യജമാനന്മാരേ മാറിനിൽക്കൂ, ഞങ്ങൾ സ്വതന്ത്രമായി വോട്ടുചെയ്യട്ടെ..

സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം പിന്നിട്ടിട്ടും സ്വാതന്ത്ര്യത്തോടെയും നിർഭയത്തോടെയും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്ത ജനതയാണ് ഞാൻ ഉൾപ്പെട്ട വയനാട്ടിലെ ആദിവാസി ജനത. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൗതിക സാഹചര്യങ്ങളിൽ സ്വൽപം വികസനം കൈവരിക്കാൻ കഴിഞ്ഞു എന്നല്ലാതെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഇന്നും ബഹുദൂരം പിന്നിൽ തന്നെയാണ് ഈ അസംഘടിത സമൂഹം. ഭരണതലങ്ങളിലും പദ്ധതി ആസൂത്രണത്തിലും ഭാഗഭാക്കാകാൻ കഴിയാതെ, പതിറ്റാണ്ടുകളായി പാർശ്വവത്കൃതമായ ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ടവരാണ് ആദിവാസി ജനത.

തെരഞ്ഞെടുപ്പ് കാലം ഉത്സവകാലം പോലെ ഞാൻ ഉൾപ്പെടെയുള്ള ഗോത്രവർഗക്കാർക്ക് അനുഭവപ്പെടുന്നുവെങ്കിൽ അതിന് കാരണമുണ്ട്. മറ്റുള്ള കാലം മുഴുവൻ തീണ്ടാപ്പാടകലെ നിന്നിരുന്ന രാഷ്ട്രീയ യജമാനന്മാർ, മുറുക്കിത്തുപ്പി വൃത്തികേടായ ഞങ്ങളുടെ ഉമ്മറപ്പടിയിൽ വന്നിരുന്ന് കുശലം ചോദിക്കുന്നത് അന്നാണ്. ഞങ്ങളുടെ ഭാവിയെക്കുറിച്ചും ജീവിതനിവൃത്തിയെക്കുറിച്ചും അവർ കരുതലുള്ളവരാണെന്ന് അവകാശ​പ്പെടുന്നത് അക്കാലങ്ങളിൽ മാ​ത്രമാണ്. അഞ്ചാണ്ടിനുശേഷം വീണ്ടുമൊരിക്കൽകൂടി ആ വഴിക്കെത്തുമ്പോഴാണ് അവർ ഞങ്ങളെ ചേർത്ത് പിടിക്കുന്നത്, ഞങ്ങളുമായി ഇഴയടുപ്പമുണ്ടെന്നവകാശപ്പെടുന്ന പഴയകാല ഓർമകൾ അവർ അയവിറക്കാറുള്ളത്. കണ്ടുപരിചയമുള്ള കാലംമുതൽ  പരിഹരിക്കപ്പെടാതെ കിടക്കുന്ന എല്ലാ പ്രശ്നങ്ങളും നാളെത്തന്നെ പരിഹരിക്കുമെന്ന് പഞ്ചാരവാക്കുകളിൽ അവർ ഞങ്ങളെ പറഞ്ഞുപറ്റിക്കുന്നതും ഈ തെരഞ്ഞെടുപ്പുത്സവ നാളുകളിലാണ്.


രാഷ്ട്രീയ വിദ്യാഭ്യാസം നൽകാനോ, ഈ ഭൂമിയിൽ ജനിച്ച് വളർന്ന ഒരു പൗരന് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ഞങ്ങളിൽ അവബോധം സൃഷ്ടിക്കാനോ ഒരുകാലത്തും അവർ തയാറായിട്ടില്ല. ഏതുകാലത്തും രാഷ്ട്രീയപാർട്ടികളുടെ വോട്ടുബാങ്കായി തുടരുകയെന്നതു മാത്രമാണ് ആദിവാസി സമൂഹത്തിന്റെ നിയോഗം. പ്രതികരണ ശേഷിയുള്ളവനെ രാഷ്ട്രീയ അടിമയായി മാറ്റാനും അവർക്ക് നന്നായറിയാം.

തെരഞ്ഞെടുപ്പ് കാലങ്ങളി​ൽ ഇലക്ഷൻ കമീഷനും സർക്കാറിന്റെ അനുബന്ധ വകുപ്പുകളും ആദിവാസി ഊരുകളിൽ പ്രത്യേക ശ്രദ്ധചെലുത്താറുണ്ട്. പക്ഷേ, ഇന്നും ജനാധിപത്യ പ്രക്രിയയുടെ പരമമായ പ്രാധാന്യം ഉൾക്കൊണ്ട്, സ്വമേധയാ തീരുമാനം എടുത്ത്, സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ എന്റെ ജനതയ്ക്ക് കഴിയുന്നില്ലെന്നതാണ് സത്യം. രാജ്യം സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ പിന്നിടുകയും നമ്മൾ എല്ലാ മേഖലകളിലും ബഹുദൂരം മുന്നേറുകയും ചെയ്തുവെന്ന് വീമ്പിളക്കുമ്പോഴും വോട്ടെടുപ്പുകാലത്തെ ആദിവാസി ഊരുകളിലെ ബാഹ്യ ഇടപെടലുകൾ ഇന്നും തുടർക്കഥയാവുന്നു. അപരന്റെ നിർദേശത്തിനും പ്രേരണക്കുമനുസരിച്ച് സമ്മതിദാനം വിനിയോഗിക്കേണ്ടി വരുന്ന ദുരവസ്ഥയിൽനിന്ന് വയനാട്ടിലെ ആദിവാസി സമൂഹത്തിന് ഇതുവരെ മോചനമായിട്ടില്ല.


എന്റെ ചെറുപ്പകാലത്ത് ഒരു ചായ, ബോണ്ട, 50 രൂപ, മദ്യപിക്കുന്നവർക്ക് ആവശ്യത്തിന് നാടൻ ചാരായം... ഇതായിരുന്നു വോട്ട് ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന ‘പ്രതിഫലം’. കൂടാതെ കിലോമീറ്ററുകൾ ദൂരെയുള്ള ബൂത്തുകളിൽ എത്തിക്കാൻ പുലർച്ചെ തന്നെ വാഹനങ്ങളും എത്തും. ഇന്നും ഇതിൽനിന്ന് കാര്യമായ വ്യത്യാസമൊന്നും വന്നിട്ടി​ല്ലെന്ന് പറയേണ്ടിവരും. ചായക്കും ബോണ്ടക്കും പകരം ബിരിയാണിയായെന്നും നാടൻ ചാരായത്തിന് പകരം വിദേശ മദ്യമായെന്നും മാത്രം. 50 രൂപയുടെ സ്ഥാനത്ത് 500 രൂപയായി വർധിച്ചിട്ടുമുണ്ട്. ‘അഞ്ഞൂറ് രൂപയും അര ലിറ്ററും’ എന്നതാണ് വോട്ടെടുപ്പിൽ ആദിവാസിയെ വിലയ്​ക്കെടുക്കാനുള്ള പാർട്ടികളുടെ പ്രഖ്യാപിത മുദ്രാവാക്യം. തെരഞ്ഞെടുപ്പിന് തലേദിവസം ഊരിൽ ആദ്യം പിടിമുറുക്കുന്നവരും കോളനി ‘പിടിക്കാനെത്തുന്നവ’രും തമ്മിലുള്ള കശപിശക്കൊന്നും ഒരു കുറവും വന്നിട്ടുമില്ല.

തെരഞ്ഞെടുപ്പ് കാലം വയനാട്ടിലെ ആദിവാസി സമൂഹത്തിന് പഴയ അടിമത്തത്തിന്റെ തിരിച്ചുവരവിന്റെ കാലം കൂടിയാണ്. പ്രചാരണ യോഗങ്ങൾക്ക് ആളെ കൂട്ടാൻ കോളനികൾക്ക് മുന്നിൽ വാഹനങ്ങൾ കാത്തു നിൽക്കാൻ തുടങ്ങും. വോട്ടിന്റെ ആരവങ്ങൾ നിലയ്ക്കുന്നതുവരെ അതത് പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളുടെ കാര്യസ്ഥന്മാരാണ് ആദിവാസി കോളനികളെ ‘ഭരിക്കുന്ന’ത്. അതിർത്തി കടന്നെത്തുന്ന മദ്യം ഒഴുകാൻ തുടങ്ങുന്നതോടെ പുരുഷന്മാർ പണിക്ക് പോകാതാകും. വോട്ടെടുപ്പ് കഴിയും വരെ വരാനും പോകാനും ഒക്കെ നേരത്തേ പറഞ്ഞ കാര്യസ്ഥന്മാരുടെ വിലക്കുകളുണ്ടാകും. വോട്ടർ ഐ.ഡിയൊക്കെ ശേഖരിച്ച് അതാത് പാർട്ടി ഓഫീസുകളിൽ ആദ്യം തന്നെ ‘സേഫ്’ ആക്കിയിട്ടുണ്ടാകും. തെരെഞ്ഞെടുപ്പ് തീയതി അടുക്കുന്നതോടെ കോളനി ജീവിതം പൂർണമായും പുറത്തു നിന്നുള്ളവരുടെ നിയന്ത്രണത്തിലായ അവസ്ഥയാണ് ഞങ്ങൾക്ക് അനുഭവപ്പെടാറ്. വോട്ട് മാറ്റിക്കുത്തുമെന്ന് സംശയമുള്ളവരെ നിരന്തരമായി ചോദ്യം ചെയ്യും. പ്രലോഭനവും ഭീഷണിയുമൊക്കെ അരങ്ങേറും. ജനാധിപത്യത്തിന്റെ ‘ഉത്സവനാളുകളി’ൽ കൃത്രിമ സ്നേഹവാത്സല്യങ്ങളുടെയും കരുതലുകളുടെയും നടുവിൽ വിരാജിക്കുമ്പോഴും ഞങ്ങളുടെ ജീവിത സാഹചര്യം പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിനേക്കാൾ കൂടുതൽ ദയനീയമായി തുടരുന്നത് യജമാനരായി ചമയുന്നവരെ തരിമ്പും അലോസരപ്പെടുത്താതിരിക്കുന്നതിലാണ് അതിശയം.


ഇലക്ഷൻ കമീഷനും ബന്ധപ്പെട്ട വകുപ്പുകളും ഊരുകളിലെ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം സംബന്ധിച്ച പ്രത്യേക വിജ്ഞാപനങ്ങൾ ഇറക്കിയിട്ടുണ്ട് പലവട്ടം. പക്ഷെ അതൊന്നും കാലങ്ങളായി ഫലവത്തായി നടക്കുന്നില്ല. ഈ കോളനിപിടുത്തത്തെ പ്രതിരോധിക്കാൻ ഒരു സർക്കാറുകളും നടപടികൾ സ്വീകരിക്കാറുമില്ല. ഈ തെരഞ്ഞെടുപ്പിലെങ്കിലും അതിന് മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്. ബാഹ്യശക്തികളുടെ സമ്മർദമോ പ്രേരണയോ പ്രലോഭനങ്ങളോ കൂടാതെ ഞങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുത്ത് വോട്ട് ചെയ്യാൻ വേണ്ട സൗകര്യമൊരുക്കണം. കോളനികളെ തടങ്കൽ പാളയങ്ങൾ ആക്കാൻ അനുവദിക്കരുതെന്നാണ് ആദിവാസി സമൂഹത്തിന്റെ അപേക്ഷ. മദ്യവും നോട്ടുകെട്ടുകളും കൊണ്ട് ഞങ്ങളുടെ വോട്ടുകൾക്ക് വില പറഞ്ഞുവരുന്ന പതിവു രീതികളുടെ അടിവേരരറുക്കാൻ ഇനിയും അമാന്തിക്കണോ? അതിന് വേണ്ട സൗകര്യങ്ങൾ വൈകിയെങ്കിലും ഒരുക്കാൻ സർക്കാറുകൾ പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ട്. കാരണം, ഞങ്ങളും ഈ നാട്ടിലെ പൗരന്മാരാണ്. സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള ആഗ്രഹം ഞങ്ങൾക്കുമുണ്ട്.

(അഖിലേന്ത്യ പണിയ മഹാസഭ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - Step aside please, let us vote freely..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT