എം. മുഹമ്മദ് മദനി
പതിറ്റാണ്ടുകളായി കൂടെ നടന്ന് പ്രവർത്തിച്ച കെ.എൻ.എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റുമായിരുന്ന എം. മുഹമ്മദ് മദനിയുടെ വിയോഗം അങ്ങേയറ്റം വിഷമമുണ്ടാക്കുന്നതാണ്. മലപ്പുറം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിൽ ഞങ്ങൾ ഒരേകാലത്താണ് പഠിക്കുന്നത്. സമുദായ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ മദനിയുടെ പങ്ക് നിസ്തുലമാണ്. കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ എല്ലാവരും ഓർക്കുന്നു. മാസപ്പിറവിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നബിചര്യ പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. വളരെ ചെറുപ്പം മുതലേ നല്ലൊരു പ്രഭാഷകനായിരുന്ന അദ്ദേഹത്തെ പുളിക്കൽ മദീനത്തുൽ അറബിക് കോളജിൽ പഠനം പൂർത്തിയാക്കിയ ഉടൻ അവിടെ അധ്യാപകനായി നിയോഗിച്ചു. പഠനത്തിൽ മികച്ച, നേതൃഗുണമുള്ള വിദ്യാർഥികളെ പഠനം കഴിഞ്ഞാൽ അവിടെതന്നെ നിയോഗിക്കും. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാപനമായിരുന്നു പുളിക്കൽ മദീനത്തുൽ ഉലൂം. സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്ന അക്കാലത്ത് അവിടത്തെ അധ്യാപന ജോലി സൗജന്യ സേവന പ്രവർത്തനം തന്നെയായിരുന്നു.
മുജാഹിദ് യുവജന പ്രസ്ഥാനമായ ഐ.എസ്.എമ്മിന്റെ തുടക്കത്തിൽ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. യുവാക്കളിൽ മതബോധമുണ്ടാക്കുന്ന മദനിയുടെ ഉദ്ബോധന ക്ലാസുകൾ അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിലെ മുൻനിര പ്രഭാഷകനായി പിന്നീടദ്ദേഹം. ചെറുവാടി ഗവൺമെന്റ് സ്കൂളിൽ ജോലി ലഭിച്ച മദനി അധികം വൈകാതെ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽ അധ്യാപകനായി. പിന്നീട് കേരള ജംഇയ്യതുൽ ഉലമ നേരിട്ട് നടത്തുന്ന പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിന്റെ പ്രിൻസിപ്പൽ ആയി. അക്കാലത്ത് ധാരാളം വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്ന് മത, വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയരംഗത്തെ പല പ്രമുഖരും ആ ഗുരുവര്യന്റെ ശിഷ്യരാണ്. വശ്യമായ പെരുമാറ്റം കൊണ്ട് ഒരു പ്രാവശ്യം പരിചയപ്പെട്ടവരെപോലും സുഹൃത്തായി സ്വീകരിക്കുന്ന പ്രകൃതമായിരുന്നു മുഹമ്മദ് മദനിയുടേത്. വിദ്യാർഥികളെയും സഹപ്രവർത്തകരെയും എപ്പോഴും ചേർത്തുപിടിച്ച അദ്ദേഹത്തിന് പ്രസ്ഥാന ബന്ധുക്കൾക്ക് പുറമെ വലിയൊരു സുഹൃദ് വലയം തന്നെയുണ്ട്.
കുറച്ചുകാലം അബൂദബി ഇസ്ലാഹി സെന്ററിൽ പ്രബോധകനായിരുന്നു. അക്കാലത്ത് അബൂദബി സ്കൂളിലും ജോലി ചെയ്തിരുന്നു. മനസ്സിനെ സ്പർശിക്കുന്ന ആ പ്രഭാഷണങ്ങൾ ആയിരക്കണക്കിന് പ്രവാസികളെ സ്വാധീനിച്ചിട്ടുണ്ട്. പ്രവാസി സുഹൃത്തുക്കളുമായി മരണംവരെ ബന്ധം കാത്തുസൂക്ഷിച്ചു.
പുളിക്കൽ മദീനത്തുൽ ഉലൂമിൽനിന്ന് റിട്ടയർ ചെയ്ത ശേഷം കെ.എൻ.എം സംസ്ഥാന സമിതി നേരിട്ട് നടത്തുന്ന എടവണ്ണ ജാമിഅ നദ് വിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുത്തു. ജാമിഅയെ വികസനത്തിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. സ്വന്തം നാടായ കൊടിയത്തൂരിൽ 1989ൽ നടന്ന ഖാദിയാനികളുമായുള്ള മുബാഹലക്ക് നേതൃത്വം നൽകി. കേരള ചരിത്രത്തിൽതന്നെ ആദ്യമായി നടന്ന മുബാഹലയിൽ മുസ്ലിം ഐക്യവേദിയുടെ മുന്നിൽ മദനിയുണ്ടായിരുന്നു.
പൊതുപ്രവർത്തനരംഗത്ത് ഒട്ടേറെ സദ്ഗുണങ്ങൾ കാണിച്ചുതന്നു കൊണ്ടാണ് മദനി വിടവാങ്ങുന്നത്. നിഷ്കളങ്കമായ സ്നേഹം കൊണ്ട് ജനമനസ്സുകളിൽ സ്വാധീനം നേടിയ ആ പണ്ഡിതനെ ആർക്കും മറക്കാൻ കഴിയില്ല. പരിമിതമായ യാത്രാ സൗകര്യങ്ങളുള്ള കാലത്ത് കേരളം മുഴുവൻ സഞ്ചരിച്ച് പ്രഭാഷണം നിർവഹിച്ചിരുന്ന മദനി കഴിഞ്ഞ എല്ലാ മുജാഹിദ് സമ്മേളനങ്ങളിലും നിറസാന്നിധ്യമായിരുന്നു.
സമൂഹത്തിലെ വിശ്വാസ വ്യതിയാനങ്ങൾക്കെതിരെ ആരെയും ചിന്തിപ്പിക്കുന്ന ഉദ്ബോധനമായിരുന്നു മദനി നടത്തിയിരുന്നത്.അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.