സഹായിക്കാനാരുമില്ലാതെ ജീവിതം ഗതിമുട്ടി നിൽക്കുന്നവർക്ക്​ പ്രത്യാശയുമായാണ്​ സർക്കാരുകൾ ക്ഷേമപെൻഷനുകൾക്ക്​ തുടക്കമിട്ടത്​. നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണെന്നും ഹൈ​കോടതിയിൽ സത്യവാങ്​മൂലം നൽകിയിട്ടുണ്ടെങ്കിലും ഇടക്കി​ടെ ക്ഷേമപെൻഷനുകളും വർധിപ്പിക്കാറുണ്ട്​. കാലാകാലങ്ങളിലുണ്ടാകുന്ന വിലക്കയറ്റം ജീവിത ചെലവുകളി​ലെ വർധന എന്നിവയൊക്കെ കണക്കിലെടുത്താണ്​ ശമ്പളവും കൂലിയുമൊക്കെ കൂട്ടാറ്​. ക്ഷേമപെൻഷൻ കൂട്ടുന്നതിന്‍റെ അടിസ്ഥാനം എന്തെന്ന്​ ആർക്കും കൃത്യമായ ധാരണയൊന്നുമില്ല. ക്ഷേമപെൻഷനുകൾ​ മിക്ക വർഷവും വർധിപ്പിക്കാറുണ്ട്​. ചില വർഷങ്ങളിൽ ഒന്നിലേറെ തവണ വർധിപ്പിച്ച ചരിത്രവും കേരളത്തിനുണ്ട്​. ഇവ രണ്ടും എങ്ങനെ ഇങ്ങനെയായിയെന്ന്​ പരിശോധിക്കുന്നത്​ കൗതുകകരമാണ്​.

1980 ൽ ഇ.കെ. നായനാർ സർക്കാരിൽ ധനമന്ത്രി സ്ഥാനംവഹിച്ചിരുന്ന കെ.എം. മാണി ബജറ്റിലൂടെ കർഷകതൊഴിലാളി പെൻഷൻ നടപ്പാക്കിയതാണ്​ ക്ഷേമപെൻഷന്‍റെ തുടക്കം. അങ്ങനെ കാർഷിക മേഖലയിൽ സാമൂഹിക സുരക്ഷാ പെൻഷനായി 40 രൂപ വീതം നൽകിത്തുടങ്ങി. അന്ന്​ റേഷൻ കടയിൽ ഒരു കിലോ പഞ്ചസാരക്ക്​ 2.85 രൂപയായിരുന്നു വില. പുറത്തു അഞ്ചുരൂപക്ക്​ അരിയും അമ്പതുപൈസക്ക്​ മുട്ടയും 4.41 രൂപക്ക്​ ഒരുലിറ്റർ പെട്രോളും 1.58 രൂപക്ക്​ ഡീസലും കിട്ടിയിരുന്നു. 1987 ൽ രണ്ടാം നായനാർ സർക്കാർ കർഷകതൊഴിലാളി പെൻഷനു സമാനമായി മറ്റുമേഖലകളിലും ക്ഷേമനിധികൾ ഏർപ്പെടുത്തി. തുക 60 രൂപയായി കൂട്ടി. 1996 ൽ ക്ഷേമ പെൻഷനുകൾ രണ്ടുതവണ വർധിപ്പിച്ചു. 2000ാം ആണ്ടിൽ ക്ഷേമ പെൻഷൻ 120 ൽ എത്തി. 2007 ൽ ക്ഷേമപെൻഷൻ 130 രൂപയും 2008 ൽ 200 ഉം 2009 ൽ 250 ഉം 2010ൽ 300 ഉം ആയി. പിന്നീട്​ ക്ഷേമ പെൻഷൻ വർധിക്കുന്ന കാലമായിരുന്നു. 2011 ൽ 400, 2013 ൽ 500, 2014 ൽ 600, 2016 ൽ 1000 എന്നിങ്ങനെ പെൻഷൻ വളർന്നു. ക്ഷേമപെൻഷന്‍റെ വളർച്ച 2017 ൽ 1100, 2019 ൽ 1200, 2020 ഏപ്രിലിൽ 1300, കോവിഡിൽ നാടുവിറങ്ങലിച്ചു നിന്ന 2020 സെപ്​റ്റംബറിൽ 1400 2021 ജനുവരിയിൽ 1500 എന്നിങ്ങനെയായിരുന്നു. 2021 ഏപ്രിലിൽ പിണറായി വിജയൻ സർക്കാർ ക്ഷേമപെൻഷൻ 1600 രൂപയാക്കി. ഇതാണ്​ ഇപ്പോൾ നിലനിൽക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ. നിലവിലെ വിലക്കയറ്റവും ജീവിത ചിലവിലുണ്ടായിരിക്കുന്ന വർധനയും കണക്കിലെടുക്കുമ്പോൾ ക്ഷേമപെൻഷൻ ഇത്രയും നൽകിയാൽ മതിയോ എന്നതാണ്​ചോദ്യം.

ഇ.കെ. നായനാരും കെ.എം. മാണിയും (ഫയൽ ചിത്രം)

സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച്​ സാമൂഹ്യസുരക്ഷാ പെൻഷൻ്റെ ഗുണഭോക്താക്കൾ 62 ലക്ഷം വരും. ദേശീയ വാർദ്ധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്ന് പദ്ധതികൾക്ക്​ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നുണ്ട്​. വാർദ്ധക്യകാല പെൻഷനു അർഹതയുള്ളതും 79 വയസ്സുവരെ പ്രായുള്ളവരുമായ 3.4 ലക്ഷം പേർക്ക്​ 200 രൂപവീതംകേന്ദ്രം നൽകുന്നുണ്ട്​. 80 വയസിനു മുകളിൽ പ്രായമുള്ള 1.16 ലക്ഷം പേർക്ക് 500 രൂപ വീതം കേന്ദ്ര വിഹിതമുണ്ട്​. വികലാംഗ പെൻഷനിൽ 66,928 ഗുണഭോക്താക്കൾക്ക് 300 രൂപ വീതവും വിധവാ പെൻഷനിൽ 300 രൂപ വീതവും കേ​ന്ദ്രം നൽകുന്നു. 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. ബാക്കി സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിഹിതത്തിലെ ഭൂരിഭാഗവും നൽകേണ്ടത്​ സംസ്ഥാന സർക്കാരാണ്.

കർഷക ക്ഷേമ പെൻഷൻ (കൃഷി വകുപ്പ് മുഖേന), മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് വാർദ്ധക്യകാല പെൻഷൻ, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ്, ക്ഷീര കർഷക തൊഴിലാളി ക്ഷേമ ബോർഡ്, കയർ തൊഴിലാളി ക്ഷേമ ബോർഡ്, ഖാദി തൊഴിലാളി ക്ഷേമ ബോർഡ്, വ്യാപാരി ക്ഷേമ ബോർഡ്, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് (സ്കാറ്റേർഡ്), ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലെ ക്ഷേമനിധി പെൻഷനുകളും സാമൂഹ്യക്ഷേമ പെൻഷനുകളിൽ ഉൾപ്പെടും. നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ചു ഗഡുക്കൾ കുടിശ്ശികയാണ്. ഇതു ഏകദേശം 4,250 കോടി രൂപ വരും.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് (അൺഅറ്റാച്ച്ഡ്), കേരള പീടിക തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിൽ 2024 മേയ് മാസം വരെയുളള പെൻഷൻ വിതരണം ചെയ്തിട്ടുണ്ട്. തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോർഡുകളാണിവ. കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ 2023 മെയ് വരെയാണ് പെൻഷൻ നൽകിയിട്ടുള്ളത്. കെട്ടിട നിർമ്മാതാക്കളിൽ നിന്ന് പിരിച്ചെടുക്കുന്ന സെസ് തുകയിൽ നിന്നുമാണ് ഇവിടെ പെൻഷൻ വിതരണം നടത്തുന്നത്​. ആധാരം എഴുത്തുകാരുടെയും പകർപ്പ് എഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും പെൻഷനുകൾ നൽകുന്നത് ക്ഷേമനിധിയുടെ തനത് ഫണ്ടിൽ നിന്നാണ്. ഇവരുടെ ആനുകൂല്യങ്ങൾക്ക് നിലവിൽ കുടിശ്ശികയില്ല.

Tags:    
News Summary - The history of welfare pension in Kerala is as follows...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT