കുഞ്ഞാലിക്കുട്ടി വീണ്ടും വരു​േമ്പാൾ

പാണ്ടിക്കടവത്ത്​ കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ അഖിലേന്ത്യരാഷ്​ട്രീയം വിട്ട്​ അഖില സംസ്​ഥാനരാഷ്​ട്രീയത്തിലേക്ക്​ വരുന്നു എന്നതാണല്ലോ ഇപ്പോഴത്തെ പുകിൽ​. അതിലെന്തിരിക്കുന്നു എന്ന്​ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഫാഷിസത്തെ താഴെയിറക്കാനും ന്യൂനപക്ഷങ്ങളെ അഖിലേന്ത്യാടിസ്​ഥാനത്തിൽ സംഘടിപ്പിക്കാനുമാണ്​ കുഞ്ഞാപ്പയെ ഡൽഹിക്ക്​ വിമാനം കയറ്റിയതെങ്കിലും അദ്ദേഹം കേരളരാഷ്​ട്രീയത്തിൽ ശ്രദ്ധചെലുത്തി ഇവിടെത്തന്നെയായിരുന്നു എന്ന്​ ആർക്കാണ്​ അറിയാത്തത്​.

കേരളത്തിലെ കൃത്യാന്തരബാഹുല്യത്താൽ പാർലമെൻറ്​​ നടപടികളിൽ ശരിയായി ഇടപെടാനോ ഫാഷിസത്തി​െൻറ തലക്കടിക്കാനോ കൂട്ടംതെറ്റി മേയുന്ന ന്യൂനപക്ഷങ്ങളെ ഒരു കുടക്കീഴിലേക്ക്​ ആട്ടിത്തെളിക്കാനോ കഴിഞ്ഞില്ലെന്നതും​ വാസ്​തവം. അതിന്​ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. കേരളത്തിൽ പാർട്ടിയിൽ​ ആളെക്കൂട്ടാനും പാർട്ടിപത്രത്തിന്​ വരിചേർക്കാനും കല്യാണത്തിനും മരണത്തിനും കൂടാനും പാർട്ടിക്കാർക്ക്​ കുഞ്ഞാപ്പ തന്നെ വേണം. പാർലമെൻറിൽ വൈസ്​ പ്രസിഡൻറ്​​ തെരഞ്ഞെടുപ്പ്​ നടന്നപ്പോഴും മുത്തലാഖ്​ബില്ലിൽ വോ​ട്ടെടുപ്പ്​ നടന്നപ്പോഴും നേരത്തിന്​ അവിടെയെത്താൻ കഴിയാഞ്ഞത്​ കേരളത്തിലെ തീരാപ്രശ്​നങ്ങളിൽ മുഴുകിയതുകൊണ്ടാണെന്ന്​ അദ്ദേഹം പാർട്ടിക്ക്​ വിശദീകരണം നൽകിയതാണ്​. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും പാർട്ടി​യെ നയിച്ചതും കുഞ്ഞാപ്പയാണ്​.

ഇ. അഹമ്മദിനെ കേരളപാർട്ടിക്ക്​ 'ഉൾക്കൊള്ളാൻ കഴിയാ​താ'യപ്പോഴാണ്​ ഡൽഹിക്കയച്ചത്​. ഉർവശീശാപം ഉപകാരമായെടുത്ത്​ അഹമ്മദ്​ അവിടെ ജീവിതകാലത്തേക്കുള്ള ഇടം കണ്ടെത്തി. കേന്ദ്രമന്ത്രിയായി, യു.എന്നിൽ കേന്ദ്രപ്രതിനിധിയുമായി. അദ്ദേഹത്തി​െൻറ മരണശേഷം അനിവാര്യഘട്ടത്തിൽ മുസ്​ലിംലീഗി​െൻറ അഖിലേന്ത്യനേതൃത്വം ഏറ്റെടുക്കണമെന്ന്​ പാണക്കാട്​ തങ്ങൾ പറഞ്ഞപ്പോൾ 'വിനീതനായ' കുഞ്ഞാലിക്കുട്ടി അതേറ്റെടുത്തു. അഹമ്മദിന്​ തെളിഞ്ഞ രാശി കുഞ്ഞാലിക്കുട്ടിക്കും തെളിഞ്ഞുകൂടെന്നില്ലല്ലോ. വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച്​ പാർലമെൻറിൽ കയറി. 2019ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസ്​ നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിൽ വരുമെന്നും മുസ്​ലിംലീഗിനൊരു മന്ത്രിസ്​ഥാനം ലഭിക്കുമെന്നും കണക്കുകൂട്ടിയത്​ കുഞ്ഞാലിക്കുട്ടിയും ലീഗും മാത്രമല്ല.

അടുത്ത പ്രധാനമന്ത്രി രാഹുൽഗാന്ധിയാവുമെന്നും കേരളത്തിൽനിന്ന്​ പലർക്കും മന്ത്രിയാവാമെന്നും കേരളത്തിലെ കോൺഗ്രസ്​നേതൃത്വവും നോമ്പുനോറ്റിരുന്നു. മൻകീ ബാത്​ എല്ലാം തകിടം മറിച്ചു. ഇനി ഡൽഹിയിൽ നിന്നുതിരിഞ്ഞിട്ട്​ കാര്യമില്ലെന്ന്​ പാർട്ടിക്കും നേതാവിനും തോന്നുക സ്വാഭാവികം. വീണ്ടും തങ്ങൾ (ഹൈദരലി ശിഹാബ്​) പറഞ്ഞു, കേരളത്തിലേക്ക്​ വരണം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണം. വിനീതനായ അദ്ദേഹം അതും അനുസരിച്ചു, അത്രേയുള്ളൂ.

കോൺ​ഗ്രസുകാർ ആരെ വിളിക്കണം?

എന്നാൽ, കോൺ​ഗ്രസിലെ കാര്യമോ?​ ​രാജ്യവും കോൺഗ്രസും തകർന്നുകിടക്കു​േമ്പാൾ ആരെ വിളിക്കണമെന്ന ആശയക്കുഴപ്പത്തിലാണ്​ അഖിലേന്ത്യനേതൃത്വവും അണികളും. എന്നാൽ, കേരളത്തിലെ കോൺഗ്രസുകാർ ഭാഗ്യം ചെയ്​തവരാണ്. അവർക്ക്​ വിളിക്കാൻ ഒന്നിലധികം നേതാക്കളുണ്ട്​. ഒരു ഭാഗത്ത്​ മുരളിയെ വിളിക്കാൻ മുറവിളിയും ഫ്ലക്​സുമുയരു​േമ്പാൾ, മറുവശത്ത്​​ സുധാകരനെയും ഉമ്മൻ ചാണ്ടിയെയുമൊക്കെ വിളിക്കാൻ​ കരച്ചിലും മൂക്കുപിഴിച്ചിലുമുണ്ട്​. ചെന്നിത്തലയും മുല്ലപ്പള്ളിയും ഹസനുമൊ​ക്കെയുണ്ടാക്കിയ പൊല്ലാപ്പുക​ളാണ്​ എല്ലാത്തിനും കാരണം. ​മുറവിളി ഡൽഹിയിൽ കേട്ട കാരണം ​കേരളത്തെ രക്ഷിക്കാനുള്ള നേതാവിനെ കണ്ടെത്താൻ ഹൈകമാൻഡിൽനിന്ന്​ ആളുകൾ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്​.

എന്നാൽ, പാണക്കാ​ട്ടെ തങ്ങന്മാരുടെ അനുയായികൾക്ക്​ ഇങ്ങ​െനയൊരു പ്രതിസന്ധി ഇല്ലേയില്ല. പാർട്ടിയാവ​െട്ട, കേരളമാവെട്ട, രക്ഷതേടി വിളിക്കാൻ അവർക്ക് കുഞ്ഞാപ്പയേയുള്ളൂ. പാർട്ടിയിലെ പ്രതിസന്ധി ഘട്ടത്തിൽ മറ്റു ചിലരെ വിളിച്ചതി​െൻറ ഫലം ഒരിക്കൽ അനുഭവിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക്​ പാർട്ടിസെക്രട്ടറി സ്​ഥാനം രാജിവെക്കേണ്ട സാഹചര്യം വന്നപ്പോൾ, പകരം​ ഇ.ടി. മുഹമ്മദ്​ ബഷീറിനെയും മുനീറിനെയും നേതൃത്വം ഭരമേൽപിച്ചു. അധികം താമസിക്കേണ്ടി വന്നില്ല. പാർട്ടിയിൽനിന്ന്​ 'കുഞ്ഞാലിക്കുട്ടിയെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ' മുറവിളി ഉയർന്നു. അദ്ദേഹം സംസ്​ഥാനത്തു തിരിച്ചെത്തി.

ഷാജി ​കുലുക്കിയാലും...

സ്വന്തം വളർച്ചക്ക്​ മാത്രമല്ല, പാർട്ടിയുടെയും സമുദായത്തി​െൻറയും വളർച്ചക്ക്​ അധികാരം അനിവാര്യമാണെന്ന ലളിത സമവാക്യം​ കുഞ്ഞാലിക്കുട്ടിയുടെ കൂടപ്പിറപ്പാണ്​ എന്നതുതന്നെ അദ്ദേഹത്തി​െൻറ െമറിറ്റ്​. അതിനായി സമവായത്തിനാണ്​ ഊന്നൽ. അത്​ പലപ്പോഴും ഫലം കണ്ടിട്ടുമുണ്ട്​. പക്ഷേ, പാർട്ടിയിൽ ചില വിരോധികളുണ്ട്​. അവർ ഇടക്കു വാലുപൊക്കും. പാണക്കാട്​ ഇടപെട്ട്​ താമസിയാതെ തല താഴ്​ത്തും. ഇപ്പോഴും ചില വാലുകൾ പൊങ്ങിവരുന്നു. പാണക്കാട്​ കുടുംബത്തിൽനിന്നുതന്നെയാണ്​ ആദ്യവെടി-സംസ്​ഥാന പ്രസിഡൻറ്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനും യൂത്ത്​ ലീഗ്​ അഖിലേന്ത്യാ വൈസ്​ പ്രസിഡൻറുമായ മുഈനലി ശിഹാബ്​ തങ്ങളുടെ വക​. തീരുമാനം പുനഃപരിശോധിക്കണമെന്നാണ്​ അദ്ദേഹം വിഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടത്​.

കഴിഞ്ഞദിവസം നാദാപുരത്തെ യു.ഡി.എഫ്​ യോഗത്തിൽ, മുസ്​ലിംലീഗ്​ സംസ്​ഥാനസെക്രട്ടറി കെ.എം. ഷാജി എം.എൽ.എ 'അധികാരം ഭ്രാന്താവരുതെന്നും അതു​ വി​ട്ടൊഴിയാൻ ധൈര്യമുള്ളവനേ ശോഭിക്കാൻ കഴിയൂ' എന്നും​പറഞ്ഞത്​ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചാണ്. ഷാജി കുലുക്കിയാലും കുഞ്ഞാപ്പ കുലുങ്ങില്ലെന്നതു​ വേറെ. കുഞ്ഞാപ്പ പിടിമുറുക്കു​േമ്പാൾ മറ്റു പലർക്കും പിടിവിടുമെന്ന ഭയമാണ്​ മറുവശത്ത്​​.

എന്തിനും ഏതിനും കുഞ്ഞാപ്പ

ഇ. അഹമ്മദി​െൻറ മരണത്തെ തുടർന്നുണ്ടായ ഒഴിവിൽ നിയമസഭാംഗത്വം രാജിവെച്ച്​ പാർലമെൻറിലേക്ക്​ മത്സരിച്ചപ്പോഴും ഉപതെരഞ്ഞെടുപ്പിന്​ വഴിവെച്ചതിലൂടെ സംസ്​ഥാന ഖജനാവിനും പാർട്ടി ഖജനാവിനും നഷ്​ടമുണ്ടാക്കിയെന്നും പാർട്ടി അണികൾക്ക്​ അധ്വാനഭാരമുണ്ടാക്കി​യെന്നും ആക്ഷേപമുയർന്നിരുന്നു. ആവർത്തിക്കപ്പെടാൻ പോവുന്ന ഇതേ ആക്ഷേപത്തി​െൻറ ഫ്യൂസ്​ ഉൗരാനാണ്​, നിയമസഭതെരഞ്ഞെടുപ്പിനൊപ്പം ലോക്​സഭ ഉപതെരഞ്ഞെടുപ്പിനും അവസരമുണ്ടാക്കി, കാലേക്കൂട്ടി എം.പി സ്​ഥാനം രാജിവെക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. ഇങ്ങനെയൊക്കെ കഷ്​ടപ്പെട്ട്​, ബുദ്ധിമുട്ടി കുഞ്ഞാപ്പ 'പുലി'യായെന്നല്ല 'പുപ്പുലി'യായി വന്നാലും എലിയായി മാളത്തിൽ ഒളിക്കേണ്ടി വരുമെന്നാണ്​ മന്ത്രി ജലീലി​െൻറ​ മുന്നറിയിപ്പ്​. 2006ൽ 'അന്തംകമ്മി ലീഗണികൾ' കുറ്റിപ്പുറത്തേക്ക്​ പുലിയായി എഴുന്നള്ളിച്ച കുഞ്ഞാലിക്കുട്ടി ജലീലിനോട്​ പരാജയപ്പെട്ടിരുന്നു. അന്ന്​ നിയമസഭയിൽ രണ്ടക്കം തികക്കാൻ കഴിയാതിരുന്നതിനേക്കാൾ ​കയ്​പേറിയ അനുഭവമാവും ഇക്കുറി 'പുപ്പുലി'യായി വരു​​േമ്പാഴുണ്ടാവുക എന്നാണ്​ ജലീൽ മുഖപുസ്​തകത്തിലൂടെ നൽകുന്ന മുന്നറിയിപ്പ്​.

കുഞ്ഞാലിക്കുട്ടി വരു​േമ്പാൾ കേരളത്തിലെ രാഷ്​ട്രീയസമവാക്യങ്ങൾ മാറുമോ എന്ന്​ പലർക്കും ശങ്ക. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിനു തുടക്കമിട്ടത്​ അന്ന്​ സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്​ണനാണ്​. മുമ്പ്​ കുഞ്ഞൂഞ്ഞ്​-കുഞ്ഞുമാണി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടായിരുന്നെങ്കിൽ ഇപ്പോഴത്​ ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടായെന്നായിരുന്നു കോടിയേരിയുടെ കണ്ടുപിടിത്തം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ വെൽഫെയർ പാർട്ടിയുമായി മുറിഞ്ഞും അയഞ്ഞുമുള്ള ബന്ധത്തിന്​ വൻ പ്രചാരണം നൽകി അനുകൂല വോട്ടാക്കി മാറ്റാൻ സി.പി.എമ്മിനും മുന്നണിക്കും കഴിഞ്ഞുവെന്ന്​ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. അതി​െൻറ ബലത്തിലാണ്​ കോൺഗ്രസ്​ നിഷ്​പ്രഭമായെന്നും യു.ഡി.എഫ്​ നേതൃത്വം മുസ്​ലിംലീഗ്​ ഏറ്റെടുക്കുകയാണോ എന്നുമുള്ള സംശയം മുഖ്യമന്ത്രി പിണറായി വിജയനുണ്ടായത്​.

ആരോപണത്തിനു തൊട്ടുപിന്നാലെയാണ്​ കുഞ്ഞാലിക്കുട്ടി സംസ്​ഥാനരാഷ്​ട്രീയത്തിലേക്ക്​ വരുന്നു എന്ന മുസ്​ലിംലീഗി​െൻറ പ്രഖ്യാപനം. തദ്ദേശ തെരഞ്ഞെടുപ്പി​െൻറ തുടർച്ചയായി ക്രിസ്​ത്യൻവോട്ട്​ ഉറപ്പിച്ചുനിർത്താൻ ഇടതുമുന്നണിക്ക്​ ഈ പ്രചാരണം ബലമാവുമെന്ന്​ സി.പി.എം കണക്കുകൂട്ടു​​േമ്പാൾ, ഹിന്ദുവോട്ടുകളുടെ ഏ​കീകരണത്തിന്​ തങ്ങൾക്കിത്​ ​ഏറെ ഗുണം ചെയ്യുമെന്നാണ്​ ബി.​ജെ.പി വിലയിരുത്തുന്നത്​.

മുൻനിരയിലുള്ളവർ പരാജയമാവു​േമ്പാൾ തൊട്ടുപിന്നിലുള്ളവർ നേതൃത്വമേറ്റെടുക്കുന്നതിൽ അസ്വാഭാവികത കാണാനാവുമോ? കോൺഗ്രസ്​നേതൃത്വം ദുർബലമാണെങ്കിൽ ആ മുന്നണിയെ നയിക്കാൻ മുന്നോട്ടു വരേണ്ടത്​ മുസ്​ലിംലീഗ്​ തന്നെയല്ലേ? സി.പി.എമ്മിന്​ ക്ഷീണം സംഭവിച്ചാൽ നേതൃത്വം ഏറ്റെടുക്കേണ്ടത്​ ആ മുന്നണിയിലെ രണ്ടാം കക്ഷിയാണ്​. അത്​ സി.പി.ഐയോ മാണി കോൺഗ്രസോ എന്ന്​ തീരുമാനിച്ചുറപ്പിക്കണമെന്നു മാത്രം. അതൊക്കെ സ്വാഭാവിക നീതി. അതി​െൻറ പേരി​ലിത്ര ബഹള​ത്തിന്​ കാര്യമെന്തിരിക്കുന്നു?!

Tags:    
News Summary - When Kunhalikutty comes back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.