ഇന്ത്യൻ ഭരണഘടനയുടെ വരവോടെ സാമ്രാജ്യത്വത്തിന്റെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുമാറ്റപ്പെടുകയും പുതിയൊരു രാഷ്ട്ര ക്രമം ഇന്ത്യയിൽ ഉദയംകൊള്ളുകയും ചെയ്തുവെന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വിവിയൻ ബോസ്, 1954ൽ നടത്തിയ നിരീക്ഷണം ഒരു അർധ സത്യമായിരുന്നു. ഭരണഘടനയുടെ പിറവി, ഇന്ത്യയിൽ ‘ജോൺ ബുള്ളിഷ്’ സാമ്രാജ്യത്തിന്റെ അന്ത്യത്തിനും ജനാധിപത്യ റിപ്പബ്ലിക്കാനിസത്തിന്റെ ഉദയത്തിനും കാരണമായിട്ടുണ്ട് എന്നത് ശരിതന്നെ. പക്ഷേ, ഇന്ത്യയുടെ...
ഇന്ത്യൻ ഭരണഘടനയുടെ വരവോടെ സാമ്രാജ്യത്വത്തിന്റെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുമാറ്റപ്പെടുകയും പുതിയൊരു രാഷ്ട്ര ക്രമം ഇന്ത്യയിൽ ഉദയംകൊള്ളുകയും ചെയ്തുവെന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വിവിയൻ ബോസ്, 1954ൽ നടത്തിയ നിരീക്ഷണം ഒരു അർധ സത്യമായിരുന്നു. ഭരണഘടനയുടെ പിറവി, ഇന്ത്യയിൽ ‘ജോൺ ബുള്ളിഷ്’ സാമ്രാജ്യത്തിന്റെ അന്ത്യത്തിനും ജനാധിപത്യ റിപ്പബ്ലിക്കാനിസത്തിന്റെ ഉദയത്തിനും കാരണമായിട്ടുണ്ട് എന്നത് ശരിതന്നെ. പക്ഷേ, ഇന്ത്യയുടെ മോചനത്തിനായി അഹിംസയുടെയും സ്വരാജിന്റെയും വെളിച്ചവുമേന്തി അശ്രാന്തം നടന്നു ജീവത്യാഗം ചെയ്ത മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് എത്രത്തോളം കഴിഞ്ഞുവെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. തൊട്ടുകൂടായ്മ നിരോധനവും ഗ്രാമ പഞ്ചായത്ത് രൂപവത്കരണവും പോലുള്ള വകുപ്പുകൾ മാറ്റിനിർത്തിയാൽ ഇന്ത്യൻ ഭരണഘടനയിലെ ഗാന്ധിജിയുടെ സ്വാധീനം തുലോം നിസ്സാരമാണ്.
ഇടിഞ്ഞുവീഴുന്ന റിപ്പബ്ലിക്?
ഏതൊരു ഭരണഘടനക്കും പ്രധാനമായും രണ്ട് തലങ്ങളുണ്ട്. അടിത്തറയായ പ്രത്യയശാസ്ത്ര തലവും പ്രവൃത്തി മണ്ഡലങ്ങളെ നിർണയിക്കുന്ന സൂപ്പർ സ്ട്രക്ചറും. ഇന്ത്യൻ റിപ്പബ്ലിക് എഴുപത്തഞ്ചാം വർഷം താണ്ടവേ പ്രത്യയശാസ്ത്ര അടിത്തറ അത്യന്തം വെള്ളം ചേർക്കപ്പെട്ട് ദുർബലമായിരിക്കുന്നു, പ്രവർത്തന മേഖല രാഷ്ട്രീയവും ധാർമികവുമായ മൂല്യച്യുതിയിലും അഴിമതിയിലും അകപ്പെട്ടിരിക്കുന്നു.
2002ൽ ഭരണഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യാൻ സ്ഥാപിതമായ ജസ്റ്റിസ് എം.എൻ. വെങ്കിടാചലയ്യ കമീഷൻ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഇന്നത്തെ നില കൃത്യമായി അടയാളപ്പെടുത്തുകയുണ്ടായി: “ജനാധിപത്യ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് സർവ വ്യാപകമായ മോഹഭംഗം ജനങ്ങൾക്കിടയിൽ പടർന്നിട്ടുണ്ട്. അനിവാര്യമായ വിധി എന്നുകരുതി ജനങ്ങൾ ഈയൊരു അപചയത്തിലേക്ക് പൊരുത്തപ്പെട്ടുവരുന്നു. അവരുടെ ക്ഷമയും മനോവൈകാരിക ശേഷിയും കുറഞ്ഞു വരുന്നതായി കാണാം. ഇത് ആത്യന്തികമായി ഭരണകൂടത്തോടുള്ള വെറുപ്പിലും ഭരണ സംവിധാനങ്ങളോടുള്ള, പ്രത്യേകിച്ച് പൊലീസിലും മറ്റു ഉദ്യോഗസ്ഥ വിഭാഗത്തോടുമുള്ള അവിശ്വാസ്യതയിലും എത്തിച്ചേരുന്നു. സർവവ്യാപകമായി പടരുന്ന ദോഷൈകദൃക് മനോഭാവത്തിന്റെ ഫലമായി ജനങ്ങൾക്ക് ഒന്നിലും പ്രതീക്ഷയും വിശ്വാസവുമില്ലാതായിരിക്കുന്നു.”
1922ൽ വെല്ലൂർ ജയിലിൽ വെച്ച് സി.രാജഗോപാലാചാരി കുറിച്ച ചില പ്രവചനാത്മക സ്വഭാവമുള്ള വാക്കുകൾ ദേശീയ കമീഷൻ ഭരണഘടനാ അവലോകന റിപ്പോർട്ടിൽ ഉദ്ധരിക്കുകയുണ്ടായി; “ സ്വരാജ് ഇന്നോ അല്ലെങ്കിൽ ഭാവിയിൽ വരാനിരിക്കുന്ന ഏതെങ്കിലും ഒരു കാലത്തോ നല്ലൊരു ഭരണ സംവിധാനം കൊണ്ടുവരുകയോ ജനങ്ങൾക്ക് സന്തോഷം നൽകുകയോ ചെയ്യില്ല. സ്വാതന്ത്ര്യം നമുക്ക് കൈവരുന്നതുമുതൽ തെരഞ്ഞെടുപ്പും അതിന്റെ അഴിമതികളും, അനീതിയും അധികാര ദുഷ്പ്രഭുത്വവും, ധന പ്രമാണിത്തവും കാര്യനിർവഹണത്തിലെ കെടുകാര്യസ്ഥതയും എല്ലാം ചേർന്ന് നമ്മുടെ ജീവിതത്തെ നരകതുല്യമാക്കിയേക്കും.”
‘വിധിയുമായുള്ള കൂടിക്കാഴ്ച’ പ്രസംഗത്തിൽ നെഹ്റു പ്രകടിപ്പിച്ച ശുഭാപ്തി പ്രതീക്ഷക്കുപകരം രാജാജിയുടെ പ്രവചനങ്ങളാണ് നിർഭാഗ്യവശാൽ ഇന്ത്യയിൽ യാഥാർഥ്യമായത്. നെഹ്റു സ്വപ്നം കണ്ട സമൃദ്ധിയുടെയും പുരോഗതിയുടെയും ജനാധിപത്യ രാജ്യം കെട്ടിപ്പടുക്കുന്നതിലും സ്ത്രീ പുരുഷ ഭേദമന്യേ ഓരോ വ്യക്തിക്കും അന്തസ്സും അഭിമാനവുമുള്ള ജീവിതം ഉറപ്പുവരുത്തുന്ന സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും നാം അമ്പേ പരാജയപ്പെട്ടിരിക്കുന്നു.
ഇന്ത്യയുടെ പഴയ ചൈതന്യം വീണ്ടെടുത്ത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തെ തലക്കുമേൽ പ്രതിഷ്ഠിച്ച് ചുറ്റിലും പരക്കുന്ന തമസ്സിന്റെ മറനീക്കിയ മഹാത്മാഗാന്ധിയെ നെഹ്റു തന്റെ പ്രസംഗത്തിലുടനീളം സ്മരിക്കുകയുണ്ടായി. വരും തലമുറ ഗാന്ധിയുടെ സന്ദേശങ്ങൾ സ്മരിക്കുകയും ആ മുദ്രകൾ ഹൃദയത്തിലേറ്റി നടക്കുകയും ചെയ്യുമെന്ന് അന്നദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തഞ്ചാം നാഴികക്കല്ലിൽ എത്തി നിൽക്കുമ്പോൾ രാജ്യത്തെ നേർവഴിയിലേക്ക് നയിക്കാൻ ഗാന്ധിജിയുടെ ആ പൈതൃകത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടത് ഒരു അനിവാര്യതയായി മാറിയിരിക്കുകയാണ്.
പൗരജനം എന്ന രക്ഷകർ
ഗാന്ധിയൻ കർമപദ്ധതിയിൽ സ്റ്റേറ്റിന്റെയും സമൂഹത്തിന്റെയും ആധാരമായി കാണുന്നത് ആത്മീയമായി ശാക്തീകരിക്കപ്പെട്ട ഒരു വ്യക്തിയെയാണ്. ആത്മീയമായും ധാർമികമായും ജ്ഞാനദീപ്തരായ വ്യക്തികളുടെ കൂട്ടായ്മക്കു മാത്രമേ പടർന്നു കൊണ്ടിരിക്കുന്ന ഹിംസയുടെയും അഴിമതിയുടെയും അർബുദത്തിൽനിന്ന് ഇന്ത്യൻ റിപ്പബ്ലിക്കിനെ രക്ഷിക്കാൻ കഴിയുകയുള്ളൂ. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക ക്രമത്തിന്റെ സുദൃഢമായ അടിത്തറ വ്യക്തികളാണ്.
ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഭരണഘടനാപരമായ സ്വരാജിന്റെ അവിഭാജ്യ ഘടകമായിരുന്നു വ്യക്തി സ്വരാജും ഗ്രാമ സ്വരാജും. 1928ലെ മോട്ടിലാൽ നെഹ്റു കമ്മിറ്റി റിപ്പോർട്ടിന്റെയും ബർദോളി സത്യഗ്രഹ വിജയത്തിന്റെയും അടിസ്ഥാനത്തിൽ ഗാന്ധിജി എഴുതുകയുണ്ടായി; “ബർദോളി ജൈവിക സ്വരാജിന്റെ വാതിലുകൾ നമ്മുടെ മുന്നിലേക്ക് തുറന്നിടുകയുണ്ടായി. ലഖ്നോ സമ്മേളനം (ലഖ്നോയിൽ വെച്ച് നടന്ന സർവകക്ഷി സമ്മേളനത്തിൽ വെച്ചാണ് നെഹ്റു റിപ്പോർട്ട് അംഗീകരിക്കപ്പെട്ടത്) ഭരണഘടനാപരമായ സ്വരാജിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. രണ്ടും അനിവാര്യമായ മുന്നേറ്റങ്ങളാണ്. ലഖ്നോ സ്വരാജിന്റെ പൂർണതക്ക് പരിണിത പ്രജ്ഞരായ രാഷ്ട്രീയ നേതാക്കളെയായിരുന്നു ആവശ്യമായത്, എന്നാൽ സാധാരണക്കാരായ നിരക്ഷരരായ ജനങ്ങളുടെ സേവനം ബർദോളി സ്വരാജിലേക്ക് നയിച്ചു.”
ഗാന്ധിയുടെ ആശയങ്ങൾ കാൽപനിക ഗ്രാമവാദം (റൊമാന്റിക് വില്ലേജിസം) എന്ന പേരിൽ പല വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. ധാരാളം ഗ്രാമങ്ങൾ അടങ്ങിയ രാഷ്ട്രീയ വ്യവസ്ഥിതിയാണ് ഗാന്ധി വിഭാവനം ചെയ്തത്. ആ വ്യവസ്ഥിതിയിൽ ഗ്രാമങ്ങൾ മേൽത്തട്ടിനെ സേവിക്കുന്ന അടിത്തട്ടായി മാറാതെ ഗ്രാമങ്ങളുടെ ഒരു സമുദ്രവലയമായാണ് ഗാന്ധി സങ്കൽപിച്ചത്. ഇന്ത്യയുടെ ഭരണഘടനാ ക്രമമായി മാറുന്ന ഈ സമുദ്രവലയത്തിന്റെ കേന്ദ്രബിന്ദുവായി ഗാന്ധി ഓരോ വ്യക്തിയെയും കണ്ടു. ഗാന്ധി എഴുതി: “എന്റെ മാതൃകാ ഗ്രാമസങ്കൽപം ബുദ്ധിമാന്മാരായ വ്യക്തികളെ മുൻനിർത്തിക്കൊണ്ടുള്ളതാണ്. അവർ മൃഗങ്ങളെപ്പോലെ മാലിന്യത്തിലും അന്ധകാരത്തിലും ജീവിക്കില്ല. സ്ത്രീയും പുരുഷനും ലോകത്ത് ആരുമായും തങ്ങളുടെ വ്യക്തിത്വം പ്രതി, സംവദിക്കാൻ കഴിയുന്ന സ്വതന്ത്രരായ വ്യക്തികളായിരിക്കും.”
ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ ധാർമികവും ആത്മീയവുമായ പുരോഗതിക്കും രാഷ്ട്രീയ പ്രകടനത്തിനുമുള്ള മാധ്യമമാണ് ഗ്രാമം. അതിനാൽ, പൗരാവലിയെ ആത്മീയമായും ധാർമികമായും പരിപോഷിപ്പിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയുടെ വിമോചനം സാധ്യമാകൂ എന്ന് ഗാന്ധിജി വിശ്വസിച്ചു.
ലോക് സേവക് സംഘ്
ഗാന്ധിജിയുടെ അഹിംസ-സ്വരാജ് ആദർശങ്ങളുടെ പ്രചാരണത്തിനും പ്രബോധനത്തിനുമായി ജീവിതത്തിന്റെ അവസാന നാളുകളിലൊന്നിൽ-1948 ജനുവരി 27ന് അദ്ദേഹം നടത്തിയ അന്ത്യാഭിലാഷ പ്രഖ്യാപനത്തിൽ വിഭാവനം ചെയ്ത, ലോക് സേവക് സംഘം യാഥാർഥ്യമാക്കേണ്ടതുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ തന്നെ ജനങ്ങളെ സേവിക്കാനും അഹിംസാ സമൂഹം കെട്ടിപ്പടുക്കാനുമുള്ള ലോക് സേവക് സംഘമായി മാറ്റണമെന്ന് ഗാന്ധിജി തന്റെ അവസാനത്തെ ഒസ്യത്തിൽ രേഖപ്പെടുത്തിയിരുന്നു.
ഗാന്ധിയുടെ ഭാവനയിൽ ഓരോ ലോക് സേവകും തന്റെ മേൽനോട്ട പരിധിയിലെ ഓരോ ഗ്രാമീണനുമായി വ്യക്തിപരമായ ബന്ധം പുലർത്തണം. തന്റെ വ്യക്തി-കുടുംബ ജീവിതത്തിൽ ഒരുനിലക്കും തൊട്ടു കൂടായ്മ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കുകയും പരസ്പര സാമുദായിക ഐക്യത്തിൽ വിശ്വസിക്കുകയും വേണം. അമേരിക്കൻ എഴുത്തുകാരൻ വിൻസന്റ് ഷീനുമായി, കൊല്ലപ്പെടുന്നതിനു നാലു ദിവസം മുമ്പ് നടന്ന ഒരു സംഭാഷണത്തിൽ ഗാന്ധി പറയുകയുണ്ടായി- തന്റെ ക്രിയാത്മക പ്രവർത്തകർ എപ്പോഴും വോട്ടർമാരെ വിദ്യാസമ്പന്നരാക്കിയും ഉദ്ബുദ്ധരാക്കിയും പാർലമെന്റിനെ നിരന്തരമായ നിയന്ത്രണങ്ങളിൽ കൊണ്ടു വരുന്നവരായിരിക്കുമെന്ന്. Gandhi’s Political Philosophy: A Critical Examination (1989) എന്ന തന്റെ പുസ്തകത്തിൽ ഭിക്കു പരേഖ് സൂചിപ്പിക്കുന്നതുപോലെ, ഗാന്ധിജി അഭിലഷിച്ചത് പരസ്പര പൂരകവും നിയന്ത്രിതവുമായ ഭരണകൂടവും ലോക് സേവക് സംഘും അടങ്ങിയ ഒരു രാഷ്ട്രവ്യവസ്ഥിതിയാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ കത്തോലിക്ക സഭക്കകത്ത് ഛിദ്രതയും അഴിമതിയും ഉടലെടുത്തപ്പോൾ അന്നത്തെ മാർപാപ്പയായ ഇന്നസെന്റ് മൂന്നാമൻ ഒരു സ്വപ്നം കണ്ടു. സഭയുടെ ആസ്ഥാനമായ ലാറ്ററൻ ബസിലിക്ക തകർന്നുവീഴുന്നതും അതിനെ തകർച്ചയിൽനിന്ന് തടയാൻ നഗ്നപാദനും ജീർണവസ്ത്രധാരിയുമായ ഒരു വിനീത സന്യാസി ശ്രമിക്കുന്നതുമായിരുന്നു സ്വപ്നം. പിന്നീട് സ്വപ്നത്തിൽ താൻ ദർശിച്ച സന്യാസി, വിശുദ്ധനായ അസ്സീസിയിലെ ഫ്രാൻസിസ് പുണ്യവാളനാണെന്ന് മാർപാപ്പ മനസ്സിലാക്കുന്നു. ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസന്ത്സാകിസ് തന്റെ God’s Pauper: Francis of Assisi എന്ന രചനയിൽ ഈ സംഭവത്തെപ്പറ്റി ഇങ്ങനെയൊരു വാങ്മയ ചിത്രം വരച്ചിടുന്നുണ്ട്: “നിനക്ക് അതാകാൻ പറ്റുമോ?” മാർപാപ്പ, ഫ്രാൻസിസിനോട് അമ്പരിപ്പിക്കുന്ന ശബ്ദത്തോടെ ചോദിച്ചു, “ജീർണവസ്ത്രധാരിയായ ആ സന്യാസിയുടെ മുഖം അങ്ങയുടെ മുഖം പോലെയായിരുന്നു. അങ്ങാണ് സഭയെ രക്ഷിക്കാൻ വരുന്നത് എന്നല്ലേ ഇതിന്റെ ഉദ്ദേശ്യം?”
തകരാനിരിക്കുന്ന ഇന്ത്യൻ റിപ്പബ്ലിക് എന്ന ബസിലിക്കയെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ വരുന്ന അവധൂതൻ, അഹിംസയുടെയും സ്വരാജിന്റെയും ദീപശിഖയേന്തിയ മഹാത്മാഗാന്ധി എന്ന ചിരഞ്ജീവിയാണെന്ന കാര്യത്തിൽ പക്ഷേ ഇന്ത്യയിലെ സാധാരണ പൗരർക്കുപോലും സംശയമേതുമില്ല.
(കേരള സർക്കാറിന്റെ നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.