പ്രാണനെടുക്കുന്ന പ്രണയങ്ങള്‍

രണ്ടു പതിറ്റാണ്ടിനിടെ നമ്മുടെ ആഘോഷങ്ങളുടെ പട്ടികയില്‍ കയറിപ്പറ്റുകയും വര്‍ഷന്തോറും സ്വീകാര്യത വര്‍ധിക്കുകയും ചെയ്ത ഒരു വിശേഷാവസരമാണ് 'വാലന്‍റൈന്‍സ് ഡേ' ദിനാഘോഷം. ഫെബ്രുവരി 14ന് ലേകാമെമ്പാടുമായി ആഘോഷിക്കുന്ന ഈ ദിനം കമിതാക്കള്‍ക്കു വേണ്ടിയുള്ളതാണെന്നാണറിയപ്പെടുന്നത്. പ്രണയത്തിന്‍റെ അപദാനങ്ങള്‍ വാഴ്ത്താനും പ്രണയമെന്ന വികാരത്തെ മഹത്വവത്കരിക്കാനുമുള്ള അവസരമായാണ് സമൂഹം ഈ ദിവസത്തെ ഉപയോഗിക്കുന്നത്. മുന്‍കാലങ്ങളില്‍ പരിപാവനമെന്ന വിശേഷത്തോടെ ജീവിതത്തിലും സാഹിത്യത്തിലും കൊണ്ടാടപ്പെട്ട ഈ വികാരം പക്ഷെ, ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നുള്ള അന്വേഷണം കൗതുകവും അതേസമയം ആശങ്കയും ഉണര്‍ത്തുന്നതാണ്.

ഇത്തവണ വാലന്‍റൈന്‍സ് ഡേ വന്നെത്തുന്ന ഫെബ്രുവരിമാസത്തിന്‍റെ തുടക്കംതന്നെ കേരളത്തിന് സമ്മാനിച്ചത് പ്രണയവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ചില വാര്‍ത്തകളാണ്. കോട്ടയം ഗാന്ധിനഗറിലെ ആര്‍പ്പൂക്കര സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ (എസ്.എം.ഇ) വിദ്യാര്‍ഥിനിയെ പൂര്‍വവിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് പൊള്ളലേറ്റ് ഇരുവരും മരിച്ചു എന്നുമായിരുന്നു ആ വാര്‍ത്ത. ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്‍റെ മകള്‍ കെ. ലക്ഷ്മി (21)യെയാണ് കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസമംഗലത്ത് സുനീതന്‍റെ മകന്‍ ആദര്‍ശ് (25) പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ ആദര്‍ശും 65 ശതമാനം പൊള്ളലേറ്റ ലക്ഷ്മയും അന്നുതന്നെ മരിച്ചു. ലക്ഷ്മി എസ്.എം.ഇയിലെ നാലാംവര്‍ഷം ഫിസിയോ തെറാപ്പി വിദ്യാര്‍ഥിയും ആദര്‍ശ് ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കിയ മുന്‍ വിദ്യാര്‍ഥിയുമായിരുന്നു.
പെണ്‍കുട്ടി പ്രണയം നിരസിച്ചതായിരുന്നു സംഭവത്തിന് പിറകിലെ പ്രകോപനം. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. ഒരാഴ്ച കഴിഞ്ഞില്ല. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയായ അമ്പിളിയെ കോളജ് വിട്ടുവരുന്ന വഴി വീടിന് സമീപത്ത് വെച്ച് അയല്‍വാസിയായ അമല്‍ എന്ന യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ഇതും. തലയിലും കൈത്തണ്ടയിലും ചുമലിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമല്‍ പിന്നീട് ഉദയംപേരൂര്‍ സ്‌റ്റേഷേനിലെത്തി കീഴടങ്ങി. ഇതു നടന്നത് ഫെബ്രുവരി ഏഴിന്.

ഇതിനിടെ ഫെബ്രുവരി മൂന്നിന് മറ്റൊരു വാര്‍ത്ത പുറത്തുവന്നു. സംഭവം ഭോപാലിലാണ്. പ്രണയത്തെ തുടര്‍ന്ന് വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ യുവാവ് കൊന്ന് മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചുമൂടി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ശ്വേതയാണ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഉദയന്‍ ദാസിന്റെ കൈകള്‍കൊണ്ട് കൊല്ലപ്പെട്ടത്. യുവതിക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊല. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പലപ്പോഴായി നടക്കുന്ന ആസിഡ് ആക്രമണങ്ങള്‍ക്ക് പിറകിലും പ്രണയിനിഷേധവും 'കാലുമാറ്റ'വും കാണാവുന്നതാണ്. മലയാളത്തിലെ ആദ്യത്തെ 'ഗ്രാമീണ വിലാപകാവ്യം' എന്നറിയപ്പെടുന്ന 1936-ല്‍ പുറത്തുവന്ന ചങ്ങമ്പുഴയുടെ 'രമണനി'ലെ നായികയായ ചന്ദ്രിക പണക്കാരനായ ഒരു വരനെലഭിച്ചപ്പോള്‍ തന്‍റെ കാമുകനെ നിഷ്‌കരുണം ഉപേക്ഷിക്കുന്നു. പ്രണയത്തകര്‍ച്ചയില്‍ രമണന്‍ ആത്മഹത്യയില്‍ അഭയം തേടുന്നതോടെയാണ് കാവ്യം അവസാനിക്കുന്നത്. മലയാളികളുടെ മനസ്സില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഈ കൃതിയെ തുടര്‍ന്ന് നിരവധി സാഹിത്യകൃതികളില്‍ ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുകയുണ്ടായി. ഇവയിലെല്ലാംതന്നെ പ്രണയത്തിനുവേണ്ടി സ്വന്തം പ്രാണന്‍ ത്യജിക്കുന്ന നായകനെ അല്ലെങ്കില്‍ നായികയെയാണ് നമുക്ക് കാണാനാവുന്നത്.

എന്നാല്‍ പ്രണയമെന്ന അതിലോലമായ വികാരം അക്രമത്തിനും കൊലപാതകത്തിനും വഴിമാറുന്ന കാഴ്ചയാണ് പുതിയ തലമുറയില്‍ പലപ്പോഴായി കാണുന്നത്. പ്രണയം നഷ്ടമാവുമ്പോള്‍ ഉയരുന്ന നിരാശ പ്രതികാരത്തിന് വഴിമാറുകയും തുടര്‍ന്ന് അക്രമങ്ങളിലേക്ക് നയിക്കപ്പെടുകയുമാണ്. പ്രണയം നഷ്ടം സൃഷ്ടിക്കുന്ന മാനസിക സഘര്‍ഷങ്ങള്‍ക്ക് പങ്കാളിയുടെ നാശത്തിലൂടെ പരിഹാരം കാണാനാവുമെന്ന് കരുതുന്ന മനസ്സുകളെ നാം എന്തുപേരിട്ട് വിളിക്കും...? 'ഏതൊരു രോഗത്താലുമുണ്ടായതിലേറെ മരണങ്ങള്‍ പ്രണയംകൊണ്ടു സംഭവിച്ചിട്ടുണ്ട്.' എന്ന ജര്‍മന്‍ പഴമൊഴിയിലെ അതിശയോക്തി മാറ്റിനിര്‍ത്തിയാല്‍ ഹൃദയബന്ധങ്ങളുടെ തകര്‍ച്ചകള്‍ മനുഷ്യരിലെ ക്രൂരവികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.

ചില മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തികളില്‍ ഇത്തരം കടുത്ത പ്രകോപനങ്ങള്‍ക്കുള്ള സാധ്യതയേറെയാണെന്ന് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് മനോരോഗ വിഭാഗം പ്രഫസര്‍ ഡോ. പി.എന്‍. സുരേഷ്‌കുമാര്‍ പറഞ്ഞു. ഇത്തരക്കാരില്‍ റൊമാന്‍റിക് ഐഡിയോളജി എന്ന വികാരത്തിനൊപ്പം മാസ്‌കുലിന്‍ പൊസസിവ്‌നെസ്സ് എന്ന ബലപ്രയോഗത്തിലൂടെ ഇഷ്ടവസ്തുക്കളെ സ്വന്തമാക്കുന്ന അഥവാ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാത്ത വികാരം ശക്തമായിരിക്കും. മനോവൈകല്യങ്ങളുള്ള ചിലരാകട്ടെ അവളില്ലെങ്കില്‍/അവനില്ലെങ്കില്‍ ഞാനില്ല എന്ന മനോഭാവം വെച്ചുപുലര്‍ത്തുന്നവരാണ്. ഇത്തരക്കാരിലെല്ലാം വ്യത്യസ്തമായ അളവില്‍ വിഷാദരോഗത്തിന്‍റെ സാന്നിധ്യവും കണ്ടുവരാറുണ്ട്. അതുകൊണ്ടു

തന്നെ പ്രണയത്തകര്‍ച്ചയോടെ തങ്ങളിലുള്ള വിഷാദാവസ്ഥ വര്‍ധിക്കുന്ന ഇവരില്‍ ചിലര്‍ ആത്മഹത്യക്കൊരുങ്ങുന്നു. സ്വയംജീവനൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള മനക്കരുത്തില്ലാത്ത അപൂര്‍വം ചിലരാകട്ടെ പങ്കാളിയെ കൊന്ന് കോടതിതന്നെ ശിക്ഷിക്കട്ടെ എന്ന മാനസികവസ്ഥയിലെത്തിപ്പെടുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഭാഗഭാക്കാവുന്ന എല്ലാവരിലും മനോരോഗം ആരോപിക്കാന്‍ കഴിയില്ലെന്നും അതിന് ശാസ്ത്രീയമായ വിശകലനങ്ങളും പരിശോധനകളും ആവശ്യമാണെന്നും ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

സമൂഹത്തില്‍ പൊതുവെ കണ്ടുവരുന്ന ഒരു ചെറിയശതമാനം സൈക്കോപാത്തുകള്‍ എന്ന് വിളിക്കാവുന്ന സാമൂഹികവിരുദ്ധ വ്യക്തത്വമുള്ളവര്‍ കൗമാരക്കാര്‍ മുതല്‍ പ്രായമാവരില്‍വരെയുണ്ടെന്നും ഇത്തരക്കാര്‍ പ്രണയബന്ധങ്ങളില്‍ അകപ്പെടുമ്പോള്‍ കൊലാപാതങ്ങള്‍ പോലുള്ള സംഭവങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണെന്നും പാലക്കാട് ഐ.ഐ.ടിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. അബ്ദുല്‍ സലാം പറഞ്ഞു. ഇത്തരക്കാരിലെ മനോവൈകല്യങ്ങള്‍ നേരത്തെകണ്ടെത്തുക പ്രയാസമാണ്. പലപ്പോഴും ഇത്തരം സംഭങ്ങള്‍ അരങ്ങേറുമ്പോഴാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വ്യക്തത്വവൈകല്യങ്ങളെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞാലും സ്വമേധയാ ചികിത്സക്ക് വിധേയമാകുന്നത് അപൂവമാണെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ഭാഗമായിരുന്ന പഴയ തലമുറയെ അപേക്ഷിച്ച് പുതിയ തലമുറക്ക് ക്ഷമിക്കാനും വിട്ടുകൊടുക്കാനുമുള്ള മനോഭാവം കുറവാണെന്നും ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനപ്രശ്‌നം ഈ മനോഭാവമാണെന്നും കോഴിക്കോട് പ്രോവിഡന്‍സ് ബി.എഡ് കോളജിലെ അധ്യാപികയും സൈക്കോളജിസ്റ്റും കൗണ്‍സലറുമായ മിനില ചെറിയാന്‍ പറഞ്ഞു. ഇത്തരക്കാര്‍ ആഗ്രഹിച്ച വസ്തുക്കള്‍ നിഷേധിക്കപ്പെട്ടാല്‍ പ്രകോപിതരാവുകയാണ് പതിവ്. പ്രണയതകര്‍ച്ച നേരിടുമ്പോള്‍ ഇവര്‍ നിയന്ത്രിക്കാനാവാത്ത പ്രകോപനങ്ങള്‍ക്ക് അടിമപ്പെടുകയും കൊലപാതകം പോലുള്ള അക്രമങ്ങളിലേക്ക് തിരിയുകയുമാണെന്ന് അവര്‍ പറഞ്ഞു.

കാമ്പസുകളില്‍ പൊതുവെ കാണപ്പെടുന്ന പ്രണയങ്ങളില്‍ യഥാര്‍ഥ പ്രണയം കുറവാണെന്നും വൈകാരികമായ ഒരുതരം കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമാണ് അവിടെ നടക്കുന്നതെന്നും കൊച്ചിന്‍ കോളജിലെ മലയാളവിഭാഗം അസി. പ്രഫസര്‍ പി.ആര്‍.റിഷിമോന്‍ പറഞ്ഞു. ഇത്തരം ബന്ധങ്ങള്‍ ഏകപക്ഷീയമായി ഒരാള്‍ അവസാനിപ്പിക്കുമ്പോഴോ നിഷേധിക്കുമ്പോഴോ മറ്റേയാളില്‍ നഷ്ടബോധമുണ്ടാക്കുന്നു. ഇതിന്റെ കൂടെ കൂട്ടുകാര്‍ക്കിടയില്‍ അപമാനിതാവുന്നു എന്നതോന്നല്‍കൂടി ചേരുമ്പോഴാണ് വികാരങ്ങളുടെ നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ട് അക്രമങ്ങളിലേക്ക് തിരിയുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

'നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ, അത്രതന്നെ തരം പ്രണയങ്ങളുമുണ്ട്' എന്ന് പ്രമുഖ എഴുത്തുകാരി ജെയ്ന്‍ ഓസ്റ്റന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പ്രണയങ്ങളും ഒരുപോലെയല്ല. കമിതാക്കളുടെ സംസ്‌കാരം, ഇഷ്ടങ്ങള്‍, വൈകാരിക പക്വത, ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളുടെ സ്വഭാവം എന്നിവയെല്ലാമാണ് പ്രണയത്തകര്‍ച്ചയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുടെ കാഠിന്യത്തെ നിശ്ചയിക്കുന്നത്. കമിതാക്കള്‍ക്കിടയില്‍ പ്രണയം പൊട്ടിവിടരുന്നത് മിക്കവാറും പുരുഷന്‍റെ മനസ്സിലായിരിക്കുമെങ്കിലും ഇതുമതിയാക്കാം എന്ന തീരുമാനമെടുക്കുന്നത് സ്ത്രീകളായിരിക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍മാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ പ്രണയ നിഷേധങ്ങളിലും തകര്‍ച്ചകളിലും കൂടുതല്‍ പ്രകോപിതരാവുന്നതും അക്രമങ്ങളുടെ പാതയിലേക്ക് തിരിയുന്നതും പുരുഷന്മാരാണ്.

ഏതായാലും പേടിപ്പിച്ച് ഒരാളുടെ ഹൃദയത്തിലേക്ക് കയറിച്ചല്ലൊനാവില്ലെന്നും കൊലപാതകത്തിലൂടെയും അക്രമത്തിലൂടെയും തനിക്കുണ്ടാവുന്ന മാനസികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ലെന്നുമുള്ള വസ്തുത നമ്മുടെ പുതിയ തലമുറ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിരുപാധികം ഒരാളെ അല്ലെങ്കില്‍ സമൂഹത്തെ സ്‌നേഹിക്കാനും തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ക്ഷമിക്കാനും സാഹചര്യവുമായി ഇണങ്ങിപ്പോകാനും ഓരോവ്യക്തികളെയും ചെറുപ്രായത്തില്‍ തന്നെ പരിശീലിപ്പിക്കേണ്ട ആവശ്യകതയും ഇത്തരം കാര്യങ്ങളില്‍ തെളിയുന്നുണ്ട്.

Tags:    
News Summary - Murder Case in Love Failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT