കുറ്റ്യാടി ഗവ.ഹൈസ്കൂളിലെ റിസാ നഹാൻ കേരളീയ പൊതുജീവിതത്തിന് മുന്നിൽ പ്രസക്തമായൊരു പ്രശ്നമുയർത്തി എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. സ്റ്റുഡൻറ് പൊലീസ് കാഡറ്റായി (എസ്.പി.സി) ചേർന്ന റിസ ടീച്ചറുടെ നിർദേശപ്രകാരം അയച്ച യൂനിഫോം ഫോട്ടോയിൽ ഹെഡ്സ്കാർഫും ഫുൾസ്ലീവും ധരിച്ചിരുന്നു. ഇത് ഡ്രസ് കോഡിന് എതിരാണെന്നും അനുവദിക്കാനാവില്ലെന്നും ടീച്ചർ അറിയിച്ചു. മതപരമായ തെൻറ ബാധ്യത നിർവഹിക്കാൻ ഭരണഘടനയുടെ 25ാം വകുപ്പ് നൽകുന്ന അവകാശത്തിെൻറ നിഷേധമാണെന്നും എസ്.പി.സിയുടെ അച്ചടക്കത്തെയോ മറ്റുള്ളവരെയോ ഒരുനിലക്കും ബാധിക്കാത്ത ഈ അവകാശം തടയുന്നത് നീതിനിഷേധമാണെന്നും വാദിച്ച് വിദ്യാർഥിനി ഹൈകോടതിയെ സമീപിച്ചു. ഈ ആവശ്യമുന്നയിച്ച് കേരള സർക്കാറിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർേദശം. അതിൻ പ്രകാരം സമർപ്പിക്കപ്പെട്ട അപേക്ഷയിലാണ് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾക്ക് ഹെഡ്സ്കാർഫും ഫുൾസ്ലീവും ധരിക്കാനാവില്ലെന്ന് ഇടതുപക്ഷ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
പൊലീസിേൻറതു പോലുള്ള പരിശീലനവും യൂനിഫോമുമാണ് എസ്.പി.സിയിൽ നൽകുന്നതെന്നും മതചിഹ്നങ്ങൾ പൊലീസ് യൂനിഫോമിൽ അനുവദനീയമല്ലാത്തതിനാൽ എസ്.പി.സിയിലും പറ്റില്ല എന്നാണ് സംസ്ഥാന പൊലീസ് മേധാവി സർക്കാറിന് നൽകിയ ഉപദേശം. മതപരമായ ബാധ്യതകളൊന്നുമില്ലാത്ത ജൻഡർന്യൂട്രൽ യൂനിഫോമാണ് എസ്.പി.സിയുടേതെന്നും കഴിഞ്ഞകാലങ്ങളിൽ സംവിധാനത്തിെൻറ ഭാഗമായ10 - 12 ശതമാനം വരുന്ന മുസ്ലിം കുട്ടികളാരും ഉന്നയിക്കാത്ത അപേക്ഷ തള്ളേണ്ടതാണെന്നും എസ്.പി.സിയുടെ അഡീ. നോഡൽ ഓഫിസർ ബോധിപ്പിച്ചു. ഈ ആവശ്യം അനുവദിച്ചാൽ സമാന ആവശ്യങ്ങൾ വീണ്ടും ഉയർന്നുവരുമെന്നും അത് സംസ്ഥാനത്തിെൻറ സെക്കുലറിസത്തെ കാര്യമായി ബാധിക്കുമെന്നും മനസ്സിലാക്കുന്നതിനാൽ അപേക്ഷ തള്ളുന്നു എന്നാണ് സർക്കാർ ജനുവരി 21ന് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സ്റ്റേറ്റ് ഏതെങ്കിലുമൊരു മതത്തെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും അതേസമയം വ്യക്തികൾക്ക് മതം ആചരിക്കാനും പ്രചരിപ്പിക്കാനും അനുമതിയുണ്ടെന്നുമാണ് ഇന്ത്യൻ ഭരണഘടന പറയുന്നത്. എന്നിരിക്കെ മറ്റൊരാളെയും ഒരുനിലക്കും ബാധിക്കാത്ത ഒരു വ്യക്തിയുടെ വിശ്വാസാചരണം സംസ്ഥാനത്തിെൻറ സെക്കുലറിസത്തെ കാര്യമായി ബാധിക്കുമെന്ന് സർക്കാർ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? മഹാഭൂരിപക്ഷം മതവിശ്വാസികൾ താമസിക്കുന്ന രാജ്യത്ത് മതചിഹ്നങ്ങളും ആചാരങ്ങളും ഒഴിവാക്കിയേ സെക്കുലറാവാൻ കഴിയൂ എന്ന് ഇടതുസർക്കാർ പറയുമ്പോൾ മതമുക്തനായേ ഒരാൾക്ക് പൊതുരംഗത്ത് ഉത്തരവാദിത്തബോധമുള്ള പൗരനായി പ്രവർത്തിക്കാനാവൂ എന്നാണ് സർക്കാർ പറഞ്ഞുവെക്കുന്നത്. മതചിഹ്നങ്ങൾ ഒരാൾ സ്വീകരിക്കുന്നത് സെക്കുലറിസത്തെ ഗൗരവതരമായി ബാധിക്കുന്നതാണെങ്കിൽ അത് പൊലീസിൽ മാത്രം പരിമിതപ്പെടുത്താനാവില്ലല്ലോ. ഉത്തരവിന്റെ ധ്വനി മതനിരപേക്ഷമായി ജോലിചെയ്യേണ്ടുന്ന സർക്കാർ സംവിധാനങ്ങളിൽ ഒന്നിലും ജീവനക്കാരിൽ ഒരു മത സൂചനയും പ്രകടമായിക്കൂടാ എന്നാണ്. അതും കടന്ന് വീടിന്റെയോ ആരാധനാലയങ്ങളുടെയോ സ്വകാര്യതകൾക്കപ്പുറത്ത് മതാചാരങ്ങൾ കൊണ്ടുനടക്കുന്ന ഏതൊരാളും സെക്കുലർ ഫാബ്രിക്കിനെ ഗുരുതരമായി ബാധിക്കുന്ന സാന്നിധ്യമാണ് എന്നാണ് പറഞ്ഞുവെക്കുന്നത്.
ഗൗരവതരമായ മറ്റൊരുചോദ്യം മതപരമായ ആചാരം / സൂചകം എന്നതിെൻറ പരിധി എവിടെയാണ് ഗവൺമെൻറ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ്. സർക്കാർ സംവിധാനങ്ങളിൽ നിർബാധം തുടരുന്ന പൂജകൾ, തേങ്ങയുടയ്ക്കൽ, നിലവിളക്ക് എന്നിവയൊക്കെ മതാചാരമായി ഇടതുപക്ഷം കാണാത്തതുകൊണ്ടാണോ അവരുടെ സർക്കാറിനുകീഴിൽ അവ നിർബാധം നടക്കുന്നത്? സവർണ ആചാരങ്ങളൊന്നും മതപരമല്ലെന്നും പാരമ്പര്യത്തിെൻറ ഭാഗമാണെന്നും പറഞ്ഞ് അവയെ പൊതുവത്കരിച്ച് ഏകസംസ്കാരത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള ശ്രമത്തിലാണല്ലോ സംഘ്പരിവാർ. നമ്മുടെ സാംസ്കാരിക ബഹുത്വത്തെ ശല്യമായിക്കാണുന്ന ആ പൊളിറ്റിക്കൽ പ്രോജക്ടിെൻറ ഭാഗമാവാൻ ഇടതുപക്ഷത്തിന് മടിയില്ലാതാവുന്നു എന്നാണോ നാം കരുതേണ്ടത്? സെക്കുലർ പേടിയിൽ തടയപ്പെടുന്നത് ഒരു പ്രത്യേക മതത്തിന്റെ ആചാരം മാത്രമാണോ എന്നൊരു തോന്നൽ ബഹുസ്വരതക്ക് ഏൽപിക്കുന്ന പരിക്കിനെകുറിച്ച് ഇടതുപക്ഷം കുറെക്കൂടി ഗൗരവത്തിൽ ആലോചിക്കേണ്ടിയിരുന്നു.
മതാചാരങ്ങൾക്ക് സ്വാതന്ത്ര്യം ഉറപ്പുതരുന്ന ഭരണഘടനയുടെ ആർട്ടിക്ക്ൾ 25 (1) ചൂണ്ടിക്കാണിച്ചാണ് അത്യാവശ്യ മതാചാരമായ ഹെഡ്സ്കാർഫും ഫുൾസ്ലീവും റിസ ആവശ്യപ്പെട്ടത്. എന്നാൽ, ആർട്ടിക്കിൾ19 (2) ഉയർത്തിക്കാട്ടി, ഏതു സ്വാതന്ത്ര്യത്തിനും ന്യായയുക്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പറ്റുമെന്നാണ് സർക്കാർ പറഞ്ഞത്. പക്ഷേ, സർക്കാറുകൾക്ക് തോന്നിയപോലെ ഏർപ്പെടുത്താവുന്ന ഒന്നല്ല ഈ നിയന്ത്രണം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ്; നിയന്ത്രണങ്ങളല്ല മൗലികമെന്ന നിയമവാഴ്ച സംബന്ധിച്ച അടിസ്ഥാനപാഠമാണ്. ആർട്ടിക്കിൾ19 (2) പറയുന്നത് ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താൽപര്യങ്ങൾ, സ്‌റ്റേറ്റിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം, മാന്യത / ധാർമികത, കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ, കുറ്റകൃത്യത്തിന് പ്രേരണ തുടങ്ങിയ കാരണങ്ങളാലാണ് നിയന്ത്രണങ്ങൾ ആകാവുന്നത് എന്നാണ്. ഓരോ വ്യക്തിക്കും പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവക്ക് വിധേയമായി സ്വതന്ത്രമായി മതംപറയുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശമുണ്ട് എന്നാണ് ആർട്ടിക്കിൾ 25 പറയുന്നത്. ഇതിൽ ഏതാണ് റിസയുടെ സ്ക്കാർഫ് ധാരണം വഴി അതിലംഘിക്കപ്പെടുന്നത്?
കേരളത്തിലെ ജനസംഖ്യയിൽ 27 ശതമാനത്തോളം വരുന്ന മുസ്ലിംകൾ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ പിന്നാക്കം നിൽക്കുന്നവരാണ്. ചരിത്രപരമായ കാരണങ്ങളാൽ എന്ന ഭംഗിവാക്കിൽ പൊതിഞ്ഞ് നാം അവതരിപ്പിക്കാറുള്ള ഈയവസ്ഥ സമൂഹം സ്വയംസംതൃപ്തിയോടെ സ്വീകരിച്ചതല്ല. എൺപതുകളോടെ ഗൾഫ്പ്രഭാവത്തിൽ സമുദായമാർജ്ജിച്ച സാമ്പത്തികസ്വാശ്രയത്വത്തോടെയും അതുണ്ടാക്കിയ വിദ്യാഭ്യാസ ഉണർവോടെയും ഭയപ്പാടിന്റെ കാണാമറയങ്ങളിൽനിന്ന് ആത്മവിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് കടന്നുനിൽക്കാൻ തങ്ങൾക്കാവുമെന്ന് മുസ്ലിം സമുദായത്തിലെ ആൺ-പെൺകുട്ടികൾ ഒരുപോലെ തെളിയിച്ചപ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് അഭൂതപൂർവമായ കുതിച്ചുചാട്ടമാണുണ്ടായത്. വിവാഹത്തോടെ അവസാനിക്കുന്ന പഠനം എന്ന രീതി തുടർന്നിരുന്ന മുസ്ലിം സ്ത്രീ സമൂഹം വിവാഹ -കുടുംബസംവിധാനങ്ങളോടൊപ്പം പഠന-ഉദ്യോഗങ്ങളെക്കൂടി കൊണ്ടുനടക്കുന്ന തലത്തിലേക്ക് വളർന്നു. അതിന്റെ തുടർച്ചയിലാണ് മുമ്പില്ലാതിരുന്ന പലമേഖലകളിലും മുസ്ലിം പെൺകുട്ടികൾ സാന്നിധ്യമറിയിക്കുന്നത്. തങ്ങളുടെ മതനിഷ്ഠകളും ആചാരസമ്പ്രദായങ്ങളും ഒഴിവാക്കിമാത്രം മുസ്ലിം പെൺകുട്ടികൾക്ക് കടന്നുചെല്ലാൻ കഴിയുമായിരുന്നവയായിരുന്നു അറുപതുകളിലും എഴുപതുകളിലും വിദ്യാഭ്യാസ സാമൂഹിക മേഖലകൾ പലതും.
തൊണ്ണൂറുകളോടെ, മതനിഷ്ഠയാർന്ന വേഷങ്ങളോടെതന്നെ അവരെ ഉൾക്കൊള്ളാൻ പാകത്തിൽ നമ്മുടെ പൊതുമണ്ഡലവും ബഹുസ്വരതയിലേക്ക് പതിയെ വളർന്നു. അതിെൻറ സ്വാഭാവികതയിലാണ് കഴിഞ്ഞ നിരവധി വർഷങ്ങളായി പല സ്കൂളുകളിലും പ്രശ്നലേശെമന്യേ മുസ്ലിം പെൺകുട്ടികൾ എസ്.പി.സിയിലും ഗൈഡ്സിലുമൊക്കെ മഫ്തയും ഫുൾസ്ലീവുമണിഞ്ഞ് അണിനിരക്കുന്നത്. പല സ്ഥാപനങ്ങളിലും നേരത്തേ അനുവദിക്കപ്പെട്ടിരുന്ന ഈ വേഷവിധാനം കുറ്റ്യാടിയിൽ നിഷേധിക്കപ്പെടുന്നതോടെയാണല്ലോ റിസക്ക് കോടതിയെയും സർക്കാറിനെയും സമീപിക്കേണ്ടിവരുന്നത്. അനുവദിക്കപ്പെടാതിരുന്ന സ്കൂളുകളിൽ, സന്തോഷത്തോടെയല്ല മറിച്ച്, തങ്ങളുടെ സാംസ്കാരിക വ്യതിരിക്തതയെ ഉൾക്കൊള്ളാൻ മാത്രം വീതിയില്ലാത്തതാണല്ലോ പറഞ്ഞുകേൾക്കുന്ന നാനാത്വം എന്ന സങ്കടത്തോടെയാണ് കുട്ടികൾ പലരും അതിെൻറ ഭാഗമായത്. മതം, പാഠ്യേതരപ്രവർത്തനം ഇവയിൽ രണ്ടിലൊന്നേപറ്റൂ എന്ന സങ്കടക്കടലിലേക്കാണ് സർക്കാർ തീരുമാനം മുസ്ലിം പെൺകുട്ടികളെ തള്ളിവീഴ്ത്തുന്നത്.
'ഇത്രകാലമില്ലാത്തത് എന്തേ ഇപ്പോൾ' എന്നചോദ്യം പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സാമൂഹിക മാറ്റങ്ങളെ തടുക്കാൻ പ്രതിലോമശക്തികൾ ഉന്നയിച്ചുവന്നതാണ്. ഈ ചോദ്യത്തെ ധൈര്യപൂർവം മറികടന്നില്ലായിരുന്നുവെങ്കിൽ അരയ്ക്ക്മുകളിലുള്ള വസ്ത്രവും പാദരക്ഷകളും ധരിക്കാനും ഒന്നിച്ചിരിക്കാനും ഒന്നിച്ച് ഉച്ചക്കഞ്ഞികഴിക്കാനും എത്രകുട്ടികൾക്ക് കഴിയുമായിരുന്നു എന്ന് ആലോചിക്കാതെപോവരുത്. എസ്.പി.സി ഒരു നിർബന്ധ സർവിസല്ലെന്നും താൽപര്യമുള്ളവർ മാത്രം പങ്കെടുത്താൽമതിയല്ലോ എന്നുമാണ് സർക്കാർ വാദം. ചെറുപ്പം മുതലേ നേതൃഗുണ പരിശീലനം ലഭിക്കുന്ന, സാമൂഹിക സേവനത്തിന് അവസരമൊരുക്കുന്ന, പരീക്ഷകളിൽ ഗ്രേസ്മാർക്ക്കിട്ടുന്ന ഒരുസംവിധാനം ഉപയോഗപ്പെടുത്തണമെങ്കിൽ മതനിഷ്ഠ ഒരു മതവിഭാഗം ഒഴിവാക്കേണ്ടിവരുക എന്നു പറഞ്ഞാൽ ബഹുസ്വരതയിലധിഷ്ഠിതമായ ഇന്ത്യൻ മതനിരപേക്ഷതയെ തകർക്കലാണ് എന്ന് മറക്കാതിരിക്കുക. സർക്കാർ ചടങ്ങുകളിലെ തേങ്ങയുടക്കലിനും പൂജക്കുമെതിരിൽ ആന്ധ്രപ്രദേശിലെ യുക്തിവാദിസംഘടന1991ൽ കോടതിയെ സമീപിച്ചിരുന്നു. തങ്ങൾ അങ്ങനെ ചെയ്യാൻ ആരോടും നിർദേശിച്ചിട്ടില്ലെന്നും പബ്ലിക്ഓർഡറിനെ ബാധിക്കുകയോ മറ്റാർക്കെങ്കിലും പ്രയാസമുണ്ടാകുകയോ ചെയ്യാത്തിടത്തോളം ബഹുഭൂരിപക്ഷം മതവിശ്വാസികളുള്ള രാജ്യത്ത് അത നിരോധിക്കാനാവില്ലെന്നും ഉള്ള നിലപാടാണ് അവിടത്തെ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. കോടതി ആ വാദം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നമ്മുടെ കേരളത്തിൽ ഭരണഘടനയനുസരിച്ച് ന്യായയുക്തമായ നിയന്ത്രണങ്ങൾക്ക് ഒരു പഴുതുമില്ലാത്ത ആചാരനിരോധത്തിന് മുതിരുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഈ അമിതാവേശമാണ് കിട്ടിയ അവസരങ്ങളൊക്കെ മതരഹിത സമൂഹ നിർമിതിക്ക് ഉപയോഗപ്പെടുത്തുകയാണ് സർക്കാർ എന്ന സംശയം ബലപ്പെടുത്തുന്നത്.
ന്യൂനപക്ഷമെന്നത് പൗരാവകാശങ്ങൾ ന്യൂനമായി മാത്രം ലഭിക്കാൻ അർഹതയുള്ള സമൂഹമല്ല. എല്ലാമതങ്ങൾക്കും തുല്യ ആദരവ്നൽകുന്ന ഇന്ത്യൻ മതനിരപേക്ഷതയുടെ സ്വാഭാവികമായ താൽപര്യമാണ് മതമനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം. സംസ്ഥാനത്തെ വിഭവവിതരണത്തിെൻറ ചുമതലക്കാരായ സർക്കാറിനോടോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോടോ ചേർന്നുനിൽക്കുന്നു എന്നതുകൊണ്ട് കോംപ്രമൈസ്ചെയ്ത്കൊടുക്കാവുന്നതല്ല ഈ ഭരണഘടനാദത്ത അവകാശങ്ങൾ. ബ്രിട്ടീഷ് കാലത്ത് ജയിലിൽ നൽകിയിരുന്ന മുട്ടുമറയാത്ത വസ്തം ധരിച്ച് നമസ്ക്കാരം സാധ്യമാവുന്നില്ലെന്നു പറഞ്ഞ് സമരം ചെയ്ത് അത് നേടിക്കൊടുത്തത് കോൺഗ്രസ് നേതാവായ മുഹമ്മദ് അബ്ദുറഹ്മാനാണ്. ആ അബ്ദുറഹിമാൻ സാഹിബ് പ്രസിഡന്‍റായിരുന്ന കെ.പി.സി.സിയിൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് പിൽകാലത്ത് മുഖ്യമന്ത്രിയായപ്പോഴാണ് മുസ്ലിംകൾക്ക് ഏറെ വിദ്യാഭ്യാസ പൊതുമണ്ഡലാവസരങ്ങൾ തുറന്ന്കൊടുത്തത് എന്ന് അവകാശപ്പെടുന്നവരാണ് മാർക്സിസ്റ്റുകൾ. അവർ ഭരിക്കുമ്പോൾ മുസ്ലിം പെൺകുട്ടികൾക്ക് സ്റ്റുഡൻറ് പൊലീസിലും സ്കൗട്ട് ആൻഡ് ഗൈഡ്സിലും പ്രവർത്തിക്കണമെങ്കിൽ ശിരോവസ്ത്രം ഊരിയേ പറ്റു എന്ന ഉത്തരവിറങ്ങുന്നത് എന്നത് എത്രയേറെ അപമാനകരമാണ്.
(ഇന്റഗ്രേറ്റഡ് എജൂക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.