അംബേദ്കറെക്കുറിച്ച എക്കാലത്തെയും വലിയ വിമർശം അദ്ദേഹം തന്റെ പോരാട്ടങ്ങൾക്ക് സംഘടന രൂപം നൽകിയില്ലെന്നതാണ്. പൊതുകിണറിൽനിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായിവരെ സമരം നയിക്കേണ്ടി വരുന്ന, സാമ്പത്തിക പിൻബലമില്ലാത്ത ഒരു നേതാവിന് അഖിലേന്ത്യാ പ്രസ്ഥാനം കെട്ടിപ്പടുക്കുക അസാധ്യമായിരുന്നു
‘‘ഇന്ത്യൻ നിയമനിർമാണ സഭ ഇന്നുവരെ പാസാക്കിയതോ, ഭാവിയിൽ പാസാക്കാൻ സാധ്യതയുള്ളതോ ആയ ഒരു നിയമത്തിനും പ്രാധാന്യത്തിൽ ഇതിനോട് ( ഹിന്ദു കോഡ്) ഒരു താരതമ്യത്തിനും വകയുണ്ടായിരിക്കില്ല.
ഹൈന്ദവ സമൂഹത്തിന്റെ ആത്മാവായ വർഗവും വർഗവും തമ്മിലെ, ലിംഗവും ലിംഗവും തമ്മിലെ അസമത്വത്തെ തൊടാതെ വിട്ടിട്ട് സാമ്പത്തികകാര്യ സംബന്ധിയായ ഏതു നിയമവും പാസാക്കുന്നത് നമ്മുടെ ഭരണഘടനയെ അസംബന്ധ നാടകമാക്കുകയും ചാണകക്കൂനക്കു മുകളിൽ കൊട്ടാരം പണിയുകയും ചെയ്യലാണ്’’- ഭരണഘടന നിർമാണസഭയിൽ അവതരിപ്പിക്കുകയും, പാസാക്കാനാകാത്തതിനാൽ നിയമ മന്ത്രി സ്ഥാനത്തുനിന്ന് തന്റെ രാജിക്ക് ഇടയാക്കുകയും ചെയ്ത ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് ബാബാ സാഹേബ് അംബേദ്കർ പറഞ്ഞ വാക്കുകളാണ്.
അപ്പോഴേക്കും ഹിന്ദുമതത്തിന് പുറത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലധികമായിരുന്നു. മനസ്സിൽനിന്ന് അതിനെ ഉപേക്ഷിച്ചിട്ട് അതിലധികവും.
ആ അവസ്ഥയിലും തന്നെയും താനടങ്ങുന്ന ജനകോടികളെയും പുറത്തു നിർത്തിയ ഹിന്ദു മതത്തിൽപെട്ട ജനവിഭാഗത്തിന് വിവാഹം, പിന്തുടർച്ച, സ്വത്തവകാശം തുടങ്ങിയവയെല്ലാം കൃത്യമായ നിയമത്തിനകത്ത് കൊണ്ടുവരാൻ അസാധ്യ പോരാട്ടമാണ് അംബേദ്കർ നടത്തിയത്.
ആരാണ് ഡോ.ബി.ആർ. അംബേദ്കർ എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരംകിട്ടും- ഭരണഘടന ശിൽപി. ആ പദവിക്ക് അങ്ങേയറ്റം അർഹനായിരിക്കുമ്പോൾതന്നെ അതൊരു ഒതുക്കലുമാണ്. അക്കാലത്ത് ബാബാ സാഹേബിനോളം വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നവർ ഇന്ത്യയിൽ ഇല്ലായിരുന്നു എന്നുതന്നെ പറയാം.
കൊളംബിയ യൂനിവേഴ്സിറ്റിയിൽനിന്ന് രണ്ട് എം.എ ബിരുദങ്ങളും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റും. ഒപ്പം സോഷ്യോളജി, ഫിലോസഫി, ആന്ത്രപ്പോളജി, തുടങ്ങിയ വിഷയങ്ങളും. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഗ്രേസ് ഇന്നിൽ നിയമബിരുദത്തിനായും ഒരേ സമയം പഠനം. ഒരിടവേളയുണ്ടായെങ്കിലും രണ്ടിടങ്ങളിൽനിന്നും ബിരുദം സ്വന്തമാക്കി.
ഇത്രയും ബിരുദങ്ങൾ ഭൂഷണവും പാണ്ഡിത്യം കൈമുതലുമായുള്ള ഏതൊരാളും ഇന്ത്യൻ ഭരണത്തിൽ അത്യുന്നത സ്ഥാനങ്ങൾ അലങ്കരിച്ചേനെ. അല്ലെങ്കിൽ ദേശീയ പ്രസ്ഥാനത്തിന്റെ നടുനായക സ്ഥാനത്ത് അവരോധിതനായേനെ. എന്നാൽ സ്വാതന്ത്ര്യസമര നേതാക്കളുടേത് പോകട്ടെ, സേനാനികളുടെ പട്ടികയിൽപോലും ബാബാസാഹേബിനെ ഉൾപ്പെടുത്താൻ പലരും വിഷമിക്കുന്നതുകാണാം.
അല്ലെങ്കിൽ ഗാന്ധിയുടെ പ്രതിനായകനാക്കി നിർത്തും. എന്നാൽ സ്വാതന്ത്ര്യസമര സദ്യക്ക് പുറത്തെ പന്തിയിൽ ഇലയിട്ടിരുന്ന വിരുന്നുകാരനായിരുന്നില്ല ഡോ. ബി.ആർ. അംബേദ്കർ. സ്മൃതികളും സൂത്രങ്ങളും അനുസരിച്ചുള്ള ഭരണത്തിൽനിന്ന് വ്യത്യസ്തമായി ബ്രിട്ടീഷ് കോടതികളിൽനിന്ന് നീതി നേടിയെടുക്കാനുള്ള സാധ്യത ദലിതർക്കുണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ചില്ലറ പൗരാവകാശങ്ങളെങ്കിലും ദലിതർക്ക് അനുവദിച്ചുകിട്ടുന്ന അവസ്ഥ നിലവിലുണ്ടായിരുന്നതിനാലാണ് കോൺഗ്രസ് വൻ രീതിയിൽ എതിരിട്ട സൈമൺ കമീഷനുമായി സഹകരിക്കാൻ അംബേദ്കർ തയാറായത്. അന്നത്തെ ഇന്ത്യയിൽ അയിത്തജാതികൾക്ക് അതേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ‘യുദ്ധത്തിൽ വെള്ളക്കാർ ജയിക്കാൻ നാമെല്ലാം പ്രാർഥിക്കണം.
നമുക്ക് സന്യാസം തന്നത് അവരാണ്’ എന്ന് നാരായണ ഗുരുവിനെക്കൊണ്ട് പറയിച്ച അതേ സാഹചര്യം. അതിന്റെ സ്വാഭാവികതയാണ് ജനതയുടെ അവകാശ സ്ഥാപനത്തിനായി, ബ്രിട്ടീഷ് സർക്കാർ ഒരുക്കിയ വട്ടമേശസമ്മേളനമടക്കം വേദികൾ അംബേദ്കർ ഉപയോഗിച്ചത്.
പ്രത്യേക മണ്ഡലങ്ങളും സംവരണവും നേടിയെടുക്കാൻ ദേശീയ പ്രസ്ഥാനക്കാരോട് യാചിക്കുന്നതിന് പകരം ബാബാ സാഹേബ് ബ്രിട്ടീഷ് സർക്കാറിന്റെ സഹായം തേടിയതും.
ദേശീയ പ്രസ്ഥാനം എല്ലാ ഊർജവും സംഭരിച്ച് മുന്നോട്ട് കുതിക്കുന്ന കാലത്താണ് അംബേദ്കർ വിദേശ ബിരുദങ്ങളുമായി തിരിച്ചെത്തുന്നത്. ഗാന്ധി നേതൃത്വം നൽകുന്ന ആ പ്രസ്ഥാനത്തിന് സനാതന സ്വഭാവമാണുണ്ടായിരുന്നത്. ജാതിധർമവാദികളായ ദേശീയ സനാതനികളിൽനിന്ന് നേരിടേണ്ടിവന്ന പരുക്കൻ ജീവിതാനുഭവങ്ങൾ ദലിതരെ അതിൽനിന്നകറ്റി.
പക്ഷേ, പൊരുത്തപ്പെടാനാകാത്ത വിശ്വാസങ്ങൾക്കും ശക്തികൾക്കും ഒന്നിച്ചു നീങ്ങേണ്ട ഗതികേടുകാരായിരുന്നു അവർ. അംബേദ്കർക്കും ആ വഴി നീങ്ങേണ്ടിവന്നു. കോൺഗ്രസുമായി സഹകരിക്കാതെ ഒറ്റപ്പെട്ട് നിൽക്കൽ അസാധ്യമായിരുന്നു അന്ന്.
ഗാന്ധിക്കും നെഹ്റുവിനും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്കുയരാൻ അത്യധ്വാനം ചെയ്യേണ്ടി വന്നില്ല. അത് സ്വാഭാവികമായങ്ങ് സംഭവിച്ചു. അംബേദ്കർക്ക് പക്ഷേ, ആ ആനുകൂല്യം ലഭ്യമായില്ല. മാത്രമല്ല, മിക്ക സന്ദർഭങ്ങളിലും ദേശീയവാദികളുടെ കുതികാൽവെട്ടിന് ഇരയാവുകയും ചെയ്തു. പുണെ ഉടമ്പടി മുതൽ ഹിന്ദു കോഡ് ബിൽ വരെ എത്രയോ ഉദാഹരണങ്ങൾ.
എന്നാൽ കിട്ടിയ അവസരങ്ങളിലെല്ലാം അദ്ദേഹം ദലിത് സമൂഹത്തിന്റെ ആവശ്യങ്ങൾ അതിശക്തമായി ഉയർത്തി. പട്ടികജാതിക്കാർക്കും ഇതര മത വിഭാഗങ്ങൾക്കും പ്രത്യേക നിയോജക മണ്ഡലങ്ങളും സംവരണവും വേണമെന്ന ആവശ്യം 1919ൽ തന്നെ അംബേദ്കർ ഉന്നയിച്ചു. സൈമൺ കമീഷന്റെ ഭാഗമായ അദ്ദേഹം 1925ൽതന്നെ ഭാവി ഇന്ത്യൻ ഭരണഘടനക്കു വേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിച്ചു.
പക്ഷേ, ദേശീയ പ്രസ്ഥാനത്തിന്റെ ഉച്ചനേരത്തും ലണ്ടനിൽനിന്ന് തിരിച്ചുവന്ന അംബേദ്കർ കുടുംബം പുലർത്താനായി ട്യൂഷൻ മാസ്റ്ററായും കണക്കെഴുത്തുകാരനായുമൊക്കെ ജോലി ചെയ്യേണ്ട അവസ്ഥയിലായിരുന്നു. ഒരു സാമ്പത്തികോപദേശ സ്ഥാപനം തുടങ്ങിയെങ്കിലും നടത്തിപ്പുകാരൻ തൊട്ടുകൂടാത്തവനാണെന്ന് അറിഞ്ഞതോടെ ഇടപാടുകാർ കൈയൊഴിഞ്ഞു. അധ്യാപകനായപ്പോൾ ഒരേ കൂജയിൽനിന്ന് വെള്ളം കുടിക്കാൻ സഹാധ്യാപകർ വിസമ്മതിച്ചു.
ആർക്കുമില്ലാത്ത ബിരുദങ്ങൾ കൈയിലുണ്ടായിട്ടും തീണ്ടൽ ജാതിക്കാരൻ എന്ന ഒറ്റക്കാരണത്താൽ എല്ലായിടത്തുനിന്നും മാറ്റിനിർത്തപ്പെടുക. അങ്ങനെയൊരവസ്ഥയിൽ പ്രസ്ഥാനപ്പൊതുവഴിയിൽ മാത്രം സഞ്ചരിക്കുക എന്നത് അദ്ദേഹത്തിന്റെ ബാധ്യതയേ അല്ലായിരുന്നു.
ആധുനിക ഇന്ത്യയിൽ ബുദ്ധിജീവി എന്നോ സൈദ്ധാന്തികനെന്നോ ആരെയെങ്കിലുമൊക്കെ വിളിക്കുന്നുണ്ടെങ്കിൽ അതിൽ ഒന്നാം പേരുകാരനാകാൻ അർഹത അംബേദ്കർക്ക് മാത്രമാണ്. ജനമധ്യത്തിൽനിന്ന് പോരാട്ടങ്ങൾ നയിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് ബൗദ്ധിക സമരങ്ങളിലും ഏർപ്പെട്ടുകൊണ്ടേയിരുന്നു. ‘ആരായിരുന്നു ശൂദ്രർ’ എന്ന പഠനത്തിനു പിന്നിലെ അധ്വാനം അമ്പരപ്പിക്കുന്നതാണ്.
എത്രയോ ഹിന്ദു പ്രമാണ ഗ്രന്ഥങ്ങളാണ് അതിൽ പരാമർശിതമായിരിക്കുന്നത്. തന്റെ വാദങ്ങൾ സ്ഥാപിക്കാൻ ആന്ത്രപ്പോളജി അടക്കം എത്ര മേഖലകളെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇതാണ് ദലിതന്റെ ഗതികേട്. തങ്ങളുടെ ദുരവസ്ഥക്ക് കാരണമായ ഗ്രന്ഥങ്ങളെ പുഴുക്കുത്തുകളടക്കം വ്യാഖ്യാനിക്കേണ്ട അവസ്ഥ.
ഇന്ത്യ ചരിത്രത്തിൽ ആഴത്തിലുള്ള പഠനങ്ങൾ, ഹിന്ദു പ്രമാണഗ്രന്ഥങ്ങളെക്കുറിച്ച ഖണ്ഡന വിമർശനങ്ങൾ, ഇന്ത്യൻ ഭരണഘടനയെക്കുറിച്ച അതീവ ഗൗരവ ചർച്ചകൾ, ദേശീയ പ്രസ്ഥാന സംബന്ധിയായ മൂർച്ചയേറിയ അഭിപ്രായങ്ങൾ, പാകിസ്താൻ രൂപവത്കരണത്തെക്കുറിച്ച നിലപാടുകൾ ഒക്കെ അംബേദ്കർ കൈകാര്യം ചെയ്ത അനേകം തലക്കെട്ടുകളിൽ പ്രധാനപ്പെട്ട ചിലതു മാത്രമാണ്.
പുതിയൊരു വീട്ടിൽ താമസമാകുമ്പോൾ അദ്ദേഹത്തെ അനുഗമിച്ചത് അരലക്ഷം പുസ്തകങ്ങളാണ്. വിദേശപഠന കാലത്തെ പുസ്തകങ്ങളത്രയും കടലിൽ മുങ്ങിപ്പോയതിനുശേഷമുള്ളതാണവയെന്നും ഓർക്കണം. പഠനങ്ങളും ധൈഷണിക വ്യാപാരങ്ങളും എഴുത്തും അദ്ദേഹത്തിന് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല.
സംഘടന സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമയം അപഹരിച്ചതും അതാണ്. എന്നാൽ, ആ അംബേദ്കർ സാഹിത്യത്തിന്റെ അടിത്തറയുടെ ബലത്തിലാണ് ഇന്നത്തെ ദലിത് മുന്നേറ്റങ്ങൾ ഉയർന്നുവരുന്നത്.
ആ ജീവിതാന്ത്യത്തിന് ശേഷം അതൊക്കെയും മറച്ചുവെക്കപ്പെടുകയെന്ന സ്വാഭാവിക നീതികേടിന് അദ്ദേഹവും ഇരയായി. അംബേദ്കർ തുടർന്നും ചർച്ച ചെയ്യപ്പെടുന്നതിൽ നെഹ്റുവും കോൺഗ്രസും ഒരു താൽപര്യവുമെടുത്തില്ല. നിർണായക ബൗദ്ധിക സ്ഥാനങ്ങൾ സ്വന്തമാക്കിയ ഇടത് ബുദ്ധിജീവികൾക്കും അംബേദ്കർ തൊട്ടുകൂടാത്തവനായിരുന്നല്ലോ.
പാഠപുസ്തകസമിതികളിലെ സ്ഥാനികൾ അംബേദ്കറുടെ രചനകൾ വിദ്യാർഥികളിലേക്ക് എത്താതിരിക്കാൻ പ്രത്യേക ശ്രദ്ധവെക്കുകയും ചെയ്തു. 1980കളുടെ അവസാനത്തോടെ ദലിത് പിന്നാക്ക രാഷ്ട്രീയവും മുന്നേറ്റങ്ങളും സജീവമാകുന്നതുവരെ ആ നില തുടരുകയും ചെയ്തു.
ഇന്നും ജാതി ഉന്മൂലനവും മറ്റ് പുസ്തകങ്ങളും വായിക്കാതെതന്നെ ഒരു വിദ്യാർഥിക്ക് സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ഉന്നത ബിരുദങ്ങൾ സ്വന്തമാകുന്ന അവസ്ഥ തുടരുന്നു. അന്നത്തെ ജീവിതാവസ്ഥകൾ ഇന്ന് നിലവിലില്ലാത്തതുകൊണ്ട് അവക്ക് പ്രസക്തിയില്ലെന്ന ‘നിഷ്കളങ്ക’ വാദമാണ് പറയുന്നത്.
പക്ഷേ, സ്കൂൾതലം മുതൽ അംബേദ്കർ സാഹിത്യം വിദ്യാർഥികൾ പഠിക്കുന്നുണ്ട് എന്നത് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയും കടമയുമാണ്. പ്രത്യക്ഷ അയിത്തം പല മേഖലകളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ടാകാം. പക്ഷേ അതിന്റെ അരൂപ അവതാരങ്ങളുടെ അതിക്രമത്തിന് ബാബാ സാഹേബടക്കം ഇരകളായി തുടരുകയും ചെയ്യുന്നു.
അംബേദ്കറെക്കുറിച്ച എക്കാലത്തെയും വലിയ വിമർശം അദ്ദേഹം തന്റെ പോരാട്ടങ്ങൾക്ക് സംഘടന രൂപം നൽകിയില്ലെന്നതാണ്. ബൗദ്ധികമായ പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും ദലിത് അവകാശങ്ങൾക്കായി തെരുവിലെ പോരാട്ടങ്ങളും ബാബാ സാഹേബ് നയിച്ചുകൊണ്ടേയിരുന്നു. ജനങ്ങൾക്ക് പൊതുകിണറിൽനിന്ന് വെള്ളമെടുക്കാൻ, സ്കൂൾ പ്രവേശനത്തിന്, ക്ഷേത്രപ്രവേശനത്തിന് ഒക്കെ നിരവധി സമരങ്ങൾ.
പൊതുകിണറിൽനിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായിവരെ സമരം നയിക്കേണ്ടി വരുന്ന, സാമ്പത്തിക പിൻബലമില്ലാത്ത ഒരു നേതാവിന് അഖിലേന്ത്യാ പ്രസ്ഥാനം കെട്ടിപ്പടുക്കുക അസാധ്യമായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ നിർണായക സന്ധികളിൽ തനിക്കും ജനതക്കും പ്രാതിനിധ്യം ഉറപ്പാക്കേണ്ട ബാധ്യത ബാബാ സാഹേബിനുണ്ടായിരുന്നു.
കോൺഗ്രസിനെ ആശ്രയിക്കാൻ മടിക്കുമ്പോഴും ഭരണഘടന നിർമാണസഭയിൽ യോജിച്ചു പോകാൻ തയാറാണെന്ന് ഗാന്ധിയോട് അറിയിക്കേണ്ടിവരുന്നത് അതിനാലാണ്.
സ്വതന്ത്ര ഇന്ത്യയിൽ തനിക്കും ദലിത് വിഭാഗങ്ങൾക്കും നേരിട്ട വഞ്ചനാപരമായ ഭരണകൂട സമീപനത്തെക്കുറിച്ച്, പാർലമെന്റിൽ ചർച്ച ചെയ്യാൻ സ്പീക്കർ അനുവദിക്കാതിരുന്ന രാജി പ്രഖ്യാപന പ്രസംഗത്തിൽ അംബേദ്കർ പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിനുശേഷവും 429 ജാതികളിൽപെട്ട കോടിക്കണക്ക് ദലിതർ ഹിന്ദുമതത്തിലെ അസ്പൃശ്യരായിത്തന്നെ തുടരുന്ന അവസ്ഥ.
അവർക്ക് നിയമപരമായ ഒരു ചട്ടക്കൂട്ടിൽ ആ മതത്തിൽ തുല്യത നേടിക്കൊടുക്കാനുള്ള ശ്രമം കൂടിയായിരുന്നു ഹിന്ദു കോഡ് ബിൽ. എന്നാൽ നെഹ്റുവും കോൺഗ്രസും നിർണായക ഘട്ടത്തിൽ പിൻവലിഞ്ഞതിനാൽ ആ ശ്രമം പരാജയപ്പെട്ടു. തങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന സംവരണം ലഭിച്ചിട്ടില്ലെന്ന് ഭരണഘടന ശിൽപിതന്നെ വിളിച്ചു പറയുന്ന അവസ്ഥ അന്നുതന്നെയുണ്ടായി.
സവർണഹിന്ദുക്കളുടെ അതിക്രമവും ദലിതരുടെ പരാതികൾ പൊലീസ് സ്വീകരിക്കാത്ത അവസ്ഥയും സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും തുടർന്നതും അതിനോടുള്ള ഭരണകൂടത്തിന്റെ ഉദാസീന സമീപനവും അദ്ദേഹത്തെ ക്ഷുഭിതനാക്കി. മന്ത്രിസ്ഥാനവും ഭരണകൂട സൗഹൃദവും ഉപേക്ഷിക്കുകയെന്ന സമരപ്രഖ്യാപനമല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല.
ആ സമരവഴികളിലൂടെ നടക്കേണ്ട അവസ്ഥയിൽ ഇന്ത്യയിലെ ദലിത് സമൂഹങ്ങൾ തുടരുമ്പോൾ ബാബാ സാഹേബ് അ ല്ലാതെ മറ്റൊരു നേതൃബിംബവും മുന്നിലില്ല.
സാമാന്യ പൗരസ്വാതന്ത്ര്യവും സമത്വവും ഉറപ്പുനൽകുന്ന ഒരു ഭരണഘടന നമുക്ക് ഉറപ്പാക്കിയത് അംബേദ്കറാണ്. വലിയ വിമർശനങ്ങൾ ഉയർത്തുമ്പോഴും അത് ഉറപ്പു നൽകുന്ന അവകാശങ്ങൾ നേടിയെടുക്കാനും മതാധിഷ്ഠിത രാജ്യസൃഷ്ടിയെ തടുക്കാനുമുള്ള പോരാട്ടങ്ങൾ വലിയ രീതിയിൽ വേണ്ടിവന്നിരിക്കുന്ന ഇക്കാലത്ത് ആ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തീർച്ചയായും അംബേദ്കർക്ക് ഉത്തരം നൽകേണ്ട ബാധ്യത നമുക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.