രാജ്യത്തിന്റെ കെട്ടുറപ്പിനു നേർക്ക് വാപിളർത്തി ഇരമ്പിക്കയറുകയാണ് കേന്ദ്രസർക്കാറിന്റെ ബുൾഡോസർ-വിദ്വേഷ രാഷ്ട്രീയം. ഡൽഹി ജഹാംഗിർപുരിയിലെ നിർധന മുസ്ലിംവീടുകൾക്കുനേരെ ബുൾഡോസറുകൾ ഉരുളവെ, പ്രതിപക്ഷം
ദീർഘമൗനത്തിലായിരുന്നു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ഹരജിയെത്തുടർന്ന് നിർത്തിവെക്കാൻ ഉത്തരവിട്ട സുപ്രിംകോടതിയെപ്പോലും വകവെക്കാതെ വെറുപ്പിന്റെ പൽചക്രങ്ങൾ മുന്നോട്ട് നീങ്ങി. അത്തരമൊരു ഘട്ടത്തിൽ തെരുവിലിറങ്ങി ബുൾഡോസറിനെ ചെറുക്കാൻ സധൈര്യം മുന്നോട്ടുവന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് സമകാലിക രാഷ്ട്രീയത്തെയും ഇടതുപക്ഷ പ്രതിരോധത്തെയും കുറിച്ച് മാധ്യമത്തോട് സംസാരിക്കുന്നു.
ഡൽഹിയിൽ ബുൾഡോസർ തടഞ്ഞുനിർത്തിയ ഇടപെടലിന്റെ തുടർച്ച എങ്ങനെയാവും?
വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമിട്ടത്. ബുൾഡോസർ തടയാൻ ഇടപെട്ടത് ആനിലക്ക് വലിയ ചർച്ചക്ക് സഹായിച്ചിട്ടുണ്ട്. വെറുപ്പിന്റെ ബുൾഡോസർ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. അതിനെതിരെ ശക്തമായ ചെറുത്തുനിൽപ് ഉയർന്നുവരേണ്ടതുണ്ട്. ആ ബുൾഡോസറിനു മുന്നിൽ ഞാൻ തനിച്ചല്ല. തനിച്ച് ആകാനും പാടില്ല.
ബുൾഡോസറുകൾ ഭരണകൂട ഭീകരതയുടെ പുതിയ അടയാളചിഹ്നമായി മാറിയിരിക്കുകയല്ലേ?
നരേന്ദ്ര മോദിയുടെ ഭരണം എട്ടുവർഷം പിന്നിടുമ്പോൾ സർക്കാറിനെക്കുറിച്ച് പറയുമ്പോൾ തെളിയുന്ന ചിത്രം ബുൾഡോസറുകളുടേതാണ്. ബുൾഡോസർ എന്ന യന്ത്രത്തെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. രാജ്യത്തിന്റെ അധികാരത്തിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഹിംസയുടെ ആശയവും രാഷ്ട്രീയസമീപനത്തെയും കുറിച്ചാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ ബുൾഡോസറുകൾ വെറുപ്പിന്റെ ആശയത്തിന്റെ പ്രതീകങ്ങളാണ്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും കടക്കൽ കത്തിവെക്കുകയാണ് ഇക്കൂട്ടർ.
ബാബരി മസ്ജിദിനു പിന്നാലെ ഗ്യാൻവ്യാപി മസ്ജിദും ഭീഷണിയിലായതിനെക്കുറിച്ച്?
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ മുഖ്യവിഷയമാക്കി വർഗീയത വളർത്തുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. ആരാധനാലയങ്ങളുടെ സ്റ്റാറ്റസ്കോ സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ നിയമം നിലവിലുണ്ട്. അതനുസരിച്ച് രാജ്യം സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഒരു ആരാധനാലയത്തിന്റെ സ്വഭാവം എന്താണോ അത് അങ്ങനെത്തന്നെ തുടരണം. അത് ചോദ്യം ചെയ്യാനാകില്ല. അയോധ്യ കേസിലെ സുപ്രീംകോടതി വിധിയിൽ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുമുണ്ട്. എന്നിട്ടും, വാരാണസിയിലെ കീഴ്ക്കോടതി ഗ്യാൻവ്യാപി മസ്ജിദിൽ സർവേ നടത്താൻ നിർദേശം നൽകി. കോടതി എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് മനസ്സിലാകുന്നില്ല. .
കാര്യങ്ങൾ കൂടുതൽ കലുഷിതമാകുമ്പോൾ കോടതികൾക്കും പിഴക്കുകയാേണാ?
ഗ്യാൻവ്യാപി മസ്ജിദിൽ സർവേ നടത്താൻ നിർദേശിച്ച കീഴ് ക്കോടതി വിധി പുതിയ വലിയ പ്രശ്നങ്ങൾക്ക് വഴിമരുന്നിടുകയാണ് ചെയ്തത്. വലിയ ആശങ്കയുണ്ടാക്കുന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. ചരിത്രത്തിലെ അരുതായ്മകൾക്ക് രാജ്യത്തിന്റെ ഭരണഘടനവിരുദ്ധമായ രാഷ്ട്രീയനീക്കങ്ങളിലൂടെ പരിഹാരത്തിന് ശ്രമിക്കുന്നത് ശരിയല്ല. അത്തരം നീക്കങ്ങൾക്ക് തടയിടാൻ മതേതരത്വത്തിലും ഭരണഘടനയിലും വിശ്വാസമുള്ളവർ ഒന്നിച്ച് ശബ്ദിക്കണം. നിയമത്തെയും ഭരണഘടനയെയും ബുൾഡോസ് ചെയ്യുന്നതിനെതിരെ എഴുന്നേറ്റുനിന്ന് മുഷ്ടി ചുരുട്ടേണ്ടത് നമ്മുടെ നാട്ടിലെ ഓരോ പൗരജനങ്ങളുടെയും കടമയാണ്. ഭരണഘടനയും നിയമവും ഉയർത്തിപ്പിടിച്ചുള്ള നിലപാടുകൾ സുപ്രീംകോടതിയിൽനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ദലിത് പിന്നാക്ക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും വർധിച്ചുവരുന്നു ..
ഹിന്ദുത്വ ആശയം എന്നത് ന്യൂനപക്ഷ വിരുദ്ധം എന്നുമാത്രമാണ് പൊതുവിൽ ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ, ന്യൂനപക്ഷവിരുദ്ധം എന്നതുപോലെത്തന്നെ ഹിന്ദുത്വർ സാമൂഹിക നീതിക്കും എതിരാണ്. ജാതിവിവേചനത്തിന് എതിരായ ചിന്തകളെയും ഹിന്ദുത്വ അംഗീകരിക്കുന്നില്ല. സമത്വം എന്ന സങ്കൽപത്തിനും എതിരാണ്. ബി.ജെ.പി കേന്ദ്രങ്ങളിൽ ജാതിമേധാവിത്വഘടന അങ്ങനെത്തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചത്ത പശുവിന്റെ തോലെടുത്തതിന് ദലിത് വിഭാഗങ്ങൾ ക്രൂരമായി ആക്രമിക്കപ്പെട്ടത്, ദലിത് ബാലൻ ഉയർന്ന ജാതിക്കാരന്റെ ചെരുപ്പു നക്കേണ്ടിവന്നത് തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള വാർത്തകൾ പതിവായി നാം കേൾക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഈ സംസ്ഥാനങ്ങളിൽ അധികാരം കൈവശംവെച്ചിരിക്കുന്ന ഹിന്ദുത്വ ആശയം ജാതി സമ്പ്രദായത്തെ പിന്തുണക്കുന്നു എന്നതുകൊണ്ടാണത്.
വിലക്കയറ്റം ഉൾപ്പെടെ ജീവിതപ്രശ്നങ്ങൾ ചർച്ചയാകുന്നില്ല എന്നത് ശ്രദ്ധയിൽപ്പെടുന്നില്ലേ?
രാജ്യത്താകെ വലിയ വിലക്കയറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗോതമ്പ് ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറിക്കൊണ്ടിരിക്കുന്നു. കുത്തക കമ്പനികൾ അത് സംഭരിച്ച് കയറ്റുമതിചെയ്ത് നേട്ടം കൊയ്യുകയാണ്. അതിന്റെ പേരിൽ ഇന്ത്യ ലോകത്തെ ഊട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പിൽ പോയി പെരുമ പറയുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ ആളുകൾ ഭക്ഷണത്തിന് വകയില്ലാതായിക്കൊണ്ടിരിക്കുന്നു. പൊതുവിതരണ സംവിധാനം വഴി നൽകുന്ന ഗോതമ്പിൽ 55 ലക്ഷം ടൺ മോദി സർക്കാർ വെട്ടിക്കുറച്ചു. .
പെട്രോൾ, ഡീസൽ വിലയാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ137 ദിവസം എണ്ണ വില ഉയർന്നില്ല. ഇലക്ഷൻ കഴിഞ്ഞതിനു പിന്നാലെ വില ദിനംപ്രതി ഉയരാൻ തുടങ്ങി. പെട്രോളിനും ഡീസലിനും മേലുള്ള നികുതിയും സെസും കുറച്ചതു പോരാ. ഇതുവരെ കൂട്ടിയത് മുഴുവൻ കുറക്കണമെന്നതാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്.
- ഇടതുപക്ഷം കേരളത്തിലേക്ക് ചുരുങ്ങിയപ്പോൾ ആം ആദ്മി പാർട്ടി പോലുള്ള പുതിയ പരീക്ഷണങ്ങൾ രാജ്യത്ത് ചുവടുറപ്പിക്കുകയല്ലേ?
ആം ആദ്മി പാർട്ടി പ്രധാന പ്രാദേശിക ശക്തിയായി വളരുകയാണ്. ഡൽഹിയിൽ തുടങ്ങി ഇപ്പോൾ അവർ പഞ്ചാബിൽ ഭരണം പിടിച്ചിരിക്കുന്നു. പഞ്ചാബ് പൂർണ അധികാരമുള്ള സംസ്ഥാനമാണ്. പഞ്ചാബിൽ സർക്കാറിനെ നയിക്കുകയെന്നത് ഡൽഹി എന്ന നഗരത്തിന്റെ ഭരണം പോലെയാകില്ല. ഒരുപാട് കാര്യങ്ങളിൽ കൃത്യമായ നയനിലപാടുകൾ സ്വീകരിക്കേണ്ടിവരും. വെല്ലുവിളികൾ ഏറെയുണ്ട്. കെജ്രിവാൾ മോഡൽ സംബന്ധിച്ച് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നവ പഞ്ചാബിൽ പ്രാവർത്തികമാക്കാൻ അവർക്ക് കഴിയേണ്ടതുണ്ട്. എന്താണ് പഞ്ചാബിൽ ആം ആദ്മി ചെയ്യുന്നതെന്ന് നമുക്കു നോക്കാം? എനിക്ക് പറയാനുള്ളത് കെജ്രിവാൾ കേരള മോഡൽ പഠിക്കണം എന്നാണ്. ഈയിടെ അദ്ദേഹം കേരളത്തിൽ വന്നിരുന്നല്ലോ? അദ്ദേഹത്തിന് ആ അവസരം കേരള മോഡലിനെക്കുറിച്ച് പഠിക്കാൻ ഉപയോഗപ്പെടുത്താമായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഒരു ബിസിനസ് ഗ്രൂപ്പുമായാണ് അദ്ദേഹം കേരളത്തിൽ കൈകോർത്തിരിക്കുന്നത്. ബിസിനസുകാരുടെ കൈപിടിച്ചുനിൽക്കുന്ന രാഷ്ട്രീയ പാർട്ടിയിൽനിന്നും നേതാക്കളിൽനിന്നും സാധാരണക്കാരന് ഗുണകരമായ എന്തെങ്കിലും പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല.
ഡൽഹിയിൽ ബി.ജെ.പിയുടെ വർഗീയ അജണ്ടക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കാൻ കെജ്രിവാൾ ഇതുവരെ തയാറായിട്ടില്ല. ഒരു വിഭാഗം സാധാരണക്കാരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർക്കുമ്പോൾ ആം ആദ്മി പാർട്ടിക്കാർ ആരും അവിടെ ഉണ്ടായിരുന്നില്ല. ആ അസാന്നിധ്യം ന്യായമായും സംശയാസ്പദമാണ്. കെജ്രിവാൾ ഒരു പത്രസമ്മേളനം നടത്തിയതുപോലും ബുൾഡോസർ പ്രയോഗം കഴിഞ്ഞ് പത്തുദിവസത്തിനു ശേഷമാണ്. അതേസമയം, ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ എല്ലാ പ്രാദേശിക പാർട്ടികളുമായും കൈകോർക്കുന്നതിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് ഒരു മടിയുമില്ല. അതിനർഥം രാഷ്ട്രീയസഖ്യം ഉണ്ടാക്കുമെന്നല്ല. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ ഐക്യപ്പെടും എന്നാണ് പറഞ്ഞത്.
കെജ്രിവാൾ പഠിക്കണമെന്ന് താങ്കൾ ആഗ്രഹിക്കുന്ന കേരള മോഡൽ എന്താണ്?
കണ്ണൂരിൽ നായനാരുടെ നാട്ടിലേക്കുള്ള യാത്രക്കിടെ റോഡരികിലെ ഒരു കടയിൽ വലിയ തിരക്ക് കണ്ടു. കൂടെയുള്ളവരോട് അതേക്കുറിച്ച് ചോദിച്ചു. അതൊരു മാവേലി സ്റ്റോർ ആയിരുന്നു. ഞാൻ അവിടെ ഇറങ്ങി കാര്യങ്ങൾ തിരക്കി. വിലവിവരപ്പട്ടിക നോക്കി. വിപണി വിലയേക്കാൾ 30 മുതൽ 50 ശതമാനം വരെയാണ് കുറവ്. ഈ കേരള മോഡലാണ് രാജ്യത്തിന് മാതൃകയാകേണ്ടത്. മോദിയുടെ ഗുജറാത്തിലോ കെജ്രിവാളിന്റെ ഡൽഹിയിലോ ഇങ്ങനെയൊന്ന് ഇല്ല. മോദി സർക്കാറിനെതിരെ ഇത്തരം ബദൽ നയങ്ങളാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. എല്ലാ കാര്യങ്ങളിലും ജനപക്ഷ ബദൽ നയങ്ങളാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്ന കേരള മോഡൽ●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.