മുണ്ടക്കൈയിലെ ദുരന്തത്തെ അതിജീവിച്ചെത്തിയവരുടെ മാനസിക പ്രശ്നങ്ങൾ പ്രഥമ പരിഗണന അർഹിക്കുന്നു. ഇത്രയും ഭീകരമായ അവസ്ഥ നേരിട്ട് കാണുകയും അതിന്റെ തീവ്രത അനുഭവിക്കുകയും ചെയ്തതിന്റെ ആഘാതത്തിൽ സംഭവിക്കുന്ന ആധിയുടെയും സങ്കടത്തിന്റെയും ഉരുൾ പൊട്ടലുകൾ കുറേ നാൾ നീളും. പലരുടെയും പ്രിയപ്പെട്ടവർ മരിച്ചു. അതിൽ ബന്ധുക്കളുണ്ട്, സുഹൃത്തുക്കളുണ്ട്. വീടുകൾ ഒലിച്ചുപോയി. ഇന്നലെ വരെ ജീവിതത്തിന് വേദിയായിരുന്ന ഒരു പ്രദേശം തന്നെ ഇല്ലാതായി. ഈ നഷ്ടങ്ങൾ വരുത്തിവെക്കുന്ന ആഘാതം ചെറുതല്ല. അതിന്റെ വിഷാദം ആഴമേറിയതാണ്. അതുമായി പൊരുത്തപ്പെടുന്ന ഇടപെടലുകൾ തന്നെ വേണ്ടിവരും.
നേരിട്ട് അനുഭവിച്ച ഇത്രയും വലിയൊരു ദുരന്തം ഇനിയുള്ള കാലം പലരുടെയും മനസ്സിലേക്ക് ഒരു പേടിസ്വപ്നം പോലെ കയറിവരാം. ഉരുൾപൊട്ടലിനിടയാക്കിയ സാഹചര്യങ്ങൾ, ഒരു പക്ഷേ, ഒരു സാധാരണ മഴ പോലും അവരെ ഭയപ്പെടുത്തിയേക്കും. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന മാനസികാവസ്ഥയിലേക്ക് പലരും വഴുതിവീഴാം. ഭാവനക്കപ്പുറമുള്ള ഒരു ഭീകരാനുഭവത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതിന്റെ ഓർമകൾ മനസ്സിലുണ്ടാക്കുന്ന ഉരുൾപൊട്ടലുകളാണത്. അതിന്റെ പ്രതിഫലനമെന്നോണം ഇനിയുള്ള ജീവിതത്തിൽ അത്തരം സാഹചര്യങ്ങൾ കഴിയുന്നത്ര ഒഴിവാക്കാൻ നോക്കും. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ ശബ്ദത്തോട് സാമ്യമുള്ള ഇടിമുഴക്കങ്ങൾ പോലും അവരുടെ നെഞ്ചിടിപ്പ് കൂട്ടും. നേരിട്ട ദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓർമകൾ തള്ളിക്കയറി വന്ന് അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. പലർക്കും ഇത് രാത്രികളിലെ ഉറക്കം കെടുത്തുന്ന പേടി സ്വപ്നമാകാം. ജീവൻ കിട്ടുമോ, ആരെങ്കിലും വന്ന് രക്ഷപ്പെടുത്തുമോ എന്ന അനിശ്ചിതാവസ്ഥയിൽ മണിക്കൂറുകൾ ചെലവഴിച്ച് പാലം കടന്നുവന്നവരാണ് പലരും. ആ മണിക്കൂറുകളുടെ വിഹ്വലത അവരുടെ ഉള്ളിലുണ്ടാകും. ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ആശ്വാസത്തെക്കാൾ അത് പലരെയും വേട്ടയാടും. ഇതെല്ലാം പരിഗണിച്ചുള്ള മാനസികാരോഗ്യ ഇടപെടലാണ് ഒരു വിഭാഗം ആളുകൾക്ക് വേണ്ടിവരുക. കോവിഡ് നാളുകളിലും പ്രളയ ശേഷവും നൽകിയ സൈക്കോ സോഷ്യൽ സപ്പോർട്ടിന്റെ ഘടനയല്ല ഇവിടെ സ്വീകരിക്കേണ്ടത്.
ദുരന്തത്തെ അതിജീവിച്ച പലരും പുനരധിവാസം യാഥാർഥ്യമാകുന്നത് വരെ ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കേണ്ടവരാണ്. അവരുടെ മനസ്സിന്റെ മുറിവുണങ്ങണമെങ്കിൽ ദുരന്തം മനസ്സിലുണ്ടാക്കിയ ആഘാതവും അതിൽ നിന്നുണ്ടാകുന്ന ആധിയുടെയും സങ്കടത്തിന്റെയും നിരാശാബോധത്തിന്റെയും കുത്തൊഴുക്കും തടയാൻ മനഃശാസ്ത്രപരമായ ഇടപെടൽ അനിവാര്യമാണ്. നഷ്ടമായ ഗ്രാമവും വീടുമെല്ലാം പുനർനിർമിച്ച് കൊടുക്കുമ്പോഴേ അവരുടെ മനസ്സിലെ മുറിവുണക്കൽ പൂർണമാകൂ. കുട്ടികളും പ്രായമായവരും പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങളാണ്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന കാഴ്ചകൾ മാധ്യമങ്ങളിലൂടെയും അല്ലാതെയും കാണുന്നവർ ആ സ്ഥലങ്ങളോട് സാദൃശ്യമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ അവർക്ക് കൂടുതൽ വിഹ്വലതകൾ ഉണ്ടാകും. പ്രത്യേകിച്ച്, മലയോര ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക്. ഈ ദുരന്തം നാളെ തങ്ങളെയും പിടികൂടുമോ എന്ന ഭീതി അവരെ അലട്ടും. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിച്ചിരിക്കുന്നവരെ ഈ കാഴ്ചകൾ വല്ലാതെ അസ്വസ്ഥരും ആശങ്കാകുലരുമാക്കും. ഇപ്പോൾ വലിയൊരു മഴ വരുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് ഇത് പോലൊരു മഴ പെയ്തിട്ടല്ലേ വയനാട്ടിൽ ഉരുൾ പൊട്ടിയതെന്നാണ്.
ഒരു ദുരന്തമുണ്ടാകുന്നതോടെ, നമ്മുടെ ജാഗ്രത അവസാനിക്കുന്നതായാണ് പലപ്പോഴും കാണുന്നത്. ചാനൽ ദൃശ്യങ്ങൾ എല്ലാ മലയോര പ്രദേശങ്ങളിലെയും ആളുകളിൽ ആധി ഉണർത്തിയിട്ടുണ്ട്. അവർ സംഘടിക്കേണ്ടിയിരിക്കുന്നു. പരിസര പ്രദേശങ്ങളിലെ ക്വാറികൾ ഭൂമിയുടെ ഉള്ള് കലക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടോയെന്ന് ഓരോ തദ്ദേശസ്ഥാപനവും വർഷാവർഷം ഓഡിറ്റ് നടത്തണം. അതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകണം. ഒലിച്ചുപോകുന്നത് പാവം ജനങ്ങളാണെന്ന് തിരിച്ചറിയണം. മുണ്ടക്കൈ പോലെ കേരളം അപ്പാടെ അറബിക്കടലിലേക്ക് ഒലിച്ചുപോകാതിരിക്കാൻ ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുക.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.