എസ്.വൈ ഖുറൈശി, മോഹൻ ഭാഗവത്, നജീബ് ജംഗ്

ആർ.എസ്.എസ്-ജമാഅത്തെ ഇസ്‍ലാമി രഹസ്യ ചർച്ച?

സംഘ്പരിവാറിന്റെ യഥാർഥ ചാലകശക്തിയും മസ്തിഷ്‍കവുമായ ആർ.എസ്.എസിന്റെ അജണ്ടയെക്കുറിച്ചോ ആസൂത്രിത പരിപാടികളെക്കുറിച്ചോ രാജ്യത്തെ മുസ്‍ലിം മതന്യൂനപക്ഷത്തിന് ഒരു തെറ്റിദ്ധാരണയും ഉണ്ടാവേണ്ടതില്ല. ജമാഅത്തെ ഇസ്‍ലാമിക്ക് ഏതായാലും ഉണ്ടാവില്ല. ഇന്ത്യയെ ഒരു സമ്പൂർണ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെ സംഘം അനുദിനം മുന്നോട്ടുപോവുകയാണ്. അധികാരത്തിലേറി എട്ടുവർഷങ്ങൾക്കകം മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയിൽ ഒരു ഭേദഗതിയും വരുത്താതെതന്നെ ഹിന്ദുത്വവാദികൾ നിയമനിർമാണസഭകളെയും എക്സിക്യൂട്ടിവിനെയും ഏതാണ്ട് പൂർണമായി പിടിയിലൊതുക്കി ജുഡീഷ്യറിയെ കടന്നുപിടിക്കാനുള്ള ​ശ്രമത്തിലാണ്. ഈ നടപടികളുടെയൊക്കെ ഒന്നാമത്തെ ഇരകൾ മുസ്‍ലിംകളടങ്ങിയ മതന്യൂനപക്ഷങ്ങളാണുതാനും

2023 ജനുവരി 14ന് ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്ങിന്‍റെ വസതിയിൽ ആർ.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ്‍കുമാർ, റാംലാൽ, കൃഷ്ണഗോപാൽ എന്നിവരുമായി മുസ്‍ലിം സംഘടനകളായ ജംഇയ്യതുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‍ലാമി, അഹ്ലെ ഹദീസ്, ദാറുൽ ഉലൂം ദയൂബന്ദ് എന്നിവയുടെയും ശിയാ സംഘടനകളുടെയും പ്രതിനിധികൾ മൂന്നുമണിക്കൂർ ചർച്ച നടത്തി. മുൻ ചീഫ്​ ഇലക്​ഷൻ കമീഷണർ എസ്.വൈ. ഖുറൈശി, പത്രപ്രവർത്തകൻ ശാഹിദ് സിദ്ദീഖി, സഈദ് ശർവാനി എന്നിവരുമുണ്ടായിരുന്നു ചർച്ചാവേളയിൽ. തലേന്ന് ശാഹിദ് സിദ്ദീഖിയുടെ വസതിയിൽ സമ്മേളിച്ച മുസ്‍ലിം പ്രതിനിധികൾ ഒത്തുകൂടി ചർച്ചകളിൽ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയിലെത്തിയിരുന്നു.

ആർ.എസ്.എസ് സർസംഘ്​ ചാലക് മോഹൻ ഭാഗവത് ‘പാഞ്ചജന്യ’, ‘ഓർഗനൈസർ’ എന്നീ സംഘ് ​ജിഹ്വകൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ 1000 വർഷത്തെ യുദ്ധത്തെക്കുറിച്ച പരാമർശം, ഹിന്ദുത്വ വക്താക്കളുടെ വിദ്വേഷപ്രസംഗം, മഥുര-കാശി മസ്ജിദുകളുടെ മേലുള്ള അവകാശവാദങ്ങൾ, ഗോഹത്യയുടെ പേരിലുള്ള അക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളൊക്കെ ചർച്ചാവിഷയമായി. ചർച്ചക്കും സംവാദത്തിനുമുള്ള വാതിലുകൾ അടക്കുകയില്ലെന്നും എന്നാൽ, മുസ്‍ലിം സമുദായം ഹിന്ദുത്വ വിഭാഗത്തിൽനിന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൂട്ടായ തുറന്ന ചർച്ച നടത്തുകയെന്നതാണ് മുസ്‍ലിം നേതാക്കളുടെ നിലപാടെന്നും ഈ സംഭാഷണത്തിൽ പങ്കുകൊണ്ട ജമാഅത്തെ ഇസ്‍ലാമിയുടെ അസി. സെക്രട്ടറി ലഈഖ് അഹ്മദ് വ്യക്തമാക്കി (മാധ്യമം, 26 ജനുവരി).

ഇതേപ്പറ്റി ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി നൽകിയ വിശദീകരണം ഫെബ്രുവരി 14 ലെ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്​.വൈ. ഖുറൈശി, നജീബ് ജങ്​, ശാഹിദ് സിദ്ദീഖി, സഈദ് ശർവാനി എന്നീ മുസ്‍ലിം പ്രമുഖർ 2022 ആഗസ്റ്റിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ കണ്ടതിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ ചർച്ചകൾക്ക് ആർ.എസ്.എസ് നാലംഗ ടീമിനെ നിയോഗിക്കുകയായിരുന്നു എന്ന് ആരിഫലി വ്യക്തമാക്കി. ഖുറൈശിയാണ് മുസ്‍ലിം സംഘടന നേതാക്കളോട് ബന്ധപ്പെട്ടത്. ഡയലോഗ് തുല്യരീതിയിലായിരിക്കണമെന്ന് മുസ്‍ലിം പ്രതിനിധികൾ ആവശ്യപ്പെട്ടു. അതിന് ഒരു ചട്ടക്കൂട് വേണം, സുതാര്യവുമായിരിക്കണം എന്നും അവർ നിർദേശിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ആൾക്കൂട്ടക്കൊലകളും ബുൾഡോസർ രാഷ്ട്രീയവും നിരപരാധികളുടെ അറസ്റ്റുമെല്ലാം ചർച്ചകളിൽ വിഷയീഭവിച്ചതായി ആരിഫലി വെളിപ്പെടുത്തി. ആർ.എസ്.എസുമായി ഒത്തുതീർപ്പിനുള്ള ഒരു ചർച്ചക്കും ജമാഅത്തെ ഇസ്‍ലാമി അനുകൂലമല്ലെന്ന് വ്യക്തമാക്കിയ ജനറൽ സെക്രട്ടറി, കേന്ദ്രം ഭരിക്കുന്ന ഒരു സംഘടനയുമായും സംസാരിക്കുകയില്ലെന്ന സമീപനം ബുദ്ധിപൂർവമല്ലെന്നാണ് കരുതുന്നതെന്നും വിശദീകരിച്ചു. ഇപ്പോൾ സംഭാഷണം നടന്നത് രണ്ടാംനിര നേതാക്കളുമായാണെന്നും ഉന്നതതല നേതാക്കൾ തമ്മിലെ ചർച്ചകളാണ് ഇനി നടക്കുക എന്നും അ​ദ്ദേഹം വ്യക്തമാക്കി (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, 15 ഫെബ്രുവരി).

പിറ്റേ ദിവസത്തെ ദി ന്യൂഇന്ത്യൻ എക്സ്പ്രസ് എഴുതിയ മുഖപ്രസംഗം ജമാഅത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതാണ്. ‘കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ ആർ.എസ്.എസുമായി സംവാദത്തിലേർപ്പെട്ട ജമാഅത്തെ ഇസ്‍ലാമിയും മറ്റു മുസ്‍ലിം സംഘടനകളും രാജ്യത്ത് പരസ്പരവിശ്വാസത്തിന്റെയും സഹവർത്തിത്വത്തിന്റേതുമായ അന്തരീക്ഷം സ്ഥാപിക്കുന്നതിൽ വലുതായ റിസ്ക് ആണ് ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നത്.’ ഈ വാർത്ത പുറത്തുവന്ന ഉടൻ ജമാഅത്തിന്റെ പ്രതിയോഗികൾ, സംഘടന ‘ഫാഷിസ്റ്റുകൾക്ക്’ കീഴടങ്ങി എന്നാരോപിച്ചുകൊണ്ട് ആയുധമെടുത്തു. ചില അനുഭാവികളാവട്ടെ, ഇന്നത്തെ സാഹചര്യത്തിൽ വിശേഷിച്ചും ഈ ചർച്ചകൾ ഒഴിവാക്കേണ്ടതായിരുന്നു എന്നു വാദിച്ചു.

എന്നാൽ, വൈകാരികമായ പൊട്ടിത്തെറികൾ, ജമാഅത്ത് നേതാക്കളെ സുചിന്തിതമായ തങ്ങളുടെ പദ്ധതിയിൽനിന്ന് പിന്തിരിപ്പിക്കാൻ പര്യാപ്തമായിട്ടില്ലെന്ന് കാണുന്നത് ഹൃദ്യമാണ്. യഥാർഥത്തിൽ ഇത്തരത്തിൽപെട്ട ഇടപെടലുകൾ സംഘടനക്ക് പുതുമയുള്ളതല്ല. 2003 മേയ് രണ്ടിന് ഒമ്പതുപേർ കൂട്ടക്കൊല ചെയ്യപ്പെട്ട കോഴിക്കോട് മാറാട് കടപ്പുറത്തേക്ക് വർഗീയ സംഘർഷം നിലനിൽക്കുന്ന പ്രദേശമായിരിക്കെത്തന്നെ വേഗത്തിൽ കടന്നുചെല്ലുകയായിരുന്നു അതിന്റെ നേതാക്കൾ. സമുദായങ്ങൾ തമ്മിലെ വിടവ് ദിനേന വർധിച്ചുകൊണ്ടിരിക്കെ, ജമാഅത്തും സമാന മനസ്കരായ സംഘടനകളും സ്വീകരിച്ചിരിക്കുന്ന സമീപനം സ്വാഗതാർഹമാണ് എന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് തുടർന്നെഴുതുന്നു. കേന്ദ്രം ഭരിക്കുന്ന ഒരു സംഘടനയുമായി സംവദിച്ചുകൂടെന്ന നിലപാട് ബുദ്ധിപൂർവമല്ല എന്ന ജനറൽ സെക്രട്ടറി ആരിഫലിയുടെ പ്രതികരണവും പത്രം എടുത്തുപറഞ്ഞിട്ടുണ്ട്.

സംഘ്പരിവാറിന്റെ യഥാർഥ ചാലകശക്തിയും മസ്തിഷ്‍കവുമായ ആർ.എസ്.എസിന്റെ അജണ്ടയെക്കുറിച്ചോ ആസൂത്രിത പരിപാടികളെക്കുറിച്ചോ രാജ്യത്തെ മുസ്‍ലിം മതന്യൂനപക്ഷത്തിന് ഒരു തെറ്റിദ്ധാരണയും ഉണ്ടാവേണ്ടതില്ല. ജമാഅത്തെ ഇസ്‍ലാമിക്ക് ഏതായാലും ഉണ്ടാവില്ല. ഇന്ത്യയെ ഒരു സമ്പൂർണ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെ സംഘം അനുദിനം മുന്നോട്ടുപോവുകയാണ്. അധികാരത്തിലേറി എട്ടുവർഷങ്ങൾക്കകം മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയിൽ ഒരു ഭേദഗതിയും വരുത്താതെതന്നെ ഹിന്ദുത്വവാദികൾ നിയമനിർമാണസഭകളെയും എക്സിക്യൂട്ടിവിനെയും ഏതാണ്ട് പൂർണമായി പിടിയിലൊതുക്കി ജുഡീഷ്യറിയെ കടന്നുപിടിക്കാനുള്ള ​ശ്രമത്തിലാണ്.

ഈ നടപടികളുടെയൊക്കെ ഒന്നാമത്തെ ഇരകൾ മുസ്‍ലിംകളടങ്ങിയ മതന്യൂനപക്ഷങ്ങളാണുതാനും. ഇത്തരമൊരു വിഷയത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ഫാഷിസത്തെ പൂർണമായോ ഭാഗികമായോ ചെറുക്കുന്ന മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളോടും പ്രസ്ഥാനങ്ങളോടും ഐക്യപ്പെട്ട് ഇന്ത്യൻ ജമാഅത്തെ ഇസ്‍ലാമി ഏർപ്പെട്ടിരിക്കുന്ന വൈവിധ്യമായ പ്രചാരണ ബോധവത്കരണ പരിപാടികൾ കണ്ണുള്ളവർക്കൊക്കെ കാണാൻ കഴിയും. വിശിഷ്യ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭത്തിൽ ഇസ്‍ലാമിക പ്രസ്ഥാനവും അതിന്റെ ആൺ-പെൺ ​പോഷകസംഘടനകളും വഹിച്ച അനിഷേധ്യപങ്ക് രാജ്യം കണ്ടതാണ്. അതിന്റെ യുവപ്രവർത്തകർ തടവിൽ കിടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിലെല്ലാം മതനിരപേക്ഷ പാർട്ടികളുടെ സഖ്യമോ ധാരണയോ രൂപപ്പെടുത്താനാണ് കഴിഞ്ഞകാലത്ത് സംഘടന ശ്രമിച്ചിട്ടുള്ളത്, ഇപ്പോഴും ശ്രമിക്കുന്നതും.

അതെല്ലാം സത്യമായിരിക്കെ, ആദർശശത്രുക്കളുമായിപ്പോലും സംഭാഷണങ്ങളുടെയോ സംവാദങ്ങളുടെയോ വാതിലുകളടക്കരുതെന്നു മാത്രമല്ല, അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത് എന്നതാണ് ജമാഅത്തിന്റെ സുചിന്തിത നയം. 1975 ജൂണിൽ രാജ്യത്ത് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കി ആർ.എസ്.എസിനോടൊപ്പം ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ചപ്പോൾ ജയിലുകളും സംവാദവേദികളാക്കിമാറ്റുകയാണ്​ സംഘടന ചെയ്തത്​. ഇസ്‍ലാം എന്താണെന്നും മുസ്‍ലിംകൾ ആരാണെന്നും നിലനിൽക്കുന്ന തെറ്റിദ്ധാരണകളുടെ പശ്ചാത്തലത്തിൽ ജമാഅത്ത് നേതാക്കളും വക്താക്കളും സഹതടവുകാരായ ആർ.എസ്.എസുകാർക്ക് വ്യക്തമാക്കിക്കൊടുത്തു. അടിയന്തരാവസ്ഥ പിൻവലിച്ച് സാധാരണനില പുനഃസ്ഥാപിച്ച ശേഷവും ഏറെക്കാലം ആശയവിനിമയം തുടർന്നു.

പിൽക്കാലത്ത് ആർ.എസ്.എസിന്റെ സർസംഘ്ചാലകായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. സുദർശൻ ഒരിക്കൽ അനുസ്മരിച്ചത് കൗതുകകരമാണ്. ‘ഒട്ടേറെ മുസ്‍ലിംകളെക്കാൾ നന്നായി ഇസ്‍ലാമിനെക്കുറിച്ച് എനിക്കറിയാം. കാരണം, ജയിലിൽ കിടന്നപ്പോൾ ജമാഅത്തെ ഇസ്‍ലാമിക്കാരാണ് എനിക്കത് പഠിപ്പിച്ചുതന്നത്.’ ഇങ്ങനെയൊരു ഉറച്ച നിലപാട് സ്വീകരിച്ചതിന്റെ ന്യായീകരണം ജമാഅത്ത് നേതാക്കൾക്കും പണ്ഡിതന്മാർക്കും ചൂണ്ടിക്കാണിക്കാനുള്ളത് വിശുദ്ധ ഖുർആനിൽ ഉദ്ധരിച്ച ഇസ്രായേല്യരുടെ പ്രവാചകനായിരുന്ന മൂസ നബിയുടെ ജീവിതകഥയാണ്. പ്രവാചകത്വം മൂസക്ക് നൽകുമ്പോൾ ദൈവം അരുൾ ചെയ്തത്, അയാൾ നല്ലവനായേക്കാം എന്ന പ്രതീക്ഷയിൽ സൗമ്യമായ ഭാഷയിൽ സത്യത്തിലേക്കുള്ള ക്ഷണം അവതരിപ്പിക്കാനാണ്. ഇസ്രായേലിന്റെ ആൺ സന്തതികളെ മുഴുവൻ കൊന്നൊടുക്കാൻ ഉത്തരവിട്ട വംശീയ ഭ്രാന്തനായിരുന്നു അക്കാലത്തെ ഫറോവ എന്നോർക്കണം. ഇവിടെയും വംശീയജ്വരം തലക്കുപിടിച്ചതാണ് ആർ.എസ്.എസിന്റെ ദൗർബല്യം. സംവാദങ്ങളിലൂടെയല്ലാതെ അത് ബോധ്യപ്പെടുത്താനോ തിരുത്താനോ വഴിയില്ല.

ജമാഅത്തെ ഇസ്‍ലാമി ഒറ്റക്കോ രഹസ്യമായോ ആർ.എസ്.എസുമായി നടത്തിയ ഡീൽ അല്ല ജനുവരി 14ന് നടന്നതെന്ന് ബന്ധപ്പെട്ട സംഘടന വക്താക്കൾ വ്യക്തമാക്കിയതാണ്. മുൻ മുഖ്യ തെരഞ്ഞെടുപ്പുകമീഷണർ എസ്​.വൈ. ഖുറൈശി, പത്രപ്രവർത്തകനായ ശാഹിദ് സിദ്ദീഖി തുടങ്ങിയവരോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ മതപണ്ഡിത സംഘടനയായ ജംഇയ്യതുൽ ഉലമായെ ഹിന്ദിന്റെയും ശിയാ സംഘടനകളുടെയും പ്രതിനിധികളുമുണ്ടായിരുന്ന ചർച്ചകൾ എങ്ങനെയാണ് ജമാഅത്തും ആർ.എസ്.എസും തമ്മിലെ ‘സ്വകാര്യ ഡീൽ ആവുക?

2024ലെ തെരഞ്ഞെടുപ്പിൽ മോദി സർക്കാറിന്റെ മൂന്നാമൂഴം ഉറപ്പാക്കാനുള്ള നിരവധി നീക്കങ്ങളിൽ ഒന്നാവാം മുസ്‍ലിം മത സാമുദായിക സാമൂഹിക സംഘടനകളുടെ നേതാക്കളും പ്രതിനിധികളുമായുള്ള ചർച്ചകൾ. സൂഫി കൂട്ടായ്മകളുമായുള്ള ചർച്ചയും അടുത്ത മാസത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നാണ് ന്യൂനപക്ഷ സെൽ മേധാവി ഇന്ദ്രേഷ്‍കുമാർ നൽകുന്ന വിവരം. ഒപ്പംതന്നെ മുസ്‍ലിം സംഘടനകളിൽനിന്നുള്ള എതിർപ്പുകളെ ലഘൂകരിച്ച് സുഹൃദ് മുസ്‍ലിം രാജ്യങ്ങളെ സമാശ്വസിപ്പിക്കുക എന്ന ലക്ഷ്യവും വായിച്ചെടുക്കാം. ഇതൊക്കെ ഒരുവശത്ത് നടന്നാലും ചൈനീസ് പഴമൊഴി മറക്കാതിരിക്കുക: ‘സമാധാനത്തെക്കുറിച്ച് സംസാരിക്കുക, വെടിമരുന്ന് നനയാതെ സൂക്ഷിക്കുക.’ ജനാധിപത്യ ഇന്ത്യയിൽ വെടിമരുന്ന് ബുള്ളറ്റല്ല, ബാലറ്റാണെന്നു മാത്രം.

Tags:    
News Summary - RSS-Jamaat-e-Islami secret talks?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.