ഒരുവശത്തു വർഗമൗലികവാദം പിന്തുടരുകയും മറുവശത്ത് കക്ഷിരാഷ്ട്രീയത്തിനുവേണ്ടി ഏതുതരത്തിലുമുള്ള അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്ന പരമ്പരാഗത മാർക്സിസ്റ്റുകൾക്ക് കീഴാളരോടും ന്യൂനപക്ഷങ്ങളോടും സംവദിക്കാൻപോലും സാധിക്കാതായിരിക്കുന്നു
19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആഫ്രിക്കയിലെ ഈസ്റ്റ് കോസ്റ്റ് പ്രദേശത്ത് മിഷനറി പ്രവർത്തനം നടത്തിയിരുന്ന പ്രൊട്ടസ്റ്റന്റ് പാതിരിയാണ് ലിഗ്വിഗ് ക്റാഫ്. ഇരുട്ടുമുറ്റിയ ആഫ്രിക്കൻ വൻകര മുഴുവൻ ഇരുട്ടാണെന്നും അവിടമാകെ ഭൂതപ്രേതപിശാചുക്കൾ അടക്കി വാഴുകയായിരുന്നെന്നുമാണല്ലോ വെള്ളക്കാർ വർണിച്ചിട്ടുള്ളത്. ഇത്തരം ദുഃശക്തികളെ ഉച്ചാടനം ചെയ്തു തദ്ദേശീയരുടെ ആത്മാക്കളെ വിമോചിപ്പിക്കാനുള്ള പുരോഗമന ദൗത്യമായാണ് അധിനിവേശത്തെ അവർ ചിത്രീകരിക്കാറ്.
ബ്രിട്ടന്റെ കോളനിയായ ആ നാട്ടിൽ മേൽപറഞ്ഞ പദ്ധതിയുടെ ഭാഗമായെത്തിയ പാതിരി എപ്പോഴും ഒരു ബൈബിൾ കൈയിൽ കരുതുമായിരുന്നു. അതിനാൽ ‘പുസ്തകമേന്തിയ മനുഷ്യൻ’ എന്നാണ് അദ്ദേഹത്തെ നാട്ടുകാർ വിളിച്ചിരുന്നത്. പതിവുപോലെ ഒരു വൈകീട്ട് ആൾക്കാർ കൂടുന്ന ചന്തസ്ഥലത്ത് അദ്ദേഹം തന്റെ സുവിശേഷപ്രസംഗം ആരംഭിച്ചു. ഈ സമയം ആക്രമണകാരിയായ ഒരു കണ്ടാമൃഗം അവിടേക്കു ഓടിവന്നു യോഗസ്ഥലം അലങ്കോലപ്പെടുത്തി. പേടിച്ചുപോയ കേൾവിക്കാരിൽ ചിലർ തൊട്ടടുത്ത മരങ്ങളിൽ പിടിച്ചുകയറുകയും മറ്റുള്ളവർ ദൂരേക്ക് ഓടി മാറുകയും ചെയ്തു. ഹ്രസ്വദൃഷ്ടിയെന്ന കാഴ്ചപരിമിതിയുള്ള പാതിരി ഈ സംഭവങ്ങളൊന്നും അറിയാതെ തന്റെ പ്രസംഗം തുടർന്നു. കണ്ടാമൃഗം തിരിച്ചുപോയിക്കഴിഞ്ഞ് മടങ്ങിവന്ന നാട്ടുകാർ എങ്ങനെയാണ് ഫാദർ രക്ഷപ്പെട്ടതെന്ന് അന്വേഷിച്ചു. അദ്ദേഹം പുസ്തകം ഉയർത്തിക്കാട്ടി തന്റെ പ്രസംഗത്തിന്റെ ദിവ്യശക്തി മൂലമാണ് ആ വന്യമൃഗം വന്നവഴിക്കു തിരിച്ചുപോയതെന്ന് അവരോട് പറഞ്ഞു.
കൊളോണിയൽ ആധുനികതയിലെ അധിനിവേശ ബലതന്ത്രങ്ങളെ സൂചിപ്പിക്കാൻ ഒരു ജർമൻ ഗവേഷകൻ ചൂണ്ടിക്കാട്ടിയതാണ് ഈ സംഭവം. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ വാചാടോപങ്ങളെ മേൽപറഞ്ഞ സംഭവവുമായി കണ്ണിചേർത്തു കാണാവുന്നതാണ്.
മുതലാളിത്ത വികാസത്തിന്റെ പ്രാരംഭദശയിൽ പിറവി നേടിയ രാഷ്ടീയധനതത്ത്വ ശാസ്ത്ര സിദ്ധാന്തങ്ങളിൽ ജനസംഖ്യപ്പെരുപ്പമാണ് ലോകത്തിലെ അസമത്വങ്ങൾക്കു കാരണമെന്ന ആശയം രൂപപ്പെട്ടിരുന്നു. യൂറോപ്പിലെയും പുറത്തെയും അപരസമൂഹങ്ങൾ പെറ്റുപെരുകുന്നതിനെപ്പറ്റിയുള്ള വരേണ്യ വാദ വിവരണങ്ങൾ ഈ ഭയപ്പാടിനെ ഇരട്ടിപ്പിച്ചു. ഇത്തരം പേടികൾക്കൊപ്പം ജീവശാസ്ത്ര-വൈദ്യശാസ്ത്ര പഠനങ്ങളിൽനിന്ന് കൃത്രിമമായി അടർത്തിയെടുത്ത വ്യാജശാസ്ത്രീയചിന്തകളും മുതലാളിത്തത്തിന്റെയും വംശീയവാദത്തിന്റെയും ലബോറട്ടറികളിൽ തയാർ ചെയ്യപ്പെട്ടു. അതിനൊപ്പം അടഞ്ഞ ദേശീയവാദവും സാംസ്കാരികമേന്മവാദവും അപരവിദ്വേഷവും സർവാധികാരത്തോടുള്ള തൃഷ്ണയും ചരിത്രവിരുദ്ധമായ യുക്തിബോധവും പിതൃ ആധിപത്യ മൂല്യങ്ങളുമൊക്കെയാണ് ഫാഷിസത്തിന്റെ ഘടകങ്ങളെന്നാണ് ലോകമെമ്പാടുമുള്ള സാമൂഹികചിന്തകർ കണക്കാക്കിയിട്ടുള്ളത്.
എന്നാൽ, കേരളത്തിലെ മുഖ്യധാരാ മാർക്സിസ്റ്റുകൾ ഇത്തരം വിഷയങ്ങളൊന്നും അറിഞ്ഞമട്ടുതന്നെ കാണിക്കുന്നില്ല. അവരെ സംബന്ധിച്ച് ‘വർഗീയത’ ആണത്രേ ഫാഷിസത്തിന്റെ അടിത്തറ.
ഇവർ പറയുന്ന വർഗീയത എന്നത് എന്താണ് ? സാമ്പ്രദായിക മാർക്സിസ്റ്റ് വീക്ഷണപ്രകാരം സാമൂഹികവികാസത്തിന്റെ പരമോന്നതഘട്ടമാണ് വർഗാവസ്ഥ . ഈ മുന്തിയ സാമൂഹികസ്ഥാനത്തെ കൊടിയടയാളമായി പ്രദർശിപ്പിക്കുകയോ ഏറ്റുപറയുകയോ ചെയ്യാൻ കഴിയാത്ത വ്യത്യസ്തമായ സാമൂഹികവിഭാഗങ്ങൾ അവരെ സംബന്ധിച്ച് ചരിത്രവികാസത്തിന്റെ പിന്നണിയിൽ നിൽക്കുന്നവരാണ് . അതായത്, മാർക്സിസ്റ്റ് വിശകലന പ്രകാരം സമൂഹത്തിൽ വർഗമെന്ന പദവി സ്വയം നിർണയിക്കാത്ത സാമൂഹികഘടകങ്ങൾ ആധുനികതക്ക് പുറത്തുനിന്നുകൊണ്ടു തപ്പിത്തടയുന്നവരാണ്. ഇവർക്ക് മാർക്സിസ്റ്റുകൾ സങ്കൽപിച്ചിട്ടുള്ള പുരോഗമനപാതയിൽ അണിനിരക്കുകയോ അല്ലെങ്കിൽ സ്വയം പ്രകാശിപ്പിക്കാതെ ഭ്രൂണം പോലെ ഒതുങ്ങിക്കഴിയുകയോ മാത്രമേ ചെയ്യാനാവൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, വർഗത്തിന് അപരമായസാമൂഹികവിഭാഗങ്ങളെയാണ് വർഗീയവാദികൾ എന്ന് അവർ വിളിക്കുന്നത്.
ഇങ്ങനെ നോക്കുമ്പോൾ , വർഗസിദ്ധാന്തത്തിനു വിധേയമല്ലാത്ത ജാതികൾ, സമുദായങ്ങൾ, മതങ്ങൾ, പ്രാദേശീയതകൾ എന്നിവയെല്ലാം മാർക്സിസ്റ്റ് ആശയങ്ങളോടും സംഘടനകളോടും ഐക്യപ്പെട്ടില്ലെങ്കിൽ അവയെല്ലാം പിന്തിരിപ്പൻ ഘടകങ്ങളായി മാറാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സമൂഹത്തിലെ വർഗേതര ഘടകങ്ങളെ തരംതാഴ്ത്താനും കുറ്റാരോപിതരാക്കാനുമുള്ള ശകാരപദമായാണ് വർഗീയത എന്ന വാക്ക് ഉപയോഗിക്കുന്നത്.
ഒരുവശത്തു വർഗമൗലികവാദം പിന്തുടരുകയും മറുവശത്ത് കക്ഷിരാഷ്ട്രീയത്തിനുവേണ്ടി ഏതുതരത്തിലുമുള്ള അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്ന പരമ്പരാഗത മാർക്സിസ്റ്റുകൾക്ക് കീഴാളരോടും ന്യൂനപക്ഷങ്ങളോടും സംവദിക്കാൻപോലും സാധിക്കാതായിരിക്കുന്നു. പകരം ഈ സമുദായങ്ങളുടെ അതിജീവനപോരാട്ടങ്ങളെ സ്വത്വവാദികൾ, ജാതിവാദികൾ, മൂലധന ഏജന്റുമാർ, സാമ്രാജ്യത്വ പിണിയാളുകൾ, ഗൂഢസംഘങ്ങൾ, ഫണ്ടിങ് സംഘടനകൾ എന്നൊക്കെ ആരോപിക്കാൻ മാത്രമാണിവർക്ക് കഴിയുന്നത്. ഈ സംവാദവിരുദ്ധതയുടെ മറുപുറമെന്നത്; സമകാലിക ഹിന്ദുത്വഫാഷിസത്തെയും അതിന്റെ ആർഷഭാരത സാംസ്കാരികമേന്മവാദത്തെയും സ്റ്റേറ്റിന്റെ മേലുള്ള സവർണാധിപത്യശക്തികളുടെ പരമാധികാരത്തെയും അദൃശ്യമാക്കാൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത എന്ന സമീകരണ പദാവലി ഉപകാരപ്പെടുന്നു എന്നതാണ്.
ഇതിനിടയിൽ കീഴാള -ന്യൂനപക്ഷ സാമൂഹികതയെ സ്വത്വവാദമെന്ന ഹൊറർ ആയി പ്രഖ്യാപിക്കുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടനാവും തിരിച്ചറിയേണ്ടതുണ്ട് .
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളാണ് മാർക്സിസ്റ്റ് പാർട്ടിക്ക് കിട്ടിയത്. ഇതിൽ രണ്ടെണ്ണം ഇന്ത്യയിലെ ഏറ്റവും വലിയ സ്വത്വവാദപ്രസ്ഥാനമായ ഡി.എം.കെ കനിഞ്ഞു നൽകിയതാണ്. മറ്റൊന്ന് രാജസ്ഥാനിലെ ആദിവാസി പ്രസ്ഥാനത്തിന്റെ പിന്തുണമൂലം ലഭിച്ചതാണ്. കേരളത്തിലെ ആലത്തൂരിലും ഇടതുമുന്നണിയുടെ സഖ്യശക്തിയായി കേരള കോൺഗ്രസും ഐ.എൻ.എല്ലും ഉണ്ടായിരുന്നു. അതായത്, സ്വത്വവാദപ്രസ്ഥാനങ്ങളുടെ തണലിൽ പരിമിതമായ സീറ്റുകൾ നേടിയിട്ട് അവയെ തിരിഞ്ഞുനിന്ന് പുലഭ്യം പറയുന്ന ഏർപ്പാടാണിത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായം പൊതുവിലും അതിലെ ചില സംഘടനകൾ നേരിട്ടും ഇടതുമുന്നണിക്ക് എതിരായി പ്രവർത്തിച്ചതാണ് മാർക്സിസ്റ്റുകാരെ പ്രകോപിപ്പിച്ചിട്ടുള്ളത് . അഖിലേന്ത്യ തലത്തിൽ മാർക്സിസ്റ്റ് പാർട്ടിക്ക് വലിയ തോതിൽ ശക്തിശോഷണം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. ഈ അവസരത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിനെ പിന്തുണക്കുന്നതിൽ അസാധാരണമായി ഒന്നുമില്ല. അതിനോടുള്ള പ്രതികാരയുക്തിയായാണ് ഹിന്ദുത്വഭാഷ കടംകൊണ്ട് അവർ രംഗത്തുവന്നിട്ടുള്ളത്.
ടി.ടി. ശ്രീകുമാർ എഴുതുന്നു: ‘‘നീ അല്ലെങ്കിൽ നിന്റെ അമ്മ കലക്കിയതാണ് ഈ കുളം എന്ന് പറയുന്ന ചെന്നായയുടെ മനോഭാവമാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളോട് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളതെന്നു നാം മനസ്സിലാക്കണം. ഈയൊരു പശ്ചാത്തലത്തിലാണ് ആർ.എസ്.എസ് വളരെ ശക്തമായി അവരുടെ പ്രത്യയശാസ്ത്രം മതവിരുദ്ധതയുടെ ധാരകളെ മതാഭിമുഖ്യമുള്ള ധാരകളാക്കി മാറ്റിക്കൊണ്ട് അവരുടെ രാഷ്ട്രീയത്തിലേക്ക് അലിയിച്ചുചേർക്കാനും ആ രാഷ്ട്രീയം ഉപയോഗിച്ച് കൂടുതൽ ശക്തമായ രാഷ്ട്രീയമുദ്രാവാക്യം മുഴക്കാനും കഴിഞ്ഞത് എന്നു നാം ഓർക്കേണ്ടതുണ്ട്’’.
ചുരുക്കി പറഞ്ഞാൽ,രക്ഷകവേഷം ധരിച്ച് ന്യൂനപക്ഷങ്ങളെ ശിഥിലീകരിക്കുക എന്ന മാർക്സിസ്റ്റ് പദ്ധതി ഹിന്ദുത്വത്തെയും സവർണാധിപത്യത്തെയും ശക്തിപ്പെടുത്താനുള്ള ആഭിചാരമായിട്ടായിരിക്കും കേരളചരിത്രത്തിൽ രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.