അച്ചടക്ക നടപടി എന്ന പേരിൽ ഈ സർക്കാർ പ്രതിപക്ഷ എം.പിമാരോട് കാണിക്കുന്ന സമീപനവും ബി.ജെ.പി എം.പിമാരോടുള്ള സമീപനവും എത്ര വ്യത്യസ്തവും ഇരട്ടത്താപ്പുമാണെന്ന് ലോകം കണ്ടതാണല്ലോ. പുതിയൊരു പാർലമെന്റ് മന്ദിരമുണ്ടാക്കി ആദ്യ സെഷനിൽത്തന്നെ സഹപ്രവർത്തകനുനേരെ അസഭ്യവർഷവും വംശീയാധിക്ഷേപവും നടത്തിയ ബി.ജെ.പി എം.പിക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായോ?
ഇന്ത്യൻ പാർലമെന്റിൽ അടുത്തിടെയുണ്ടായ സുരക്ഷാ വീഴ്ചയെപ്പറ്റി പ്രധാനമന്ത്രി രാജ്യത്തിന് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടതിനാണ് ഇരുസഭകളിൽ നിന്നുമായി 143 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ന്യായമായ ഒരാവശ്യത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധവും അപഹാസ്യവുമായ രീതിയിൽ റദ്ദ് ചെയ്ത് വിമർശന സ്വരങ്ങളെ സഭാതലത്തിൽനിന്ന് തുടച്ചുനീക്കുകയാണ് സർക്കാർ. ജനാധിപത്യത്തിന് അന്ത്യകൂദാശ ഒരുക്കി സമ്പൂർണ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ െകട്ടിയാനയിക്കുകയാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനവും.
രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണം നടക്കുന്നത് അടൽ ബിഹാരി വാജ്പേയി നേതൃത്വം കൊടുത്ത സർക്കാറിന്റെ കാലത്താണ്. അതിന്റെ ഇരുപത്തിരണ്ടാം വാർഷിക ദിനത്തിലായിരുന്നു രാജ്യത്തെ നാണം കെടുത്തിക്കളഞ്ഞ സുരക്ഷാ വീഴ്ച. സുരക്ഷാപ്രശ്നങ്ങൾ പറഞ്ഞ് എം.പിമാരുടെ സ്റ്റാഫിനും മാധ്യമ പ്രവർത്തകർക്കുമൊക്കെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പാർലമെന്റിൽ എത്ര എളുപ്പത്തിലാണ് നുഴഞ്ഞുകയറ്റക്കാർ അവരുടെ ഉദ്ദേശ്യം നടപ്പിലാക്കിയത്.
അതിർത്തിയിലെ ചൈനീസ് അധിനിവേശത്തിന് തടയിടാൻ കഴിയാത്ത മോദി സർക്കാർ പാർലമെന്റിനകത്തുപോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തത്ര ദുർബലമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ഊതിവീർപ്പിച്ച പ്രതിച്ഛായക്കേറ്റ പ്രഹരത്തിന്റെ ജാള്യം മറച്ചുവെക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും നടത്തുന്ന പരാക്രമമാണ് ഒരുപക്ഷേ ലോക പാർലമെന്ററി ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട കൂട്ട സസ്പെൻഷനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പെഗാസസ്, ചൈനാ അധിനിവേശം, മണിപ്പൂർ കലാപം തുടങ്ങിയ വിഷയങ്ങളിൽ ഇതുപോലെ പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ വിഷയങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനമന്ത്രി സഭയെ അഭിമുഖീകരിച്ച് വിശദീകരണം നൽകുക എന്നത് രാജ്യത്തെ ജനങ്ങളോട് പുലർത്തേണ്ട മര്യാദയാണ്. എന്നാൽ, എല്ലാ സഭാ സമ്മേളനങ്ങളുടെയും തുടക്കത്തിലും ഒടുക്കത്തിലും ഓരോ മണിക്കൂർ വീതം (പരമാവധി) സഭയിൽ വന്നുപോകുന്ന, ഇനിയാരും തനിക്ക് മറുപടി പറയില്ലെന്ന് ഉറപ്പിച്ചുമാത്രം സഭയിൽ സംസാരിക്കുന്ന ഒരു പ്രധാനമന്ത്രി എങ്ങനെയാണ് ആർജവമുള്ള ഒരു പ്രതിപക്ഷത്തെ അഭിമുഖീകരിക്കുക?
ചോദ്യങ്ങൾ ചോദിക്കുന്ന, വിമർശനങ്ങൾ ഉന്നയിക്കുന്ന, പ്രതിഷേധം അടയാളപ്പെടുത്തുന്ന പ്രതിപക്ഷമല്ല, പ്രധാനമന്ത്രിക്ക് പ്രശംസ പാടുന്ന, പഞ്ചപുച്ഛമടക്കി ഒതുങ്ങിയിരിക്കുന്നവർ മാത്രം സഭയിൽ മതിയെന്നാണ് അവർ ആഗ്രഹിക്കുന്നത്. കൊടിയ ഭൂരിപക്ഷമുള്ള സർക്കാറിനെ നേരിടുന്ന പ്രതിപക്ഷം സംഖ്യയിൽ ചെറുതെങ്കിലും കരുത്തരാണെന്ന് പതിനേഴാം ലോക്സഭയുടെ ആദ്യ സെഷൻ മുതൽ വ്യക്തമായതാണ്. പതിനഞ്ചുവർഷം എം.എൽ.എ ആയിരുന്ന ഈയുള്ളവന് പാർലമെന്ററി മര്യാദകളെക്കുറിച്ച് പ്രത്യേകം ശിൽപശാലയൊന്നും ആവശ്യമില്ല എന്നതുപോലെത്തന്നെ അവകാശങ്ങൾക്ക് വേണ്ടി എഴുന്നേറ്റുനിൽക്കാനും അനീതിക്കെതിരെ നിലപാടെടുക്കാനും പ്രത്യേക പഠനത്തിന്റെ ആവശ്യമില്ല. അതുകൊണ്ടാണ് അഞ്ചുവർഷത്തിനിടയിൽ അഞ്ചുതവണ ഞാൻ സസ്പെൻഡ് ചെയ്യപ്പെട്ടത്.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തിയ നീക്കത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ആദ്യമായി സസ്പെൻഡ് ചെയ്യപ്പെട്ടത്. ബി.ജെ.പി നേതാവായ എം.എൽ.എ പ്രതിയായ ഉന്നാവ് സ്ത്രീപീഡന കേസ് അട്ടിമറിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് രണ്ടാം തവണ സസ്പെൻഡ് ചെയ്യപ്പെട്ടത്. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ സമരങ്ങളെ അമർച്ചചെയ്യാൻ ഹിന്ദുത്വ ഭീകരർ അഴിച്ചുവിട്ട കലാപം ചർച്ച ചെയ്യാൻ വിസമ്മതിച്ച സർക്കാർ നടപടിയെ അപലപിച്ചു പ്രതിഷേധിച്ചതിന് വീണ്ടും സസ്പെൻഷനിലായി. അതിരൂക്ഷമായ വിലക്കയറ്റം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട പ്രതിപക്ഷ ആവശ്യത്തെ അവഗണിക്കാനുള്ള ബി.ജെ.പി ശ്രമത്തെ ചോദ്യം ചെയ്തപ്പോൾ വീണ്ടും പുറത്താക്കപ്പെട്ടു. ഇപ്പോൾ പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ വീഴ്ചയെപ്പറ്റി പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടതിന് സസ്പെൻഷൻ വീണ്ടും ലഭിച്ചു.
ലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ് ഓരോ ലോക്സഭാംഗവും. അവരുടെ ഇടപെടലുകളെ മാനിക്കാതെ ഒരു സർക്കാർ കടന്നുപോകുന്നത് പ്രതിഷേധാർഹമാണെന്നതിൽ തർക്കമെന്താണ്? പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുന്നതോ, സുതാര്യമായ അന്വേഷണം വേണമെന്ന് പറയുന്നതോ, അഴിമതി ആരോപണങ്ങളിലും മറ്റും സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുന്നതോ തികച്ചും സാധാരണമാണ്. അത് ചെവിക്കൊള്ളാതെയും അവഗണിച്ചും പരിഹസിച്ചും കടന്നുപോകുമ്പോൾ സ്വാഭാവികമായും പ്രതിപക്ഷം പ്രതിഷേധിക്കും. ഇത് 2014നുശേഷം ഉണ്ടായ പാർലമെന്ററി പ്രതിഷേധ രൂപങ്ങളല്ല. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി ഈ രാജ്യം ഇങ്ങനെയാണ് വളർന്നത്. ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽക്ക് മുഴുവൻ പ്രധാനമന്ത്രിമാരും പ്രതിപക്ഷ വിമർശനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടും വിലക്കെടുത്തുകൊണ്ടും ഭരണം നിർവഹിച്ചവരാണ്. സ്വാതന്ത്ര്യാനന്തരം അന്നത്തെ പല അപകോളനീകൃത രാജ്യങ്ങളെയും പോലെ ഏകാധിപത്യത്തിലേക്കോ ഏകപാർട്ടി സംവിധാനത്തിലേക്കോ പോകുമായിരുന്ന ഒരു ഭരണവ്യവസ്ഥയെ ജനാധിപത്യവത്കരിച്ച പാരമ്പര്യമാണ് നെഹ്റുവിനുള്ളത്.
പാർലമെന്റിലെ ജനാധിപത്യ മര്യാദകളും കീഴ്വഴക്കങ്ങളും തിണ്ണമിടുക്കിന്റെ ബലത്തിൽ അട്ടിമറിച്ചുകളഞ്ഞ കാലമാണ് കടന്നുപോകുന്നത്. പ്രതിപക്ഷത്തെ പരമാവധി സഭാ ടെലിവിഷൻ ചാനലുകളിൽ കാണിക്കാതിരിക്കാനുള്ള ഉത്സാഹം ഈ സർക്കാറിനുണ്ട്.
അച്ചടക്ക നടപടി എന്ന പേരിൽ ഈ സർക്കാർ പ്രതിപക്ഷ എം.പിമാരോട് കാണിക്കുന്ന സമീപനവും ബി.ജെ.പി എം.പിമാരോടുള്ള സമീപനവും എത്ര വ്യത്യസ്തവും ഇരട്ടത്താപ്പുമാണെന്ന് ലോകം കണ്ടതാണല്ലോ. പുതിയൊരു പാർലമെന്റ് മന്ദിരമുണ്ടാക്കി ആദ്യ സെഷനിൽത്തന്നെ സഹപ്രവർത്തകനുനേരെ അസഭ്യ വർഷവും വംശീയാധിക്ഷേപവും നടത്തിയ ബി.ജെ.പി എം.പിക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായോ? ലോകത്തിനുമുന്നിൽ ഇന്ത്യൻ പാർലമെന്റിന്റെ അന്തസ്സ് കെട്ടുപോയ ആ സംഭവം എത്ര നിസ്സാരമായാണ് ലോക്സഭാധ്യക്ഷൻ അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധി പ്രസംഗിക്കാൻ എഴുന്നേറ്റുനിൽക്കുമ്പോൾ ട്രഷറി ബെഞ്ചിൽ നിന്നുയരുന്ന പരിഹാസ വാക്കുകൾ കേട്ട് കുലുങ്ങിച്ചിരിക്കുന്ന സഭാധ്യക്ഷനെ കണ്ട് അമ്പരന്നതാണ് നമ്മൾ. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള മുതിർന്ന ഭരണപക്ഷ എം.പിമാരുടെ പ്രസംഗങ്ങൾ വകവെച്ചുകൊടുക്കുന്നതാണ് അവരുടെ കീഴ്വഴക്കം. ഈ മാതൃക ജനാധിപത്യത്തെ എങ്ങനെ കശാപ്പ് ചെയ്യാമെന്നതിന്റെയാണ്. ഇതെല്ലാം രാജ്യത്തെ എവിടെക്കൊണ്ടെത്തിക്കുമെന്ന സാധാരണക്കാരുടെ ആധിയെ ‘ഇരുട്ടുമാറി വെളിച്ചം വരുമെ’ന്ന ആശ്വാസ വാക്കുകൾ കൊണ്ട് അഭിമുഖീകരിക്കാനേ കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.