കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതറിഞ്ഞ്​ ആശുപത്രിക്ക്​ മുന്നിലെത്തിയ വാഇൽ അൽ ദഹ്​ദൂഹ്

രക്തസാക്ഷികൾ മാ.പ്രകളെ ഓർമപ്പെടുത്തുന്നു

അൽ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫ്​ വാഇൽ​ അൽ ദഹ്​ദൂഹുമായുള്ള ഒരു അഭിമുഖത്തി​ന്റെ ദൃശ്യങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. അതിൽ അദ്ദേഹം പറയുന്നു ‘‘മാധ്യമപ്രവർത്തകർ വാർത്തകൾ ജനങ്ങളിലേക്ക്​ എത്തിക്കുന്നതിനു പകരം അവർതന്നെ വാർത്തയായി മാറുന്ന സാഹചര്യമാണ്​ ഗസ്സയിൽ’’ എന്ന്​. അത്തരമൊരു പ്രസ്​താവന നടത്താൻ എന്തുകൊണ്ടും അർഹനാണ്​ സ്വന്തം ഭാര്യയും മക്കളുമെല്ലാം ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെടു​മ്പോൾ സംഘർഷ ഭൂമിയിൽനിന്ന്​ വാർത്തകൾ റിപ്പോർട്ട്​ ചെയ്യുകയായിരുന്ന ആ മാധ്യമ പ്രവർത്തകൻ. പ്രിയ കുടുംബാംഗങ്ങളുടെ ഖബറടക്ക ചടങ്ങുകൾക്ക്​ ശേഷം നേരം കളയാതെ വീണ്ടും നേരുതേടി ഇറങ്ങിയ അദ്ദേഹത്തിനുനേരെ ഇക്കഴിഞ്ഞ ദിവസമിതാ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നു. ഗുരുതര പരിക്കുകളോടെ ആക്രമണത്തെ വാഇൽ അതിജീവിച്ചുവെങ്കിലും ഇക്കുറി നഷ്​ടമായത്​ കർമമണ്ഡലത്തിലെ സന്തഹ സഹചാരിയായ വിഡിയോ ജേണലിസ്​റ്റ്​ സമീർ അബൂദാഖയെ. ​മുറിവുകൾ വെച്ചുകെട്ടി സമീറി​ന്​ യാത്രാമൊഴിയേകാനെത്തി പൊട്ടിക്കരഞ്ഞ വാഇൽ ഖബറടക്ക ശേഷം വീണ്ടും മൈക്കുമേന്തി നടക്കുന്നു.

ദാ​നി​ഷ് സി​ദ്ദീ​ഖി, ഗൗരി ല​ങ്കേശ്,ഷി​റി​ൻ അ​ബൂ ആ​കി​ല

 

ഗസ്സക്കുമേൽ 70 ദിവസം പിന്നിട്ട ഇസ്രായേൽ അധിനിവേശത്തിനിടെ ഇതിനകം 66 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ്​ അൽ ജസീറ എണ്ണം പറയുന്നത്​. ഈ കാലയളവിൽ കൊല്ലപ്പെട്ട ഫ്രീലാൻസ്​ റിപ്പോർട്ടർമാരുടെയും ഫോ​ട്ടോഗ്രാഫർമാരുടെയും കണക്കുകൂടി ചേർത്താൽ അതിലുമേറെയാവും. അതില്ലെങ്കിൽപോലും ഈ ചെറിയ കാലയളവിൽ ഒരു പ്രദേശത്ത്​ ഇത്രയേറെ മാധ്യമ പ്രവർത്തകർ ജോലിക്കിടെ രക്തസാക്ഷികളാവുന്നത്​ ചരിത്രത്തിൽ ഇതാദ്യമാണ്​. ഈ കൊലപാതകങ്ങളൊന്നും അബദ്ധമോ യാദൃച്ഛികമോ ആയി സംഭവിച്ചതല്ല. കൃത്യമായി ഉന്നം പിടിച്ച്​ നടത്തിയ വേട്ടതന്നെയാണ്​. പരിക്കേറ്റ്​ കിടന്നവർക്കരികിലേക്ക്​ ആംബുലൻസ്​ എത്തുന്നത്​ മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നത്​ ഇക്കാര്യം അടിവരയിടുന്നു.

ഇന്ത്യയിലേതുൾപ്പെടെ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശപ്പോരാളികളെയും ഒളിഞ്ഞുനോക്കാനും അവരുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലും കള്ളത്തെളിവുകൾ തിരുകിക്കയറ്റുവാനുമുള്ള ചാരസാ​ങ്കേതിക വിദ്യ വിതരണം ചെയ്യുന്ന ഇസ്രാ​യേലിന്റെ തീട്ടൂരങ്ങൾക്ക്​ മുന്നിൽ ഭയലേശമേതുമില്ലാതെ നെഞ്ചുറച്ചു നിന്ന്​​ വംശഹ​ത്യയുടെ കാഴ്​ചകൾ പുറംലോകത്തെ അറിയിക്കുന്നതിന്​ സയണിസ്​റ്റ്​ ഭരണകൂടത്തി​ന്റെ പ്രതികാരം. ഉറ്റവരൊക്കെ ഇല്ലാതാവു​ന്നതോ അടുത്ത നിമിഷമൊരു വെടിയുണ്ട തനിക്കുനേരെ വന്നേക്കുമെന്ന​ സാധ്യതയോ അവരെ പിൻതിരിപ്പിക്കുന്നില്ല എന്നിടത്ത്​ ലോകത്തെ ഏറ്റവും ധീരമായ ദൗത്യമായി മാധ്യമപ്രവർത്തനം മാറുന്നു. സഹജീവികൾ വേട്ടയാടപ്പെടുന്ന കാലത്ത്​ വേട്ടക്കാർക്കൊപ്പം ചേർന്ന്​ മൃതദേഹത്തി​ന്റെ നെഞ്ചിലും ബുൾഡോസറിന്​ മുകളിലുമേറി ആനന്ദ നൃത്തം ചവിട്ടുന്നതല്ല മാധ്യമപ്രവർത്തനം എന്ന്​ ഓർമപ്പെടുത്തുകയും ചെയ്യുന്നു ആ രക്തസാക്ഷികൾ.

സത്യത്തെ ഭയക്കുന്ന ഭരണകൂടവും ആക്രമിക്കൂട്ടങ്ങളും ആദ്യം ഒരു​​മ്പെടുക മാധ്യമങ്ങളുടെ വായടപ്പിക്കാനും കാമറകളുടെ കണ്ണുമൂടാനുമാണെന്ന്​ ആർക്കാണറിഞ്ഞു കൂടാത്തത്​. 1992 ഡിസംബർ ആറിന്​ ബാബരി മസ്​ജിദി​ന്റെ മിനാരങ്ങൾ മണ്ണോടുചേർത്ത ശേഷം അടുത്ത കർസേവക്കായി വർഗീയ ഭീകരർ പാഞ്ഞു കയറിയത്​ കാമറയേന്തിയ മാധ്യമപ്രവർത്തകർക്കു നേരെയായിരുന്നല്ലോ. ഇന്ത്യൻ പാർലമെൻറ്​ ആക്രമിക്കപ്പെട്ട വേളയിലും മാധ്യമപ്രവർത്തകരിൽ ചിലർ രക്തസാക്ഷിത്വം വഹിച്ചു.

കർണാടകത്തിൽ ഗൗരി ല​ങ്കേശിന്​ നേരെയും അഫ്​ഗാനിസ്​താനിൽ ഡാനിഷ്​ സിദ്ദീഖിക്കു നേരെയും വെസ്​റ്റ്​ ബാങ്കിൽ ഷിറീൻ അബൂ അഖ്ലേഹിനുനേരെയും പാഞ്ഞുകയറിയ വെടിയുണ്ട എന്നും എപ്പോഴും അടുത്ത ഉന്നം തിരഞ്ഞ്​ നടപ്പുണ്ട്​. കൈവിലങ്ങുകളും തടവറയും ലൈസൻസ്​ റദ്ദാക്കലുമെല്ലാം ആ വെടിയുണ്ടയുടെ പല രൂപങ്ങൾമാത്രം.

മാധ്യമപ്രവർത്തനം എന്ന ധീരമായ ജോലിതന്നെയോ നാം ചെയ്യുന്നത്​ എന്ന്​ ഓരോ മാധ്യമപ്രവർത്തകരും നെഞ്ചിൽ കൈവെച്ച്​ ആത്മവിമർശനം നടത്തേണ്ട സമയമായെന്ന്​ ഓരോ രക്തസാക്ഷികളും നമ്മോട്​ വിളിച്ചു പറയുന്നുണ്ട്​. ഭരണകൂട വാഴ്​ത്തുപാട്ടിന്​ താളമിടലല്ല മാധ്യമപ്രവർത്തനം എന്നെങ്കിലും കുറഞ്ഞപക്ഷം ഇന്ത്യൻ മാധ്യമലോകം തിരിച്ചറിഞ്ഞെങ്കിൽ.

Tags:    
News Summary - Martyrs Reminds me of journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT