ശാഠ്യം തോറ്റു, തിരിച്ചറിവ്​ വിജയിച്ചു

അദ്ദേഹം മുന്നോട്ടുവെക്കാറുള്ള അഭിപ്രായങ്ങളിൽ പലതും നല്ലതും ക്രിയാത്മകവുമായിരുന്നു. എന്നാൽ, മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് തരിമ്പ് ബഹുമാനമോ കുറഞ്ഞ പക്ഷം അത് കേൾക്കാനുള്ള ക്ഷമയോ പോലും കാണിക്കാതിരുന്ന അദ്ദേഹത്തിന്റെ നിർദേശങ്ങളെ ആരും ഗൗനിച്ചില്ല

‘താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ എന്ന പ്രയോഗം നമുക്ക് സുപരിചിതമാണ്. നമ്മുടെ ചുറ്റുമുള്ള പലരുടെയും സ്വഭാവത്തിൽ ഈ സമീപനം കണ്ടിട്ടുണ്ടാകും. സഹോദരങ്ങൾ തമ്മിലും സുഹൃത്തുക്കളും സഹപ്രവർത്തകരും തമ്മിലുമെല്ലാം ഇത്തരത്തിലുള്ള പിടിവാശിയും ദുശ്ശാഠ്യവും അസ്വസ്ഥതകൾ സൃഷ്ടിക്കാറുണ്ട്. വർഷങ്ങൾ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോഴാകും ആ വാശികളിൽ പലതും ആവശ്യമില്ലാത്തതായിരുന്നുവെന്ന് പലരും തിരിച്ചറിയുക. അന്നത്തെ സാഹചര്യത്തിൽ അങ്ങനെ ചെയ്യേണ്ടിവന്നു എന്നെല്ലാം പറഞ്ഞ് ന്യായീകരിക്കാനും സ്വയം സമാധാനിക്കാനുമെല്ലാം നോക്കുമെങ്കിലും ആ വാശി മൂലം നഷ്ടപ്പെട്ടതൊന്നും പിന്നീട് തിരിച്ചുകിട്ടുകയില്ലല്ലോ?

അനാവശ്യ വാശിയിലും ദുശ്ശാഠ്യങ്ങളിലും ഉറച്ചുനിന്നിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഔദ്യോഗിക യോഗമാണെങ്കിലും അനൗപചാരിക സദസ്സാണെങ്കിലും താൻ പറയുന്നത് മാത്രമാണ് ശരിയെന്ന് കടുംപിടിത്തം പിടിക്കുന്ന ആൾ. തർക്കിച്ചും ബഹളമുണ്ടാക്കിയും തന്‍റെ വാദം സമർഥിക്കാൻ അയാൾ ആവത് ശ്രമിക്കും. തന്‍റെ അഭിപ്രായ പ്രകാരം കാര്യങ്ങൾ നടന്നെങ്കിൽ മാത്രം താൻ കൂടെയുണ്ടാകും, ഇല്ലെങ്കിൽ നിസ്സഹകരിക്കുമെന്ന സമീപനം. ചർച്ചയിലൂടെ ഒരു പൊതു അഭിപ്രായത്തിലെത്തിയാലും, അതിൽനിന്ന് വേറിട്ട നിലപാട് സ്വീകരിച്ച് അതിന് പിന്നിൽ വാശിപിടിച്ചുനിൽക്കുക. താൻ പറഞ്ഞതെങ്ങാനും അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ആ സഭ പിരിഞ്ഞ ശേഷം പുറത്തുപോയി കിട്ടാവുന്ന ഇടങ്ങളിലെല്ലാം അതെകുറിച്ച് കുറ്റങ്ങൾ പറയുക, ദേഷ്യവും അമർഷവും പ്രകടിപ്പിക്കുക-ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്‍റെ പ്രകൃതം.

അദ്ദേഹം മുന്നോട്ടുവെക്കാറുള്ള അഭിപ്രായങ്ങളിൽ പലതും നല്ലതും ക്രിയാത്മകവുമായിരുന്നു. എന്നാൽ, മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് തരിമ്പ് ബഹുമാനമോ കുറഞ്ഞ പക്ഷം അത് കേൾക്കാനുള്ള ക്ഷമയോ പോലും കാണിക്കാതിരുന്ന അദ്ദേഹത്തിന്റെ നിർദേശങ്ങളെ ആരും ഗൗനിച്ചില്ല. മറ്റുള്ളവരുടെ വാക്കുകളോടും അഭിപ്രായങ്ങളോടുമുള്ള അസഹിഷ്ണുത പലതവണ ആവർത്തിച്ചതോടെ അദ്ദേഹത്തെ എല്ലാവരും ഒറ്റപ്പെടുത്താൻ തുടങ്ങി. എല്ലാവരിൽനിന്നും വ്യത്യസ്തനാകാൻ കാര്യകാരണങ്ങളും ന്യായീകരണങ്ങളും സൃഷ്ടിച്ച് പതിയെ അദ്ദേഹം സ്വയം ഒരു തുരുത്തായി പരിണമിച്ചു. എന്നിരിക്കിലും അദ്ദേഹം തന്‍റെ വാശികളുമായി മുന്നോട്ടുപോവുകയും സാമാന്യം നല്ല നേട്ടങ്ങൾ ജീവിതത്തിൽ കൈവരിക്കുകയും ചെയ്തു.

കാലമേറെ കഴിഞ്ഞപ്പോൾ ഇതിനെക്കാളൊക്കെ ഉയരത്തിലേക്ക് തനിക്ക് എത്താൻ സാധിക്കുമായിരുന്നല്ലോ എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. എവിടെയാണ് തനിക്ക് പിഴച്ചതെന്നതായി ചിന്ത. അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു.

ആയിടെ ഒരു ദിവസം യാദൃച്ഛികമായി ഞാനദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം കീഴടക്കിയ ഉയരങ്ങളെ കുറിച്ച് പറഞ്ഞാണ് ഞാൻ സംസാരം തുടങ്ങിയത്. അദ്ദേഹത്തിന്​ സന്തോഷമാവട്ടെ എന്ന ഉദ്ദേശത്തിലാണ് നേട്ടങ്ങളെക്കുറിച്ച് പറഞ്ഞത്. പക്ഷേ, ഞാൻ പ്രതീക്ഷിച്ച ഭാവം ആ മുഖത്ത് പ്രകടമായില്ല. കാര്യമന്വേഷിച്ചു. ‘‘താങ്കൾ പറഞ്ഞ നേട്ടങ്ങളെല്ലാം എനിക്കുണ്ടായി എന്നത് വാസ്തവം തന്നെ. പക്ഷേ, എന്‍റെ നല്ലകാലത്ത് ആവശ്യമില്ലാത്ത വാശിയും ശാഠ്യങ്ങളും എന്‍റെ ഒരുപാട് സമയം നഷ്ടപ്പെടുത്തി. അന്ന് സൃഷ്ടിപരമായി ഉപയോഗിക്കാമായിരുന്ന ധാരാളം സമയം ഞാൻ പാഴാക്കി. മറ്റുള്ളവരെ ഉൾക്കൊള്ളാനും വാശി അൽപം കുറക്കാനും അന്ന് സാധിച്ചിരുന്നുവെങ്കിൽ ഇതിലേറെ ഉയരങ്ങളിലേക്കെത്താൻ സാധിക്കുമായിരുന്നു എന്ന്​ തോന്നുന്നു.’’ അദ്ദേഹത്തിന്‍റെ സംസാരത്തിൽ മുമ്പെങ്ങും കാണാത്ത ഒരു താത്ത്വിക ധ്വനി എനിക്കനുഭവപ്പെട്ടു.

‘‘ഇപ്പോൾ കുറേകൂടി മറ്റുള്ളവരെ കേൾക്കാൾ ശ്രമിക്കാറുണ്ട്. നഷ്ടപ്പെട്ടുപോയതിനെ കുറിച്ച് വിലപിച്ചിട്ട് കാര്യമില്ലല്ലോ’’-അദ്ദേഹം പറഞ്ഞു.

നല്ലൊരു തിരിച്ചറിവാണ് അദ്ദേഹം എനിക്ക്​ നൽകിയത്​. സ്വന്തം പരിമിതി അദ്ദേഹം തിരിച്ചറിയുകയും അത് പരിഹരിച്ച് സമൂഹത്തിന് നല്ല രീതിയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വമായി മാറാൻ പരിശ്രമിക്കുകയും ചെയ്യുന്നു.

തന്‍റെ വാശിയും ശാഠ്യങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ അദ്ദേഹം നേടിയെടുത്ത പതക്കങ്ങളുണ്ട്. പക്ഷേ, അതുമൂലം മറ്റുള്ളവരിൽ താൻ ഉണ്ടാക്കിയ അലോസരം, അവനവന്​ തന്നെ അത് മൂലമുണ്ടായ അസ്വസ്ഥതകൾ, ആ നിലപാട് മൂലം പിണങ്ങിപ്പോയ സുഹൃത്തുക്കൾ.... അതെല്ലാം ഈ പതക്കങ്ങളെക്കാൾ എത്രയോ കൂടുതലായിരുന്നു. ഒരാളുടെ ദുശ്ശാഠ്യം മൂലം എന്‍റെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവം കൂടി പറയാം.

ഒരിക്കൽ ഞങ്ങൾ കുറച്ചുപേർ ഒരു കുന്നിൻ പ്രദേശത്തേക്ക് യാത്ര പോയി. ജീപ്പിലായിരുന്നു യാത്ര. യാത്രക്ക്​ കൊണ്ടുപോയ സുഹൃത്ത് കാഴ്ച കാണിക്കാനുള്ള ഉത്സാഹത്തിൽ ഒരു മലവാരത്തിലേക്ക് വണ്ടി ഓടിച്ചുപോയി. ചെങ്കുത്തായ മലവാരമായിരുന്നു അത്. ഞങ്ങൾ നടന്നുകയറാമെന്ന് ആവുംവിധമെല്ലാം പറഞ്ഞെങ്കിലും തന്‍റെ ജീപ്പിൽ തന്നെ പോകണമെന്ന് അദ്ദേഹം വാശി പിടിച്ചു. കുന്ന് കയറവെ ജീപ്പ് തകരാറിലായി എന്ന്​ മാത്രമല്ല, ഒരു വലിയ അപകടത്തിൽനിന്ന്​ കഷ്ടി രക്ഷപ്പെടുകയും ചെയ്തു. ചെങ്കുത്തായ ആ മലയിലെ ദുർഘടപാതയത്രയും ഞങ്ങൾക്ക് പിന്നീട്​ നടക്കേണ്ടി വന്നു. മടക്കയാത്രയും നടന്നുതന്നെയായിരുന്നു.

ഒരാളുടെ വാശി മൂലം ഒട്ടേറെ സമയവും സ്വച്ഛതയും നഷ്ടമാവുകയാണുണ്ടായത്. ഇത്തരം സ്വഭാവമുള്ളവർ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുകയാണ്​ ഒന്നാമതായി ചെയ്യേണ്ടത്.

താൻ വാശിപിടിച്ചുകൊണ്ടിരിക്കുന്ന വിഷയത്തെ ഒരുവട്ടം കൂടി ശാന്തമായി ആലോചിക്കാൻ തയാറാകണം. മറ്റുള്ളവരെ ക്ഷമാപൂർവം കേൾക്കാനും അവരുടെ ആശയങ്ങൾ ഉൾക്കൊള്ളാനുമുള്ള മനസ്സ് വളർത്തിയെടുക്കണം. ഓർക്കുക, ഇത്തരം ശാഠ്യങ്ങൾ മൂലം നമ്മുടെ മനസ്സ് തന്നെയാണ് അസ്വസ്ഥമാവുക. അത് കടുത്ത രോഗങ്ങളിലേക്ക് വരെ നയിച്ചേക്കാം.

പ്രശസ്ത ചിന്തകൻ ആർതർ ഷോപ്പനോവർ അക്കാര്യം ഉണർത്തുന്നത് ഇങ്ങനെ: ബുദ്ധിയുടെ സ്ഥാനത്ത് സ്വന്തം ഇച്ഛ തള്ളിക്കയറിയതിന്‍റെ ഫലമാണ് വാശി.

Tags:    
News Summary - Stubbornness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT