അംബേദ്കറിന്റെ ജന്മസ്ഥാനമായ മധ്യപ്രദേശിലെ മഹുവിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിക്കെത്തിയ ബി.എസ്.പി സ്ഥാപകൻ കാൻഷി റാമിന്റെ സഹോദരി സ്വരൺ കൗർ ‘മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖം ? സഹോദരൻ കാൻഷി റാമിനൊപ്പം ബി.എസ്.പിയിലായിരുന്ന താങ്കൾ ഒടുവിൽ കോൺഗ്രസിന്റെ വേദിയിലെത്തിയത് എന്തുകൊണ്ടാണ്? കാൻഷി റാം ജീവിച്ചിരിപ്പുള്ള കാലം തൊട്ടേ താൻ ബി.എസ്.പിയോടൊപ്പമാണ്. ഇന്നും പാർട്ടി വിട്ടിട്ടില്ല. അംബേദ്കറിന്റെ പാതയിൽ...
അംബേദ്കറിന്റെ ജന്മസ്ഥാനമായ മധ്യപ്രദേശിലെ മഹുവിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിക്കെത്തിയ ബി.എസ്.പി സ്ഥാപകൻ കാൻഷി റാമിന്റെ സഹോദരി സ്വരൺ കൗർ ‘മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖം
? സഹോദരൻ കാൻഷി റാമിനൊപ്പം ബി.എസ്.പിയിലായിരുന്ന താങ്കൾ ഒടുവിൽ കോൺഗ്രസിന്റെ വേദിയിലെത്തിയത് എന്തുകൊണ്ടാണ്?
കാൻഷി റാം ജീവിച്ചിരിപ്പുള്ള കാലം തൊട്ടേ താൻ ബി.എസ്.പിയോടൊപ്പമാണ്. ഇന്നും പാർട്ടി വിട്ടിട്ടില്ല. അംബേദ്കറിന്റെ പാതയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഞാൻ ജയ് ഭീം മുദ്രാവാക്യം മുഴക്കുന്നവർക്കൊപ്പം നിൽക്കും. കോൺഗ്രസിൽ ചേർന്നില്ലെങ്കിലും രാഹുലിന് ഒപ്പം നിൽക്കും. ഭാരത് ജോഡോ യാത്രയുമായി പഞ്ചാബിലെത്തിയപ്പോൾ ജലന്ധറിൽ പോയി താൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബാബാ സാഹെബിന്റെ ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്നവർക്കെതിരെ ജയ് ഭീം വിളിച്ച് പോരാടുകയാണ് രാഹുൽ. 34 ശതമാനം ദലിതുകളുള്ള പഞ്ചാബിൽ അവരുടെ പിന്തുണ രാഹുലിന് ലഭിച്ചു. പഞ്ചാബിൽ കോൺഗ്രസിന് ഒമ്പത് ലോക്സഭാ സീറ്റുകളും ലഭിച്ചു. ദലിതുകളോട് അതിക്രമം കാണിക്കുന്ന ബി.ജെ.പിയെ തടയാൻ രാഹുൽ അല്ലാതെ മറ്റൊരു നേതാവിനെ കാണുന്നില്ല. രാഹുലിന്റെയും മറ്റു പല കോൺഗ്രസ് നേതാക്കളുടെയും ചിന്തകൾ തമ്മിൽ വലിയ അന്തരമുണ്ട്.
? ആദ്യം ഭീം ആർമി ഉണ്ടാക്കുകയും പിന്നീട് ആസാദ് സമാജ് പാർട്ടിയുണ്ടാക്കി എം.പിയാകുകയും ചെയ്ത ചന്ദ്രശേഖർ ആസാദും ക്ഷണിച്ചിരുന്നല്ലോ? ചന്ദ്രശേഖറിന്റെ പാർട്ടിയെക്കുറിച്ച് എന്താണ് അഭിപ്രായം?
പാർട്ടിയെ മുന്നിൽനിന്ന് നയിക്കണമെന്ന് പറഞ്ഞ് രണ്ടു പ്രാവശ്യം വന്ന് ക്ഷണിച്ചു. ചന്ദ്രശേഖർ അദ്ദേഹത്തിന് മുകളിൽ പാർട്ടി മേധാവിയായും എന്നെ പ്രഖ്യാപിച്ചു. സഹോദരനുണ്ടാക്കിയ പാർട്ടിയിലല്ലാതെ മറ്റൊന്നിലേക്കുമില്ലെന്നും പുതിയ പാർട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും അറിയിക്കുകയായിരുന്നു. ചന്ദ്രശേഖർ ആസാദ് വളരെ ആവേശത്തിലാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുകയും ചെയ്തു. പാർട്ടി എവിടെയെത്തുമെന്നറിയില്ല.
? ആം ആദ്മി പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളും താങ്കളെ സമീപിച്ചിരുന്നുവല്ലോ?
ഉവ്വ്, ബി.എസ്.പി അല്ലാതെ മറ്റൊരു പാർട്ടിയിലും ഞാൻ ചേർന്നിട്ടില്ല. ചേരാനുദ്ദേശിക്കുന്നുമില്ല. ആപിലേക്കും കോൺഗ്രസിയേക്കുമൊന്നും ഞാനില്ല. ഇന്നും ബഹുജൻ സമാജിന്റെ രാഷ്ട്രീയത്തിനൊപ്പമാണ്. എന്നാൽ, തെറ്റായദിശയിൽ പാർട്ടിയെ കൊണ്ടുപോകുന്ന മായാവതിക്കൊപ്പമില്ല. മായാവതിയുടെ ബി.എസ്.പി കാൻഷിറാമുണ്ടാക്കിയ ബി.എസ്.പി അല്ലാതായിരിക്കുന്നു. സി.ബി.ഐ അന്വേഷണമുള്ളതിനാൽ ജയിലിൽ പോകേണ്ടി വരുമെന്ന പേടിയിൽ കഴിയുന്ന മായാവതിയാകട്ടെ ഒന്നും മിണ്ടുന്നില്ല. സ്വയംരക്ഷക്കായി അവർ സമുദായത്തെ ഉപേക്ഷിച്ചു.
? മായാവതിയുടെ ബി.എസ്.പി കാൻഷിറാമുണ്ടാക്കിയ ബി.എസ്.പി അല്ലെന്നാണോ പറയുന്നത്?
പാർട്ടി അതുതന്നെ. എന്നാൽ, നീങ്ങുന്നപാത വ്യത്യസ്തമാണ്. മായാവതിയെ കുറിച്ച് ഞാൻ മോശമായൊന്നും പറയില്ല. എന്നാൽ ബി.എസ്.പിയുടെ ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണം അവരാണ്.
പട്ടികജാതിയായ ചമാർ സമുദായത്തിൽനിന്ന് ആദ്യമായി ബി.എസ് സി എടുത്ത കാൻഷി റാം പുണെ ഡി.ആർ.ഡി.ഒയിൽ അസിസ്റ്റന്റ് സയന്റിസ്റ്റായി പ്രവർത്തിക്കവെ മഹാത്മാ ജ്യോതി ഫൂലെയുടെ ജന്മദിനത്തിൽ അവധി നൽകാത്തതിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ചതാണ്. പാർശ്വവത്കൃത വിഭാഗങ്ങളിലെ ജീവനക്കാരെ ഒരുമിച്ചുകൂട്ടി 1971ൽ ’ബാംസെഫ്’ (‘ബാക്ക്വേഡ് ആൻഡ് മൈനോറിറ്റി കമ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ) തുടങ്ങി. ബാബാ സാഹെബ് രൂപവത്കരിച്ച റിപ്പബ്ലിക്കൻ പാർട്ടി ദൗത്യത്തിൽനിന്ന് പിറകോട്ട് പോയപ്പോഴാണ് ബാബാസാഹെബിന്റെ ആദർശങ്ങൾക്കായി കാൻഷി റാം ബി.എസ്.പിയുണ്ടാക്കിയത്. രൂപ് നഗർ അടങ്ങുന്ന ഹൊഷിയാർപുർ ലോക്സഭാ മണ്ഡലത്തിൽനിന്നാണ് 1996ൽ കാൻഷി റാം പാർലമെന്റിലെത്തിയത്. പഞ്ചാബിൽ ഒമ്പത് എം.എൽ.എമാരും രണ്ട് എം.പിമാരും ബി.എസ്.പിക്കുണ്ടായിരുന്നു. കാൻഷി റാം നിരവധി കാൻഷി റാമുമാരെയുണ്ടാക്കി ദേശീയ തലത്തിൽ മൂന്നാമത്തെ വലിയ പാർട്ടിയായി ബി.എസ്.പിയെ വളർത്തി.
? കാൻഷി റാമിന്റെ മരണത്തിനു ശേഷം ബി.എസ്.പിയുടെ ദലിത് രാഷ്ട്രീയത്തിന് എന്തു സംഭവിച്ചു?
സമുദായം സ്വന്തം നിലക്ക് ശക്തിയാർജിക്കണമെങ്കിൽ ദലിതുകൾക്ക് സ്വന്തമായി പാർട്ടി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദലിതുകളിൽനിന്ന് മുഖ്യമന്ത്രിയെയും എം.പിമാരെയും എം.എൽ.എമാരെയും നിരവധി നേതാക്കളെയും വളർത്തിയെടുക്കുകയും ചെയ്തു. രാഷ്ട്രീയമായി സ്വന്തം കാലിൽ നിൽക്കാൻ കാൻഷി റാം ദലിതുകളെ പ്രാപ്തരാക്കി. എന്നാൽ, കാൻഷി റാമിന്റെ മരണത്തോടെ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നവരെയെല്ലാം പുറത്താക്കി മായാവതി പാർട്ടിയെ കൈപ്പിടിയിലൊതുക്കി. പാർട്ടിക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ച നേതാക്കളെല്ലാം അതോടെ ബി.എസ്.പിക്ക് പുറത്തായി. ഒരു നാൾ താൻ പ്രധാനമന്ത്രിയാകുമെന്ന മോഹത്തിലായിരുന്നു അവർ. കാൻഷി റാമിന് ഭാരതരത്നമോ, അന്ത്യവിശ്രമത്തിന് ഉചിതമായ സ്ഥലം പോലുമോ നേടിക്കൊടുക്കാൻ മായാവതി ശ്രമിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.