്ങൾ അവഗണിക്കപ്പെടുകയാണ്. ഉള്ളത് എല്ലാവർക്കും തുല്യമായി നൽകുക എന്നത് ഭരണകൂടത്തിെൻറ ഉത്തരവാദിത്തമാണെങ്കിലും അതുണ്ടാകുന്നില്ല. ഇപ്പോഴത്തെ കേന്ദ്രഭരണം പിന്നാക്കക്കാരെ പരിഗണിക്കുന്നേയില്ല. മധ്യ-ഉപരിവർഗത്തിെൻറ താൽപര്യങ്ങൾക്ക് അപ്പുറത്തേക്ക് അവരൊരു രാഷ്ട്രീയം കാണുന്നേയില്ല.
ദലിത്-ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ദുരവസ്ഥക്കിടയിലാണ് കൂനിന്മേൽ കുരുപോലെ കോവിഡ് കാലവും ലോക്ക് ഡൗണുമൊക്കെ വന്നു പതിച്ചത്. ഉടമകളോ ഉൽപാദകരോ അല്ലാത്ത, അന്നന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അടുപ്പു പുകയ്ക്കുന്ന തൊഴിലാളികളാണ് പിന്നാക്ക വിഭാഗക്കാർ. മുകൾത്തട്ടിലുണ്ടായ തകർച്ചയുടെ ആഘാതം ഏറ്റവുമധികം ബാധിക്കുന്നതും അവരെയാണ്. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ, ഉണ്ടായിരുന്ന ചെറിയ തൊഴിലുകൾ പോലും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ് ആദിവാസി-ദലിത് സമൂഹം.
കോവിഡ് ഒരുക്കിയ പ്രതിസന്ധിയെ നേരിടാൻ, ടെലിവിഷൻ കാമറകൾക്ക് മുന്നിലിരുന്ന് ലക്ഷക്കണക്കിന് കോടി രൂപയുടെ കടലാസ് പദ്ധതികളാണ് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഈ വേളയിൽ പോലും, പ്രത്യേകം പരിഗണന നൽകേണ്ട ആദിവാസി-ദലിത് വിഭാഗങ്ങൾക്ക് നൽകേണ്ട ആശ്വാസപദ്ധതികളെക്കുറിച്ച് പേരിനുപോലും അവർ ഉരിയാടിയില്ല. അതിനു മുേമ്പാ ശേഷമോ ഇങ്ങനെ ഒരു ജനവിഭാഗം രാജ്യത്തുണ്ടെന്നുപോലും പരിഗണിക്കാത്ത മോഡി ഭരണകൂടത്തിൽനിന്ന് മറിച്ചു പ്രതീക്ഷിക്കുന്നതിൽ അർഥവുമില്ലേല്ലാ.
ലോക്ഡൗണിെൻറ കർശന നിയന്ത്രണങ്ങൾ മാറിയെങ്കിലും കോവിഡിപ്പോഴും രാജ്യത്ത് താണ്ഡവം തുടരുകയാണ്. പക്ഷെ, അതിനേക്കാൾ വലിയ പ്രതിസന്ധിയിലാണ് സാധാരണക്കാർ. ജീവിത മാർഗങ്ങൾ നഷ്ടമായ അവർക്ക് ചുറ്റും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തിട്ടൂരങ്ങളാണിപ്പോൾ. എടുത്ത വായ്പകളും മറ്റും തിരിച്ചടക്കേണ്ടത് കടമെടുത്തവെൻറ ഉത്തരവാദിത്തമാണെങ്കിലും ഈ മഹാമാരിക്കാലത്ത് ഒരുവിധ ഇളവുകളും നൽകാതെയും ഉത്തരവാദിത്തമേറ്റെടുക്കാതെയും ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഗുണ്ടാപിരിവിനെന്ന പോലെ അഴിച്ചു വിടുന്ന ഭരണകൂട നടപടികൾ കടുത്ത രീതിയിൽ വിമർശിക്കപ്പെടേണ്ടതുണ്ട്.
ലാഭക്കണക്കുകൾ മാത്രം നോക്കുന്ന കോർപറേറ്റുകളുടെ കീശകളിലേക്ക് പാവപ്പെട്ടവെൻറ പണമെത്തിക്കാൻ തിടുക്കം കാട്ടുന്ന സർക്കാർ നടപടികൾക്കെതിരെ കർഷകർ ഉയർത്തിയതുപോലെ ആർജവമുള്ള സമരമുഖങ്ങൾ ഇനിയും തുറക്കണം. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം കുത്തകളുടെ താൽപര്യത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കാലത്ത്, അസാധാരണ സാഹചര്യത്തിൽ ജീവിത മാർഗങ്ങൾ നഷ്ടപ്പെട്ട അടിസ്ഥാന വർഗക്കാർ സമരകാഹളവുമായി തെരുവിലിറങ്ങുേമ്പാൾ അവർക്കൊപ്പം അണിചേരുകയും ഐക്യദാർഢ്യപ്പെടുകയുമാണ് കാലഘട്ടത്തിെൻറ ആവശ്യം.
(ആദിവാസി യുവതയുടെ കൂട്ടായ്മയായ 'ഗോത്ര'യുടെ ഭാരവാഹിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.