2016ൽ കനയ്യ കുമാറും ഉമ്മർ ഖാലിദും വഴി മാധ്യമങ്ങൾക്കും, 2019ലെ പൗരത്വ സമരത്തിലൂടെ രാജ്യമൊട്ടുക്കും പരിചിതമായ ആസാദി മുദ്രാവാക്യം അതിനുമെത്രയോ മുമ്പ് ഇന്ത്യയിലെയും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും ഫെമിനിസ്റ്റ്-പൗരാവകാശ കൂട്ടായ്മകൾക്ക് ഹൃദിസ്ഥമായിരുന്നു. എല്ലാ മേൽകോയ്മകളിൽ നിന്നും മോചനം വേണമെന്ന് ഉറക്കെപ്പാടുന്ന ആ മുദ്രാവാക്യവുമായി ഓരോ കൂടിയിരിപ്പുകളിലേക്കും കമല ഭാസിൻ എത്തിയിരുന്നു. സ്ത്രീകളോടും കുട്ടികളോടും ന്യൂനപക്ഷങ്ങളോടും അരികുകളിലേക്ക് തള്ളപ്പെടുന്ന ഓരോ മനുഷ്യരോടും വിമോചനത്തിനായി ഒരുങ്ങാൻ അവർ ആഹ്വാനം ചെയ്തു. 2007െൻറ തുടക്കത്തിൽ ഡൽഹിയിൽ നടന്ന ഒരു കൂട്ടായ്മയിൽ വെച്ച് കമല ദി യിൽ നിന്ന് അതേറ്റു ചൊല്ലിയതിെൻറ ആവേശവും ഊർജവും ഇന്നുമുണ്ട് മനസ്സിൽ.
പാകിസ്താനിൽ സിയാഉൽ ഹഖ് ഭരണകൂടത്തിനെതിരെ ചെറുത്തുനിൽപ്പുകൾക്ക് തുടക്കമിട്ട സ്ത്രീ അവകാശപ്പോരാളികളിൽ നിന്ന് കേട്ടു വന്ന മുദ്രാവാക്യത്തെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി വിപുലീകരിക്കുകയായിരുന്നു കമല. ഏകാധിപത്യത്തിൽ നിന്നും സായുധീകരണത്തിൽ നിന്നും ഫാഷിസത്തിൽ നിന്നുമെല്ലാം മോചനം തേടുന്ന ഉയിർപ്പു പാട്ടായി അതുമാറി. ഐക്യരാഷ്ട്ര സഭയിൽ ജോലി ചെയ്യുേമ്പാഴും സഹേലി, ജാഗോരി, സംഗത് തുടങ്ങിയ കൂട്ടായ്മകൾക്കായി മുന്നിൽ നടക്കുേമ്പാഴും സ്കൂൾ കുട്ടികളോടു മുതൽ രാഷ്ട്രനേതാക്കളോടു വരെ സംസാരിക്കുേമ്പാഴും കമലയുടെ രാഷ്ട്രീയം ഒന്നു തന്നെയായിരുന്നു. തുല്യാവകാശമുള്ള ലോകം. ഒരു തരിമ്പ് കൂടുതൽ വേണ്ട, പക്ഷേ ഞങ്ങൾക്ക് അവകാശപ്പെട്ടത് ലഭിക്കുക തന്നെ വേണമെന്ന് മരിച്ചുപോയവരും ജീവിക്കുന്നവരും വരാനിരിക്കുന്നവരുമായ ഓരോ സ്ത്രീകൾക്കും വേണ്ടി അവർ വാദിച്ചു. ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളെയും ചെറുപ്പക്കാരെയും സാമൂഹിക നായകരായി വാർത്തെടുക്കാൻ വഹിച്ച അതുല്യമായ പങ്കിന് തെക്കനേഷ്യൻ രാജ്യങ്ങളെല്ലാം ഈ വെള്ളിത്തലമുടിക്കാരിയോട് കടപ്പെട്ടിരിക്കുന്നു.
പെൺകുട്ടികൾക്ക് വിദ്യാലയത്തിൽ പഠനം അനുവദിക്കില്ലെന്ന താലിബാൻ തിട്ടൂരം തിരിച്ചെത്തുന്ന കാലത്താണ് കമലയെപ്പോലൊരു പോരാളിയുടെ തിരോധാനമെന്നത് വേദന വർധിപ്പിക്കുന്നു. ഭരണകൂടത്തിനായി മുദ്രാവാക്യം വിളിക്കുന്നവരുടെ പേരുകൾ കുത്തിത്തിരുകി പത്മ അവാർഡ് പട്ടിക തയാറാക്കുന്ന തിരക്കിൽ കമല ഭാസിൻ എന്ന പേര് ചേർക്കപ്പെടാതെ പോയതിൽ ലവലേശം അത്ഭുതപ്പെടാനില്ല. ഈ കുറിപ്പ് എഴുതിത്തീർക്കും മുമ്പ് ഒരിക്കൽ കൂടി ട്വിറ്ററിൽ പരതി. േലാകമൊട്ടുക്കു നിന്നും ഫെമിനിസ്റ്റുകളും മനുഷ്യാവകാശപ്രവർത്തകരും മാധ്യമ പ്രവർത്തകരും വിദ്യാർഥികളുമടക്കമുള്ളവർ വേദനയോടെ യാത്രാ മൊഴി നൽകുന്നു. എന്നാൽ, സംഭവ ബഹുലമായ ഈ ജീവെൻറ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഭരണവർഗ ഉന്നതരുടെയോ ഒരുവരി അനുശോചനം പോലുമില്ല. ജീവിതവും നിലപാടുകളും േപാരാട്ടവും അത്രമേൽ ശരിയായ പാതയിലായിരുന്നുവെന്നതിന് ഇതിലേറെ വലിയ എന്തു സാക്ഷ്യപത്രം വേണം കമല ദി?.
സാമൂഹിക ജീവിതത്തിന് കോവിഡ് തടയിടുന്നതു വരെ, പൗരത്വ പ്രക്ഷോഭം ഉൾപ്പെടെയുള്ള അവകാശക്കൂട്ടായ്മകൾക്കെല്ലാം താങ്കൾ ജീവൻ പകർന്നു. അർബുദം നഖമാഴ്ത്തി വേദനിപ്പിക്കുേമ്പാഴും ചുറ്റുമുള്ളവർക്കായി പുഞ്ചിരി പൊഴിച്ചു. ആസാദിയുടെ മുഴക്കത്തിലൂടെ ഇനിയുമീ ലോകത്തെ പ്രചോദിപ്പിക്കുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.