വൈരുധ്യാത്മക മലയാളിയും പുരോഗമന കെട്ടുകാഴ്ചകളും

ഒരു നാണയത്തിന്‍റെ രണ്ട് വശം പോലെയാണ് മലയാളി. ആധുനികതയെ പുൽകുമ്പോൾ തന്നെ മറുവശത്ത് അന്ധവിശ്വാസത്തിൽ തലപൂഴ്ത്തും. അതിന് ജാതിയോ മതമോ ലിംഗമോ വ്യത്യാസമില്ല. നവോത്ഥാന, ഇടതുപക്ഷ, ശാസ്ത്ര, പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമാണെന്ന് അഭിമാനം കൊള്ളുമ്പോൾ തന്നെ അനാചാരങ്ങളിലും ആഭിചാരങ്ങളിലും അഭിരമിക്കും. ഈ ചെയ്തികൾ ആൾ ദൈവങ്ങളെ ആദരിക്കുന്നതിലോ ധനാകർഷക യന്ത്രങ്ങളെ പൂജിക്കുന്നതിലോ ഒതുങ്ങുന്നില്ലെന്നാണ് പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി സംബന്ധിച്ച് പൊലീസ് പുറത്തുവിട്ട വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ സ്വയം പ്രഖ്യാപിത പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഈ വൈരുധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. 'ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കൾ അന്ന് നിലവിലിരുന്ന ഫ്യൂഡൽ വ്യവസ്ഥയെകൂടി എതിർക്കുന്നതിന്‍റെ ഭാഗമായാണ് അതുൽപാദിപ്പിക്കുന്ന സാമൂഹിക അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തിരുന്നതെന്ന്' സാമൂഹിക ശാസ്ത്രജ്ഞ ഡോ. ജെ. ദേവിക പറയുന്നു. 'ഇന്ന് നവഉദാരവത്കരണ, മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായി സമൂഹത്തിൽ ആർത്തി വളരുകയാണ്. ഈ വ്യവസ്ഥ ഒരു പുതിയ രാഷ്ട്രീയ കർതൃത്വത്തെ കൂടിയാണ് സൃഷ്ടിക്കുന്നത്. നാളെ എന്തെന്ന് ഒരു ഉറപ്പുമില്ലെന്നതാണ് ഈ കാലത്തിന്‍റെ സവിശേഷത. ദീർഘകാല പ്രതീക്ഷകളില്ലാത്തവരായി മാറിയിരിക്കുന്നു'വെന്നും അവർ നിരീക്ഷിക്കുന്നത് ഗൗരവത്തോടെ വിലയിരുത്തപ്പെടേണ്ടതാണ്.

എന്നോ ഭരണവർഗത്തിന്‍റെ ഭാഗമായി കഴിഞ്ഞ മുഖ്യധാരാ ഇടതുപക്ഷം വ്യവസ്ഥിതിക്കൊപ്പമാണെന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് സി.പി.എമ്മും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയും ഒരു കാലത്ത് അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നടത്തിയിരുന്ന പ്രചാരണം വെള്ളത്തിൽ വരച്ച വരപോലെയായത്. വർഷങ്ങൾക്ക് മുമ്പ് സന്തോഷ് മാധവൻ എന്ന വിവാദ താന്ത്രികനെ കുറിച്ചുള്ള കഥകൾ പുറത്തു വന്നപ്പോൾ മാർച്ചും പ്രചാരണവും നടത്തിയ ഈ യുവജനസംഘടനക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ആൾദൈവ പ്രസ്ഥാനത്തെ നേർക്കുനേർ നിന്ന് ചോദ്യം ചെയ്യാൻ കഴിയാത്തതെന്തുകൊണ്ട് എന്ന ആലോചന പ്രസക്തമാണ്. തങ്ങൾക്ക് ഭയമുള്ള ആൾദൈവങ്ങളെ മാത്രമല്ല കക്ഷിരാഷ്ട്രീയ സ്വാധീനമുള്ള ആൾ ദൈവങ്ങളെയും നോവിക്കാൻ ഇവർക്കെന്നല്ല ഒരു രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനത്തിനും ത്രാണിയില്ല. 'പുരോഗമന' സാമൂഹികബാഹ്യമായ ഒന്നാണ് ഇത്തരം ആചാരങ്ങളും അന്ധവിശ്വാസവും ആൾദൈവങ്ങളും എന്ന മട്ടിലാണ് മലയാളി ഈ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്. അതിനൊപ്പം വ്യക്തിജീവിതത്തിൽ സ്ത്രീധനം ഉൾപ്പെടെ സകല അനാചാരങ്ങളും സ്വാഭാവികമെന്ന മട്ടിൽ കൊണ്ടാടാനും ഇവർക്ക് സാധിക്കുന്നു. ഈ വൈരുധ്യം എല്ലാ സാമൂഹികപരിസരങ്ങളിലും പ്രതിഫലിക്കുന്നു. പക്ഷേ വിവാദങ്ങൾ ഉയരുമ്പോൾ മാത്രം അരുതാത്ത എന്തോ അപഭ്രംശം സംഭവിച്ചെന്ന മട്ടിൽ ചിത്രീകരിക്കാൻ മത്സരിക്കുന്നു മലയാളിയും അവരുടെ മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും. ഒരു കാലത്ത് സാമുദായിക പരിഷ്കരണത്തിന് മുൻകൈയെടുത്ത മത-സാംസ്കാരിക സംഘടനകളെല്ലാം കൈവിട്ട ആചാരങ്ങളുടെ പിറകെ പോകുന്നത് മറ്റൊരുദാഹരണം. ദേശീയ തലത്തിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനുണ്ടായ വളർച്ചക്കൊപ്പം അതിന്‍റെ ചിറകേറി പാൻഇന്ത്യൻ ഭൂമികയിലേക്ക് പറന്ന് വരുന്ന ഒറ്റഅച്ചിൽ വാർത്ത ആചാരനിബദ്ധമായ ജീവിതക്രമം, മതന്യൂനപക്ഷ വിരുദ്ധത എന്നിവ കേരളത്തിലും ഇന്ന് ശക്തമാണ്.

കേരളത്തിൽ യഥാർഥത്തിൽ നവോത്ഥാന പ്രക്രിയ നടന്നോ എന്നതിൽ നിന്ന് വേണം മലയാളി സ്വയംവിമർശനപരമായ അന്വേഷണം ആരംഭിക്കേണ്ടത്. സാമുദായിക പരിഷ്കരണത്തിന്‍റെ ഭാഗമായി നടന്ന വ്യവസ്ഥിതിയെ മാറ്റി തീർക്കൽ എന്ന പ്രക്രിയയിൽ നിന്ന് നവോത്ഥാനത്തിലേക്ക് കേരളം കടന്നോ എന്നതിനെ കുറിച്ച് സാമൂഹിക ശാസ്ത്രജ്ഞരും ചരിത്രകർത്താക്കളും ഇന്ന് വ്യത്യസ്ത അഭിപ്രായമാണ് പുലർത്തുന്നത്. സമൂഹത്തെ, വ്യവസ്ഥിതിയെ ഉടച്ചുവാർക്കുന്നതിലേക്ക് നവോത്ഥാന പിന്തുടർച്ചാവകാശം അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷധാരക്കും കഴിഞ്ഞിട്ടില്ലെന്ന് അവർ സമ്മതിക്കാത്തിടത്തോളം സ്വയംവിമർശനവും ഉണ്ടാവില്ല. സാക്ഷരതാ യജ്ഞത്തെ ചൂണ്ടിക്കാട്ടി സി.പി.എം ഉയർത്തിയ വാദങ്ങൾ എവിടെ എത്തിയെന്ന് നമുക്കറിയാം. സമാനമാണ് കുടുംബശ്രീയെ മുന്നിൽ നിർത്തി സ്ത്രീ ശാക്തീകരണ വാദവും. സാമൂഹികപരിഷ്കരണങ്ങളെ വിപ്ലവമായി അവതരിപ്പിക്കുകയായിരുന്നു സി.പി.എം അടക്കമുള്ള മുഖ്യധാരാ കമ്യൂണിസ്റ്റുകൾ. നിലനിൽക്കുന്ന വ്യവസ്ഥയെ എതിർക്കാതെ അതിന്‍റെ ബിംബങ്ങളെ മാത്രം എതിർക്കുന്നതിലേക്ക് എന്നോ ചുരുങ്ങിയിരുന്നു അവർ. കോൺഗ്രസ് വളരെ നേരത്തേ വ്യവസ്ഥിതിക്ക് ഒപ്പമായതിനാൽ നവോത്ഥാന ചർച്ചയിൽ പരാമർശിക്കപ്പെടാൻ പോലും അർഹരല്ല.

മലയാളി മുന്നോട്ടുവെക്കുന്ന സാക്ഷരത, വനിത ശാക്തീകരണ മാജിക്കുകൾ കെട്ടുകാഴ്ചകൾ മാത്രമായിരുന്നു എന്നതിലാണ് ഇലന്തൂർ അടക്കമുള്ളവയുടെ വേരുകൾ. ഇരുപതാം നൂറ്റാണ്ടിലെ ഫ്യൂഡൽ വിരുദ്ധ സമരങ്ങളെ ഭരണവർഗങ്ങൾക്ക് ആവശ്യമായ തലത്തിൽ എത്തിച്ച ശേഷം കൈവിട്ടുകളയുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചെയ്തതെന്ന വിമർശനം ശക്തമാണ്. 1957നുശേഷം കേരളത്തിൽ പുതുതായി ഒരു സാമൂഹികപരിഷ്കരണവും ഉണ്ടായിട്ടില്ല. ''മൺമറഞ്ഞ എല്ലാ തലമുറകളുടെയും പാരമ്പര്യം ജീവിച്ചിരിക്കുന്നവരുടെ തലച്ചോറിനെ ഒരു പേടിസ്വപ്നം പോലെ ഞെക്കിഞെരുക്കുന്നു''വെന്ന് 'ലൂയിബോണപാർട്ടിന്‍റെ ബ്രുമേയർ 18' എന്ന ലേഖനത്തിൽ കാൾ മാർക്സ് പറയുന്നത് എത്ര സത്യം.

Tags:    
News Summary - Is Kerala's progress just a play?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.