‘‘മുസ്ലിം യുവജനങ്ങളെ ശാക്തീകരിക്കുന്നതിന് ഇന്ത്യൻ സർക്കാർ ഒരവസരവും പാഴാക്കില്ല. അവരുടെ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’’. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ വരികളാണിവ.
ആ പ്രസംഗം നടന്ന് നാലുവർഷം പിന്നിടുമ്പോൾ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ ഇക്കാര്യമറിയിച്ചു- മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ് (MANF) പദ്ധതി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെന്ന്. അനീതിപൂർവകമായ ഈ തീരുമാനം മുസ്ലിം, ബുദ്ധ, ക്രൈസ്തവ, ജൈന, പാർസി, സിഖ് എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളുടെ ഉന്നത പഠനത്തെ തകിടം മറിക്കും.
ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി, ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ യു.പി.എ സർക്കാറാണ് ഈ ഫെലോഷിപ് ആരംഭിച്ചത്. എം.ഫിലും പിഎച്ച്.ഡിയും ചെയ്യുന്ന സാമ്പത്തികമായി ദുർബലരായ നിരവധി വിദ്യാർഥികൾക്ക് ഇത് നിർണായകമായ സാമ്പത്തിക പിന്തുണ നൽകി.
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ ഫെലോഷിപ് അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനുപിന്നിലെ ചേതോവികാരം സംബന്ധിച്ച് രാഷ്ട്രീയ-അക്കാദമിക വൃത്തങ്ങളിൽ വ്യാപക ചർച്ചകൾ നടക്കുന്നുണ്ട്.
ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നത പഠനത്തിന് ഉടക്കുവെക്കാനാണെന്നും സ്വാതന്ത്ര്യസമര സേനാനികളെ അപ്രസക്തരാക്കുക എന്ന സംഘ് കാര്യപരിപാടിയുടെ ഭാഗമാണെന്നും വാദങ്ങളുണ്ട്. ഭാവിയിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി), പട്ടികജാതിക്കാർ (എസ്.സി) തുടങ്ങിയ പാർശ്വവത്കൃത വിഭാഗങ്ങൾക്കുള്ള മറ്റു ഫെലോഷിപ്പുകൾ ഇല്ലാതാക്കുന്നതിലേക്കും ഈ തീരുമാനം വഴിതുറന്നേക്കാം.
ഫെലോഷിപ് അവസാനിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിംകളുടെ തുടർപഠനങ്ങൾക്ക് മുടക്കം സൃഷ്ടിക്കുമെന്ന് അക്കാദമിക് വിദഗ്ധർ ആശങ്കപ്പെടുന്നു. സർക്കാർ തീരുമാനം രാജ്യത്തെ മുസ്ലിം വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുമെന്ന് യു.ജി.സി മുൻ ചെയർമാൻ പ്രഫ. സുഖ്ദേവ് തോറാത് തുറന്നുപറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്നതിൽ ഏറ്റവും കുറവ് മുസ്ലിം സമുദായത്തിലെ വിദ്യാർഥികളാണ്. 16 ശതമാനം മാത്രം.
പാർശ്വവത്കൃത വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിലെ ആദ്യ ചുവടുവെപ്പായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. വെട്ടിക്കുറക്കൽ മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ്പിൽനിന്ന് തുടങ്ങിയത് ബോധപൂർവമാണ്. കാവിരാഷ്ട്രീയം കത്തിപ്പടർന്നു നിൽക്കുന്നതിനാൽ ന്യൂനപക്ഷങ്ങളുടെ അവകാശത്തിൽ കൈവെച്ചതുകൊണ്ട് ആരും എതിർപ്പുമായി വരില്ലെന്ന സൗകര്യമുണ്ട്.
ഈ മാതൃകയിൽ മറ്റ് ദുർബല സമുദായങ്ങൾക്കുള്ള സാമ്പത്തിക സഹായവും ഇല്ലാതാക്കിയേക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഗൊരഖ്പുർ), സംഗീത് നാടക അക്കാദമി തുടങ്ങി രാജ്യത്തെ എണ്ണം പറഞ്ഞ ഉന്നത സ്ഥാപനങ്ങളുടെ സ്ഥാപകനാണ് മൗലാനാ ആസാദ്.
ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) സ്ഥാപകാംഗവുമായിരുന്നു. എങ്കിലെന്ത്?, ഐ.സി.സി.ആറിന്റെ ഒരു പരിപാടിയിൽ മൗലാനയുടെ പ്രതിമ നീക്കം ചെയ്തതായി അദ്ദേഹത്തിന്റെ കുടുംബം പരാതിപ്പെടുന്നു. കൗൺസിലിന് കുടുംബം സംഭാവന നൽകിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പൊടിപിടിച്ചുകിടക്കുന്നു.
മൗലാന അബുൽ കലാം ആസാദ് എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ പൈതൃകവും ഓർമകളും മായ്ച്ചുകളയാൻ നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അത് വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെയും അപ്രസക്തമാക്കാനാണ് പുതിയ നീക്കത്തിലൂടെ, തീവ്ര ദേശീയ കാവി സർക്കാർ ശ്രമിക്കുന്നത്.
പസ്മന്ദാ മുസ്ലിംകളോട് ബി.ജെ.പി കാണിക്കുന്ന സ്നേഹം വെറും കണ്ണിൽപൊടിയിടലാണെന്നും ഈ തീരുമാനം തെളിയിക്കുന്നു. മറ്റ് സ്കോളർഷിപ്പുകളുമായി ഓവർലാപ് ചെയ്യുന്നതുകൊണ്ടാണ് ഫെലോഷിപ് നിർത്തലാക്കുന്നതെന്ന സ്മൃതി ഇറാനിയുടെ ന്യായം തികഞ്ഞ അസംബന്ധമാണ്. അപാകതകളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനുപകരം ഫെലോഷിപ് പൂർണമായും ഇല്ലാതാക്കിയിരിക്കുന്നു.
സ്മൃതി ഇറാനി പറയുന്നതരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതൊഴിവാക്കാൻ അപേക്ഷകരുടെ ആധാർ നമ്പറോ പാൻ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യിച്ചാൽ മതിയല്ലോ. ഒരേ സമയം ഒന്നിലേറെ ഫെലോഷിപ്പുകൾക്കോ സ്കോളർഷിപ്പുകൾക്കോ അപേക്ഷിക്കുന്നതിന് വിദ്യാർഥികൾക്ക് തടസ്സമില്ല. ഒരുസമയം ഒരു ഫെലോഷിപ് ആനുകൂല്യം മാത്രമേ ലഭിക്കുകയുള്ളൂ.
തങ്ങളുടെ ഇഷ്ടപട്ടികയിൽ ഉൾപ്പെടാത്ത ഒരു വ്യക്തിയുടെ നാമധേയത്തിലുള്ള ഫെലോഷിപ് പദ്ധതി ഇല്ലാതാക്കിയതിലൂടെ ഒരുവെടിക്ക് ഒട്ടേറെ പക്ഷികളെ വീഴ്ത്താൻ നോക്കുകയാണ് മോദി സർക്കാർ. ഖജനാവിന് ലാഭമുണ്ടാക്കാനും ഭാവിയിൽ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കുന്നതിനും ഇത് അവർക്ക് സൗകര്യമാവും.
അതിനെല്ലാമുപരി, ഹിന്ദുത്വ സർക്കാർ മുസ്ലിംകൾക്കും ന്യൂനപക്ഷങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നത് നിർത്തണമെന്ന് മുറവിളികൂട്ടുന്ന സ്വന്തം വോട്ടർമാർക്ക് ഹിതകരമായ സന്ദേശം നൽകാനും അവർക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.