വൈജ്ഞാനിക പുസ്തകങ്ങൾ വായിക്കുന്നതിൽ വിദ്യാർഥികാലത്ത് ഞാൻ അതിതൽപരനായിരുന്നു. അന്ന് എന്നെ ഏറെ ആകർഷിച്ച ഒരു പുസ്തകത്തിന്റെ പേര് ‘എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?’ എന്നതായിരുന്നു. വിവിധ ശാസ്ത്രസത്യങ്ങൾ, നമുക്കുചുറ്റുമുള്ള പല കാഴ്ചകൾക്കും പിന്നിലെ രഹസ്യങ്ങൾ എന്നിവയെല്ലാം ചിത്രങ്ങളും ഉദാഹരണങ്ങളും സഹിതം കോർത്തിണക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ആ പുസ്തകം നമ്മുടെ ഉള്ളിൽ ജിജ്ഞാസയുടെ കെടാവിളക്ക് തീർക്കുമായിരുന്നു....
വൈജ്ഞാനിക പുസ്തകങ്ങൾ വായിക്കുന്നതിൽ വിദ്യാർഥികാലത്ത് ഞാൻ അതിതൽപരനായിരുന്നു. അന്ന് എന്നെ ഏറെ ആകർഷിച്ച ഒരു പുസ്തകത്തിന്റെ പേര് ‘എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?’ എന്നതായിരുന്നു. വിവിധ ശാസ്ത്രസത്യങ്ങൾ, നമുക്കുചുറ്റുമുള്ള പല കാഴ്ചകൾക്കും പിന്നിലെ രഹസ്യങ്ങൾ എന്നിവയെല്ലാം ചിത്രങ്ങളും ഉദാഹരണങ്ങളും സഹിതം കോർത്തിണക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ആ പുസ്തകം നമ്മുടെ ഉള്ളിൽ ജിജ്ഞാസയുടെ കെടാവിളക്ക് തീർക്കുമായിരുന്നു. ഈ പുസ്തകത്തോടുള്ള എന്റെ സവിശേഷമായ അടുപ്പം ശ്രദ്ധയിൽപെട്ട കൂട്ടുകാരിൽ ചിലർ‘‘എന്തിനാണ് ഇതെല്ലാം വായിക്കുന്നത്, ഇതൊന്നും നമുക്ക് പഠിക്കാനില്ലല്ലോ’’ എന്നെല്ലാം ചോദിച്ചിരുന്നത് ഓർക്കുന്നു. ‘‘നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിലുണ്ട്. അതൊക്കെ അറിയുന്നത് നല്ലതല്ലേ? ’’ എന്നു മറുപടി പറഞ്ഞപ്പോൾ അവർ വീണ്ടും തർക്കിച്ചു- ‘‘ആവശ്യമില്ലാത്തത് വായിച്ചാൽ ബുദ്ധി കേടാവും’’
‘‘ഒരറിവും ചെറുതല്ല, കൃത്യമായ അടുക്കും ചിട്ടയോടും കൂടി മനസ്സിലാക്കണമെന്ന് മാത്രം’’ ഞാൻ മറുപടി പറയുകയും ചെയ്തു.
വർഷങ്ങൾ കഴിഞ്ഞ് സിവിൽ സർവിസിലെത്തി, വിദ്യാഭ്യാസ വകുപ്പിന്റെ അമരക്കാരനായിരിക്കെ, നമ്മുടെ പൊതുവിദ്യാലയ ലൈബ്രറികളിലെ കുട്ടികളുടെ വായന സംബന്ധിച്ച് ഒരു സർവേ നടത്താൻ തീരുമാനിച്ചു. ഡി.ഇ.ഒമാരും എ.ഇ.ഒമാരും മുഖേന ലഭിച്ച സർവേ റിപ്പോർട്ടുകളുടെ ആകെത്തുക, പഴയപോലെ കുട്ടികൾ ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ എടുക്കുന്നില്ല, വായന കുറഞ്ഞുവരുന്നു എന്നെല്ലാമായിരുന്നു. എന്താണ് പരിഹാരം എന്നു ഞാൻ തിരക്കി.
വായനദിനം, വായനവാരം പോലുള്ള പരിപാടികളിലൂടെ കുട്ടികളിൽ വായനസംസ്കാരം വളർത്തിയെടുക്കാൻ ബോധപൂർവ ശ്രമങ്ങൾ നടത്തണമെന്ന നിർദേശം പലരും മുന്നോട്ടുവെച്ചു. ‘‘കുട്ടികളെ നിർബന്ധിച്ച് വായനയിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യുമോ? അതിലൂടെ വായനയുടെ അന്തഃസത്ത കുട്ടികൾ ഉൾക്കൊള്ളുമോ? രക്ഷിതാക്കളെയും അധ്യാപകരെയും തൃപ്തിപ്പെടുത്താൻ മാത്രമായി കഷായം കുടിക്കുംപോലെ കുട്ടികൾ പുസ്തകം വായിച്ചിട്ടെന്തുകാര്യം? ’’ ഞാൻ ചോദിച്ചു.
മികച്ച അധ്യാപകൻ കൂടിയായിരുന്ന വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഒരു നിർദേശം മുന്നോട്ടുവെച്ചു. ‘‘കുട്ടികളിൽ ചുറ്റുപാടുകളെ കുറിച്ചുള്ള അനുഭവതലം ഉണ്ടാക്കിയാൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. പ്രകൃതിയിലെ നിറങ്ങൾ, നീർച്ചാലുകളുടെയും പുഴകളുടെയും ഒഴുക്ക്, പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങൾ എന്നിവയെല്ലാം നേർക്കുനേർ കണ്ട്, അതിനു പിന്നിലെ കൗതുകകരമായ വിവരങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ, ‘എന്തുകൊണ്ട്?’ എന്ന തരത്തിലുള്ള ജിജ്ഞാസ കുട്ടികളിൽ വളരും.
അത്തരം കൗതുകമനസ്സ് കുട്ടികളിൽ രൂപപ്പെട്ടാൽ, അവർ സ്വാഭാവികമായും വായനയിലേക്ക് കടക്കും. മാത്രമല്ല, അവരിൽ അടങ്ങാത്ത അന്വേഷണത്തിന്റെ ത്വര വളർത്താൻ സാധിക്കും’’ -അദ്ദേഹം പറഞ്ഞു. അത് ക്രിയാത്മകമായ നിർദേശമായി എല്ലാവർക്കും തോന്നി. ഇതു യാഥാർഥ്യമാക്കാൻ സ്കൂളുകളിൽ ഹ്രസ്വ സ്വഭാവത്തിലുള്ള യാത്രകളും നിരീക്ഷണ നടത്തങ്ങളുമെല്ലാം അക്കാലത്ത് സംഘടിപ്പിച്ചത് ഓർക്കുന്നു. ആയിടക്ക്, സംസ്ഥാനതല ശാസ്ത്ര-സാമൂഹികശാസ്ത്ര സംബന്ധിയായ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരുകൂട്ടം വിദ്യാർഥികളുമായി സംവദിക്കാനിടയായി. കുട്ടികളുടെ പ്രകടനം കണ്ട് ശരിക്കും അത്ഭുതപ്പെട്ടു. ലോകത്തെ വിവിധ രാജ്യങ്ങളുടെ തലസ്ഥാനം, അവിടത്തെ നാണയം, പുഴകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ മുതൽ വളരെ സൂക്ഷ്മമായ വിവരങ്ങൾ ചോദിച്ചാൽപോലും മണിമണിയായി കുട്ടികൾ ഉത്തരം പറയുന്നു! അവരുടെ വിജ്ഞാനത്തിന് പിന്നിലെ രഹസ്യം തിരക്കിയപ്പോൾ കൂടുതൽ കുട്ടികളും ചില ഗൈഡുകളുടെ പേരാണ് പറഞ്ഞത്.
പക്ഷേ, അതിൽ ഒരു കുട്ടിയുടെ മറുപടി വേറിട്ടുനിന്നു. ‘‘ഞാൻ എന്നും അതിരാവിലെ എന്റെ പിതാവിന്റെ കൂടെ നടക്കാനിറങ്ങും. ചുറ്റുപാടും കാണുന്ന കാര്യങ്ങളെക്കുറിച്ച്, പക്ഷിമൃഗാദികളെകുറിച്ചും നാനാതരം ചെടികളെ കുറിച്ചുമെല്ലാം ഞാൻ അദ്ദേഹത്തോട് ചോദിക്കും. അതെല്ലാം കൃത്യമായി പറഞ്ഞുതരാനുള്ള അറിവ് എന്റെ പിതാവിനില്ലായിരുന്നു. എങ്കിലും ദീർഘകാല അനുഭവവും അറിവും വെച്ചുള്ള വിവരങ്ങൾ എനിക്ക് കൈമാറിപോന്നു. പക്ഷേ, എന്റെ മനസ്സ് അവിടംകൊണ്ട് തൃപ്തമായില്ല. അതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തേടി പുസ്തകങ്ങൾ പരതാൻ തുടങ്ങി, വിവരങ്ങൾ തേടിപ്പിടിക്കാൻ തുടങ്ങി.’’-ആ കുട്ടിയുടെ മറുപടി എന്നിൽ ഏറെ സന്തോഷമുണ്ടാക്കി.
മത്സരപരീക്ഷകളിൽ മാത്സര്യം കൂടുന്ന കാലമാണ്. പൊതുവിജ്ഞാനമാണല്ലോ അതിലെയെല്ലാം മുഖ്യവിഷയം. കുഞ്ഞുനാളിലേ, ഈ മിടുക്കനെ പോലുള്ള ജിജ്ഞാസ കുട്ടികളിൽ വളർത്താൻ സാധിച്ചാൽ, ഏതു വലിയ പരീക്ഷയിലും അവർ വിജയശ്രീലാളിതരാകും. വിദ്യാർഥികളിൽ മാത്രമല്ല, മുതിർന്നവർക്കും ഇതു ബാധകമാണ്. പ്രായ, ലിംഗഭേദെമന്യെ, എല്ലായിപ്പോഴും ഒരു വിദ്യാർഥിയെപോലെ പുതിയ വിവരങ്ങളും വിജ്ഞാനങ്ങളും തേടിപ്പിടിക്കാൻ താൽപര്യമുള്ള മനസ്സ് നാം വളർത്തിയെടുക്കണം. അടിസ്ഥാന ഘടകം ജിജ്ഞാസയും അതിൽനിന്ന് രൂപപ്പെടുന്ന അന്വേഷണത്വരയുംതന്നെയാണ്. അറിവും തിരിച്ചറിവും പൂർണമായും സ്വായത്തമാക്കുന്ന ഒരു സമൂഹത്തിന് മാത്രമേ രാഷ്ട്ര നിർമാണത്തിൽ ഫലപ്രദമായി പങ്കാളിയാകാൻ സാധിക്കൂ. നമ്മുടെ ജനാധിപത്യക്രമത്തിന്റെ വികസനത്തിലും ഇത്തരത്തിലുള്ള അന്വേഷണത്വരയുള്ള തലച്ചോറുകൾക്ക് വലിയ പങ്കുണ്ട്.
പ്രമുഖ ആംഗലേയ സാഹിത്യകാരൻ ഗ്രഹാം ഗ്രീന്റെ വാക്കുകൾ ശ്രദ്ധിക്കുക: ഏതു കുട്ടിയുടെയും ജീവിതത്തിൽ ഒരു വാതിൽ തുറക്കുന്ന നിമിഷമുണ്ട്. ഭാവിയെ ഉള്ളിലേക്ക് കടത്തിവിടുന്ന ഒരു വാതിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.