ആധാർ തട്ടിപ്പിനാര് മണികെട്ടും?

വിരലടയാള തട്ടിപ്പ് റാക്കറ്റിനെ ഗോരഖ്പുർ പൊലീസ് പിടികൂടി, ബിഹാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബയോമെട്രിക് കൃത്രിമം, ഭൂ രേഖകളിൽനിന്ന് വിരലടയാളം മോഷ്ടിച്ച് തട്ടിപ്പ്, ഹൈദരാബാദിൽ അനധികൃത ആധാർ കേന്ദ്രം അടപ്പിച്ചു, വ്യാജ ആധാർ കാർഡ്; രണ്ടു പേർ പിടിയിൽ -2021 വർഷത്തിലെ ചില വാർത്താ തലക്കെട്ടുകളാണിവ.

2018 സെപ്റ്റംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ നമ്പറും ബാങ്ക് അക്കൗണ്ടുകളും തമ്മിൽ ബന്ധിപ്പിക്കുന്നത് പഴങ്കഥയാക്കി മാറ്റിയിരുന്നു. അതുകഴിഞ്ഞ് നാലു വർഷം പിന്നിട്ടു. ജനങ്ങൾ തങ്ങളുടെ ആധാർ നമ്പറുകളും ബയോമെട്രിക് രേഖകളുമെല്ലാം സ്ഥിരമായി പങ്കുവെക്കുന്നതിനിടയിൽ ദുരുപയോഗമുണ്ടായേക്കാമെന്നതിനാൽ ആധാറിന്റെ ഫോട്ടോ കോപ്പികൾ ആരും ആർക്കും നൽകരുതെന്ന് നിർദേശിച്ച് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ബംഗളൂരു മേഖല ഓഫിസ് മേയ് 27ന് ഒരു വാർത്തക്കുറിപ്പ് പുറത്തിറക്കി. പകരമായി, ആധാർ നമ്പറിന്റെ അവസാന നാലക്കം മാത്രം കാണുംവിധത്തിൽ മാസ്ക്ഡ് ആധാർ ഉപയോഗിക്കാനും വാർത്തക്കുറിപ്പ് നിർദേശിച്ചു.


എന്നാൽ, 48 മണിക്കൂറിനകം, അതായത് മേയ് 29ന് തെറ്റിദ്ധാരണക്കിടയാക്കിയേക്കുമെന്ന സാഹചര്യത്തിൽ ഈ വാർത്തക്കുറിപ്പ് അടിയന്തരമായി പിൻവലിക്കുന്നതറിയിച്ച് യു.ഐ.ഡി.എ.ഐ കേന്ദ്ര ഓഫിസിനുവേണ്ടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ കുറിപ്പിറക്കി.

ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനമായ ദ നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) തട്ടിപ്പുകൾ സംബന്ധിച്ച ആറരക്കോടി പരാതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകൾ ഒന്നു നോക്കിയാൽ ഇതു വൈകാതെ പത്തു കോടിയിലേക്കെത്തും.

പരാതിയിലേറെയും നൽകിയിരിക്കുന്നത് അക്കൗണ്ട് ഉടമകളല്ല, മറിച്ച് ബാങ്കുകളാണ്. അക്കൗണ്ട് ഉടമകൾ റിപ്പോർട്ട് ചെയ്യുന്ന വഞ്ചനാ പരാതികൾ നിരവധി പരിശോധനകൾ കഴിഞ്ഞുമാത്രമാണ് എൻ.പി.സി.ഐയിൽ എത്തുക. അതുകൊണ്ടുതന്നെ പരാതികളുടെ എണ്ണം ഇതിലുമേറെ ഉണ്ടാവാനാണ് സാധ്യത.


ആധാർ നമ്പറുകൾ സംഘടിപ്പിക്കുന്ന തട്ടിപ്പുകാർക്ക് മറ്റുള്ളവരുടെ തിരിച്ചറിയൽ വിവരങ്ങൾ പകർത്താനും മോഷ്ടിക്കാനും സാധിക്കും. ബയോമെട്രിക് വിവരങ്ങൾ നൽകാത്തപക്ഷം പണനഷ്ടത്തിന് സാധ്യത കുറവാണ്. എന്നാൽ, വിദ്യാഭ്യാസമില്ലാത്ത, ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ച് സാങ്കേതിക ജ്ഞാനമില്ലാത്ത പാവം ഗ്രാമീണർ എന്ത് ആവശ്യത്തിനെന്നുപോലും അന്വേഷിക്കാതെ വിരലടയാളങ്ങൾ നൽകുകയും ചെയ്യും.

ടെലികോം വിവരങ്ങൾ മുതൽ ഹോട്ടലിൽ താമസിച്ചതിന്റെ വരെ സകലവിശദാംശങ്ങളും ശേഖരിച്ച് പൗരജനങ്ങളെ നിരീക്ഷിക്കാനുള്ള സർക്കാറിന്റെ അനാശാസ്യകരമായ വ്യഗ്രത കാരണമാണ് സുപ്രീംകോടതി ശിപാർശ ചെയ്ത സുരക്ഷാ മാർഗനിർദേശങ്ങൾ വലിയതോതിൽ അവഗണിക്കപ്പെടുന്നതെന്ന് സ്വതന്ത്ര ഗവേഷകനും ടെക്നോളജി ആക്ടിവിസ്റ്റുമായ ശ്രീനിവാസ് കോടാലി അഭിപ്രായപ്പെടുന്നു.

നിരീക്ഷണ മുതലാളിത്തം പുതിയ അടയാളവാക്യമായി കൊണ്ടുനടക്കുന്ന സ്വകാര്യ മേഖലക്കും ഇത് ബാധകമാണ്. എങ്ങോട്ടാണ് തട്ടിച്ച പണമെല്ലാം പോകുന്നത്, ആരാണ് അതിനു പിന്നിൽ, ആരാണ് പറ്റിപ്പിന് വിധേയമാക്കപ്പെടുന്നത് എന്നീ ചോദ്യങ്ങളുയരേണ്ടതുണ്ട് എന്ന് ശ്രീനിവാസ് ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക പ്രവർത്തകരും ഗവേഷകരും നടത്തിയ സൂക്ഷ്മവിശകലനത്തിൽ പണ തട്ടിപ്പുകൾ രാജ്യവ്യാപകമായി വിവിധ തലങ്ങളിൽ നടക്കുന്നുണ്ടെന്നും കൂടുതലും പാവപ്പെട്ടവരും വിദ്യാഭ്യാസമില്ലാത്തവരുമാണ് ഇതിന് ഇരകളാകുന്നതെന്നും വ്യക്തമാവുന്നു.

സൈബർ സുരക്ഷാ വിദഗ്ധൻ ഋതേഷ് ഭാട്ടിയയുടെ അഭിപ്രായത്തിൽ തട്ടിപ്പുകൾ പല രൂപത്തിലും ഭാവത്തിലുമുണ്ടാകുന്നുണ്ട്.

കറസ്‌പോണ്ടന്റുമാർ, കോമൺ സർവിസസ് സെന്റർ (സി.എസ്.സി) ഏജന്റുമാർ, സർക്കാർ ഉദ്യോഗസ്ഥർ, സംഘടിത കുറ്റവാളി സംഘങ്ങൾ എന്നിവരിൽ ചിലർ തട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാങ്കിങ്, സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായാണ് ബാങ്കുകൾ ബിസിനസ് കറസ്‌പോണ്ടന്റുമാരെ നിയമിക്കുന്നത്. 1956ലെ കമ്പനീസ് ആക്ട് പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയം (MeitY) രൂപംനൽകിയ സി.എസ്.സികൾ ഇന്ത്യൻ ഗ്രാമങ്ങളിൽ വിവിധ ഇലക്ട്രോണിക് സേവനങ്ങൾ എത്തിക്കുന്നതിനുള്ള ആക്സസ് പോയന്റായാണ് പ്രവർത്തിക്കുന്നത്. നിർഭാഗ്യവശാൽ, ഇവയുടെ ജീവനക്കാരിൽ കുറെ പേർ ആധാർ അധിഷ്ഠിത പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു.


ആധാറിന്റെ രൂപകൽപന മുതൽ പ്രശ്നങ്ങൾ തുടങ്ങുന്നുവെന്നാണ് ശ്രീനിവാസ് കോടാലിയുടെ പക്ഷം. എവിടെയാണ്, എങ്ങനെയാണ് ഇത് ഉപയോഗിക്കപ്പെടുക എന്നത് നമുക്കുമറിയില്ല. ഹരിയാനയിലെ ഭൂമി രജിസ്ട്രി വിവരശേഖരത്തിൽനിന്ന് കുറെയേറെയോ അതോ മുഴുവൻ പേരുടെയുമോ വിരലടയാളങ്ങൾ തട്ടിപ്പുകാർ മോഷ്ടിച്ചതായി വാർത്ത വന്നിരുന്നു. ഹരിയാനയിലെ മാത്രം വിഷയമല്ലിത്. മുംബൈ, ഝാർഖണ്ഡ്, ഹരിയാന, യു.പി, തെലങ്കാന സംസ്ഥാനങ്ങളിലും സമാന കേസുകൾ അന്വേഷണത്തിലാണ്.

യു.ഐ.ഡി.എ.ഐ വിവരശേഖരത്തിൽ മാത്രമല്ല വിരലടയാളങ്ങളുള്ളത്. ഡ്രൈവിങ് ലൈസൻസോ പാസ്പോർട്ടോ എടുക്കാൻ പോകുമ്പോഴും വിരലടയാളം നൽകണം. ഏതെങ്കിലുമൊരിടത്തുനിന്ന് അവ ചോർത്തപ്പെടുകയും അവർക്ക് നിങ്ങളുടെ ആധാർ നമ്പർ ലഭിക്കുകയും ചെയ്താൽ പണം പിൻവലിക്കാൻ അടക്കം അത് ദുരുപയോഗം ചെയ്യപ്പെടാം.

ദുരുപയോഗം തടയാൻ എന്തെങ്കിലും മാർഗമുണ്ടോ? ഉണ്ട് എന്നതാണ് സത്യം. ആധാർ സംബന്ധമായ എന്തെങ്കിലും തട്ടിപ്പ് സാധ്യത ഉണ്ടായാൽ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്തു വെക്കണമെന്ന് ഈയിടെ തെലങ്കാന പൊലീസ് ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത്തരമൊരു സംവിധാനം ഉണ്ടെന്ന കാര്യം അധികപേർക്കും അറിയില്ല.

GVID എന്നെഴുതി യു.ഐ.ഡിയുടെ അവസാന എട്ടക്കങ്ങൾ 1947 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് വി.ഐ.ഡി നമ്പർ ശേഖരിച്ചാൽ യു.ഐ.ഡി ലോക്ക് ചെയ്യാൻ സാധിക്കും.

എങ്കിലും, ചോദ്യം അതല്ല: ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടും എന്തിനാണ് അത് ചെയ്യുന്നത്? ''റിസർവ് ബാങ്ക് നിർദേശങ്ങൾ നമ്മെ നിർബന്ധിതരാക്കിക്കൊണ്ടിരിക്കുകയാണ്, ധനമന്ത്രി നിർമല സീതാരാമൻ അതിന് പിന്തുണ നൽകുന്നുമുണ്ട്''- ശ്രീനിവാസ് കോടാലി പറയുന്നു.

ആകയാൽ, ചർച്ചകൾ ഒരുഭാഗത്ത് പൊടിപൊടിക്കുമ്പോഴും മാർഗനിർദേശങ്ങൾ നടപ്പാക്കപ്പെടാത്തത് ഒരു ഭയപ്പാടുമില്ലാതെ തട്ടിപ്പുകൾ തുടരാൻ വഴിയൊരുക്കുന്നു.


നികുതി ആവശ്യങ്ങൾക്കും പാൻകാർഡ് ലിങ്കിങ്ങിനും ആധാർ അധിഷ്ഠിത ഗുണഭോക്തൃ സബ്‌സിഡികൾക്കും വേണ്ടി മാത്രമേ ആധാർ ആവശ്യമുള്ളൂ. അല്ലാതെ, ബാങ്കിലോ ഹോട്ടൽ ഏജന്റിനോ ടെലികോം-ഇന്റർനെറ്റ് സേവന ദാതാവിനോ മറ്റാർക്കെങ്കിലുമോ നിയമപരമായി അത് കൊടുക്കേണ്ട കാര്യമില്ല. പക്ഷേ, നാം അതിന് നിർബന്ധിതരാകുന്നു. അതിനിടയിൽ, ദരിദ്രരുടെയും ദുർബലരുടെയും വിവരങ്ങൾ ചോരുകയും ചെയ്യുന്നു -ശ്രീനിവാസ് ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിൽ ബയോമെട്രിക് മെഷീനുകളുടെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ തട്ടിയ നാലുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതായി സൈബർ ക്രൈം വിഭാഗം എ.ഡി.ജി.പി യോഗേഷ് ദേശ് മുഖ് വ്യക്തമാക്കുന്നു. ദബ്ര നഗരസഭയിലെ ഉപഭോക്തൃ സേവന കേന്ദ്രത്തിനെതിരെ വന്ന പരാതിയിലാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്.

സർക്കാർ പദ്ധതികളിൽനിന്നുവരുന്ന പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് ഗ്രാമീണരുടെ പേരിൽ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകളുണ്ടാക്കും. ഈ മനുഷ്യരുടെ ആധാർ വിവരങ്ങൾ ഒരു ആപ്പിൽ ശേഖരിച്ചു വെച്ച് സമയാസമയങ്ങളിൽ അവ ഉപയോഗിച്ച് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുകയാണ് രീതി. 982 പേരുടെ വിവരങ്ങൾ ഇത്തരത്തിൽ തട്ടിപ്പുകാർ സ്വരൂപിച്ചുവെച്ചിരുന്നു. 30 പേർ വഞ്ചിക്കപ്പെട്ടപ്പോഴേക്കും കുറ്റവാളികളെ കണ്ടെത്താനായി എന്നതിനാൽ തട്ടിപ്പിന്റെ വ്യാപ്തിയും വല്ലാതെ വർധിച്ചില്ല -യോഗേഷ് ദേശ് മുഖ് പറയുന്നു.

(നന്ദി: നാഷനൽ ഹെറാൾഡ്)

Tags:    
News Summary - Who will bell the Aadhaar fraud?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.