രണ്ട് ഗൂഢാലോചനകളും ഒരു ശവദാഹവും

ദിപാവലി ഇങ്ങെത്തിനിൽക്കെ, ഭഗവാൻ ശ്രീരാമൻ സ്വന്തം രാജ്യത്ത് (അയോധ്യയിൽ തനിക്കായി ഉയരുന്ന അത്യാകർഷക ക്ഷേത്രത്തിലേക്കും) വിജയശ്രീലാളിതനായി മടങ്ങിയെത്തിയതിന്റെ ആഘോഷം കേമമാക്കുന്ന ഒരുക്കങ്ങളിലാണ് ഹിന്ദുക്കൾ. ഇന്ത്യൻ ജനാധിപത്യം ആർജിച്ച പരമ്പര വിജയങ്ങളുടെ ഇക്കാലത്ത് അവശേഷിച്ച നാം കൂടി ആഘോഷങ്ങളിൽ ഭാഗഭാക്കാകാതെ വയ്യ. ഞെട്ടിപ്പിക്കുന്ന ഒരു ശവദാഹം കഴിഞ്ഞ് ഒരു ഉപജാപം മണ്ണോടുചേർത്ത് മറ്റൊന്നിന് വിത്തുപാകുന്നതിനിടെ പൗരാണികവും പുതിയതുമായ സ്വന്തം സാസ്കാരിക, നാഗരിക മൂല്യങ്ങളിൽ എങ്ങനെയാണ് നാം വിജ്രംഭിതരാകാതിരിക്കുക?

സെപ്റ്റംബർ പകുതിയോടെയാണ് ഉത്തർ പ്രദേശിലെ ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ ഉയർന്ന ജാതിയിൽപെട്ടവർ കൂട്ട ബലാൽസംഗത്തിനിരയാക്കി, അവയവങ്ങൾ ഛേദിച്ച് മരണത്തിന് വിട്ടുകൊടുത്ത വാർത്തകൾ വന്നത്. 600 ഓളം ബ്രാഹ്മണ, താക്കൂർ കുടുംബങ്ങൾക്കിടയിലെ 15 ദളിത് കുടുംബങ്ങളിലൊന്നായിരുന്നു അവളുടെത്. യോഗി ആദിത്യനാഥ് എന്ന് സ്വയം വിളിക്കുന്ന കാവിയണിഞ്ഞ യു.പി മുഖ്യമന്ത്രിയായ അജയ് സിങ് ബിഷ്തിന്റെ ജാതിയും താക്കൂറാണ് (ഏറെ വൈകാതെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിയുടെ പിൻഗാമിയായി അവരോധിക്കപ്പെടാനുള്ളതാണ് ഇയാൾ).

അക്രമികൾ ഒളിച്ചിരുന്ന് പെൺകുട്ടിയെ ഉപദ്രവിക്കുന്നത് അടുത്തായി പതിവായിരുന്നു. ആരും സഹായിക്കാനെത്തില്ല. ഭയന്ന് അവൾ പലപ്പോഴും വീടിനു പുറത്തിറങ്ങിയില്ല. ദുരന്തം വരാതെ കരുതുക മാത്രമായിരുന്നു കുടുംബത്തിനു മുന്നിലെ പോംവഴി. ഈ കരുതലും പക്ഷേ, മതിയായില്ല അവൾക്ക്. പശുക്കളെ മേയ്ക്കാൻ ഇറങ്ങിയ വയലിൽ ചോരയിൽ കുതിർന്ന പെൺകുട്ടിയെയാണ് അന്ന് അവളുടെ അമ്മ കാണുന്നത്. നാവ് പാതി മുറിഞ്ഞിട്ടുണ്ട്. നട്ടെല്ല് തകർന്ന് ശരീരം ചലിക്കാനാവാതെ കിടക്കുകയാണ്.

രണ്ടാഴ്ച പെൺകുട്ടി പിന്നെയും ജീവിച്ചു. ആദ്യം അലിഗഢിലെ ആശുപത്രിയിൽ. ആരോഗ്യസ്ഥിതി മോശമായതോടെ ഡൽഹിയിലെ ആശുപത്രിയിലും. സെപ്റ്റംബർ 29ന് അവൾ വിടവാങ്ങി. കഴിഞ്ഞ വർഷം മാത്രം 400 കസ്റ്റഡി മരണങ്ങൾ നടപ്പാക്കിയ യു.പി പൊലീസ്- ഇന്ത്യയിൽ ആകെ നടന്ന 1,700ന്റെ ഏകദേശം നാലിലൊന്ന്- രാത്രിയുടെ മറവിൽ അവളുടെ മൃതശരീരവുമായി അതിവേഗം നാട്ടിലേക്ക് പറന്നു. കുടുംബത്തെ വീട്ടിൽ അടച്ചിട്ട് ഭീതിയുടെ മുനയിൽ നിർത്തി. പെറ്റമ്മക്ക് പോലും യാത്രാമൊഴി ചൊല്ലാൻ അവസരം നിഷേധിച്ചു. മകളുടെ പൂമുഖം കാണാനും ആ അമ്മയെ അവർ അനുവദിച്ചില്ല. വിടപറഞ്ഞുപോയ ഉറ്റവൾക്ക് അന്ത്യ കർമങ്ങൾ ചെയ്യാൻ സമുദായത്തിനും അനുമതി ലഭിച്ചില്ല. സ്വന്തം മകളുടെ മൃതദേഹം തന്നെയാണ് ദഹിപ്പിക്കപ്പെട്ടതെന്ന് ഉറപ്പാക്കാൻ പോലും സാധ്യമാകാത്ത കുറെ ജന്മങ്ങൾ.  

കാപാലികരുടെ കൊടുംക്രൂരതയിൽ നുറുങ്ങിപ്പോയ ശരീരം, വേഗത്തിൽ തട്ടിക്കൂട്ടിയ ചിതയിലേക്ക് എടുത്തുവെച്ചപ്പോൾ നിരന്നുനിന്ന കാക്കിക്കാരുടെ പിന്നാമ്പുറത്തുകൂടിയായിരുന്നു ആകാശത്തേക്ക് പുകയുയർന്നത്. ഇതുകണ്ട് അവളുടെ കുടുംബം ഭയത്തോടെ ചേർന്നുനിന്നു. കാത്തിരുന്ന മാധ്യമങ്ങളെയായിരുന്നു അവർ കൂടുതൽ ഭയന്നത്. ഇപ്പോൾ ലഭിച്ച മാധ്യമശ്രദ്ധക്ക് ഇരുട്ടുവീഴുേമ്പാൾ പ്രതികാരമുണ്ടാകുമെന്ന് അവർ പേടിച്ചു.

ഇനിയും അതിജീവിച്ചാൽ അനുശീലിച്ച പഴയ ജീവിതങ്ങളിലേക്ക് അവർ തിരികെ പോകും. മധ്യകാല ചിന്ത വാഴുന്ന ജാതി ഭരിച്ച ഗ്രാമങ്ങളിലൊന്നിൽ കൊടുംക്രൂരതകളും അധമത്വവും വിധിയെന്ന് വെച്ച് മനുഷ്യത്വമനുഭവിക്കാത്തവരായി അവർ കഴിഞ്ഞുകൂടും.

ശവദാഹം കഴിഞ്ഞ് പിറ്റേന്ന്, എല്ലാം സുരക്ഷിതമായി ഒഴിവാക്കിയെന്ന ഉറപ്പിൽ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടില്ലെന്ന പൊലീസ് പ്രഖ്യാപനം വന്നു. അവളെ വെറുതെ കൊലപ്പെടുത്തുക മാത്രം ചെയ്തതാണത്രെ. ജാതി ക്രൂരത കേസുകളിൽ ജാതിയുടെ വാൽ മുറിച്ചുമാറ്റാൻ പതിവു നടപടിക്രമങ്ങളിൽ ഒന്നാമത്തേതാണിത്. കോടതികൾ, ആശുപത്രി രേഖകൾ, മുഖ്യധാര മാധ്യമങ്ങൾ- എല്ലാവരും സഹകരിച്ച് വെറുപ്പ് അടയാളപ്പെട്ടുകിടക്കുന്ന ഈ ജാതി ഹിംസകൾ പതിയെ, നിർഭാഗ്യകരമായ സാധാരണ കുറ്റകൃത്യങ്ങളിലൊന്നായി മാറ്റിയെടുക്കും.

അങ്ങനെ സമൂഹം രക്ഷപ്പെടും. സംസ്കാരം ഗുണംപിടിക്കും. സാമൂഹിക ആചാരങ്ങളും പരിക്കേൽക്കാതെ കരതൊടും. എത്ര തവണ നാം ഇതിന് സാക്ഷികളായിരിക്കുന്നു. 2006ൽ (മഹാരാഷ്ട്രയിലെ) ഖെയ്ർലാൻജിയിൽ ദലിതരായ സുരേഖ ഭോട്മാംഗെയും രണ്ട് മക്കളും അറുകൊല ചെയ്യപ്പെട്ട സംഭവം ഉദാഹരണം. ഭാരതീയ ജനത പാർട്ടി വാഗ്ദാനം ചെയ്യുന്ന, മഹത്തായ പൈതൃകത്തിലേക്ക് ഇന്ത്യയുടെ ഈ പിന്മടക്കത്തിന്റെ ഭാഗമാകാൻ സാധ്യമെങ്കിൽ നിങ്ങളും അടുത്ത തെരഞ്ഞെടുപ്പിൽ അജയ് സിങ് ബിഷ്തിന് വോട്ടുനൽകാൻ മറക്കരുത്. അദ്ദേഹത്തിന് നൽകാൻ കഴിയില്ലെങ്കിൽ, നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള മുസ്ലിം വിരുദ്ധനും ദലിത് വിരുദ്ധനുമായ രാഷ്ട്രീയക്കാരന്- ആണോ പെണ്ണോ ആകട്ടെ- വോട്ട് കുത്തുക. അപ്ലോഡ് ചെയ്യപ്പെടുന്ന അടുത്ത ആൾക്കൂട്ടക്കൊലയുടെ വിഡിയോ 'ലൈക്' ചെയ്യാൻ മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ട, വിഷം തുപ്പുന്ന ടെലിവിഷൻ അവതാരകനെ നിരീക്ഷിക്കുന്നത് തുടരുക- അവരാണല്ലോ നമ്മുടെ പൊതുമനഃസാക്ഷി സംരക്ഷകർ.

നമുക്ക് ഇപ്പോഴും വോട്ടുചെയ്യാനാകുന്നുവെന്നതിനും നന്ദി പറയാൻ മറക്കരുത്. കാരണം, നാം ജീവിക്കുന്നത് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യത്തിലാണ്. അയൽപക്കങ്ങളിലെ തോറ്റുപോയ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ നിഷ്പക്ഷമായ കോടതികൾ നിയമഭരണം ഉറപ്പാക്കുന്നുണ്ട്.

ഹാഥറസ് ഗ്രാമത്തിന് പുറത്ത് പെൺകുട്ടിയുടെ ശവദാഹം പൂർത്തിയാക്കി മണിക്കൂറുകൾക്കിടെ, സെപ്റ്റംബർ 30നായിരുന്നല്ലോ സി.ബി.ഐ പ്രത്യേക കോടതി നിഷ്പക്ഷതയുടെയും ആർജവത്തിന്റെയും മഹത്തായ പ്രകടനം പുറത്തെടുത്തത്.

ആധുനിക ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതി 1992ൽ ബാബരി മസ്ജിദ് തകർത്തതിൽ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട 32 പേരെയും നീണ്ട 28 വർഷത്തെ സൂക്ഷ്മ വിശകലനത്തിനൊടുവിൽ അന്ന് കോടതി കുറ്റമുക്തരാക്കി. മുൻ ആഭ്യന്തര മന്ത്രി, മുൻ കാബിനറ്റ് മന്ത്രി, മുൻ മുഖ്യമന്ത്രി എന്നിവരൊക്കെയും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. അതോടെ, ശരിക്കും ബാബരി മസ്ജിദ് തകർക്കപ്പെട്ടില്ലെന്ന് വന്നു, ചുരുങ്ങിയത് നിയമത്തിന്റെ കാഴ്ചയിലെങ്കിലും. മസ്ജിദ് സ്വയം തകർത്തതായിരിക്കണം. വർഷങ്ങൾ കാത്തിരുന്ന് അംബേദ്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ ആറ് തന്നെ തെരഞ്ഞെടുത്ത് സ്വയം തച്ചുതകർത്തതാകണം. വിശ്വാസികളെന്ന മുദ്രയുമായി തടിച്ചുകൂടിയ കാവി ഗുണ്ടകളുടെ ഇഛാശക്തിയും തുണച്ചിരിക്കും.  

പഴയ മസ്ജിദിന്റെ താഴികക്കുടങ്ങൾ അടിച്ചുതകർക്കുന്ന വിഡിയോകളും ചിത്രങ്ങളും,  നാം വായിച്ചതും കേട്ടതുമായ സാക്ഷിമൊഴികൾ, സംഭവശേഷം മാസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകൾ- എല്ലാം നമ്മുടെ മിഥ്യാ ഭാവനകൾ മാത്രം. തുറന്ന പാതയിൽ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തും, നഗര നിരത്തുകൾ അടച്ചിട്ടും, ഹിന്ദുക്കൾ അയോധ്യയിൽ സംഗമിച്ച് പള്ളിയുടെ ഭൂമിയിൽ ഹിന്ദു ക്ഷേത്ര നിർമാണത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തും എൽ.കെ അദ്വാനി രാജ്യത്തുടനീളം നടത്തിയ രഥയാത്ര സത്യത്തിൽ നടന്നിട്ടേയുണ്ടാകില്ല.

അദ്ദേഹത്തിന്റെ യാത്രയുടെ തുടർച്ചയായുണ്ടായ മരണങ്ങളും കൂട്ടനാശങ്ങളും സംഭവിച്ചുകാണില്ല. 'ഏക് ധക്ക ഓർ ദോ, ബാബരി മസ്ജിദ് തോഡ് ദോ' എന്ന് ആരും മുദ്രാവാക്യം വിളിച്ചിട്ടുമില്ല. നാം അനുഭവിക്കുന്നതൊക്കെയും പൊതുവായ, ദേശവ്യാപക ഹാലൂസിനേഷൻ മാത്രം. നാം എന്തായിരുന്നു ഇതുവരെ പുകച്ചുകൊണ്ടിരുന്നത്? എന്നിട്ടും എന്തേ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ നമ്മെ വിളിപ്പിക്കാതിരുന്നത്? ബോളിവുഡുകാരെ മാത്രം വിളിക്കുന്നത്? നിയമത്തിനു മുന്നിൽ നമ്മൾ എല്ലാവരും തുല്യരല്ലേ?

പള്ളി പൊളിക്കാൻ പദ്ധതികളേയില്ലായിരുന്നുവെന്ന് തെളിയിക്കാൻ 2,300 പേജ് വിധിപ്രസ്താവമാണ് പ്രത്യേക കോടതി ജഡ്ജി എഴുതി തയാറാക്കിയത്. വലിയ ഒരു സാഹസമാണത്, അംഗീകരിച്ചേ പറ്റൂ. നിഗൂഢ പദ്ധതിയില്ലെന്ന് തെളിയിക്കാൻ 2,300 പേജ്. തകർക്കൽ പദ്ധതിയിടാൻ 'ഒരു മുറിയിൽ' ഒന്നിച്ചുകണ്ടുവെന്ന് ആരോപണത്തിന് ഒരു തെളിവുമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ശരിയാണ്, അതിന് തെളിവുണ്ടാകില്ല. കാരണം, ആസൂത്രണം നടന്നത് മുറിക്കു പുറത്തായിരുന്നു. നമ്മുടെ നിരത്തുകളിൽ, പൊതു യോഗങ്ങളിൽ, നമ്മുടെ ടെലിവിഷൻ സ്ക്രീനുകളിൽ. എങ്കിലല്ലേ നമുക്കൊക്കെയും പങ്കാളികളാകാനാകൂ?

ഏതായാലും, ബാബരി മസ്ജിദ് ഗൂഢാലോചന ചിത്രത്തിന് പുറത്താണിപ്പോൾ. പകരം ഒന്ന്​ എത്തിയിട്ടുണ്ട്​. അതാണിപ്പോൾ 'ട്രെൻഡിങ്​'. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന 2020ലെ ഡൽഹി കൂട്ടക്കൊലയാണിത്​. 53 പേർ​ (40ഉം മുസ്​ലിംകൾ) സംഭവത്തിൽ കൊല്ല​െപ്പട്ടു. 581 പേർക്ക്​ പരിക്കേറ്റു. മസ്​ജിദുകൾ, ശ്​മശാനങ്ങൾ, മദ്​റസകൾ എന്നിവ പ്രത്യേകമായി ലക്ഷ്യം വെക്കപ്പെട്ടു. വീടുകൾ, കടകൾ, വ്യാപാര സ്​ഥാപനങ്ങൾ, വിശിഷ്യാ മുസ്​ലിംകളുടെത്​ വ്യാപകമായി കൊള്ളിവെപ്പിനിരയായി.

ഈ ഗൂഢാലോചനയിൽ ഡൽഹി പൊലീസ്​ തയാറാക്കിയ കുറ്റപത്രം ആയിരക്കണക്കിന്​ പേജുകളുണ്ട്​. കുറച്ചുപേർ ഒരു മേശക്കുചുറ്റും- ശരിക്കും ഒരു മുറിയിൽ തന്നെ- ഇരുന്ന്​ ഗൂഢാലോചന നടത്തുന്ന ചിത്രവും അതിലുണ്ട്​. അവരുടെ മുഖം വായിച്ചാലറിയാം, ഗൂഢാലോചന തന്നെയാണ്​ നടക്കുന്നത്​. അധികമായി ചിലതുകൂടിയുണ്ട്​ അതിൽ. ആരോപണങ്ങളുടെ മുനയിൽ നിൽക്കുന്ന ഇവരെ തിരിച്ചറിയുന്ന പൊലീസ്​ ​പേരുകളും വെളിപ്പെടുത്തുന്നുണ്ട്​.

ബാബരി മസ്​ജിദി​െൻറ താഴികക്കുടത്തിനു മേൽ വലിയ ചുറ്റികകളുമായി നിൽക്കുന്ന ആ മനുഷ്യരെക്കാൾ അത്യന്തം അപകടകാരികൾ. അന്ന്​ മേശക്കു ചുറ്റുമിരുന്നവരിൽ പലരും ജയിലിലായിക്കഴിഞ്ഞു. മാസങ്ങൾക്കുളളിൽ അറസ്​റ്റ്​ പൂർത്തിയായി. കുറ്റമുക്​തരാക്കാൻ ഇനി കാലങ്ങളെടു​ക്കാം. ബാബരി വിധി പരിഗണിച്ചാൽ, ചുരുങ്ങിയത്​ 28 വർഷമെങ്കിലും കാക്കണം.

ഇവർക്കു മേൽ ചുമത്തിയ യു.എ.പി.എ പ്രകാരം ദേശവിരുദ്ധത ചിന്തയിൽ വന്നാലും കുറ്റമാണ്​. നിരപരാധിയാണെന്ന്​ ​െതളിയിക്കേണ്ടത്​ നിന്റെ മാത്രം ഉത്തരവാദിത്വം. ഇതേ കുറിച്ച്​ കൂടുതൽ വായിക്കുകയും പൊലീസ്​ പതിവു മുറകൾ നിരീക്ഷിക്കുകയും ചെയ്യു​ന്തോറും എനിക്ക്​ മനസ്സിലായത്​,​ ഭ്രാന്തന്മാര​ുടെ കമ്മിറ്റിക്കു മുന്നിലെത്തി ഭ്രാന്ത്​ തെളിയിക്കാൻ നിർബന്ധിതനായ ഭ്രാന്തന്റെ അവസ്​ഥയായിരിക്കുമെന്ന്​.

ദേശീയ പൗരത്വ പട്ടികക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ പ്രതിഷേധിച്ച മുസ്​ലിം വിദ്യാർഥികൾ, ആക്​ടിവിസ്​റ്റുകൾ, ഗാന്ധിയന്മാർ, നഗര നക്​സലുകൾ, ഇടതന്മാർ എന്നിവർ നടത്തിയ ഗൂഢാലോചനയാണ്​ ഡൽഹി കലാപമെന്ന്​ വിശ്വസിക്കാനാണ്​ നമ്മോട്​ ആവശ്യപ്പെടുന്നത്​. ''പൈതൃക രേഖകൾ'' ചോദിച്ച്​ മുസ്​ലിം സമൂഹത്തിന്റെയും ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കാലടിയിലെ മണ്ണ്​ മാന്താൻ രൂപം നൽകിയതാണ്​ രണ്ടു രേഖകളുമെന്ന്​ ഇവർ വിശ്വസിക്കുന്നു. ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. മാത്രവുമല്ല, ഇനിയും പദ്ധതിയുമായി മുന്നോട്ടുപോകാനാണ്​ സർക്കാർ തീരുമാനമെങ്കിൽ, പ്രതിഷേധം വീണ്ടും ആരംഭിക്കും, ആരംഭിക്കാതെ തരമില്ല താനും.

ഫെബ്രുവരിയിൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ എത്തുന്ന സമയത്ത്​ രക്​തരൂഷിതമായ വർഗീയ കലാപങ്ങൾ തീർത്ത്​ ഇന്ത്യൻ സർക്കാറിന്​ തലവേദന സൃഷ്​ടിക്കാനുള്ളതായിരുന്നു ഡൽഹി ഗൂഢാലോചനയെന്ന്​ പൊലീസ്​ പറയുന്നു. മുസ്​ലിംകളല്ലാത്തവർ പ​​ങ്കെടുത്തത്​ പ്രതിഷേധങ്ങൾക്ക്​ ''മതേതര നിറം'' നൽകാനായിരുന്നുവത്രെ. കുത്തിയിരുപ്പ്​ സരങ്ങൾ നയിച്ച ആയിരക്കണക്കിന്​ മുസ്​ലിം വനിതകൾ പ്രതിഷേധത്തിന്​ ലിംഗ വൈവിധ്യം ഉറപ്പാക്കാൻ ''ഇറക്കുമതി''യായിരുന്നു.

എല്ലാവരും ചേർന്ന്​ പതാക ഉയരെ പാറിച്ചതും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചതും, പ്രതിഷേധങ്ങളെ അടയാളപ്പെടുത്തി സ്​നേഹവും സംഗീതവും കവിതയും തെരുകളിൽ അലയടിച്ചതുമെല്ലാം ദുരുദ്ദേശ്യത്തോടെ നടത്തിയ വ്യാജ നടപടികൾ മാത്രം. ഒന്നുകൂടി വിശദമാക്കിയാൽ, പ്രതിഷേധത്തിന്റെ മർമം ജിഹാദിയാണ്, ഒരു ​പുരുഷ സമരവും- അവശേഷിച്ചവയെല്ലാം 'ഡെക്കറേഷനുകൾ' മാത്രം.

വർഷങ്ങളായി മാധ്യമ വേട്ടയുടെ ഇരയായ ഡോ. ഉമർ ഖാലിദ്​ എന്ന ചെറുപ്പക്കാരനാണ്​ പൊലീസ്​ ഭാഷ്യത്തിൽ ഗൂഢാലോചനക്കാരിൽ പ്രധാനി. അയാൾക്കെതിരായ തെളിവുകൾ മാത്രമുണ്ട്​ 10 ലക്ഷത്തിലേറെ പേജുകൾ (ഇതേ ഭരണകൂടം തന്നെയാണ്​ കഴിഞ്ഞ മാർച്ച്​ മാസത്തിൽ ലോകത്തെ ഏറ്റവും ക്രൂരമായ ലോക്​ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ ഏറെ അകലെയുള്ള ഗ്രാമങ്ങളിലെ വീടണയാൻ നൂറുകണക്കിന്​ അല്ല, ആയിരക്കണക്കിന്​ കിലോമീറ്ററുകൾ താണ്ടിയ 10 ലക്ഷം തൊഴിലാളികളെ കുറിച്ച്​ ഒരു വിവരവുമില്ലെന്ന്​ പറഞ്ഞത്​, അതിൽ എത്ര പേർ മരിച്ചെന്നോ പട്ടിണികിടന്നെന്നോ രോഗികളായെന്നോ ഒന്നും അറിയില്ലെന്നും).

ഉമർ ഖാലിദിനെ കുറിച്ച 10 ലക്ഷം പേജുകളിൽ പക്ഷേ, ജാഫറാബാദ്​ മെട്രോ സ്​റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇടം പിടിച്ചിട്ടില്ല. അവിടെ വെച്ചായിരുന്നു ശരിക്കും അദ്ദേഹം ഗൂഢാലോചന നടത്തിയതും പ്രകോപനം സൃഷ്​ടിച്ചതും. ഈ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന്, കലാപം ആളിക്കത്തിയ ഫെബ്രുവരി 25ന്​ തന്നെ​ ആക്​ടിവിസ്​റ്റുകൾ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടതായിരുന്നു. പക്ഷേ, കാരണമറിയില്ല അവ മായ്​ക്കപ്പെട്ടുകളഞ്ഞു.

ഉമർ ഖാലിദും പിന്നെ യു.എ.പി.എ ചുമത്തപ്പെട്ട്​ അടുത്തിടെ അറസ്​റ്റിലായ നൂറുകണക്കിന്​ പേരും ജയിലുകളിലുണ്ട്​. ​കൊലപാതകം, വധശ്രമം, കലാപം നടത്തൽ തുടങ്ങിയ വകുപ്പുകളും അവരുടെ തലയിലുണ്ട്​. 10 ലക്ഷം പേജുള്ള തെളിവുകളിലൂടെ ഒന്ന്​ കണ്ണോടിക്കാൻ കോടതികൾക്കും അഭിഭാഷകർക്കും എത്ര കാലം വേണ്ടിവരും?

ബാബരി മസ്​ജിദ്​ സ്വയം തകർക്കാൻ തീരുമാനിച്ചതിന്​ സമാനമായി, ഡൽഹി പൊലീസ്​ ഭാഷ്യ പ്രകാരം 2020ലെ ഡൽഹി കൂട്ടക്കൊലയിൽ മുസ്​ലിംകൾ സ്വയം വധിക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. അവർ തന്നെ അവരുടെ പള്ളികളും സ്വന്തം വീടുകളും തകർക്കുകയായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ അവർ തന്നെ അനാഥരാക്കി. ഇന്ത്യയിൽ എത്തുന്ന സമയം എത്ര മോശം സമയമെന്ന്​ ഡോണൾഡ്​ ട്രംപിനെ കാണിക്കാനായിരുന്നു ഇതെല്ലാം.

കേസിന്​ വീര്യം കൂട്ടാൻ, കുട്ടികളും ആക്​ടിവിസ്​റ്റുകളും ആക്​ടിവിസ്​റ്റ്​ ഗ്രൂപുകളും തമ്മിൽ നടന്ന വാട്​സാപ്​ സംഭാഷണങ്ങളും കുറ്റപത്രങ്ങളിൽ ചേർത്തിട്ടുണ്ട്​. കുത്തിയിരുപ്പ്​ സമരങ്ങൾ സമാധാന പൂർണമായി സംഘടിപ്പിക്കാൻ നടത്തിയ സന്ദേശ കൈമാറ്റങ്ങളായിരുന്നു അവയിൽ. അതേ സമയം, മുസ്​ലിംകളെ അറു​െകാല ചെയ്​ത്​ അഭിമാനം കൊള്ളുകയും ബി.ജെ.പി നേതൃത്വത്തെ വാഴ്​ത്തുകയും ചെയ്യുന്ന കട്ടാർ ഹിന്ദു ഏകത, അഥവാ തീവ്ര ഹിന്ദു ഐക്യം എന്ന സംഘടനയുടെ വാട്​സാപ്​ സന്ദേശങ്ങൾ തീർത്തും വ്യത്യസ്​തമായിരുന്നു. അവ ഉൾപെട്ടത്​ മറ്റൊരു കുറ്റപത്രത്തിലായിരുന്നു.

കുട്ടികളും ആക്​ടിവിസ്​റ്റുകളും തമ്മിലെ സംഭാഷണങ്ങളിലേറെയും ആവേശം ഉദ്ദീപിപ്പിക്കുന്നതും ഉദ്ദേശ്യം വ്യക്​തമാക്കുന്നതും ധാർമിക രോഷം ഉണർത്തുന്നതുമായ കാര്യങ്ങൾ സംസാരിക്കുന്നവയാണ്​. അവ വായിക്കുന്നത്​ തന്നെ ആവേശകരമാണ്​. കോവിഡിനു മുമ്പുള്ള ആ കാലത്ത്​ യുവത്വം കർമ ഗോദയിലിറങ്ങിയതി​െൻറ അടയാളങ്ങൾ ഈ സന്ദേശങ്ങളിൽ കാണാം. സമരമുഖത്ത്​ ശാന്തത പാലിക്കേണ്ടതി​െൻറ ആവശ്യം മുതിർന്നവർ പലപ്പോഴും ഉണർത്തുന്നത്​ നമുക്ക്​ വായിക്കാം. അതാണ്​ ജനാധിപത്യം.

കടുത്ത ശൈത്യം അവഗണിച്ച്​, ആഴ്​ചകളായി സമരമുഖത്ത്​ തുടർന്ന ആയിരക്കണക്കിന്​ വനിതകൾ ആർജിച്ച അമ്പരപ്പിക്കുന്ന വിജയം മറ്റിടങ്ങളിൽ കൂടി നടപ്പാക്കണോ എന്നായിരുന്നു അവരുടെ സംവാദ വിഷയം. ഗതാഗതം മുടക്കിയും ബഹളം സൃഷ്​ടിച്ചും അവർ പ്രധാന പാതകളിലൊന്നിൽ കുത്തിയിരുപ്പ്​ നടത്തിയത്​ ആഴ്​ചകളായിരുന്നു. അതുവഴി അവരും അവർ മുന്നോട്ടുവെച്ച ലക്ഷ്യവും ലോകശ്രദ്ധ പിടിച്ചുപറ്റി.

ഷഹീൻ ബാഗിലെ ദാദി എന്ന ബിൽഖീസ്​ ബാനു ​​'ടൈം മാസിക'യുടെ 2020ലെ ഏറ്റവും സ്വാധീനിച്ച വ്യക്​തികളിലൊരാളായി മാറി (2002ൽ ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന വംശഹത്യയിൽ രക്ഷപ്പെട്ട 19കാരിയായ ബിൽഖിസ്​ ബാനുവുമായി ​ഇവരെ മാറിപ്പോകരുത്​. മൂന്നുവയസ്സുള്ള സ്വന്തം മകളുൾപെടെ 14 പേരെ ഹിന്ദുത്വ ഭീകരർ അറുകൊല ചെയ്യുന്നതിനാണ്​ അന്ന്​ അവൾ സാക്ഷിയായത്​. ഗർഭിണിയായിരുന്ന അവളെ അവർ കൂട്ട ബലാൽസംഗത്തിനുമിരയാക്കി. അത്രയെ ചെയ്​തുള്ളൂ).

ഡൽഹി ആക്​ടിവിസ്​റ്റുകളുടെ വാട്​സാപ്​ സന്ദേശങ്ങൾ വായിച്ച്​ വടക്കുകിടക്കൻ ഡൽഹിയിൽ റോഡ്​ ഉപരോധിക്കണോ വേണ്ടയോ എന്ന്​ ജനം സന്ദേഹിച്ചിരുന്നു. റോഡ്​ ഉപരോധം സംഘടിപ്പിക്കുന്നതിൽ എന്നെങ്കിലും തെറ്റുണ്ടോ. കർഷകർ പലവട്ടം അത്​ സംഘടിപ്പിച്ചതാണ്​. ചെറുകിട കർഷകരെ അസ്​തിത്വ പ്രതിസന്ധിയിലാക്കി ഇന്ത്യൻ കാർഷിക രംഗം ​കുത്തകകൾക്ക്​ തീറെഴുതാൻ ലക്ഷ്യമിട്ട്​ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും ഇപ്പോഴും അവരത്​ തുടരുന്നു.

ഡൽഹി പ്രതിഷേധങ്ങൾക്കിടെ ചില ആക്​ടിവിസ്​റ്റുകൾ വാദിച്ചത്​ റോഡ്​ ഉപരോധിക്കുന്നത്​ നേർവിപരീത ഫലമുണ്ടാക്കുമെന്നായിരുന്നു. തൊട്ടുമുമ്പ്​ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമേറ്റുവാങ്ങിയ ബി.ജെ.പി നേതാക്കൾ ഇതൊരവസരമായി കണ്ട്​ കലാപം ഇളക്കി വിട്ടാൽ തങ്ങളുടെ സമുദായം തന്നെയാകും ഇരകളെന്ന്​ ചില ആക്​ടിവിസ്​റ്റുകൾ വാദിച്ചിരുന്നു. കർഷകരും ഗുജ്ജാറുകളും ദലിതുകൾ പോലും നടത്തുന്നത്​ ഒന്നും മുസ്​ലിംകൾ നടത്തിയാൽ മറ്റൊന്നുമാണെന്ന്​ അവർക്കറിയാം. ഇന്ത്യയുടെ നവ യാഥാർഥ്യം ഇതാണ്​.

റോഡം ​ഉപരോധം പോലും സംഘടിപ്പിച്ചില്ലെങ്കിൽ സമരം ആരോരുമറിയാതെ ഒടുങ്ങിപ്പോകുമെന്നായിരുന്നു മറുവിഭാഗത്ത​ി​െൻറ വാദം. അവർ പറഞ്ഞപോലെ, ചിലയിടങ്ങളിൽ റോഡുകൾ ഉപരോധിക്കപ്പെട്ടു. പ്രവചിക്കപ്പെട്ടപോലെ ഇതൊരു അവസരമായി കണ്ട ഹിന്ദുത്വ ആൾക്കൂട്ടം ആയുധങ്ങളണിഞ്ഞും കൊലയാളി മുദ്രാവാക്യങ്ങൾ മുഴക്കിയും അവസരം മുതലാക്കുകയും ചെയ്​തു.

ദിവസങ്ങളോളം ഇക്കൂട്ടർ നടപ്പാക്കിയ ക്രൂരത അതിഭീകരമായിരുന്നു. പൊലീസ്​ നിർലജ്ജമായി ഇവർക്കൊപ്പം നിലയുറപ്പിച്ചതിന്​ വിഡിയോകൾ സാക്ഷി. മുസ്​ലിംകളും തിരിച്ചടിച്ചു. ജീവനും സ്വത്തും ഇരുവശത്തും നഷ്​ടമായി. പക്ഷേ, ഒട്ടും സമാനതകളില്ലാതെ. ഒരിടത്തും ഇവിടെ തുല്യത കാണാനാകില്ല. കലാപം ആളിപ്പടരാൻ അനുവദിക്കപ്പെട്ടു. പൊലീസ്​ ചുറ്റും നിൽക്കെ പരിക്കേറ്റ്​ നടുറോഡിൽ പിടയുന്ന മുസ്​ലിം യുവാക്കളുടെ കാഴ്​ചകൾ നാം കണ്ടു. അവരെകൊണ്ട്​ ദേശീയ ഗാനം ചൊല്ലിക്കുന്ന തിരക്കിലായിരുന്നു പൊലീസ്​. അവരിലൊരാളായ ഫൈസാൻ മരണം വരിക്കുകയും ചെയ്​തു.

സഹായം തേടി പൊലീസിനെത്തിയത്​ എണ്ണമറ്റ കോളുകൾ. കൊലയും കൊള്ളിവെപ്പും ശമിച്ചപ്പോൾ, അക്രമികളുടെ പേരു പറയാതിരിക്കാൻ അതേ പൊലീസ്​ നിർബന്ധിക്കുന്നതായി ഇരകളുടെ നിരന്തര പരാതികളായിരുന്നു പിന്നെ. സ്വീകരിക്കപ്പെട്ട പരാതികളാക​ട്ടെ, കുറ്റവാളികൾ രക്ഷിക്കപ്പെടുംവിധവും.

ഒരു വാട്​സാപ്​ ചാറ്റിൽ റോഡ്​ ഉപരോധം നടത്തുന്നതി​െൻറ അപകടങ്ങൾ നിരന്തരം മുന്നറിയിപ്പ്​ നൽകുന്ന ഒരു ആക്​ടിവിസ്​റ്റ്​ അവസാനം ഗ്രൂപ്​ വിടുന്നുണ്ട്​. ഇത്തരം സന്ദേശങ്ങളാണ്​ പൊലീസും മാധ്യമങ്ങളും ചേർന്ന്​​ കലാപാഹ്വാനങ്ങളായി വരവുവെച്ചത്​. രാജ്യം ഏറ്റവും കൂടുതൽ ആദരിക്കുന്ന ആക്​ടിവിസ്​റ്റുകൾ, അധ്യാപകർ, സിനിമ നിർമാതാക്കൾ എന്നിവരൊക്കെയും കൊലപാതകങ്ങൾക്ക്​ പ്രേരണ നൽകുന്ന ഗൂഢാലോചകരായി മാറി. ഇതിനെക്കാൾ നൃശംസാർഹമായി മറ്റെന്തുണ്ട്​?

പക്ഷേ, ഇവരുടെ നിരപരാധിത്വം തെളിയിക്കപ്പെടാൻ വർഷങ്ങളെടുക്കും. അതുവരെ ഇവർ ജയിലിൽ തന്നെയാകും. അവരുടെ ജീവിതം പെരുവഴിയിലാകും. യഥാർഥ കൊലപാതകികളും ​പ്രേരണ നൽകിയവരും സ്വതന്ത്രരായി അലഞ്ഞുനടക്കും. ഈ പ്രക്രിയ തന്നെ ശിക്ഷയായാണ്​ പരിഗണിക്കപ്പെടുന്നത്​.

അതിനിടെ, നിരവധി സ്വതന്ത്ര മാധ്യമ റിപ്പോർട്ടുകൾ, വസ്​തുതാന്വേഷണ റിപ്പോർട്ടുകൾ എന്നിവയും മനുഷ്യാവകാശ സംഘടകളും ഡൽഹി പൊലീസി​െൻറ പങ്ക്​ വ്യക്​തമാക്കുന്നുണ്ട്​. നാം കണ്ട പല വിഡിയോകളും തെളിവായി നിരത്തി, 2020 ആഗസ്​റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഡൽഹി പൊലീസ്​ ആൾക്കൂട്ടത്തിനൊപ്പം നിന്ന്​ പ്രതിഷേധക്കാരെ അടിച്ചവശരാക്കുകയായിരുന്നുവെന്ന്​ ആംനസ്​റ്റി ഇൻറർനാഷനൽ കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിറകെ, സാമ്പത്തിക ക്രമക്കേട്​ ആരോപണങ്ങൾ സംഘടനക്കെതിരെ ഉന്നയിക്കപ്പെട്ടു. ബാങ്ക്​ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഓഫീസുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന്​ ഇന്ത്യയിലെ 150 ഓളം ജീവനക്കാരെയും സംഘടനക്ക്​ പിരിച്ചുവിടേണ്ടിവന്നു.

വിഷയം ഗുരുതരമാകുന്ന ആദ്യം നാടുവിടേണ്ടിവരിക രാജ്യാന്തര നിരീക്ഷകരാകും. ഏതൊക്കെ രാജ്യങ്ങളിലാണ്​ നാം ഈ പ്രക്രിയ കണ്ടിട്ടുള്ളത്​. ചിന്തിച്ചുനോക്കൂ. അല്ലെങ്കിൽ ഗൂഗിളിനോട്​ ചോദിക്കൂ.

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക്​ സ്​ഥിരാംഗത്വം വേണം. അങ്ങനെ ലോക കാര്യങ്ങളിൽ അഭിപ്രായം പറയാനാകണം. ഒപ്പം, മർദനങ്ങൾക്കെതി​രായ അന്താരാഷ്​ട്ര ഉടമ്പടി ഒപ്പുവെക്കാത്ത അഞ്ചു രാജ്യങ്ങളിലൊന്നായും തുടരണം. ഒട്ടും ഉത്തരവാദിത്വമില്ലാത്ത ഒറ്റക്കക്ഷി ജനാധിപത്യവും ഇവിടെ നടപ്പിൽവരണം.

തീർത്തും അസംബന്ധമായ, പൊലീസ്​ ചമച്ച 2020ലെ ഡൽഹി ഗൂ​ഢാലോചനയും സമാനമായ 2018ലെ ഭീമ കൊറിഗോൺ ഗൂഢാലോചനയും വഴി ലക്ഷ്യമിടുന്നത്​ ആക്​ടിവിസ്​റ്റുകൾ, വിദ്യാർഥികൾ, എഴുത്തുകാർ, കവികൾ, പ്രഫസർമാർ, ട്രേഡ്​ യൂനിയൻ നേതാക്കൾ, വഴങ്ങാത്ത സർക്കാറിതര സന്നദ്ധ സംഘടനകൾ എന്നിവക്ക്​ മൂക്കുകയറിടലും ജയിലിലടക്കലുമാണ്​. കഴിഞ്ഞകാല, വർത്തമാന ഭീകരതകൾ മായ്​ച്ചുകളയുക മാത്രമല്ല, പുതിയതിന്​ നിലമൊരുക്കൽ കൂടി നടക്കണം.

എനിക്ക്​ തോന്നുന്നത്​, ഈ ദശലക്ഷം വരു​ന്ന തെളിവു ശേഖരണത്തിനും 2,000 പേജുള്ള കോടതി വിധികൾക്കും നാം നന്ദി പറയണമെന്നാണ്​. കാരണം, ജനാധിപത്യത്തി​െൻറ മൃതപ്രായമായ ശരീരം ഇപ്പോഴും അവിടെയിവിടെ കറങ്ങിനടക്കുന്നുവെന്ന്​ അത്​ തെളിയിക്കുന്നു. ഈ ജഡത്തി​െൻറ ശവദാഹം ഇനിയും കഴിഞ്ഞിട്ടില്ല. കാര്യങ്ങൾ മന്ദഗതിയിലാക്കി അത്​ പ്രതിരോധിച്ച്​ നിൽക്കുന്നുണ്ട്​. വൈകാതെ അതിനെ ആഴക്കടലിലെറിയുന്നതോടെ കാര്യങ്ങൾ വേഗത്തിലാകും. ഭരണത്തിലുള്ളവ​െൻറ മുദ്രാവാക്യം ഇതുകൂടിയാകും- എക്​ ധഡ്​ക ഓർ ദോ, ഡെമോക്രസി കാട്​ ദോ.

ആ ദിനം വരു​േമ്പാൾ, പ്രതിവർഷം 1700 കസ്​റ്റോഡിയൽ മരണങ്ങളെന്നത്​ മഹത്തായ നമ്മുടെ ഇന്നലെ കുറിച്ച സുഖമുള്ള ഓർമകളാകും.

ഈ ചെറിയ സത്യം നമ്മെ അലോസരപ്പെടുത്തരുത്​. കൊടിയ ദാരിദ്ര്യത്തിലേക്കും യുദ്ധത്തിലേക്കും നമ്മെ നയിച്ചുകൊണ്ടിരിക്കുന്ന, നമ്മെ നെടുകെ പിളർത്തിക്കൊണ്ടിരിക്കുന്ന ഈ ആളുകൾക്ക്​ തന്നെ നമുക്ക്​ പിന്നെയും പിന്നെയും വോട്ടുനൽകാം...

ചുരുങ്ങിയ പക്ഷം, അവർ മഹത്തായ ഒരു ക്ഷേത്രം നിർമിക്കുകയാണ്​. അത്​ ചെറിയ കാര്യമല്ലല്ലോ.

മൊഴിമാറ്റം: കെ.പി. മൻസൂർ അലി
കടപ്പാട്: scroll.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.