മോദി സ്തുതി മുതൽ ഇസ്‍ലാമോഫോബിക് തമാശകൾ വരെ; അക്ഷയ്കുമാറിന്റെ വഴിയേ സഞ്ചരിക്കുന്ന നടൻ മാധവൻ?

രാജ്യത്തെ മതേതര ഇടങ്ങളായിരുന്നു എന്നും സിനിമ കൂട്ടായ്മകൾ. തെക്കും വടക്കുമെല്ലാം ഇത് ഏതാണ്ട് ഒരുപോലെയായിരുന്നു. വിജയവും ലാഭവും മാത്രം ഗതിനിർണ്ണയിച്ചിരുന്ന സിനിമാ വ്യവസായത്തിന് പതിയെ എങ്കിലും മാറ്റമുണ്ടാകുന്നത് 2014 മുതലാണ്. ഭരണകൂട വിമർശനങ്ങളും സ്വതന്ത്ര ആഖ്യാനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന ഇന്ത്യൻ സിനിമയിൽ ഭീതിയുടെ നിഴൽവിരിക്കുകയായിരുന്നു അധികാരി വർഗത്തിന്റെ ആദ്യ തന്ത്രം. ബോളിവുഡ് ആയിരുന്നു ഇതിന്റെ പ്രധാന ഇര. ഖാൻമാർ അടക്കിവാഴുന്ന ബോളിവുഡ് എന്ന പ്രചരണം അതിന്റെ നിഷ്കളങ്കത വിട്ട് മറ്റെറാരു തലം കൈവരിക്കുന്നത് ഇക്കാലത്താണ്. ഖാൻ എന്നത് ഇന്ത്യയിൽ അപരത്വത്തിന്റെ പ്രതീകംകൂടിയായിരുന്നല്ലോ. വിദ്വേഷ പ്രചരണത്തിന് ഇത് ഊർജ്ജം പകർന്നു. നിലവിൽ ഈ അപരവത്കരണം ബഹിഷ്കരണം എന്ന അടുത്തഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. നഷ്ടപ്പെടാൻ ഏറെയുള്ളതുകൊണ്ടുതന്നെ ഒരുവിധം ആളുകൾ വഴങ്ങുക എന്ന എളുപ്പമാർഗം സ്വീകരിക്കുമെന്ന് ഉറപ്പാണ്.

ഇതിനിടയിൽ തരാതരം പോലെ കളംമാറ്റിച്ചവിട്ടുന്നവരും ഉണ്ട്. അക്ഷയ്കുമാറിനെപ്പോലെ, കങ്കണ രണാവതിനെ​പ്പോലെ പൂർണ വിധേയത്വം പ്രഖ്യാപിച്ച് ആനുകൂല്യങ്ങൾ പറ്റുന്നവരുടെ എണ്ണം കൂടിവരികയാണ്. ബോളിവുഡ് വിട്ടാൽ പിന്നെ രാജ്യ​െത്ത ഏറ്റവും ശക്തമായ ഇൻഡസ്ട്രികളിലൊന്നാണ് കോളിവുഡ് എന്ന തമിഴ് സിനിമാ ലോകം. അവിടേയും കടന്നുകയറാൻ ഭരണകൂടങ്ങൾ നിരന്തരമായി ശ്രമിക്കുന്നുണ്ട്. സൂപ്പർ സ്റ്റാർ രജനീകാന്തായിരുന്നു അവരുടെ ആദ്യ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തും വലിയ ആരാധകവൃന്ദമുള്ള രജനി പക്ഷെ പക്ഷം ചേരലിലെ അപകടം തിരച്ചറിഞ്ഞുവെന്നുവേണം കരുതാൻ. താൻ 'ആത്മീയ രാഷ്ട്രീയ'ത്തിന്റെ പാത സ്വീകരിക്കുമെന്നാണ് സ്റ്റൈൽ മന്നന്റെ ഒടുവിലത്തെ പ്രഖ്യാപനം. ടോളിവുഡ് എന്ന തെലുഗു സിനിമയിൽ നിന്ന് ചില വമ്പൻ താരങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതായ അഭ്യൂഹങ്ങളും വ്യാപകമാണ്. 

തമിഴിൽനിന്നുവന്ന് പാൻ ഇന്ത്യൻ ആക്ടർ എന്ന് പേരെടുത്ത ആർ.മാധവൻ തന്റേതായ രീതിയിൽ ചില വഴികൾ കാവി രാഷ്ട്രീയത്തി​ലേക്ക് വെട്ടുന്നുണ്ടെന്ന അഭ്യൂഹങ്ങൾ തമിഴ് സിനിമാലോകത്ത് വ്യാപകമാണ്. ജാതിക്കും മതത്തിനുമെതിരായ ദ്രാവിഡ സഹജമായ ജാഗ്രത പേറുന്ന കോളിവുഡ് നിരൂപകർ ഇക്കാര്യം തിരിച്ചറിയുന്നുമുണ്ട്. ബ്രാഹ്മണിക്കലായ മൂല്യങ്ങൾ അറിഞ്ഞും അറിയാതെയും മാധവൻ പറഞ്ഞുപോകുന്നത് വെറുതേ അല്ലെന്നാണ് അവരുടെ പക്ഷം. സൗത്തിലെ അക്ഷയ്കുമാർ ആകാനുള്ള തിടുക്കവും വ്യഗ്രതയും മാധവനിൽ വളരുന്നുണ്ട് എന്നും അവർ ആരോപിക്കുന്നു.


മാധവ​ന്റെ വഴികൾ

അലൈപായുതേ (2000), ഇരുധി സൂത്രു (2016), തനു വെഡ്‌സ് മനു (2011), ത്രീ ഇഡിയറ്റ്സ് തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ നടനാണ് ആർ. മാധവൻ. അദ്ദേഹം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത 'റോക്കട്രി, ദി നമ്പി ഇഫക്ടി'ന്റെ ചിത്രീകരണവും പ്രമോഷനുമെല്ലാം കാവി അനുഭാവം തേടിയുള്ള യാത്രയായിരുന്നു എന്ന് ആരോപിക്കുന്നവരുണ്ട്. റോക്കട്രിയിലെ നമ്പി നാരായണനെ 'യഥാർത്ഥ ഹിന്ദു രാജ്യസ്‌നേഹി' എന്നാണ് ബോളിവുഡ് നിരൂപക അനുപമ ചോപ്ര വിശേഷിപ്പിച്ചത്. ഫിലിം കമ്പാനിയൻ എന്ന സിനിമാ അധിഷ്ടിത മാധ്യമസ്ഥാപന ഉടമയും വിധു വിനോദ് ചോ​പ്ര എന്ന ബോളിവുഡ് സംവിധായകന്റെ ഭാര്യയുമാണ് അനുപമ ചോപ്ര.

'ഈ സിനിമ നായകന്റെ ദേശസ്‌നേഹത്തെ ആവർത്തിച്ച് അടിവരയിടുന്നുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ മതത്തിന്റെ മഹത്വവും വെളിപ്പെടുത്തുന്നുണ്ട്. പൂജാമുറിയിൽ തുടങ്ങുന്ന ആദ്യത്തെ ദൃശ്യംമുതൽ ഇത് കാണാനാകും. ബഹിരാകാശത്ത് നിന്ന് നമ്പിയുടെ വീട്ടിലേക്ക് അതിവേഗം കുതിക്കുന്ന ഒരു സാങ്കൽപ്പിക റോക്കറ്റിന്റെ ആമുഖ ഷോട്ടോടെയാണ് റോക്കട്രി ആരംഭിക്കുന്നത്. ഈ രംഗത്തി പശ്ചാത്തലത്തിൽ മുഴങ്ങുന്നത് സംസ്‌കൃത പ്രാർഥന ഗാനമായ ശ്രീ വെങ്കിടേശ സുപ്രഭാതം ആണ്. ഇത് നിഷ്കളങ്കമാണെന്ന് പറയാനാകില്ല'-അനുപമ ചോപ്ര പറയുന്നു.

ഈ വിമർശനത്തിന് നമ്പി നാരായണൻ തന്റെ ഒരു ഇന്റർവ്യൂവിൽ മറുപടി പറഞ്ഞിരുന്നു. 'ബ്രാഹ്മണനായിരിക്കുന്നത് പാപമാണോ? ഞാൻ ബ്രാഹ്മണനല്ല. അത് മറ്റൊരു ചോദ്യം. ഒരു ബ്രാഹ്മണൻ നിങ്ങൾക്ക് മിത്രമക്‍യുണ്ടെങ്കിൽ നിങ്ങൾ അവനെ ചെറുതായി കാണുമോ? രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എത്രയോ ബ്രാഹ്മണരുണ്ട്. ഒന്നല്ല. ഞാൻ നിങ്ങൾക്ക് മുഴുവൻ പട്ടിക നൽകാം. ഈ വിഷയം അനാവശ്യമായി പ്രചരിപ്പിക്കുകയാണ്'-നമ്പി നാരായണൻ പറയുന്നു.


പഞ്ചാംഗത്തിന്റെ മഹത്വം

റോക്കട്രി നേരിട്ട വിവാദം നമ്പി നാരായണന്റെ ചിത്രീകരണത്തിൽ മാത്രമായിരുന്നില്ല. സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ, പഞ്ചാംഗത്തിന് (ഹിന്ദു കലണ്ടറിന്) ചൊവ്വ ദൗത്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഒരു തമിഴ് മാധ്യമപ്രവർത്തകൻ മാധവനോട് ചോദിച്ചിരുന്നു. അതിന് മാധവൻ നൽകിയ മറുപടി വിചിത്രമാണ്. 'പഞ്ചാംഗം വിവിധ ഗ്രഹങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളുമുള്ള ആകാശ ഭൂപടമാണ്. അവയുടെ ഗുരുത്വാകർഷണം, സൂര്യന്റെ ജ്വാലകൾ വ്യതിചലനം തുടങ്ങിയവയെല്ലാം 1000 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി കണക്കാക്കിയിരുന്നു. അതിനാൽ മൈക്രോ സെക്കൻഡ് വ്യത്യാസമില്ലാത്ത ഈ പഞ്ചാംഗ വിവരം ഉപയോഗിച്ചാണ് ഐ.എസ്.ആർ.ഒ റോക്കറ്റ് വിക്ഷേപണം നടത്തുന്നത്'-ഇതായിരുന്നു മാധവന്റെ മറുപടി.

ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാനും അത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനും ഐ.എസ്.ആർ.ഒയെ ഹിന്ദു കലണ്ടറായ പഞ്ചാംഗം സഹായിച്ചെന്ന മാധവന്റെ പ്രസ്താവനക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്നത്. ടി.എം. കൃഷ്ണ അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് തന്റെ വിവാദപരാമര്‍ശത്തില്‍ വിശദീകരണവും നൽകി. അല്‍മനാകിനെ തമിഴില്‍ പഞ്ചാഗം എന്ന് വിളിച്ചത് തന്റെ അറിവില്ലായ്മ കൊണ്ടാണെന്ന് മാധവൻ പറഞ്ഞു. മംഗൾയാൻ പദ്ധതിയിൽ പ്രവർത്തിച്ച മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ മയിൽസാമി അണ്ണാദുരൈയും ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. 'ലോകമെമ്പാടും, അൽമനാക് ആണ് ഇക്കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. പക്ഷേ, 1000 വർഷം മുമ്പ് തയ്യാറാക്കിയ പഞ്ചാംഗവുമായി ചൊവ്വയിലേക്ക് പോകുക അസാധ്യമാണ്'-അണ്ണാദുരൈ പറഞ്ഞു.


അർണബിനൊപ്പം മാധവൻ

അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി റോക്കട്രിക്ക് വേണ്ടി പ്രത്യേക പ്രമോഷണൽ ഷോ നടത്തിയിരുന്നു. മാധവനും നമ്പി നാരായണനുമായും ഏകദേശം രണ്ട് മണിക്കൂർ നീണ്ട അഭിമുഖത്തിൽ പ​​െങ്കടുത്തു. ഈ അഭിമുഖത്തിൽ മാധവൻ കോവിഡ് -19 നെകുറിച്ചും പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ എങ്ങനെ ചിത്രീകരിച്ചുവെന്നും സംസാരിക്കുന്നുണ്ട്.

'വിദേശ മാധ്യമങ്ങൾ നമ്മുടെ രാജ്യത്ത് നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നത് ഞാൻ കണ്ടു. അമേരിക്കയിൽ പ്രതിദിനം 300 മരണങ്ങൾ സംഭവിക്കുന്നു എന്നുവയ്ക്കുക. എന്നാൽ അവരുടെ സംസ്കരണ രീതി ഭയാനകമായി നമ്മുക്ക് തോന്നില്ല. എന്നാൽ ശ്മശാനങ്ങളിൽ 300 മൃതദേഹങ്ങൾ കത്തിക്കുന്നത് കാണുമ്പോൾ അത് ഭയാനകമായി തോന്നും. ഇത് കാണുമ്പോൾ രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടെന്ന് തോന്നുകയും നിങ്ങൾ ആ ദൃശ്യങ്ങൾ വളരെയധികം പ്രചരിക്കുകയും ചെയ്യും. എന്തിനാണ് നിങ്ങൾ അങ്ങനെ രാജ്യത്തെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത്'-മാധവൻ ചോദിക്കുന്നു.

റോക്കറ്റിട്രിക്കുവേണ്ടി ഏറ്റവും വലിയ പ്രമോഷനുകൾ സംഘടിപ്പിച്ചത് ഒ.പി ഇന്ത്യ, സ്വരാജ്യം, റിപ്പബ്ലിക് ടി.വി തുടങ്ങിയ ഹിന്ദുത്വ വാദ മാധ്യമങ്ങളായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

2019 ലെ സ്വാതന്ത്ര്യ ദിനത്തിൽ, മാധവൻ തന്റെ മകനൊപ്പം പൂണൂൽ ധരിച്ചുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. 'നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ ഒരു സ്വാതന്ത്ര്യ ദിനവും, രക്ഷാബന്ധനും ആവണി അവിട്ടവും ആശംസിക്കുന്നു. ഈ ലോകത്തിലെ എല്ലാവർക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുന്നു'-എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്. നല്ല ഉദ്ദേശത്തോടെയുള്ള അഭിവാദ്യമാണെങ്കിലും ചിത്രത്തിലെ ജാതി പ്രദർശനം വിമർശനത്തിന് ഇടയാക്കിയിരുന്നു. ഹിന്ദു ബ്രാഹ്മണർ മാത്രം അനുഷ്ഠിക്കുന്ന ഒരു വൈദിക ആചാരമാണ് 'ആവണി അവിട്ടം'എന്നും അത് ആഘോഷിക്കുന്നത്, ആ വ്യക്തി തന്റെ ജാതിയിൽ അഭിമാനിക്കുന്നതുകൊണ്ടാണെന്നുമാണ് വിമർശകർ പറയുന്നത്.


പ്രസംഗങ്ങളിലെ ഇസ്‍ലാമോഫോബിയ

മാധവന്റെ പ്രസംഗങ്ങളിൽ കടന്നുവരുന്ന ചില കഥകൾ ഇസ്‍ലാമോ ഫോബിയ പ്രചരിപ്പിക്കുന്നവയാണെന്ന ആരോപണങ്ങളും വ്യാപകമാണ്. റേഡിയന്റ് വെൽനസ് കോൺക്ലേവ് സംഘടിപ്പിച്ച പ്രഭാഷണത്തിൽ മാധവൻ ആരോഗ്യത്തെക്കുറിച്ച് നീണ്ടൊരു പ്രസംഗം നടത്തുന്നുണ്ട്. അവിടെ നടൻ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ വിവരിക്കുന്ന കൂട്ടത്തിൽ ബോംബെയിലെ തന്റെ ഡോക്ടറായ മനോജിനെയും രോഗി അബ്ദുളിനെയും പരാമർശിക്കുന്ന ഒരു കഥ പറയുന്നു. ഏതോ ഒരു 'മെഡിക്കൽ തമാശ' എന്ന നിലയിൽ ആരംഭിക്കുന്ന കഥ മുസ്ലീം പുരുഷന്റെ ഇസ്‍ലാമോഫോബിക് ആയ സ്റ്റീരിയോടൈപ്പ് ഉണ്ടാക്കുന്നതിലാണ് അവസാനിക്കുന്നത്.

മാധവന്റെ കഥയിലെ അബ്ദുലിന് രണ്ട് ഭാര്യമാരുണ്ട്. മാധവൻ തന്റെ കഥാപാത്രത്തെ ചേരിയിൽ താമസിക്കുന്ന വിഡ്ഢിയായ ആളായാണ് അവതരിപ്പിക്കുന്നത്. 'ഒരു ഭാര്യയെ കൈകാര്യം ചെയ്യുന്നത് തന്നെ എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷേ അബ്ദുൽ എങ്ങനെ അത് ചെയ്യുന്നുവെന്ന് അറിയില്ല' എന്നാണ് കഥയുടെ അവസാനം മാധവൻ പറയുന്നത്. പൂർണ്ണമായും സന്ദർഭത്തിന് പുറത്തുവരുന്ന ഈ കഥയും കളിയാക്കലും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 2017-ലെ മറ്റൊരു യൂട്യൂബ് വീഡിയോയിൽ ഇന്ത്യയെ കുറിച്ച് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിലും മാധവൻ ഇതേ തമാശ ആവർത്തിക്കുന്നുണ്ട്.

മോദിയുമായുള്ള ചങ്ങാത്തം

ദലിതുകളുടെയും ആദിവാസികളുടെയും മുസ്ലീങ്ങളുടെയും സ്ത്രീകളുടെയും ജീവിതം അവതരിപ്പിക്കുന്ന നിരവധി സിനിമകൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വർഷം ഇതുവരെ രണ്ട് സിനിമകൾ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഭിനന്ദിച്ചത്. ഒന്ന് 'ദ കശ്മീർ ഫയൽസും' മറ്റൊന്ന് റോക്കട്രിയും ആയിരുന്നു. മാർച്ചിൽ ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും ഭാര്യയും നടിയുമായ പല്ലവി ജോഷിയും ചിത്രത്തിന്റെ നിർമ്മാതാവുമായ അഭിഷേക് അഗർവാളും പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നു. പ്രധാനമന്ത്രി ചിത്രത്തെ അഭിനന്ദിക്കുകയുംചെയ്തു.

അതുപോലെ, ഏപ്രിലിൽ നമ്പി നാരായണനും മാധവനും പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നുണ്ട്. നിങ്ങളെയും മിടുക്കനായ നമ്പി നാരായണൻ ജിയെയും കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് തുടർന്ന് മോദി ട്വീറ്റ് ചെയ്തു. കൂടുതൽ ആളുകൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിഷയമാണ് ഈ സിനിമ ഉൾക്കൊള്ളുന്നത്. നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും രാജ്യത്തിനുവേണ്ടി വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങൾ റോക്കട്രിയുടെ ക്ലിപ്പുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു എന്നാണ് കൂടിക്കാഴ്ച്ചയെക്കുറിച്ച് മോദി കുറിച്ചത്.

പിന്നീട് മാധവൻ കാനിലെ തന്റെ വാർത്താ സമ്മേളനത്തിൽ, മോദിയെ കലവറയില്ലാതെ പ്രശംസിക്കുന്നുണ്ട്. 'അദ്ദേഹം തന്റെ ഭരണം ആരംഭിച്ചപ്പോൾ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു. രണ്ടും വൻ വിജയങ്ങളായിരുന്നു'-എന്നാൽ മാധവൻ തന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും പറയുന്നുമില്ല. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ താരം സംസാരിക്കുന്ന വിഡിയോ പങ്കുവെച്ചിരുന്നു.

തമിഴ്‌നാട്ടിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നയാളെന്ന നിലയിൽ രജനികാന്തിന് പകരം നിൽക്കാനൊന്നും മാധവന് ആകില്ല. എന്നാൽ സംസ്ഥാനത്ത് ബി.ജെ.പി വയ്ക്കുന്ന കുഞ്ഞ് ചുവടുകൾക്ക് മാധവന്റെ പിന്തുണ ആവശ്യംവരും. രജനികാന്തിന്റെ 'ആത്മീയ' രാഷ്ട്രീയത്തിനുമപ്പുറം കാവിക്ക് ക്ലച്ച് പിടിക്കാൻ ചില ചിയർ ലീഡർമാരെ ആവശ്യമുണ്ട്. വിദ്യാസമ്പന്നനും ദേശസ്‌നേഹിയുമായ കുടുംബനാഥനെന്ന നിലയിൽ മാധവന് അത്തരമൊരു ചിയർ ലീഡർ ആകാമെന്ന പ്രതീക്ഷയാണുള്ളത്.  

കടപ്പാട്: 'ദി പ്രിന്റ്'

Tags:    
News Summary - R. Madhavan is slowly fashioning himself as the Akshay Kumar of the south

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.