ഒരു ബോട്ട് യാത്രക്കിടെ മാധ്യമ പ്രവർത്തകരുമായി സംവദിക്കുന്ന മഹാത്മ ഗാന്ധി

ഗാന്ധിയിലേക്ക് എത്താതെ പോകുന്ന വഴികൾ

എഴുപത്തഞ്ചാണ്ട് മുമ്പ് ഇന്ത്യയിലെ - ഇന്നത്തെ പാകിസ്താനും ബംഗ്ലാദേശുമടക്കം - എല്ലാ വഴികളും എത്തി സംഗമിച്ചിരുന്നത് ഒരു മനുഷ്യനിലാണ്; ഒറ്റക്കൊരു ദണ്ഡുമൂന്നി നിലകൊണ്ട ഗാന്ധി എന്ന മഹാത്മാവിലേക്ക്. അദ്ദേഹത്തെ ദൈവമായിക്കണ്ടവർ നടന്ന വഴി. ഗുരുവായിക്കണ്ടവർ വന്ന വഴി. രാഷ്ട്രീയ നേതാവായിക്കണ്ടവർ ഒഴുകിയെത്തിയ വഴി. വിമർശനപ്പെരുമഴയോടെ ഒപ്പം നടന്നവരുടെ വഴി. ആജന്മ ശത്രുവായിക്കാണുമ്പോഴും തേടിയെത്തേണ്ടിവന്നവരുടെ വഴി. അസ്തിവാരം പിടിച്ചുകുലുക്കുന്നത് കണ്ടുനിൽക്കേണ്ടിവന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിചിത്രവഴി. ഒടുവിൽ സ്വപ്നത്തിൽപ്പോലും എതിർത്ത വിഭജനത്തിന്റെ പേരിൽ തേടിയെത്തിയ ഹിന്ദുത്വ വെടിയുണ്ടയുടെ വഴി. ഇതിനെല്ലാമുപരി സ്വയം നടന്നതും തേടിപ്പിടിച്ചതും വെട്ടിത്തെളിച്ചതുമായ അനേക വഴികൾ.

ഗാന്ധിയുടെ വഴികളിലേക്കു നോക്കുമ്പോൾ എക്കാലവും അമ്പരപ്പിക്കുന്നത് ജനങ്ങൾ ആ വഴിയിൽ അർപ്പിച്ച കലർപ്പില്ലാത്ത വിശ്വാസമാണ്. രാമരാജ്യം ആദർശമാക്കിയ അദ്ദേഹം സനാതന ഹിന്ദുക്കൾക്ക് പ്രിയപ്പെട്ടവനായി. ഹരിജനോദ്ധാരണം ലക്ഷ്യമാക്കിയതുവഴി അധഃസ്ഥിതർക്ക് കൈനീട്ടി തൊടാവുന്ന ആളായി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പിന്തുണക്കാരനാകുകവഴി മുസ്‍ലിം ജനസാമാന്യത്തിന് വിശ്വസ്തനായി.

അതേസമയംതന്നെ നെഹ്റു മുതൽ സുഭാഷ് ചന്ദ്ര ബോസ് വരെയുള്ള നേതാക്കൾക്ക് അദ്ദേഹം അഭിമതനായി. ഗാന്ധി എന്ന വടം ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ് എന്ന ആൾക്കൂട്ടം എന്നേ ചിതറിപ്പോയേനെ; സ്വാതന്ത്ര്യം എന്ന ലക്ഷ്യവും. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ നെഹ്റു വിശാലമായി നിർവചിക്കുമ്പോൾ, ഒരു സംശയവുമില്ല, അതിനെ അടയാളപ്പെടുത്തിക്കൊണ്ട് തെളിവാർന്നുവന്ന തേജസ്വരൂപം മഹാത്മാ ഗാന്ധിയുടേതാണ്. രാജ്യമെമ്പാടും പലതവണ ചുറ്റി സഞ്ചരിച്ച ഗാന്ധി കേരളത്തിലടക്കം പലതവണ വന്നു. വൈക്കം സത്യഗ്രഹമടക്കം പ്രക്ഷോഭങ്ങളിൽ നേരിട്ടിടപെട്ടു. ജനം അദ്ദേഹത്തെ വിശ്വസിച്ചു, ആരാധിച്ചു. ആ വാക്കുകൾ കേട്ട് ബാലികമാരടക്കം ആഭരണങ്ങൾ ഉപേക്ഷിച്ചു. വിദേശ വസ്ത്രങ്ങൾ തീയിലെറിഞ്ഞു.

നിർഭയ പ്രക്ഷോഭപ്പെരുവഴി

മറ്റെല്ലാ വഴികളും കൺമുന്നിലുള്ളപ്പോഴും വിസ്തൃതിയാൽ അമ്പരപ്പിക്കുന്നത് നിർഭയ പ്രക്ഷോഭകാരിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വഴിയാണ്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ പ്രക്ഷോഭം മറ്റെന്താണ്. സ്വന്തം രാജ്യമല്ലാത്ത ഒരിടത്ത് കലാപക്കൊടി ഉയർത്തുന്നയാൾ വിപ്ലവകാരിയല്ലാതെ വേറെയാരുമല്ല. ഇന്ത്യക്കാർ വിരലടയാളം നൽകണമെന്നും ഒരു പ്രവിശ്യ വിട്ട് സഞ്ചരിക്കുന്നതിന് പെർമിറ്റ് എടുക്കണമെന്നുമുള്ള ദക്ഷിണാഫ്രിക്കൻ സർക്കാറിന്റെ അന്യായ നിയമങ്ങൾക്കെതിരെയായിരുന്നു അവിടെ ഗാന്ധിജിയുടെ പ്രധാന സമരങ്ങൾ. ഒരുവേള ഭരണകൂട വാഗ്ദാനം വിശ്വസിച്ച് എടുത്ത സ്വന്തം പെർമിറ്റ് സർക്കാർ നിലപാട് മാറ്റിയപ്പോൾ കത്തിച്ചുകളഞ്ഞു ആ പ്രക്ഷോഭകാരി. പലവട്ടം ജയിൽവാസം വേണ്ടിവന്നെങ്കിലും ആ നിയമങ്ങൾ പിൻവലിക്കാൻ ഭരണകൂടം നിർബന്ധിതരായി.

നിസ്സഹകരണവും ഖിലാഫത്തും സ്വദേശി പ്രസ്ഥാനവും ഉപ്പുസത്യഗ്രഹവും ക്വിറ്റ് ഇന്ത്യയുമടക്കം എത്രയോ പ്രചണ്ഡ പ്രക്ഷോഭങ്ങൾ. വട്ടമേശ സമ്മേളനങ്ങളിലെയടക്കം കർക്കശ നിലപാടുകൾ. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് കടുത്ത താക്കീത് നൽകുന്ന കത്തുകൾ. ഗാന്ധി നയിച്ച ഓരോ പ്രക്ഷോഭവും ഇന്ത്യയൊന്നാകെ വ്യാപിച്ചത്, പ്രത്യേകിച്ച് നിസ്സഹകരണ പ്രസ്ഥാനം, ബ്രിട്ടീഷ് ഭരണകൂടത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. മഹാത്മാവും തെല്ല് അമ്പരക്കാതിരുന്നില്ല. പക്ഷേ, വിജയത്തിലേക്ക് അടുത്തുകൊണ്ടിരുന്ന സമരത്തിന്റെ ഉച്ചസമയത്ത് ചൗരി ചൗരാ സംഭവത്തെത്തുടർന്ന് അത് നിർത്തിവെക്കാനും അദ്ദേഹം മടിച്ചില്ല; കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം വിയോജിച്ചിട്ടും.

അഹിംസയെന്ന വേറിട്ട വഴി

ബുദ്ധദർശനവും മറ്റും വഴി അഹിംസയുടെ ജന്മദേശമെന്നൊക്കെ മേനിനടിക്കാറുണ്ടെങ്കിലും ഇന്ത്യ ഒരിക്കലും അതിനെ ഉൾക്കൊണ്ടതായി കാണുന്നില്ല. ചരിത്രപാഠങ്ങളെല്ലാം തുടർയുദ്ധങ്ങളുടേതാണ്. ബ്രിട്ടീഷുകാർക്കെതിരായ ആദ്യകാല സമരങ്ങളെല്ലാം യുദ്ധങ്ങളോ ഒളിപ്പോരുകളോ ആയിരുന്നല്ലോ. ടിപ്പുവും പഴശ്ശിയും സന്താളുകളും ഒക്കെ നടത്തിയതും 1857ലെ ഒന്നാം സ്വാതന്ത്ര്യസമരവും അടക്കം.

അതിൽനിന്നെല്ലാം മാറി അഹിംസയിൽ അടിയുറച്ച സമരമാർഗം ഗാന്ധിയുടെ തനത് സംഭാവനയാണ്. തിരിച്ചൊരു കൈപോലും ഉയർത്താതെ ബ്രിട്ടീഷ് പട്ടാളത്തിന്റെയും പൊലീസിന്റെയും ക്രൂരമർദനം സഹിക്കാൻ ആയിരങ്ങളെ പ്രേരിപ്പിച്ചത് ഗാന്ധിയിലും ഗാന്ധിദർശനത്തിലുമുള്ള അങ്ങേയറ്റത്തെ വിശ്വാസംതന്നെ. ഈ സമാധാനസമരത്തെ ഒരു പരിധിയിലപ്പുറം കായികമായി നേരിടുക ബ്രിട്ടീഷ് ഭരണകൂടത്തിനും എളുപ്പമായിരുന്നില്ല.

പ്രാർഥനായോഗങ്ങളുടെ വിശ്വാസവഴി

വൈകുന്നേരങ്ങളിലെ പ്രാർഥനായോഗങ്ങൾ ഗാന്ധിയുടെ പതിവ് ചര്യയായിരുന്നു. നൂറുപേർ മുതൽ പതിനായിരങ്ങൾ വരെ പങ്കെടുത്തവ. ദൈവങ്ങളുടെ ചിത്രങ്ങൾവെച്ചുള്ള പാരമ്പര്യ ഭജനകളായിരുന്നില്ല അവ. എല്ലാ മതവിഭാഗങ്ങളുടെയും പ്രാർഥനാഗീതങ്ങൾ അവിടെ ആലപിക്കപ്പെട്ടു. എല്ലാ മതഗ്രന്ഥങ്ങളും അവിടെ വായിച്ചു. ഗാന്ധിയുടെ ചെറു പ്രഭാഷണവുമുണ്ടാകും. രാഷ്ട്രീയമായിരുന്നില്ല അവ. സാമൂഹിക വിഷയങ്ങളായിരുന്നു മുഖ്യമായും പരാമർശിച്ചിരുന്നത്.

ഹിന്ദുമത വിശ്വാസിയും രാമരാജ്യ പ്രഘോഷകനും ആയിരിക്കുമ്പോഴും ഗാന്ധി എന്തെങ്കിലും മതചിഹ്നങ്ങൾ പതിവായി അണിഞ്ഞിരുന്നതായി കാണുന്നില്ല. ഹരിജനോദ്ധാരണവും അയിത്തോച്ചാടനവും അജണ്ടയാകുമ്പോഴും വ്യക്തികളുടെ മാനസിക പരിവർത്തനമാണ് അദ്ദേഹം ഉദ്ദേശിച്ചത്. താൻ അയിത്തം ആചരിക്കാത്തതുപോലെ മറ്റുള്ളവരും ആകുക എന്ന്.

ക്ഷേത്രപ്രവേശനവാദത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട വൈക്കം സത്യഗ്രഹ ഉപജ്ഞാതാവ് ടി.കെ. മാധവനെ നിരുത്സാഹപ്പെടുത്താനാണ് ഗാന്ധി ശ്രമിച്ചത്. കേവലം സഞ്ചാരസ്വാതന്ത്ര്യം മാത്രം നേടി സമരം പിൻവലിക്കാൻ തീരുമാനിച്ചതും ഗാന്ധിയായിരുന്നു. ബ്രാഹ്മണർ തടഞ്ഞപ്പോൾ കന്യാകുമാരി ക്ഷേത്രത്തിൽ പ്രവേശിക്കാതെ മടങ്ങിപ്പോയ ഗാന്ധിയെ അതിരൂക്ഷമായാണ് സഹോദരൻ അയ്യപ്പൻ വിമർശിച്ചത്. നാരായണ ഗുരുവുമായുള്ള സംവാദത്തിലും ഹിന്ദുമതത്തിന്റെ ഗുണങ്ങൾ ഉയർത്തിക്കാട്ടാനാണ് മഹാത്മാവ് ശ്രമിച്ചത്. ഹിന്ദു മതത്തിലെ ഭൗതിക സ്വാതന്ത്ര്യമില്ലായ്മ ചൂണ്ടിക്കാട്ടി ഗുരു അതിനെ പ്രതിരോധിക്കുകയും ചെയ്തു.

അവസാനിക്കാത്ത വിമർശനവഴി

താൻ ചേർത്തുനിർത്താനാഞ്ഞ അതേ വിഭാഗങ്ങളുടെ നിശിത വിമർശനത്തിനും ഗാന്ധി ഇരയായി. അധഃസ്ഥിത സ്നേഹവും മുസ്ലിം സാഹോദര്യവും സവർണ ഹിന്ദുക്കൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഹരിജനം എന്ന വിളിയും തങ്ങൾക്ക് വേണ്ടത് ഗാന്ധി നിശ്ചയിക്കുന്നതും അംബേദ്കർ അടക്കമുള്ള ദലിത് നേതാക്കളെ കടുത്ത വിമർശകരാക്കി.

രാമരാജ്യദർശനം മുസ്ലിം ജനതയെ സംശയാലുക്കളാക്കി. ഹിന്ദുരാഷ്ട്രമാണ് ഗാന്ധിയുടെ ലക്ഷ്യമെന്ന് ജിന്നക്കും കൂട്ടർക്കും അവരെ തെറ്റിദ്ധരിപ്പിക്കാനായി. ഗാന്ധി ജിന്നയുമായി നടത്തിയ വിഭജനത്തെക്കുറിച്ച സുദീർഘ കത്തിടപാടുകൾ സവിശേഷമാണ്. ഹിന്ദു-മുസ്ലിം മൈത്രിയെക്കുറിച്ച് മാത്രമല്ല, എന്താണ് ഗാന്ധി എന്ന് തികച്ച് വെളിപ്പെടുത്തുന്നവയാണവ.

മുസ്ലിംകൾ മതപരവും സാംസ്കാരികപരവും ആചാരപരവുമായി ഇന്ത്യക്കാരല്ല എന്നും അതിനാൽ പാകിസ്താൻ എന്ന പ്രത്യേക രാജ്യം വേണമെന്നും ജിന്ന തന്റെ വാദം പ്രതിഷ്ഠിക്കുന്നു. എന്നാൽ, തനിക്ക് എല്ലാവരും ഇന്ത്യക്കാരാണെന്നും ഒരേ പൂർവികരുള്ള അവർ എങ്ങനെ വിഭിന്നരാകും എന്ന ചോദ്യവുമായാണ് ഗാന്ധി തന്റെ വാദം സ്ഥാപിക്കുന്നത്.

സനാതനികളുടെ കോട്ട ഡൈനാമിറ്റ് വെച്ച് തകർക്കുമെന്ന് അംബേദ്കറോട് ആണയിടുന്ന ഗാന്ധി അതേ ശ്വാസത്തിൽതന്നെയാണ് പട്ടികജാതിക്കാർക്ക് പ്രത്യേക സംവരണ മണ്ഡലമെന്ന ആവശ്യത്തെ രോഷത്തോടെ എതിർക്കുന്നത്. ക്ഷേത്രപ്രവേശന ആശയം മുന്നോട്ടുവെച്ച ഗാന്ധിയോട് തങ്ങൾക്ക് അതല്ല ആവശ്യം, രാഷ്ട്രീയ അധികാരമാണെന്നാണ് ബാബാ സാഹിബ് തീർത്തുപറഞ്ഞത്. ക്ഷേത്രപ്രവേശനം കിട്ടിയാൽ പൊതുകിണറ്റിൽനിന്ന് വെള്ളമെടുക്കാൻ സമ്മതിക്കുമോ എന്ന് പരിഹസിക്കുകയും ചെയ്തു. അധഃസ്ഥിതരെ ഹിന്ദുമതത്തിൽ ഉറപ്പിച്ചുനിർത്തുക എന്നത് ഗാന്ധിയുടെ ഉറച്ച ആശയമായിരുന്നു. പക്ഷേ, ഹിന്ദുക്കളുടെ ഔദാര്യം സ്വീകരിച്ചാൽ തങ്ങൾ താണ മനുഷ്യരാണെന്ന വാദം സമ്മതിക്കലാകുമെന്ന ഉറച്ച നിലപാടായിരുന്നു അംബേദ്കറുടേത്. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഈ വൈരുധ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവന്നേനെ.

ആർക്കും നടന്നെത്താനാകാത്ത ഗാന്ധിവഴികൾ

ഇന്ത്യയിലെ എല്ലാ വഴികളും തന്നിലേക്ക് എത്തുമ്പോഴും ഇന്ത്യയിലെ എല്ലാ വഴികളിലൂടെയും സ്വയം നടക്കുമ്പോഴും ഗാന്ധി താൻതന്നെ സൃഷ്ടിച്ച വഴിയുടെ തടവുകാരനായിരുന്നു. ഗാന്ധി ഇരിക്കുന്ന ഇടമെല്ലാം ആശ്രമങ്ങളായി മാറി. കർക്കശവും അതിദരിദ്രവുമായ ജീവിതരീതികൾ. ചർക്ക തിരിക്കൽ മുതൽ സ്വയം കക്കൂസ് വൃത്തിയാക്കൽ വരെ. ദാമ്പത്യജീവിതം നയിക്കുമ്പോഴും കഠിന ബ്രഹ്മചര്യം അനുഷ്ഠിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ. ലണ്ടനിലേക്കു പോകുമ്പോഴും സ്വന്തം ആടിനെ കൂടെക്കൊണ്ടുപോകൽ തുടങ്ങി സ്വയം വരിച്ച അർധനഗ്നതവരെ. ഗാന്ധിയെ ജീവിതചര്യകൊണ്ട് പിന്തുടരുക ഒരിക്കലും നടപ്പുള്ളതായിരുന്നില്ല.

ഗ്രാമകേന്ദ്രീകൃതമായ സ്വന്തം സാമ്പത്തികശാസ്ത്രത്തിലും ഗാന്ധിക്ക് അടിയുറച്ച വിശ്വാസമാണുണ്ടായിരുന്നത്. പഞ്ചായത്തീരാജ് എന്ന സ്വയം സമ്പൂർണഗ്രാമത്തെക്കുറിച്ച സ്വപ്നത്തിന്റെ പേര് മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളൂവെങ്കിലും ആ വഴിക്ക് വലിയ ചിന്തയും ശ്രമങ്ങളുമാണ് രാഷ്ട്രപിതാവ് നടത്തിയത്. തന്റെ മാർഗം ശരിയാണെന്നും അതിന് ഫലമുണ്ടാകുമെന്നുമുള്ള അചഞ്ചല വിശ്വാസം ഗാന്ധിക്ക് എന്നുമുണ്ടായിരുന്നതായി കാണാം. തന്റെ സത്യസന്ധത, ഉപവാസം, മറ്റ് ആത്മനിയന്ത്രണ ചര്യകൾ ഒക്കെച്ചേർന്ന തപശക്തിയെക്കുറിച്ച ഒരു ബോധം. അഞ്ചുമാസം നവഖാലി എന്ന കുഗ്രാമത്തിൽ താമസിച്ച് അവിടത്തെ ജനതയെ വീണ്ടെടുത്തതിൽ അത് തെളിഞ്ഞുകാണാം. ആവർത്തിച്ചുവരുന്ന ചതുപ്പുകൾ അപകടകരമാംവിധം ദ്രവിച്ച മുളമ്പാലങ്ങളിൽ താണ്ടേണ്ടവിധം ദുർഘടമായിരുന്ന നവഖാലിയിലെ വഴികൾ 77ാം വയസ്സിൽ ആ ദുർബലശരീരി നഗ്നപാതനായി താണ്ടി ഓരോ വീട്ടിലുമെത്തിയത് തന്റെ ആത്മശക്തികൊണ്ടല്ലാതെ മറ്റൊന്നിനാലുമല്ല.

സ്വാതന്ത്ര്യപ്പുലരിയിൽ കൊൽക്കത്തയിൽ പൊട്ടിപ്പുറപ്പെട്ട കലാപം ആ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് ശമിച്ചത്. ദിവസങ്ങൾക്കകം താമസിക്കുന്ന ഇടമടക്കം ആക്രമിക്കപ്പെടുന്ന തീവ്രതയിൽ പൊട്ടിപ്പുറപ്പെട്ട കലാപം നിരാഹാരമിരിക്കുന്ന ആ വയോധികന്റെ കിടക്കക്കരികിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ച ഇരുപക്ഷത്തിന്റെയും ആയുധംവെച്ച് കീഴടങ്ങലിലാണ് അവസാനിച്ചത്, അതും ദിവസങ്ങൾക്കുള്ളിൽ. വിഭജനാനന്തര കലാപം പഞ്ചാബിലും സിന്ധിലും ആയിരങ്ങളുടെ ജീവനെടുത്തപ്പോൾ കൊൽക്കത്ത ശാന്തമായിരുന്നു, ഗാന്ധി എന്ന ഒറ്റയൊരാളുടെ സാന്നിധ്യത്താൽ. ബിഹാറിനെയും ശാന്തമാക്കിയത് ആ ഒറ്റപ്പേരിന്റെ ശക്തി മാത്രമാണ്.

ഡൽഹിയിൽ തിരിച്ചെത്തിയപ്പോഴും സമാധാനം മാത്രമായിരുന്നു ഗാന്ധിയുടെ മുന്നിലുള്ള ലക്ഷ്യം. ആ ഒക്ടോബർ രണ്ടിന് തന്നെത്തേടിയെത്തിയ ജന്മദിനാശംസകളോട് അനുമോദനങ്ങളല്ല അനുശോചനങ്ങളാണ് വേണ്ടതെന്ന് പ്രതികരിക്കുന്ന രീതിയിൽ വേദനിക്കുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.

മുസ്ലിംകൾക്ക് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയായിരുന്നു ഡൽഹിയിൽ അപ്പോഴും. 1948 ജനുവരി 13ന് ആരംഭിച്ച ഉപവാസം അഞ്ചു ദിവസം പിന്നിട്ടപ്പോഴേക്കും ആർ.എസ്.എസ് അടക്കം ഹിന്ദുത്വ സംഘടനകളെ, തങ്ങൾ മുസ്ലിംകളെ ഉപദ്രവിക്കില്ല എന്ന് ബിർള ഹൗസിലെത്തി നേരിട്ട് ഉറപ്പുകൊടുക്കാൻ നിർബന്ധിതരാക്കിയിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളെ ആ ഉപവാസം വികാരഭരിതരാക്കി; ഹിന്ദുത്വശക്തികളെയൊഴികെ. ഹിന്ദുക്കളെ ഗാന്ധി സമ്മർദത്തിലാക്കിയെന്ന് ഉറച്ചു വിശ്വസിച്ച അവർ ഇനിയൊരു ഉപവാസത്തിന് ഗാന്ധിയെ ബാക്കിവെച്ചതുമില്ല. കത്തുന്ന, ചോരയൊഴുകുന്ന കലാപഭൂമികളെ തന്റെ സാന്നിധ്യത്താൽ, തന്റെ സ്വയം പ്രായശ്ചിത്തത്താൽ ശാന്തമാക്കാൻ കഴിഞ്ഞ ഒരാളെ മഹാത്മാവ് എന്നല്ലാതെ എന്താണ് വിളിക്കുക. ഒരു മഹാത്മാവും ഞങ്ങളെ രക്ഷിച്ചിട്ടില്ല എന്ന് ശക്തമായി കലഹിച്ച അംബേദ്കർപോലും ആ രക്തസാക്ഷിത്വത്തിൽ വികാരാധീനനായി. പക്ഷേ, ഗാന്ധി സ്വയം സൃഷ്ടിച്ച ആ വഴിയെ നടക്കുക ഒട്ടും എളുപ്പമായിരുന്നില്ല. മറ്റാരും നടന്നെത്തിയതുമില്ല. ഇന്ന് ആ വഴിയിലേക്ക് എത്തി നോക്കുന്നതുപോലും ദുർഘടമെന്നല്ല, അപകടംപിടിച്ച കാര്യമായിരിക്കുന്നു.

വിരലടയാളം നൽകി ആധാർ കാർഡ് എടുക്കാൻ നിർബന്ധിതരായ ജനത രാഷ്ട്രപിതാവെന്ന് വിളിക്കുന്നയാൾ നടന്ന പ്രക്ഷോഭപ്പെരുവഴിയിലേക്ക് കാലൂന്നാൻ നമ്മൾ എത്രനാൾ എടുക്കും. ഹിംസാത്മക രാഷ്ട്രീയം അധികാരം കൈയാളുന്ന ഇക്കാലത്ത് അഹിംസയുടെ വഴിയിൽ ആർക്കാണ് ആളെക്കൂട്ടാനാകുക എന്നത് കൗതുകകരമായ ഒരു ചോദ്യവും. ഹിന്ദു-മുസ്‍ലിം മൈത്രി എന്നൊക്കെ ഉച്ചരിക്കാൻപോലും ആളുകൾ ഭയക്കുന്ന ഒരു കാലത്ത് എത്തിനിന്നുകൊണ്ട് ഗാന്ധി നടന്ന അപൂർവ അപാരതയാർന്ന വഴിയിലെ കാടുകൾ വെട്ടിത്തെളിക്കുന്നതുപോലും ശക്തമായ ഒരു രാഷ്ട്രീയ പ്രതിരോധമാണ്.●

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.