ക്ഷേമരാഷ്ട്ര ബജറ്റുകളുടെ പ്രതിപക്ഷ രാഷ്ട്രീയം

മറ്റെന്തു പരിമിതികളുണ്ടെങ്കിലും ക്ഷേമപദ്ധതികളോടുള്ള പ്രതിബദ്ധതയെയാണ് ഞാൻ നിയോലിബറൽ വിരുദ്ധത എന്നുപറയുന്നത്. ഇത്തരം ക്ഷേമപദ്ധതികളെ പുച്ഛിക്കുന്ന ബി.ജെ.പി സമീപനത്തെ തെലങ്കാന ബജറ്റിൽ നിശിതമായി വിമർശിക്കുന്നുമുണ്ട്

ഞാന്‍ താമസിക്കുന്ന തെലങ്കാന സംസ്ഥാനത്തിന്റെയും കേരളത്തിന്റെയും ബജറ്റുകള്‍ തമ്മിലെ പ്രധാന സാമ്യത കേന്ദ്ര സർക്കാറിന്റെ നയങ്ങള്‍, വിശേഷിച്ച് വിഭവ സമാഹരണവുമായും കടംവാങ്ങുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍, സംസ്ഥാനങ്ങളെ എങ്ങനെ വീർപ്പുമുട്ടിക്കുന്നു എന്നതിനെക്കുറിച്ചുള്ള യഥാതഥമായ ചിത്രം വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യത്തിലാണ്.

മറ്റു കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കേരളത്തെയും തെലങ്കാനയെയും താരതമ്യം ചെയ്യുന്നതില്‍ ഒട്ടനവധി പരിമിതികളുണ്ട്. ജനസംഖ്യയില്‍ രണ്ടുസംസ്ഥാനങ്ങളും ഏകദേശം തുല്യമാണെങ്കിലും തെലങ്കാന കുറേക്കൂടി വിസ്തൃതമായ ഒരു സംസ്ഥാനമാണ്. ജനസാന്ദ്രത തെലങ്കാനയേക്കാള്‍ മൂന്നിരട്ടിവരും കേരളത്തില്‍.

ബജറ്റിന്റെ വലുപ്പത്തിലും രണ്ടുസംസ്ഥാനങ്ങളും തമ്മില്‍ സമാനതകളില്ല. അതിനാൽതന്നെ 4881 കോടിരൂപയുടെ റവന്യൂ മിച്ചം പ്രതീക്ഷിക്കുന്ന, 2.90 ലക്ഷംകോടി രൂപയുടെ ഒരു അധികനികുതികളുമില്ലാത്ത തെലങ്കാന ബജറ്റും 1.76 കോടി ചെലവും നിരവധി അധികനികുതികളിലൂടെ 1.38 കോടി വരവും പ്രതീക്ഷിക്കുന്ന കേരള ബജറ്റും താരതമ്യം ചെയ്യാന്‍ കഴിയില്ല.

രണ്ടു സംസ്ഥാനങ്ങളുടെയും ചരിത്ര-സാമ്പത്തിക സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍, കടുത്ത കേന്ദ്രാവഗണനയുടെ സാഹചര്യത്തില്‍ ആഭ്യന്തര വിഭവസമാഹരണത്തിന് ഊന്നൽ നൽകുന്നതാണ് രണ്ടു ബജറ്റുകളും. ഇതിനു സ്വീകരിച്ച രീതികള്‍, ഘടനാപരമായ കാരണങ്ങള്‍ കൊണ്ടാവാം, വ്യത്യസ്തമാണ്.

കേരള ബജറ്റില്‍ ‘കേരള മാതൃക’ ഉയർത്തിപ്പിടിക്കുന്നതുപോലെ ‘തെലങ്കാന മാതൃക’യുടെ ഉദാത്തത തെലങ്കാന ബജറ്റും ഉദ്ഘോഷിക്കുന്നുണ്ട്. ശത്രുതപരമായ സംസ്ഥാനവിരുദ്ധ നിലപാടാണ് കേന്ദ്ര സർക്കാര്‍ സ്വീകരിക്കുന്നതെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് രണ്ടു ബജറ്റുകളും.

അതുകൊണ്ടുതന്നെ തെലങ്കാന-കേരള ബജറ്റുകളില്‍ കേന്ദ്രാവഗണനയുടെ മാനങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. വിപണിയിൽനിന്ന് കടംവാങ്ങുന്നതിന് കേന്ദ്രം കൊണ്ടുവരുന്ന കർശന വിലക്കുകളും കേന്ദ്രവിഹിതം കുറക്കുന്നതും, അതുതന്നെ നല്കുന്നതിലുള്ള അവധാനതയും അവഗണനയും സംസ്ഥാനങ്ങളില്‍ ധനകാര്യ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.

തെലങ്കാനക്ക് 52,167 കോടി രൂപയുടെ കടമെടുക്കാന്‍ അവകാശമുള്ളപ്പോള്‍ കേന്ദ്രം കേവലം 39 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 15ാം ധനകാര്യ കമീഷന്റെ നിർദേശങ്ങള്‍ കാറ്റിൽപറത്തിക്കൊണ്ട്, കഴിഞ്ഞവർഷം കിട്ടാനുള്ള ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം പിടിച്ചുവെച്ചിരിക്കുന്നുവെന്ന് ബജറ്റില്‍ ആരോപണമുണ്ട്.

ഇതിനുമുമ്പുള്ള ഒരു സർക്കാറും ഇത്രവലിയ ക്രൂരത കാട്ടിയിട്ടില്ലെന്ന് ബജറ്റ് ഓർമിപ്പിക്കുന്നു. അതുപോലെ സംസ്ഥാന പുനഃസംഘടന ആക്ടിന്റെ 94(2) വകുപ്പ് പ്രകാരം ലഭിക്കേണ്ട 1,350 കോടിയും അനുവദിച്ചിട്ടില്ല. രണ്ടു വ്യത്യസ്ത പദ്ധതികൾക്കായി നീതി ആയോഗ് അനുവദിച്ച ഏതാണ്ട് 25000 കോടി രൂപയില്‍ ‘ഒരു പൈസപോലും നല്കിയിട്ടില്ല’. കേന്ദ്രാവഗണനയുടെ മറ്റനേകം സന്ദർഭങ്ങളും ബജറ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേരള ബജറ്റിലും സമാനമായ വിമർശനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വീതംവെപ്പിൽപോലും അവഗണനയുണ്ടെന്ന് കേരള ബജറ്റില്‍ പറയുന്നുണ്ട്. കോവിഡും ആഗോള സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യന്‍ സംസ്ഥാനങ്ങളെ വ്യത്യസ്ത രീതിയിലാണെങ്കിലും ആഴത്തില്‍ പരിക്കേൽപിച്ചിട്ടുണ്ട്.

എന്നാല്‍, ഇതൊക്കെയാണെങ്കിലും സർക്കാറിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ നിലവിലുള്ള നികുതിഘടനയില്‍ നിന്നുകൊണ്ടുതന്നെ നികുതിവരുമാനം വർധിപ്പിക്കാന്‍ ശ്രമിക്കുമെന്ന വീക്ഷണമാണ് തെലങ്കാന മുന്നോട്ടുവെച്ചത്.

ബജറ്റിനു രണ്ടുമാസം മുമ്പ്​, കഴിഞ്ഞ ഡിസംബര്‍ 31ന് ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപ്പത്രം ഒരു പ്രധാന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അത് തെലങ്കാനയില്‍ നികുതിവരുമാനം ഒരുലക്ഷംകോടി കടക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചായിരുന്നു.

നികുതി കുടിശ്ശിക പിരിക്കുന്നതടക്കമുള്ള നടപടികളിലൂടെ ആ ലക്ഷ്യംനേടി എന്നതായിരുന്നു കേന്ദ്രാവഗണനയുടെ പശ്ചാത്തലത്തിലും ക്ഷേമപദ്ധതികള്‍ പുതിയ നികുതികള്‍ അടിച്ചേൽപിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സർക്കാറിനെ സഹായിച്ചത്.

തെലങ്കാനയുടെ ചെറുത്തുനിൽപ്

കേന്ദ്രനയങ്ങളെക്കെതിരെ ശക്തമായ സമരങ്ങള്‍ നയിക്കുന്ന മുഖ്യമന്ത്രിയും ഭരണകക്ഷിയുമാണ് തെലങ്കാനയിലേത്. റെയില്‍ തടയല്‍ സമരങ്ങളും കേന്ദ്ര സർക്കാറിന്റെ കോലംകത്തിക്കലും പ്രകടനങ്ങളും ധർണകളും പഞ്ചായത്തുകളിലെ പ്രതിഷേധങ്ങളും ഒക്കെയായി ശക്തമായ പ്രക്ഷോഭങ്ങളാണ് കേന്ദ്രാവഗണനക്കെതിരെ ഇവിടെ മുഖ്യമന്ത്രി സംഘടിപ്പിക്കുന്നത്.

ആസൂത്രണ കമീഷന്‍ പിരിച്ചുവിട്ട് കേന്ദ്രസർക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിനെ ‘യൂസ്​ലെസ്​’ എന്നു പരിഹസിച്ച് യോഗത്തിൽനി‍ന്നു വിട്ടുനിന്ന നേതാവാണ്‌ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. സംസ്ഥാന മന്ത്രിമാര്‍ നേരിട്ടുനയിക്കുന്ന നിരവധി കേന്ദ്രവിരുദ്ധ സമരങ്ങള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. ഗവർണറുടെ ഇടപെടലുകൾക്കെതിരെയും ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

രാജ്ഭവനിലെ റിപ്പബ്ലിക്ദിന ആഘോഷങ്ങളിൽനിന്ന് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും വിട്ടുനിൽക്കുന്നു. ഗവർണർക്കുള്ള പരമ്പരാഗത ഗാർഡ്​ ഓഫ് ഓണര്‍ രണ്ടുവർഷമായി നൽകിവരുന്നുമില്ല. തെലങ്കാന സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെയുള്ള കേസന്വേഷണം കേരളംവരെ നീണ്ടിരുന്നു.

രാജ്യത്തെ പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ശക്തമായ ജനാധിപത്യവിരുദ്ധ ഭീഷണികള്‍ നിലനിൽക്കെ ഇത്തരം ഇടപെടലുകൾക്ക്​ വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. കോൺഗ്രസ്​ ഇവിടെ ഭരണകക്ഷിക്ക് എതിരാണെങ്കിലും മറ്റു പ്രതിപക്ഷ പാർട്ടികളെപ്പോലെ കേന്ദ്രവിരുദ്ധ സമരങ്ങളുടെ കാര്യത്തില്‍ ഒരേ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

ക്ഷേമരാഷ്ട്ര സങ്കൽപത്തെ നിരാകരിക്കാന്‍ സമ്മർദമുള്ള കാലഘട്ടത്തില്‍ അതിന് പൂർണമായും വഴങ്ങാത്ത ബജറ്റുകളാണ് കേരളത്തിലെയും തെലങ്കാനയിലെയും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. കേരളത്തില്‍ അധികസെസും നികുതികളും കടുത്ത വിലക്കയറ്റമുണ്ടാക്കുന്നതിനാല്‍ അതിനെതിരെ സമരങ്ങള്‍ ഉണ്ടാവുന്നുണ്ട്.

എന്നാല്‍, നികുതിവർധനക്കുള്ള കാരണമായി പറഞ്ഞിരിക്കുന്നത് ക്ഷേമപദ്ധതികള്‍ തുടരാന്‍ മറ്റു വിഭവസമാഹരണ സാധ്യതകള്‍ അടഞ്ഞിരിക്കുന്നു എന്നതാണ്. കേന്ദ്രാവഗണനയുടെയും നിയോലിബറല്‍ സാമ്പത്തിക സമ്മർദങ്ങളുടെയും ദ്വിമുഖമായ പ്രതിസന്ധിയില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ നേരിടുന്ന നിഷ്ഠുര യാഥാർഥ്യം ആ അർഥത്തില്‍ കേരള ബജറ്റും തെലങ്കാന ബജറ്റും വെളിവാക്കുന്നുണ്ട്.

അധിക നികുതികള്‍ ഒന്നുമില്ലാതെ, നിലവിലുള്ള നികുതികള്‍ കാര്യക്ഷമമായി പിരിച്ചെടുത്ത് ക്ഷേമപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് തെലങ്കാന ബജറ്റില്‍ പറയുന്നത്. തെലങ്കാനയുടെ സവിശേഷ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയ നികുതികള്‍ ചുമത്താതെ കഠിനശ്രമത്തിലൂടെ കഴിഞ്ഞവർഷം നികുതിപിരിവില്‍ ഉണ്ടാക്കിയത് വൻ വർധനയായിരുന്നു.

മറ്റെന്തു പരിമിതികളുണ്ടെങ്കിലും ക്ഷേമപദ്ധതികളോടുള്ള പ്രതിബദ്ധതയെയാണ് ഞാന്‍ നിയോലിബറല്‍ വിരുദ്ധത എന്നുപറയുന്നത്. തെലങ്കാന ധനമന്ത്രി, ഇത്തരം ക്ഷേമപദ്ധതികളെ പുച്ഛിക്കുന്ന ബി.ജെ.പി സമീപനത്തെ തെലങ്കാന ബജറ്റില്‍ നിശിതമായി വിമർശിക്കുന്നുമുണ്ട്.

ജനക്ഷേമത്തിൽ രാജിയാവാതെ

കർഷകർക്ക്​ സൗജന്യമായി വെള്ളവും വൈദ്യുതിയും നല്കുന്ന സംസ്ഥാനമാണ് തെലങ്കാന. കർഷകർക്കായി കൂടുതല്‍ സൗജന്യങ്ങളും സബ്സിഡികളും അനുവദിച്ചുകൊണ്ട് തെലങ്കാന ബജറ്റ് അനിവാര്യമായ നിയോലിബറല്‍ സമ്മർദത്തെ തുറന്നെതിർക്കുകയാണ്.

കര്‍ഷകരുടെയും തൊഴിലാളികളുടെയും പല കടബാധ്യതകളും എഴുതിത്തള്ളിയിട്ടുണ്ട്. 200 രൂപയായിരുന്ന പാർശ്വവത്​കൃതർക്കുള്ള പെൻഷന്‍ തുക 2016 രൂപയാക്കി. അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ പെട്ടെന്ന് രോഗങ്ങൾക്കും അവശതകൾക്കും ഇരയാകും എന്നതിനാല്‍ അത് ലഭിക്കാനുള്ള പ്രായം 65ൽനി‍ന്ന് 57 ആയി കുറച്ചു.

മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നില്ലെങ്കിൽപോലും ഇതേ പെൻഷൻ അവിവാഹിതകൾക്കും ബീഡിത്തൊഴിലാളികൾക്കും ഡയാലിസിസ് രോഗികൾക്കുമൊക്കെയായി വിപുലീകരിച്ചു. ഭിന്നശേഷിയുള്ളവരുടെ പെൻഷന്‍ 3016 രൂപയാക്കി. അംഗൻവാടി അധ്യാപകരുടെ ശമ്പളം 13,650 രൂപയാക്കി ഉയർത്തി.

സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഒരോ ദലിത്‌ കുടുംബത്തിനും 10 ലക്ഷം രൂപ നല്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. മൂലധന വ്യവസ്ഥയില്‍ ദലിതർക്കുള്ള പങ്കാളിത്തം ഇപ്പോള്‍ ഒരു രാഷ്ട്രീയ വിഷയമായി ഉയർന്നിട്ടുണ്ടല്ലോ. ‘ദലിത് ബന്ധു’ എന്ന ഈ പദ്ധതിക്ക് 17,700 കോടി രൂപ വകയിരുത്തുകയും വ്യാവസായിക ലൈസൻസിന് സംവരണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

36,750 കോടി രൂപയാണ് എസ്.സി/എസ്.ടി സ്പെഷല്‍ വികസന ഫണ്ടായി ബജറ്റിലുള്ളത്. ദലിത്‌ വിദ്യാർഥികൾക്ക്​ വിദേശപഠനത്തിനായി 20 ലക്ഷം രൂപയാണ് നല്കുന്നത്. ആയിരത്തോളം പേർക്ക്​ ഈ ആനുകൂല്യം ലഭിച്ചുകഴിഞ്ഞു. ന്യൂനപക്ഷങ്ങളെയും പൂർണമായും അവഗണിക്കാത്ത ബജറ്റാണിത്.

2,200 കോടി രൂപയാണ് ന്യൂനപക്ഷ ക്ഷേമത്തിന് നീക്കിവെച്ചത്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, ന്യൂനപക്ഷ ക്ഷേമത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന സംസ്ഥാനം എന്നതിലുപരി ദലിത്‌-ആദിവാസി വിഭാഗങ്ങൾക്ക്​ സാമ്പത്തിക ശാക്തീകരണം നൽകുന്ന ബജറ്റിനെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത് മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്ന ബജറ്റ് എന്നായിരുന്നു.

യൂനിവേഴ്സിറ്റികൾക്കും സ്കൂളുകൾക്കും ഐ.ടി നവീകരണത്തിനടക്കം 19000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മറ്റനേകം കൈത്താങ്ങ്‌ പദ്ധതികളും ബജറ്റിലുണ്ട്. നികുതി ഭാരങ്ങള്‍ കുറച്ചുകൊണ്ട് നിയോലിബറല്‍ രാഷ്ട്രീയത്തെ ശക്തമായി വെല്ലുവിളിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. ആഗോള മുതലാളിത്തത്തിന്റെ ഊരാക്കുരുക്കാണ് കടം.

പക്ഷേ, ആധുനിക വികസന ലക്ഷ്യങ്ങള്‍ പൂർത്തീകരിക്കാന്‍ കടംമാത്രമേ പോംവഴിയുള്ളു എന്ന നിലയിലേക്ക് ഫിനാൻസ്​ മൂലധനം ലോകത്തെ എത്തിച്ചിട്ടുണ്ട്. വിവേചനപൂർവം മാത്രമേ അതുപയോഗിക്കാവൂ. അതിനപ്പുറം, പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ബജറ്റുകളില്‍ ഇപ്പോഴും ക്ഷേമരാഷ്ട്ര സങ്കൽപത്തിന് നല്കുന്ന ഊന്നല്‍ ഹിന്ദുത്വ-മതഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരെയുള്ള ബദൽ പരീക്ഷണങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത തുറന്നിടുന്നു.

കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ ഈ പൊതു സാമ്പത്തിക പരിപാടിയുടെ അടിസ്ഥാനത്തില്‍ ഐക്യപ്പെട്ടാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് ഗുണപരമായ മാറ്റങ്ങൾക്ക്​ തീർച്ചയായും കാരണമാവും. 

Tags:    
News Summary - Opposition politics of welfare state budgets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.