ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ഹിന്ദുത്വശക്തികൾ കൂടുതൽ കരുത്താർജിക്കുമെന്നുറപ്പായി. ഹിന്ദു രാഷ്ട്രസ്ഥാപനമെന്ന വിശാല സൈദ്ധാന്തിക പദ്ധതിയുടെ കരുത്തനായ കാവലാളാണല്ലോ യോഗി. സംസ്ഥാന ജനസംഖ്യയിൽ 20 ശതമാനം വരുന്ന മുസ്ലിം ജനസംഖ്യയുടെ മുന്നിലുള്ള വലിയ ചോദ്യം, ഇപ്പോഴും തുടരുന്ന മനഃശാസ്ത്രപരമായ 'അപരവത്കരണ'ത്തിലുപരി എന്തൊക്കെ ദുരന്തങ്ങൾ തങ്ങളെ കാത്തിരിക്കുന്നുവെന്നതാണ്.
ആദ്യമായി, എന്തൊക്കെ സംഭവിക്കാൻ പോകുന്നില്ല എന്നു പരിശോധിക്കാം. തുറന്ന വർഗീയ സംഘട്ടനങ്ങളിൽ ബി.ജെ.പിക്ക് അത്ര താൽപര്യമിെല്ലന്നതാണ് ഒന്നാമത്തേത്. ക്രമസമാധാനപാലകരായി സ്വയം എഴുന്നള്ളിക്കുന്ന പ്രതിച്ഛായ കളങ്കപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല എന്നതുതന്നെ കാരണം. തെരഞ്ഞെടുപ്പ് കാലത്ത് അതായിരുന്നല്ലോ മുഖ്യ പ്രചാരണായുധം. മാത്രവുമല്ല, അത്തരം പ്രകോപനങ്ങൾക്ക് തലവെക്കാതെ മുസ്ലിംകൾ സ്വയം അകന്നുനിൽക്കുന്നുമുണ്ട്.
പൊതുവായ അതിജീവന രീതിയിൽ മാറിനിൽക്കൽ അതിപ്രധാനമാണ്. ന്യൂനപക്ഷ ജനസംഖ്യ 50 ശതമാനം തൊടുന്ന മുറാദാബാദ് പോലുള്ള പട്ടണങ്ങളിൽ- പൊലീസും ഭരണകൂടസംവിധാനങ്ങളും പക്ഷം പിടിച്ചുനിൽക്കുന്ന വർഗീയ സംഘട്ടനങ്ങളായിരുന്നല്ലോ ഇവിടങ്ങളിൽ ഏറ്റവും കൂടുതൽ അവരെ തകർത്തുകളഞ്ഞത്- കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വർഗീയസംഘട്ടനങ്ങൾ ഉണ്ടായിട്ടില്ല. ഇത് ചെറിയ ഔദാര്യവുമാകാം.
സാമ്പത്തിക സ്ഥിതി അതിദാരുണമായ നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിയും പ്രാദേശിക സമവാക്യങ്ങൾ തെറ്റിക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. കാരണം, രാജ്യത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനത്ത് പിച്ചള ഉൽപാദനത്തിെൻറ ആസ്ഥാനമായ മുറാദാബാദും ഗ്ലാസ് ഫാക്ടറികൾക്ക് പ്രശസ്തമായ ഫിറോസാബാദും തുടങ്ങി പട്ടുവസ്ത്ര നിർമാണത്തിനു പേരുകേട്ട വാരാണസി വരെയുള്ളിടങ്ങളിൽ മുസ്ലിംകളും ഹിന്ദുക്കളും സാമ്പത്തികമായി ഇഴചേർന്നുനിൽക്കുന്നവരാണ്. മുസ്ലിംകൾ സാധാരണ പണിക്കാരും വിദഗ്ധ തൊഴിലാളികളുമാകുേമ്പാൾ ഹിന്ദുക്കൾ വ്യാപാരികളും ഫാക്ടറി ഉടമകളുമാകും. അപൂർവം ചിലപ്പോൾ ഉടമകളായും മുസ്ലിംകളുണ്ടാകും. ഇരു സമുദായങ്ങളും വോട്ടുനൽകുന്നത് വ്യത്യസ്തമായാകാം. എന്നാൽ, ബി.ജെ.പിക്ക് വോട്ടുനൽകുന്നവർപോലും നിലവിൽ വലിയ സംഘർഷങ്ങളുടെ സൃഷ്ടിയായ സാമ്പത്തിക പൊട്ടിത്തെറി ആഗ്രഹിക്കാത്തവരാണ്.
മറ്റൊന്ന്, കാലിക്കടത്ത് ആരോപിച്ച് വലിയ തോതിൽ ഇനിയും ആൾക്കൂട്ടക്കൊലകളും ഉണ്ടാകണമെന്നില്ല. 2014ൽ ബി.ജെ.പി ആധിപത്യം നേടിയ ഉടൻ യു.പിയിൽ അതു കണ്ടതാണ്. കാരണം, പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാർട്ടി വോട്ടുവിഹിതം കാര്യമായി വർധിപ്പിച്ച ഈ തെരഞ്ഞെടുപ്പിെൻറ പ്രധാന വിഷയങ്ങളിലൊന്ന് കൃഷിഭൂമികളിൽ അലയുന്ന കാലികൾ സൃഷ്ടിക്കുന്ന വെല്ലുവിളികളായിരുന്നു. സ്വന്തം വിള കാക്കാൻ രാവും പകലുമെന്നില്ലാതെ അവർ കാവലിരിക്കേണ്ടിടത്താണ് കാര്യങ്ങൾ.
മുമ്പ്, കർഷകർക്ക് പ്രായം ചെന്ന കാലികളെ അറവുശാലകൾക്ക് വിൽക്കാമായിരുന്നു. അവയെ അറുത്ത് ഇറച്ചിയായും തുകലായും മരുന്നുൽപാദക മേഖലയിലുൾപ്പെടെ ഉപയോഗപ്പെടുത്തുന്ന വസ്തുക്കളായും മാറ്റും. എന്നാൽ, അറവിന് വിലക്കുവരുകയും കാലികളുമായി പോകുന്നവർക്കുമേൽ പശുസംരക്ഷക ഗുണ്ടകൾ ആക്രമണം അഴിച്ചുവിടുകയും ചെയ്തതോടെ നിലവിലെ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി. അറവുനിയമങ്ങൾ അത്ര കടുത്തതല്ലാത്ത സംസ്ഥാനങ്ങളിലേക്ക് കാലികളെ കൊണ്ടുപോകുന്നത് ആരോഗ്യകരമല്ലാതെ വന്നതോടെ കാലികളെ അവർ അഴിച്ചുവിട്ടുതുടങ്ങി. സ്വാഭാവികമായും അവ വിശന്നുവലഞ്ഞ് കൃഷിത്തോട്ടങ്ങളിലിറങ്ങി വിള നശിപ്പിക്കുന്നത് തുടർക്കഥയായി.
പതിറ്റാണ്ടുകളായി ഹിന്ദി ബെൽറ്റിലെ സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നിലവിലുണ്ട്. ആകെയുണ്ടായ മാറ്റം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമം കൂടുതൽ കടുത്തതാക്കുകയും പശുസംരക്ഷക ഗുണ്ടകൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്തുവെന്നു മാത്രം. ആർ.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി, ബജ്റങ്ദൾ സംഘടനകൾ മുസ്ലിം വിരുദ്ധ നയമെന്ന നിലക്കാണ് ഊക്കോടെ നടപ്പാക്കാൻ ശ്രമിച്ചതെങ്കിലും ഫലത്തിൽ മൊത്തം ജനത്തെയും ബാധിക്കുന്ന വിഷയമായാണ് വന്നു ഭവിച്ചത്.
ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ പ്രകൃതിപരമായ ചക്രം തന്നെ ഇത് തകർത്തുകളഞ്ഞു. ഏവരെയും അത് പ്രതിസന്ധിയിലാക്കുന്നുണ്ട്, ബി.ജെ.പിയെപോലും. പ്രധാനമന്ത്രി മോദി തന്നെ തെരഞ്ഞെടുപ്പ് കാലത്ത് വിഷയം ഉന്നയിക്കുകയും പരിഹാരമുണ്ടാകുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
അതിനിടെ, ഏറ്റവും കടുത്ത വിദ്വേഷ പ്രചാരകരിൽ മുന്നിൽനിന്ന ചിലരെങ്കിലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ചുവെന്നതും ബി.ജെ.പി മനസ്സിലാക്കുന്നുണ്ട്. 2013ലെ മുസഫർനഗർ കലാപത്തിൽ കുറ്റാരോപിതരായ നേതാക്കൾ പരാജയപ്പെട്ടവരിൽ പെടും: സംഗീത് സോം, സുരേഷ് റാണ, ഉമേഷ് മലിക്... എല്ലാവരും തോറ്റു. സാമുദായിക വേർതിരിവുകൾ കുറക്കുന്നതിൽ നിർണായകമായ കർഷക പ്രക്ഷോഭം സ്വാധീനം ചെലുത്തിയ മേഖലകളിലായിരുന്നു അവരുടെ തോൽവി. യു.പിയിൽ മറ്റൊരിടത്ത്, തനിക്ക് വോട്ടുചെയ്യാത്ത ഹിന്ദുവിെൻറ സിരയിലൊഴുകുന്നത് മുസ്ലിം രക്തമാണെന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും ബീഭത്സമായ വർഗീയ പ്രസ്താവന നടത്തിയ മുൻ എം.എൽ.എയും തോറ്റു. രാഘവേന്ദ്ര സിങ്ങിനെ തോൽപിച്ചത് സയീദ ഖാതൂൻ എന്ന മുസ്ലിം വനിതയായിരുന്നുവെന്നതും ശ്രദ്ധേയം.
ഇതോടൊപ്പം, 2022ലെ തെരഞ്ഞെടുപ്പിൽ 36 മുസ്ലിം സ്ഥാനാർഥികൾ വിജയം വരിച്ചിട്ടുണ്ട്. 2017ൽ 24 ആയിരുന്നതാണ് ഗണ്യമായി കൂടിയത്. എന്നുവെച്ചാൽ, യു.പിയിലെ സാമാജികരിൽ ഒമ്പതു ശതമാനവും മൊത്തം ജനസംഖ്യയുടെ 20 ശതമാനം വരുന്ന ന്യൂനപക്ഷ സമുദായക്കാരാണ്. 4.9 ശതമാനം മാത്രമുള്ള ലോക്സഭയിലെ പ്രാതിനിധ്യത്തെക്കാൾ ഏറെ ഉയരെയാണിത്. ദേശീയ മുസ്ലിം പ്രാതിനിധ്യം 15 ശതമാനമാണ്. കോൺഗ്രസ് ഭരിച്ച കാലത്തും പാർലമെൻറിൽ ഈ പരിതാപകരമായ കണക്കുകൾ തന്നെയായിരുന്നു. 1980, 1984 വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ലോക്സഭകളിൽ മാത്രമായിരുന്നു യഥാക്രമം ഒമ്പത്, എട്ട് ശതമാനം മുസ്ലിം എം.പിമാർ ഉണ്ടായിരുന്നത്.
2014ൽ ബി.ജെ.പി അധികാരമേറുംമുമ്പുള്ള 2009ലെ ലോക്സഭയിൽ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിെൻറ പങ്കാളിത്തം അഞ്ചു ശതമാനമായിരുന്നു. നിലവിൽ അത് 4.9 ശതമാനമുണ്ട്. എന്നുവെച്ചാൽ, ഉത്തർപ്രദേശ് ദേശീയ ശരാശരിയെക്കാൾ മുന്നിൽ നടക്കുന്നുവെന്നർഥം. ന്യൂനപക്ഷങ്ങളെ മത്സരിപ്പിക്കാൻ പ്രാദേശിക കക്ഷികൾ സ്വയമേവ താൽപര്യപ്പെടുന്നിടത്തെത്തി കാര്യങ്ങൾ. എസ്.പിക്കായി വോട്ടുനൽകാൻ ആ സമുദായം ആവേശപൂർവം പോളിങ്ബൂത്തിലെത്തുകയും ചെയ്തു. ബി.എസ്.പിയെ മാത്രമല്ല, എ.ഐ.എം.ഐ.എം, കോൺഗ്രസ് സംഘടനകളെയും മാറ്റിനിർത്താനും അവർ മനസ്സുവെച്ചു.
ഗുജറാത്തിൽ ചെയ്തപോലെ ഉത്തർപ്രദേശിലെ മുസ്ലിംകളെ അദൃശ്യരാക്കൽ നടക്കില്ല. എന്നാലും, ജാതി സമവാക്യങ്ങൾ വാഴുന്ന സംസ്ഥാനത്ത് കടുത്ത വർഗീയ ധ്രുവീകരണത്തെ അവർ അഭിമുഖീകരിച്ചേ തീരൂ. സി.എസ്.ഡി.എസ് അപഗ്രഥിച്ച കണക്കുകൾ പരിശോധിച്ചാലറിയാം ഉയർന്ന ജാതിക്കാരായ ബ്രാഹ്മണരും ഠാകുറുകളും ബി.ജെ.പിയെ തുണക്കുന്നവരാണ്.
സംസ്ഥാനത്ത് സവർണ പ്രാതിനിധ്യം 20 ശതമാനത്തോളം വരുമെന്നതും അവഗണിക്കരുത്. മനശ്ശാസ്ത്രപരമായ അകറ്റിനിർത്തൽ ഇനിയും മാറാതെ തുടരും. പൊതു തെരഞ്ഞെടുപ്പ് സമാഗതമായ അടുത്ത രണ്ടുവർഷങ്ങളിൽ ഇത് ഉച്ചസ്ഥായി പ്രാപിക്കുകയും ചെയ്യും. അയോധ്യയിലെ രാമക്ഷേത്രം പോലുള്ള ഹിന്ദുരാഷ്ട്ര അടയാളങ്ങൾ ആഘോഷിക്കപ്പെടും. രാമക്ഷേത്രം 2024ന് മുമ്പ് നിർമാണം പൂർത്തിയാകും. മഥുരയിൽ കൃഷ്ണ ജന്മഭൂമിക്കായി സമരം ഊർജിതമാകുകയും ചെയ്യും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.