ഇന്ത്യ 18ാമത് പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് ഏതാനും ആഴ്ചകൾ മുമ്പാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിപ്രസ്താവ്യം വന്നത്. വിധി ഭരണഘടന ബെഞ്ചിന്റെതാകയാൽ, അത് മറ്റെവിടെയും ചോദ്യം ചെയ്യാനുമാവില്ല. ഈ പദ്ധതിയുടെ ഉത്ഭവംതന്നെ ദുരൂഹമാണെന്ന വസ്തുത കണക്കിലെടുത്താണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന സന്നദ്ധ സംഘടന മുൻകൈയെടുത്ത് സുപ്രീംകോടതിയെ സമീപിക്കുന്നത്. തുടർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പ്രശാന്ത് ഭൂഷനും മറ്റും രംഗത്തെത്തിയതോടെ പ്രശ്നം പൊതുജനശ്രദ്ധയിൽ ഇടം കണ്ടെത്തുകയായിരുന്നു.
പദ്ധതി നിർത്തലാക്കാനും വിവരങ്ങൾ ഒരു മാസത്തിനകം വെളിപ്പെടുത്താനുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി 15ന് വിധിച്ചത്. ബോണ്ട് പദ്ധതി നടത്തിപ്പിന്റെ പൂർണ ചുമതല 2017 മുതൽ നിർവഹിച്ചുവരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റ് ഒട്ടേറെ ന്യായങ്ങൾ നിരത്തിയും പ്രായോഗിക ബുദ്ധിമുട്ടുകൾ മുഴപ്പിച്ചുകാണിച്ചും ലോക്സഭ തെരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ കാതലായ പല വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും ഒടുവിൽ സുപ്രീംകോടതി വരച്ച വരയിൽ നിൽക്കാൻ നിർബന്ധിതമായി.
സുതാര്യത കൊണ്ടുവരുവാൻ എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതി രാജ്യം കണ്ട ഏറ്റവും വലിയ പ്രഹസനങ്ങളിലൊന്നായി അവസാനിച്ചിരിക്കുന്നു. ഇനിയെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെ തകർച്ചയിൽനിന്ന് രക്ഷിക്കാൻ തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന് മെച്ചപ്പെട്ടൊരു സുതാര്യ സംവിധാനം ആവശ്യമുണ്ട്. 2014ൽ തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധമായി നടത്തിയ ഒരു പഠനത്തിലൂടെ വെളിപ്പെട്ടത്, തൊട്ടുമുമ്പുള്ള അഞ്ചു വർഷക്കാലയളവിൽ ചെലവാക്കപ്പെട്ട തുക 1.5 മില്യൺ രൂപയായിരുന്നു എന്നാണ്.
ഇതിൽ പകുതിയോളവും കണക്കിൽപെടാത്ത പണം -കള്ളപ്പണം- എന്ന രൂപത്തിലുമായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥയിൽ, ഇത് ഇരട്ടിയോളമായെങ്കിലും വർധിച്ചിട്ടുണ്ടാകണം. ഈ ആകെ തുകയും നിലവിലുള്ള സംവിധാനത്തിൽനിന്നുതന്നെയായിരിക്കും സമാഹരിക്കപ്പെട്ടിരിക്കുക. ഇത്തരമൊരു ധനസമാഹരണ യജ്ഞത്തിന് കൂട്ടുനിന്നവർക്ക് നയപരവും ഭരണപരവുമായ പ്രത്യുപകാരങ്ങളും കാലാകാലങ്ങളിൽ കൃത്യമായി ലഭ്യമായിട്ടുണ്ടാകണം.
തെരഞ്ഞെടുപ്പു ധനകാര്യം രണ്ടു ഭാഗങ്ങളായി വേർതിരിച്ച് പരിശോധിക്കേണ്ടിവരുന്നു. ഒന്ന്, അതിന്റെ സമാഹരണം, രണ്ട്, അതിന്റെ ചെലവിടൽ രീതി. ചെലവാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നിലവിലുണ്ട്. സ്ഥാനാർഥികൾക്ക് നിയന്ത്രണങ്ങൾ തത്ത്വത്തിലെങ്കിലും കർശനമാണ്. അതായത് ചെലവിന് പരിമിതിയുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കാണെങ്കിൽ ഇതൊന്നും നിലനിൽക്കുന്നുമില്ല. ഇതൊരു പ്രശ്നംതന്നെയാണ്. മാത്രമല്ല, സ്ഥാനാർഥികളുടെ ചെലവിന്റെ പരിധികളും കൃത്യമായി പാലിക്കപ്പെടുന്നില്ല. ഭരണകൂടങ്ങളുടെ തന്നെ ഒത്താശപോലും ഇവർക്കുണ്ടെന്നതിനാൽ സത്യസന്ധമായി മോണിറ്ററിങ്ങും നടക്കുന്നില്ല. ഇതാണ് ഗുരുതരമായൊരു പ്രതിസന്ധി.
ഇതെങ്ങനെ പരിഹരിക്കപ്പെടും? നിയമം ലംഘിക്കുന്നവർക്ക് അതിനെതിരെ നടപടിയെടുക്കേണ്ടവർതന്നെ രക്ഷാകവചം ഒരുക്കുമെന്ന സ്ഥിതി വന്നാൽ ഒന്നും ചെയ്യാനാവില്ല. ഒരു പരിഹാരമായി നിർദേശിക്കപ്പെട്ടിട്ടുള്ളത് തെരഞ്ഞെടുപ്പ് കമീഷൻതന്നെ, താൽക്കാലിക സ്റ്റാഫിനെ ഇതിലേക്കായി നിയോഗിക്കുകയോ സോഷ്യൽ ആക്ടിവിസ്റ്റുകളുടെ സഹായം തേടുകയോ ചെയ്യാമെന്നതാണ്! എന്നാൽ, ഇന്നത്തെ നിലയിൽ തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനംതന്നെ പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായിട്ടാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കെ, ഈ രക്ഷാമാർഗവും അടഞ്ഞിരിക്കുന്നു.
ഇതെല്ലാം, ഒരുവിധം പരിഹരിക്കുന്നതിനുള്ള ബദൽമാർഗമായി പുറത്തുവന്നിട്ടുള്ളത് സ്റ്റേറ്റ് ഫണ്ടിങ് ആണ്. നിരവധി രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ടെന്നാണ് കേൾക്കുന്നതും. എന്നാൽ, ഇന്ത്യയിൽ നിലവിലുള്ള വ്യവസ്ഥാപിത മാർഗങ്ങളും സംവിധാനങ്ങളും വഴി സ്റ്റേറ്റ് ഫണ്ടിങ് കുറ്റമറ്റതും കാര്യക്ഷമവുമായി നടപ്പാക്കാൻ കഴിയുമെന്ന് പറയാനാവില്ല. കൃത്യമായ പ്രതിരോധ മാർഗങ്ങളുടെ അഭാവത്തിൽ ഇലക്ടറൽ ഫണ്ട് സംവിധാനം, പ്രതിപക്ഷമറിയാതെ തിരുകിക്കയറ്റി പാർലമെന്റിന്റെ അംഗീകാരം ചുളുവിൽ നേടിയെടുത്തൊരു രാഷ്ട്രീയ ഭരണവ്യവസ്ഥ നിലവിലുള്ളിടത്തോളം സ്റ്റേറ്റ് ഫണ്ടിന്റെ കൂടെ സ്വന്തം ഫണ്ടുകൂടി കൂട്ടിച്ചേർത്ത് തുക പെരുപ്പിക്കാനും സാധ്യതകൾ ഏറെയാണ്. അഴിമതി ഇഷ്ടവിനോദമാക്കിയ ഏത് രാഷ്ട്രീയ പാർട്ടിക്കും ഏതു ഹീനമാർഗവും അസ്വീകാര്യമായിരിക്കില്ല.
ഇതിനെല്ലാം പുറമെ, മറ്റൊരു മാർഗംകൂടി പരിഗണനക്കായി പൊതുജന ശ്രദ്ധയിൽ എത്തിയിട്ടുണ്ട്. ദേശീയതലത്തിൽ സ്വതന്ത്രമായ മാനേജ്മെന്റ് സംവിധാനത്തിന് വഴിയൊരുക്കിക്കൊണ്ടുള്ള ഒരു ദേശീയ ഫണ്ടിന് രൂപം നൽകുക എന്നതാണിത്. ഇതിലേക്കായി ഏത് വ്യക്തിക്കും കോർപറേറ്റുകളടക്കമുള്ള സ്ഥാപനങ്ങൾക്കും പണം സംഭാവനയായി നൽകുകയും പകരം വരുമാനനികുതി ഇളവുകൾ അവകാശപ്പെടുകയും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ സ്വരൂപിക്കപ്പെടുന്ന പൊതു ദേശീയ ഫണ്ട് വിവിധ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വീതംവെക്കാവുന്നതുമാണ്. ഈ വിധത്തിൽ വിതരണം ചെയ്യപ്പെടുന്ന ഫണ്ട് സംബന്ധമായി കൃത്യവും സത്യസന്ധവുമായ ഓഡിറ്റും അംഗീകൃത ഓഡിറ്റർമാർ വഴി നടത്തേണ്ടതുമാണ്. ഒരുതരം സോഷ്യൽ ഓഡിറ്റ് എന്നുവേണമെങ്കിൽ ഈ പ്രക്രിയയെ വിശേഷിപ്പിക്കാനും കഴിയും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിലെത്താനിടയുള്ള ഏത് സർക്കാറിനും താൽപര്യമുണ്ടെങ്കിൽ അനുദിനം വഷളായി വരുന്ന ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദേശിക്കാൻ കഴിയും. പരിചയസമ്പത്തുള്ള, നിഷ്പക്ഷമതികളായ ഏതാനും പ്രമുഖർ അടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കാവുന്നതാണ്. ഇത്തരമൊരു സമിതിയോട് സമയബന്ധിതമായൊരു റിപ്പോർട്ട് കേന്ദ്ര സർക്കാറിന് സമർപ്പിക്കാൻ നിർദേശിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.