കഴിഞ്ഞ പ്രളയകാലത്ത് കേരളത്തെ കണ്ണീരണിയിച്ച ദുരന്തമായിരുന്നു വയനാട് ജില്ലയിലെ പുത്തുമലയിലുണ്ടായ വൻ ഉരുൾപൊട്ടൽ. ഒരുപാടു ജീവനുകളെ മണ്ണിനടിയിലാഴ്ത്തിയ ആ ദുരന്തത്തിെൻറ എല്ലാ വേദനയും ഒറ്റഫ്രെയിമിലൊതുങ്ങുന്നതായിരുന്നു മാധ്യമം ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിയുടെ കാമറയിൽ പതിഞ്ഞ, നെഞ്ചകം പൊള്ളിക്കുന്ന ആ ചിത്രം. 2019 ആഗസ്റ്റ് പത്തിന് പുറത്തിറങ്ങിയ മാധ്യമം പത്രത്തിെൻറ ഒന്നാംപേജിൽ കണ്ണീർമല എന്ന തലക്കെട്ടിലെ മുഖ്യവാർത്തക്കൊപ്പം 'ആ കാലുകൾ നടന്നെത്താൻ കൊതിച്ച ദൂരം എത്രയായിരിക്കും' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രം ദുരന്തത്തിെൻറ മുഴുവൻ ഭീകരതയും പ്രതിഫലിക്കുന്നതായിരുന്നു. ഒരാണ്ടുപിന്നിട്ടിട്ടും ആ കാഴ്ചയുടെ ഓർമകൾ ഇപ്പോഴും മനസ്സിനെ നീറ്റുന്നതായി ബൈജു. നാടിനെ നടുക്കിയ പുത്തുമല ദുരന്തത്തിന് ഒരു വർഷം തികയുന്ന വേളയിൽ വീണ്ടും ആ ദുരന്ത ഭൂമിയിലെത്തി ബൈജു കൊടുവള്ളി പകർത്തിയ ചിത്രങ്ങളും ഹൃദയഹാരിയായ കുറിപ്പും.
'കോഴിക്കും പ്രാവിനും തീറ്റ കൊടുക്കണം' എന്ന ആ എഴുത്ത് ഇപ്പോഴും അവിടെയുണ്ട്... ഉരുൾപൊട്ടി പിളർന്നുപോയ ഒരു ദേശത്തിെൻറ നെഞ്ചിലെഴുതിയ ചുവരെഴുത്ത്. 17 മനുഷ്യജീവനുകൾ പൊലിഞ്ഞുപോയ, അഞ്ചു പേരെ ഇനിയും കണ്ടെത്താൻ കഴിയാത്ത പുത്തുമലയുടെ വേദനയായി തകർന്നു പോയ ആ വീടിെൻറ ചുമരുകളിൽ ആ കുറിപ്പുകൾ ഇനിയും എത്രകാലമുണ്ടാവും...
പൂത്തു നിൽക്കുന്ന മലയാണ് പിന്നീട് പുത്തുമലയെന്ന വിളിപ്പേരായി മാറിയത്. പക്ഷേ, ഒരുവർഷം മുമ്പ് ഒരുപിടി മനുഷ്യരുടെയുള്ളിൽ പൂത്ത സ്വപ്നങ്ങളും ജീവനുമായിരുന്നു ആ മലവെള്ളപ്പാച്ചിൽ തകർത്തെറിഞ്ഞത്. ദുരന്തത്തിനു ശേഷം ജീവനുമേൽ മണ്ണുമൂടിയ ആ ദേശത്ത് എത്തിയ ആരോ ആണ് ചെങ്കല്ലു കൊണ്ട് ആ വാക്കുകൾ എഴുതിയത്. ഉറ്റവരും ഉടയോരും മണ്ണിലാഴ്ന്നപ്പോൾ അനാഥരും പട്ടിണിയിലുമായിപോയ കോഴികൾക്കും പ്രാവുകൾക്കും ആടുകൾക്കും തീറ്റ കൊടുക്കണമെന്ന് ഏതോ ദയവാൻ എഴുതി വെച്ച ഒസ്യത്താണത്...
കഴിഞ്ഞ വർഷം ദുരന്ത വാർത്ത കേട്ട് ഈ മണ്ണിലേക്ക് ക്യാമറയുമെടുത്ത് ഓടിവരികയായിരുന്നു. വർഷം ഒന്നാകവേ, വീണ്ടും പുത്തുമലയിലെത്തുമ്പോൾ കഴിഞ്ഞ വർഷത്തെ അതേ മഴ. വീണ്ടും ദുരന്തമെത്തുമോ എന്ന ആശങ്ക കാണുന്നവരുടെയെല്ലാം മുഖങ്ങളിലുണ്ട്. മണ്ണിടിച്ച് മനുഷ്യരെ നിരത്തിയ ആ ദുരന്തഭൂമിയുടെ ഒരറ്റത്ത് ഇപ്പോഴും തകർന്നു കിടപ്പുണ്ട് എടക്കണ്ടത്ത് അയ്യൂബിെൻറ ഓട്ടോറിക്ഷ. മഴ കനത്ത നേരത്ത് ബന്ധുക്കളെയും കൂട്ടി അയ്യൂബ് വരുന്നത് കാത്തുകിടന്ന അതേ ഓട്ടോറിക്ഷ.
തൊട്ടപ്പുറത്ത് പച്ചക്കാട് കടന്നുകയറിയ ഒരിടം. അവിടെയായിരുന്നു കാക്കൂത്തുപറമ്പിൽ ജുനൈദിെൻറ മരിച്ചുമരവിച്ച രണ്ടു കാലുകൾ പുറത്തേക്ക് തുറിച്ചു നിന്നത്. ആ ഫോട്ടോയെടുക്കുമ്പോൾ ക്യാമറയുടെ ഷട്ടർ സ്പീഡിനെക്കാൾ വേഗത്തിൽ എൻറെ നെഞ്ച് പിടച്ചിരുന്നു. ജുനൈദും ബാപ്പ ഖാലിദും അമ്മാവൻ അയ്യൂബും അയ്യൂബിെൻറ പ്രായമായ ഉമ്മ നബീസയും അടക്കം ആറുപേർ ആ മണ്ണിലാണ് പൊലിഞ്ഞത്. അവരുടെയൊക്കെ അവശേഷിക്കുന്ന ബന്ധുക്കളെ കാണാനായിരുന്നു ഒന്നാം വാർഷികത്തിൽ പുത്തുമലയിലെത്തിയത്. മേപ്പാടിയിലെ സുഹൃത്ത് സിദ്ധീക്കാണ് സഹായം ചെയ്തത്. മേപ്പാടി ചെമ്പോത്തറയിലാണിപ്പോൾ ജുനൈദിെൻറ കുടുംബം താമസിക്കുന്നത്. യൂസുഫ് എന്ന സുഹൃത്ത് താത്കാലികമായി താമസിക്കാൻ നൽകിയ വീടാണത്. ആറു പേർ നഷ്ടപ്പെട്ട ഒരു കുടുംബം, മനസ് വെന്തു കഴിയുന്നു.
അയ്യൂബിെൻറ മകൻ സലീം ആ ദുരന്ത ദിനത്തിെൻറ ഓർമകളുടെ കെട്ട് ഞങ്ങൾക്കു മുന്നിൽ ഒരിക്കൽ കൂടി അഴിച്ചു. കോഴിക്കോട് രാമനാട്ടുകരയിൽ ജ്യൂസ് കട നടത്തിയിരുന്ന സലിം എല്ലാമുപേക്ഷിച്ച് ഉറ്റവർ നഷ്ടമായ ഈ കുടുംബത്തിന് താങ്ങായുണ്ട്. മണ്ണിൽ പുതഞ്ഞ് മരവിച്ചു കിടന്ന ജുനൈദിൻറെ കാലുകൾ പല രാത്രികളിലും എൻറെ ഉറക്കം കെടുത്തിയിട്ടുണ്ട്.
2019 ഓഗസ്റ്റ് എട്ടിനായിരുന്നു നാടു മുഴുവൻ നടുങ്ങിയ ആ ദുരന്തമുണ്ടായത്. വൈകുന്നേരം വീട്ടിലിരിക്കെയാണ് ഉരുൾപൊട്ടിയെന്നും വയനാട്ടിൽ പോകണമെന്നും ഓഫീസിൽ നിന്ന് അറിയിപ്പെത്തിയത്. ഈങ്ങാപ്പുഴയിൽ വെള്ളം കെട്ടിക്കിടന്നതിനാൽ വയനാട്ടിലേക്കുള്ള യാത്ര ഉച്ചയോടെ തടസപ്പെട്ടിരുന്നു. രാത്രിയിലും മഴ കനത്തു തുടർന്നു. പുലർച്ചെയോടെ ഞാൻ വയനാട്ടിലേക്ക് പുറപ്പെട്ടു. രണ്ടാം പ്രളയകാലത്തിൻറെ ഭീകരത എല്ലായിടത്തും കാണാമായിരുന്നു. വയനാട് റൂട്ടിൽ പലരെയും വിളിച്ചെങ്കിലും ആരെയും ലൈനിൽ കിട്ടിയില്ല.
കിട്ടിയ നിർദേശങ്ങൾക്കനുസരിച്ച് കോടഞ്ചേരി വഴി വയനാട് ചുരത്തിൽ ചിപ്പിലിത്തോട് എത്തി. ചുരത്തിൽ മണ്ണിടിച്ചിൽ കാരണം ആരെയും കടത്തിവിടുന്നില്ല. ആവശ്യക്കാർക്കും മാധ്യമപ്രവർത്തകർക്കും ഔചിത്യമില്ലല്ലോ, ഞാൻ കാര്യം പറഞ്ഞപ്പോൾ ചുരം സംരക്ഷണസമിതിക്കാർക്ക് തടയാൻ കഴിഞ്ഞില്ല. താങ്കളുടെ ഇഷ്ടംപോലെ ചെയ്യാം, വിക്ടർ ജോർജ്ജ് ആകാതിരുന്നാൽ മതി എന്ന് പറഞ്ഞ് അവർ എന്നെ കടത്തിവിട്ടു.
ചുേണ്ടൽ വഴി മേപ്പാടി ടൗണിൽ എത്തിയപ്പോൾ വീണ്ടും പ്രശ്നം. അപകടം നടന്ന പുത്തുമല റൂട്ടിലേക്ക് ആംബുലൻസ് അല്ലാതെ ഒന്നും കടത്തിവിടുന്നില്ല. മേപ്പാടിയിൽ നിന്ന് പത്ത് കിലോമീറ്ററിലധികമുണ്ട് പുത്തുമലയിലേക്ക്. നാട്ടുകാരുടെ സഹായത്തോടെ ഒരു ആംബുലൻസിൽ എനിക്കും സ്ഥലം കിട്ടി. മേപ്പാടിയിൽനിന്ന് പുറപ്പെട്ടപ്പോഴാണ് വണ്ടികൾ തടഞ്ഞതിെൻറ കാരണം മനസിലാകുന്നത്. റോഡുകൾ പലയിടത്തും തകർന്നു കിടക്കുന്നു. കഷ്ടിച്ച് ഒരു വണ്ടിക്ക് കടന്നുപോകാം. പുത്തുമല എത്തുന്നതിന് നാലു കിലോമീറ്റർ അകലെ ആംബുലൻസ് യാത്രയും അവസാനിച്ചു. കള്ളാടി മഖാമിനടുത്ത് റോഡ് മുഴുവൻ കുന്നിടിഞ്ഞ് തടസപ്പെട്ടിരിക്കുന്നു.
ഇടതുവശത്ത് വാൾപ്പുല്ലുകൾ നീണ്ടുവളർന്നു നിൽക്കുന്ന കുന്ന് മാത്രം, വലതുവശത്ത് മഴയിൽ കുതിർന്ന കാപ്പിത്തോട്ടത്തിെൻറ പരിചയമില്ലാത്ത മുഖം. അവിടെ നിന്ന് നടന്നപ്പോൾ ആരോ ഉപേക്ഷിക്കപ്പെട്ട സ്ഥലംപോലെ തൊള്ളായിരംകുന്നിനു കീഴിൽ കള്ളാടി ടൗൺ. അവിടെ നിന്ന് പോകുേമ്പാൾ പലയിടത്തായി ഉരുൾപൊട്ടിയിരിക്കുന്നത് കണ്ടു. കീഴ്ക്കാംതൂക്കായ ചൂണ്ടി വളവിൽ റോഡ് ഇടിഞ്ഞുപോയിരിക്കുന്നു. താഴെ കള്ളാടിപ്പുഴ അതിവേഗത്തിൽ ഏറാട്രകുണ്ട് ലക്ഷ്യമാക്കി കുതിക്കുന്നു. മൂന്ന് മണിയോടെ പുത്തുമലയിൽ അപകട സ്ഥലത്ത് എത്തി. ടൺകണക്കിന് മരങ്ങളും ചളിയും അടിഞ്ഞെത്തിയ വിശാലമായ ഒരു ഭൂപരപ്പിനുമേൽ നിൽക്കുന്നതുപോലെയായിരുന്നു അത്. ചളിയിൽ ചവുട്ടി നടക്കുേമ്പാൾ ഏത് നിമിഷവും താഴ്ന്നുപോകാമെന്ന തോന്നൽ. ഏത്രയോ കാലങ്ങൾ ആരുെടയൊക്കെയോ സ്വപ്നങ്ങളും നിശ്വാസങ്ങളും ഉതിർന്നയിടമാണ്. എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു.
എന്നാൽ അതൊന്നുമല്ല, എെൻറ ലക്ഷ്യം. മികച്ച ഒരു പടം വേണം, ആർക്കുമില്ലാത്ത ഒന്ന്. ഉരുൾപൊട്ടലിെൻറ ഭീകരതകൾ ചിത്രീകരിച്ചുകൊണ്ടു നിന്നപ്പോഴാണ് രക്ഷാപ്രവർത്തനം നടത്തുന്നവരുടെ സംസാരത്തിൽ നിന്ന് ആ വാക്കുകൾ ഞാൻ കേട്ടത്. 'മ്മടെ ജുനൈദ് ആണ് പോലും, പച്ചിലക്കാട്ടിൽ മരത്തടികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു'. ഞാൻ അവരോട് കാര്യങ്ങൾ തിരക്കി. പച്ചിലക്കാട് എവിടെയാണെന്ന് അവർ പറഞ്ഞു തന്നു, ഉരുൾപൊട്ടി വന്നതിെൻറ തുടക്ക സ്ഥലത്ത് എവിടെയോ ആണ്, അവർ വഴി കാട്ടിയായി വന്നില്ല, എന്നാൽ അങ്ങോട്ട് പോകുന്ന ഒരു ജീപ്പിൽ എന്നെ കയറ്റി, അര കിലോമീറ്റർ പിന്നിട്ട്, പച്ചിലക്കാട്ടിലേക്ക് തിരിയുന്നിടത്ത് എത്തിയപ്പോൾ അവർ എന്നെ ഇറക്കിവിട്ട് ചൂരൽമല ഭാഗത്തേക്ക്പോയി. മഴ കനത്തു പെയ്യുന്നു. മുറിവിൽ വീഴുന്നതുേപാലെ കനത്ത മഴത്തുള്ളികൾ ഉരുൾപൊട്ടിയ പച്ചമണ്ണിലും വീഴുന്നുണ്ട്. തേയിലക്കാട്ടിലൂടെ ഞാൻ ഞാൻ പച്ചിലക്കാട്ടിലേക്ക് നടന്നു. കുന്നിൻമുകളിൽ നിന്ന് നോക്കിയപ്പോൾ കണ്ട നിരന്ന സ്ഥലങ്ങളിൽ പുത്തുമല മാരിയമ്മൻ ക്ഷേത്രവും പള്ളിയും, റാട്ടമട്ടവുമെല്ലാം ഉണ്ടായിരുന്നുവെന്ന് പിന്നീട് മനസിലായി.
പച്ചിലക്കാട്ടിൽ എത്തിയപ്പോൾ ആഞ്ചോ ആറോ പേർ ചേർന്ന് എന്തോ പുറത്തെടുക്കാൻ ശ്രമിക്കുന്നു. അടുത്ത് പോയി നോക്കിയപ്പോൾ കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ, ഒരു നിമിഷം ചലനമറ്റുപോയി. ഒരുകാൽപാദം മാത്രം പുറത്തേക്ക് കാണുന്നു. ചെളിയിൽ പുതഞ്ഞ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അയാളെ പുറത്തെടുക്കാനാണ് അവർ ശ്രമിക്കുന്നത്. ആ ജീവൻ എപ്പോഴോ പറന്നുപോയിരിക്കുന്നു. എന്നാൽ, അവന് വേദനിക്കുമെന്ന തരത്തിൽ ഏറെ ശ്രദ്ധയോടെ പുറത്തെടുക്കാൻ അവർ ശ്രമിക്കുന്നത് കണ്ടപ്പോൾ മഴത്തുള്ളികൾ കണ്ണുകളിലും പിറവിയെടുത്തത് എനിക്ക് തടയാനായില്ല. ആ ദൃശ്യങ്ങളിലേക്ക് കാമറയുടെ ഷട്ടർ തുറന്നടയുന്നതിെൻറ ശബ്ദം നൊമ്പരമായിമാറി.
പച്ചിലക്കാട്ടിൽനിന്ന് തിരിച്ചറങ്ങുമ്പോൾ തളർന്നുപോയിരുന്നു. റോഡിലെത്തിയപ്പോൾ കാലുകൾ മരവിച്ച് അവിടെ ഇരുന്നു. അതുവഴി വന്ന ഒരു പൊലീസ് ജീപ്പ് എന്നെ കണ്ട് നിർത്തി. എന്നെ പുത്തുമലയിലെ താത്കാലിക ട്രീറ്റ്മെൻറ് സെൻററിലെത്തിച്ചു. അര മണിക്കൂർ വിശ്രമിച്ചതിനുശേഷം മറ്റൊരു വണ്ടിയിൽ കയറ്റി മേപ്പാടിയിലെത്തിച്ചു. ഇതിനിടയിൽ ഓഫിസിൽ നിന്നും വിളികൾ വന്നുകൊണ്ടിരുന്നു. കൽപറ്റ ബ്യൂറോയിൽ എത്തി പടം അയക്കുേമ്പാൾ ഒമ്പതു മണി കഴിഞ്ഞിരുന്നു. റൂമിൽ എത്തി കുളി കഴിഞ്ഞ് കിടക്കാൻ നേരത്തെ പിറ്റേ ദിവസത്തെ ഒന്നാം പേജിെൻറ സ്ക്രീൻ ഷോട്ട് 'കണ്ണീർമല' ഒന്നാംപേജ് രൂപകൽപന ചെയ്ത ചീഫ് സബ് എഡിറ്റർ വാട്സ്ആപ് ചെയ്തിരുന്നു. എടുക്കുന്ന പടങ്ങൾ നന്നായി പ്രിൻറ് ചെയ്തു വരുന്നതിെൻറ സുഖകരമായ അവസ്ഥയായിരുന്നില്ല മനസ്സിലപ്പോൾ. നൊമ്പരപ്പാടായി മാറിയ ആ കാഴ്ചകൾ വീണ്ടും ഓർമയിൽ തെളിയുേമ്പാഴുള്ള സങ്കടമായിരുന്നു അതിനും മുകളിൽ.
ആ ഓർമകളെല്ലാം മനസ്സിലിട്ടായിരുന്നു പുത്തുമലയിൽ നിന്നത്. ഒരു സിനിമയുടെ റീൽ കറങ്ങിത്തിരിയുന്ന പോലെ സലിം ഓർമകളിലൂടെ നൊമ്പരപ്പെട്ടു. 'എനിക്കെല്ലാം എൻറെ ബാപ്പയായിരുന്നു. എല്ലാരെയും കൂട്ടി ഇവിടുന്ന് രക്ഷപ്പെടാനായിരുന്നു ബാപ്പ ഓട്ടോ റിക്ഷ ഒതുക്കിയിട്ട് ഓടിവന്നത്. പക്ഷേ, അത് തിരിച്ചുവരാത്ത ഒരു യാത്രയായിപ്പോയി...'
സലിമിൻറെ ഉമ്മയുടെ അനിയനാണ് ഖാലിദ്. കനത്ത മഴയിൽ ഉരുൾ പൊട്ടിയേക്കുമെന്ന് പേടിച്ചായിരുന്നു ഖാലിദും കുടുംബവും കുന്നിൽ മുകളിലെ വീട്ടിൽ നിന്ന് താഴേക്കു മാറിയത്. ഏറെ കാലം ഗൾഫിലായിരുന്ന ഖാലിദ് തിരികെ വന്നിട്ട് എട്ടു മാസമേ ആയിട്ടുള്ളു. പുതുതായി പണിത വീട്ടിലിരുന്ന് പാസ്പോർട്ട് അടക്കമുള്ള രേഖകൾ എടുക്കാനും കോഴിക്കും ആടിനുമൊക്കെ തീറ്റ കൊടുക്കാനുമായി കുന്നിലെ വീട്ടിൽ പോയി തിരികെ വന്നതാണ്. രേഖകൾ എല്ലാം അയ്യൂബിെൻറ വീട്ടിൽ വെച്ചു. എല്ലാവരെയും കൂട്ടി ചൂരൽമലയിലേക്ക് പോകാനായിരുന്നു ഓട്ടോ ഡ്രൈവർ കൂടിയായ അയ്യൂബിെൻറ പ്ലാൻ. പക്ഷേ, എല്ലാം നിമിഷങ്ങൾ കൊണ്ട് അവസാനിച്ചു. ഒരു മല അപ്പാടെ അവരുടെ ജീവനു മേൽ വന്നു വീണു...
'ഈ മണ്ണിലെവിടെയാണ് ഞങ്ങടെ വല്ല്യുമ്മ എന്നറിയില്ല. വല്ല്യുമ്മ ഈ മണ്ണിനടിയിൽ തന്നെയുണ്ടാവും...' വീണ്ടും പെയ്യുന്ന ആഗസ്റ്റിെൻറ കണ്ണീരിനൊപ്പം സലിം പറഞ്ഞു നിർത്തി. പുത്തുമലയിറങ്ങുമ്പോൾ മറ്റൊരു ദുരന്തവാർത്തയാണ് തേടിവന്നത്.. രാജമലയിൽ പെട്ടിമലയിൽ ഇതേപോലെ ഉരുൾ പൊട്ടിയിരിക്കുന്നു...ആ മണ്ണിനടിയിരുന്ന് ജുനൈദിെൻറ പോലെ മരിച്ചുമരവിച്ച കാലുകൾ തുറിച്ചുനോക്കുന്നത് കാമറയിലൂടെയല്ലാതെ എനിക്കിപ്പോൾ കാണാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.