ഫലസ്തീൻ ചരിത്രത്തിൽ ആ ജനതയുടെ ശബ്ദത്തിന്റെയും അനുഭവത്തിന്റെയും സംഘടിത പ്രവർത്തനത്തിന്റെയും പ്രാധാന്യം ദീർഘകാലമായി ഊന്നിപ്പറഞ്ഞുപോരുന്ന നമ്മളിൽ പലരും പോലും ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ ഫലമായുണ്ടായ സാംസ്കാരിക വിപ്ലവത്തിൽ ഞെട്ടിപ്പോയിട്ടുണ്ടാവും. സാംസ്കാരികവിപ്ലവം എന്നതു കൊണ്ട് ഞാനർഥമാക്കുന്നത് ഗസ്സയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഔദ്ധത്യമുള്ള, വിപ്ലവാത്മകമായ ആഖ്യാനങ്ങളെയാണ്. അവിടെ ജനങ്ങൾ ഇസ്രായേലി യുദ്ധ യന്ത്രത്തിന്റെ...
ഫലസ്തീൻ ചരിത്രത്തിൽ ആ ജനതയുടെ ശബ്ദത്തിന്റെയും അനുഭവത്തിന്റെയും സംഘടിത പ്രവർത്തനത്തിന്റെയും പ്രാധാന്യം ദീർഘകാലമായി ഊന്നിപ്പറഞ്ഞുപോരുന്ന നമ്മളിൽ പലരും പോലും ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ ഫലമായുണ്ടായ സാംസ്കാരിക വിപ്ലവത്തിൽ ഞെട്ടിപ്പോയിട്ടുണ്ടാവും.
സാംസ്കാരികവിപ്ലവം എന്നതു കൊണ്ട് ഞാനർഥമാക്കുന്നത് ഗസ്സയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഔദ്ധത്യമുള്ള, വിപ്ലവാത്മകമായ ആഖ്യാനങ്ങളെയാണ്. അവിടെ ജനങ്ങൾ ഇസ്രായേലി യുദ്ധ യന്ത്രത്തിന്റെ വെറും ഇരകളായല്ല, ജനകീയ പ്രതിരോധത്തിലെ സജീവ പങ്കാളികളായാണ് സ്വയം കാണുന്നത്.
ഇസ്രായേൽ നടത്തിപ്പോന്ന വംശഹത്യയുടെ 471ാം ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ഗസ്സക്കാർ ആഘോഷവുമായി തെരുവിലിറങ്ങി. അവർ വെടിനിർത്തൽ ആഘോഷിക്കുന്നുവെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ, അവരുടെ മുദ്രാവാക്യങ്ങളും ഗാനങ്ങളും പ്രതീകങ്ങളുമെല്ലാം വിലയിരുത്തുമ്പോൾ, അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയുള്ള ശക്തമായ ഇസ്രായേൽ സൈന്യത്തിനെതിരായ അവരുടെ കൂട്ടായ വിജയവും ഉറച്ചുനിൽപ്പും പ്രതിരോധശേഷിയും അവർ ആഘോഷിക്കുകയായിരുന്നുവെന്ന് കാണാം.
ലഭ്യമായ സംവിധാനങ്ങളുപയോഗിച്ച് തെരുവുകൾ വൃത്തിയാക്കാൻ അവർ തിടുക്കപ്പെട്ടു, കുടിയൊഴിപ്പിക്കപ്പെട്ടവരെ വീടുകൾ തിരയാൻ അനുവദിക്കുന്നതിനായി അവശിഷ്ടങ്ങൾ നീക്കം ചെയ്തു. വീടുകൾ നശിപ്പിക്കപ്പെട്ടെങ്കിലും (ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗസ്സയിലെ 90 ശതമാനം വീടുകളും) അവയുടെ അവശിഷ്ടങ്ങൾക്കരികിലിരിക്കാൻ പോലും അവർക്ക് സന്തോഷമാണ്. ചിലർ കോൺക്രീറ്റ് സ്ലാബുകൾക്ക് മുകളിൽ കയറിനിന്ന് പ്രാർഥിച്ചു, ചിലർ ജനസഞ്ചയത്തിന് മധ്യത്തിൽ നിന്ന് പാടി, മറ്റു ചിലർ കരയുകയായിരുന്നു; അപ്പോഴും ഒരു ശക്തിക്കും അവരെ ഇനിയും ഫലസ്തീനിൽനിന്ന് പിഴുതെറിയാനാകില്ലെന്ന് ഉറച്ചുപറഞ്ഞു അവർ.
രാഷ്ട്രീയ രീതിയിൽ മാത്രമല്ല നർമത്തിലൂടെയും ദൃഢനിശ്ചയം പ്രകടിപ്പിച്ച ഗസ്സക്കാരുടെ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.
തിരിച്ചെത്തിയ ബോഡി ബിൽഡർമാരെ കാത്തിരുന്നത് നശിപ്പിക്കപ്പെട്ട ജിംനേഷ്യങ്ങളാണ്. നഷ്ടങ്ങളെക്കുറിച്ച് വിലപിക്കുന്നതിനുപകരം, ഇസ്രായേലി മിസൈലുകൾ തകർത്ത മതിലുകൾക്കും മേൽക്കൂരകൾക്കുമിടയിൽ അവർ ഉപകരണങ്ങൾ കുത്തിനിർത്തി പരിശീലനം പുനരാരംഭിച്ചു.
പരമ്പരാഗത അഹാസീ ശൈലിയിൽ പാട്ടുകെട്ടിയ ഒരു ഉപ്പയും മകനുമുണ്ടായിരുന്നു. പിതാവിനെ ജീവനോടെ വീണ്ടും കാണാനായതിൽ അത്യാഹ്ലാദഭരിതനായിരുന്നു മകൻ. ഒരിക്കലും ജന്മദേശത്തെ കൈയൊഴിയില്ലെന്ന് അവർ ഉറക്കെപ്പാടി.
ഫലസ്തീനി അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ കണക്കു പ്രകാരം 14,500 കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ശേഷിക്കുന്ന കുട്ടികൾ അവരുടെ ബാല്യം തിരിച്ചുപിടിക്കാനുള്ള തിരക്കിലാണ്. റഫയിലും ബൈത്ത് ഹനൂനിലും മറ്റിടങ്ങളിലും നാശമായിക്കിടക്കുന്ന ഇസ്രായേലി ടാങ്കുകളെ പുത്തൻ കളിയിടങ്ങളാക്കി മാറ്റുന്നു അവർ.
‘ഒരു ഇസ്രായേലി മെർകാവ ടാങ്ക് വിൽക്കാനുണ്ടേയ്...’:പഴയ ഇരുമ്പുസാധനങ്ങൾ വിൽക്കുന്ന ആളുടെ ഭാവത്തിൽ ഒരു കൗമാരക്കാരൻ വിളിച്ചുപറയുന്നു. ചുറ്റും നിന്ന് പൊട്ടിച്ചിരിച്ച് കൂട്ടുകാർ അതിന്റെ വിഡിയോ പകർത്തവേ ഒട്ടും കൂസലില്ലാതെ അവർ ഇതു കൂടി പറഞ്ഞു-ഈ വിഡിയോ നെതന്യാഹുവിന് കിട്ടുമെന്ന് ഉറപ്പാക്കണേ.
ഇതെല്ലാം നടക്കുന്നുവെന്നുവെച്ച്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് പൂർണമായി മനസ്സിലാക്കാനോ സങ്കൽപിക്കാനോ പോലുമാവാത്ത വേദനയിൽ നിന്ന് ഗസ്സ മുക്തമായെന്ന് കരുതേണ്ടതില്ല. യുദ്ധത്തിന്റെ വൈകാരികവും മാനസികവുമായ വടുക്കൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും, പലർക്കും ഈ ആഘാതത്തിൽനിന്ന് ഒരിക്കലും പൂർണമായും കരകയറാനാവില്ല. പക്ഷേ, ഗസ്സക്കാർക്ക് സാധാരണമട്ടിൽ സങ്കടപ്പെട്ടിരിക്കാനാവില്ല. ആകയാൽത്തന്നെ തങ്ങളുടെ വ്യക്തിത്വവും ഐക്യവും ധീരതയുമെല്ലാം ദുഃഖത്തെ മറികടക്കാനുള്ള വഴികളായി അവർ കാണുന്നു.
2023 ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ അഴിച്ചുവിടുന്ന സൈനിക അതിക്രമങ്ങൾക്ക് സമാന്തരമായി ഫലസ്തീനി ജനതയെ ഭിന്നിപ്പിക്കുന്നതിലും അവരുടെ ഊർജം കെടുത്തുന്നതിലും കാര്യമായ ശ്രദ്ധയൂന്നുന്നുണ്ട് ഇസ്രായേൽ.
ഗസ്സയിൽ, പട്ടിണി കിടന്നിരുന്ന അഭയാർഥികൾക്കരികിലേക്ക് യുദ്ധവിമാനങ്ങളിലൂടെ വിതറിയ ‘ശല്യമുണ്ടാക്കുന്നവരുടെ’ പട്ടിക ഉൾപ്പെടുത്തിയ ലഘുലേഖകളിലൂടെ ഫലസ്തീൻ വിഭാഗങ്ങൾക്കെതിരെ കലാപം നടത്താൻ ഇസ്രായേൽ ആഹ്വാനം ചെയ്തു. അവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇസ്രായേൽ സൈന്യം വലിയ പ്രതിഫലം വാഗ്ദാനം ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഭക്ഷണത്തിനും സംരക്ഷണത്തിനും പകരമായി അതത് പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ഗോത്ര നേതാക്കളോട് ആഹ്വാനമുണ്ടായിരുന്നു ഈ ലഘുലേഖകളിൽ. ഗസ്സയിലുടനീളം, വിശിഷ്യാ ക്ഷാമം വിനാശം വിതച്ച വടക്കൻ ഗസ്സയിൽ സഹായമെത്തിച്ച ഗോത്ര പ്രതിനിധികളെയും കൗൺസിലർമാരെയും വ്യവസ്ഥാപിതമായി കൊലപ്പെടുത്തിയ ഇസ്രായേൽ ചെറുത്തുനിന്നവരോട് പകപോക്കി.
അസഹ്യമായ പ്രതിസന്ധികൾക്കിടയിലും ഫലസ്തീനികൾ ഐക്യത്തോടെ തുടർന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ അവർ ഒരൊറ്റ രാഷ്ട്രമായി ആഘോഷിച്ചു. ഗസ്സ നശിപ്പിക്കപ്പെട്ടതോടെ അവിടത്തെ വർഗ, പ്രാദേശിക, പ്രത്യയശാസ്ത്ര, രാഷ്ട്രീയ വിഭജനങ്ങളും ഇല്ലാതായി. സമ്പന്നർ, ദരിദ്രർ, മുസ്ലിംകൾ, ക്രൈസ്തവർ, നഗരവാസികൾ, അഭയാർഥി ക്യാമ്പിൽ കഴിയുന്നവർ എന്നിവരെയെല്ലാം അത് തുല്യമായി ബാധിച്ചു.
ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും ഭയാനകമായ വംശഹത്യക്ക് ശേഷവും ഗസ്സയിൽ നിലനിൽക്കുന്ന ഐക്യം ഒരു വിളിയാളമായി മാറണം. ഫലസ്തീനികൾ ഭിന്നിച്ചിരിക്കുകയാണെന്നും അവർക്കിടയിൽ ‘പൊതുവായ അടിത്തറ കണ്ടെത്തേണ്ടതുണ്ട്’ എന്നുമുള്ള ആഖ്യാനം പൊളിഞ്ഞിരിക്കുന്നു.
വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റി ജെനിനിലും മറ്റ് അഭയാർഥി ക്യാമ്പുകളിലും ഇസ്രായേൽ തുടരുന്ന യുദ്ധത്തെ സഹായിക്കുന്നതിനാൽ, ഫലസ്തീൻ അതോറിറ്റിയുടെയും വിവിധ ഫലസ്തീൻ വിഭാഗങ്ങളുടെയും ലയനത്തിലൂടെ രാഷ്ട്രീയ ഐക്യമെന്ന ആശയം ഇനി പ്രായോഗികമല്ല. ഫലസ്തീൻ രാഷ്ട്രീയ ഭൂപ്രകൃതിയുടെ വിഘടനം കേവലം രാഷ്ട്രീയ കരാറുകളിലൂടെയോ വിഭാഗങ്ങൾ തമ്മിലെ ചർച്ചകളിലൂടെയോ പരിഹരിക്കാൻ കഴിയില്ല എന്നതാണ് സത്യം.
എന്നിരുന്നാലും, വ്യത്യസ്തമായ ഒരു ഐക്യം ഇതിനകം തന്നെ ഗസ്സയിലും ഫലസ്തീന്റെ വിവിധ പ്രദേശങ്ങളിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഫലസ്തീൻ സമൂഹങ്ങളിലുടനീളവും വേരൂന്നിയിട്ടുണ്ട്. യുദ്ധത്തിനെതിരെ പ്രകടനം നടത്തുകയും ഗസ്സക്കായി മുദ്രാവാക്യം വിളിക്കുകയും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു പുതിയ രാഷ്ട്രീയ സംവാദം വികസിപ്പിക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് ഫലസ്തീനികളിൽ ഈ ഐക്യം ദൃശ്യമാണ്.
യഥാർഥമായ ഐക്യം ഇതിനകം സാധ്യമായിരിക്കുന്നു. ഏതെങ്കിലും വിഭാഗത്തിന്റെ ആളുകളായി കരുതാത്ത സാധാരണ ഗസ്സക്കാരുടെ സംസാരങ്ങളിൽ അത് പ്രകടമാവുന്നു. അവരിപ്പോൾ ഗസ്സവികളാണ്. ഗസ്സയിൽ നിന്നുള്ള ഫലസ്തീനികൾ.
ഇതാണ് യഥാർഥ ഐക്യം, അത് പുതിയൊരു വ്യവഹാരത്തിന് അടിത്തറ പാകും.
(പ്രമുഖ യു.എസ്- ഫലസ്തീനി മാധ്യമ പ്രവർത്തകനും ഗസ്സ യുദ്ധത്തിൽ രക്തസാക്ഷിയായ ഡോ. സോമാ ബാറൂദിന്റെ സഹോദരനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.