രാമരാജ്യം എന്ന ചിന്തകൊണ്ട് മഹാത്മ ഗാന്ധി ഉദ്ദേശിച്ച ക്ഷേമരാഷ്ട്ര സങ്കൽപത്തിന് അതിവിശാലമായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളിലെ അനവധിയായ അടരുകളെ സ്വാംശീകരിച്ചാണ് ഗാന്ധിജി തന്റെ രാമരാജ്യ ദർശനം അവതരിപ്പിച്ചത്. ഈശ്വരൻ എന്ന സത്യത്തെയാണ് ഉൾക്കണ്ണുകൊണ്ട് രാമനിലൂടെ ഗാന്ധിജി ദർശിക്കുന്നത്. എന്നാൽ, അതേ രാമനെ ചരിത്രപുരുഷനായി അവതരിപ്പിച്ചാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ വിചാരധാര നടപ്പാക്കുന്നത്. ഇന്ന് ഇന്ത്യയിലെ ചില ഭാഗങ്ങളിൽ കൃത്യമായ ആസൂത്രണത്തിലൂടെ നടക്കുന്ന ന്യൂനപക്ഷവേട്ട അടിസ്ഥാനപരമായി മത കേന്ദ്രീകൃതമാകുമ്പോൾ ഗാന്ധിജിയുടെ രാമരാജ്യത്തിന് പകരം തീവ്രഹിന്ദുത്വത്തിലെ രാമൻ 'ഏകാധികാര' ബോധത്തിലേക്ക് വളരുന്നു.

ഭൂമിയിൽ ഗാന്ധിജിയെ സംബന്ധിച്ച്‌ ഏറ്റവും ശ്രേഷ്ഠമായ ദേശം ഇന്ത്യ തന്നെയാണ്. വൈവിധ്യത്തിന്റെ പൂന്തോട്ടങ്ങൾ നിറഞ്ഞാടിയ ആ മണ്ണിൽനിന്നാണ് ഗാന്ധിജി തന്റെ രാമരാജ്യ ദർശനം പ്രഖ്യാപിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം എക്കാലത്തും ബഹുസ്വരതയിലൂടെയാണ് ആസ്വദിക്കാൻ കഴിഞ്ഞത്. അതാകട്ടെ എല്ലാത്തരം വൈവിധ്യങ്ങളെയും പരിഗണിച്ചും ഉൾക്കൊണ്ടുമാണ് മുന്നോട്ടുപോയത്. അങ്ങനെ മാത്രമേ അത് സാധ്യമാകൂ എന്ന ചിന്ത ഇന്ത്യ ഭരിച്ച ഏതാണ്ടെല്ലാ പ്രധാനമന്ത്രിമാർക്കും ഉണ്ടായിരുന്നു. എത്രമാത്രം വലതുപക്ഷ വികസന കാഴ്ചപ്പാടും സാമ്പത്തിക നിലപാടും സ്വീകരിക്കുമ്പോഴും രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തെ പൂർണമായി അല്ലെങ്കിലും പരിഗണിക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, 2014നുശേഷം മേൽപറഞ്ഞ ജനാധിപത്യ, മതേതര ഇന്ത്യക്ക് അടിസ്ഥാനപരമായ രാഷ്ട്രീയമാറ്റം സംഭവിച്ചു. അതൊരിക്കലും ആകസ്മികമായി ഉണ്ടായതല്ല. എന്ത് ആശയാടിത്തറയിലാണോ ആർ.എസ്.എസ് എന്ന സംഘടന രൂപംകൊണ്ടത്, അതിന്റെ രാഷ്ട്രീയ സാക്ഷാത്കാരമാണ് ബി.ജെ.പി എന്ന പാർലമെന്ററി പാർട്ടി ഇപ്പോൾ നിർവഹിച്ചുവരുന്നത്. ബഹുസ്വര ഇന്ത്യയെ ഏകാത്മക മതബോധത്തിലേക്ക് മാറ്റുകവഴി ദേശീയതയെ ഹിന്ദുത്വ വംശീയതയുടെ ഭയപ്പെടുത്തുന്ന അടയാളമാക്കി മാറ്റി. അതോടെ ഹിന്ദു ഇതര വിഭാഗങ്ങളെ വംശീയ ശത്രുപക്ഷത്തേക്ക് അകറ്റി. സ്വാതന്ത്ര്യത്തിനുമുമ്പ് ഹിന്ദു മഹാസഭയും ബ്രാഹ്മണിക്കൽ വംശീയചിന്തയെ തന്നെയാണ് പിന്തുടർന്നത്. അത് ഗോൾവാൾക്കറുടെ വിചാരധാരയിൽ എത്തുമ്പോൾ ശത്രുക്കളെ തുറന്നു പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ എത്തി. അതിൽ പ്രധാനമായും കീഴാളജാതി ഹിന്ദുക്കളും മുസ്‍ലിംകളും ഒഴിവാക്കപ്പെടേണ്ടതിലെ പ്രധാന വിഭാഗങ്ങളായി. ഇതിനെ പൂർണമായി ശരിവെക്കുന്ന കാഴ്ചയാണ് വർത്തമാന ഇന്ത്യയിൽ നാം കാണുന്നത്.

ഈ ഘട്ടത്തിലൊക്കെ രാമൻ പ്രധാന ഐക്കണായി ഉയർന്നുവരുന്നത് കാണാം. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത് പള്ളി നിലനിന്ന ഭൂമി കോടതി വിധിയിലൂടെ കരസ്ഥമാക്കിയപ്പോഴും പൗരത്വ ബില്ല് അവതരിപ്പിച്ചപ്പോഴും കശ്മീരിന്റെ ഭരണഘടന പദവി എടുത്തുമാറ്റിയപ്പോഴും പ്രവർത്തിച്ചത് തീവ്രഹിന്ദുത്വത്തിന്റെ ഭരണകൂട രാഷ്ട്രീയമാണ്. പലപ്പോഴും ഇത് ഉത്തർപ്രദേശിൽനിന്ന് കേൾക്കുന്ന വാർത്തകളായി കണ്ടുനിന്നവരാണ് മലയാളികൾ. എന്നാൽ, ഇതൊന്നും ഏതെങ്കിലും ഒരിടത്ത് മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ലെന്ന് സംഘ്പരിവാർ രാഷ്ട്രീയത്തിനറിയാം. അതിന്റെ ഭാഗമായാണ് വിവിധ ദേശസമൂഹങ്ങളിൽ വിഭജനങ്ങളുടെ വിത്തുപാകുന്നത്, മുസ്‍ലിം ന്യൂനപക്ഷത്തെ അവരുടേതുകൂടിയായ മണ്ണിൽനിന്ന് അപരവത്കരിക്കാനുള്ള ശ്രമങ്ങൾ തുറന്ന പ്രഖ്യാപനത്തിലൂടെ നടപ്പാക്കുന്നത്. ഈ പശ്ചാത്തലത്തിൽ വേണം രാജ്യത്ത് നടക്കുന്ന ബുൾഡോസർ ഇരവേട്ടയുടെ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടത്.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയിലെ 15 ശതമാനമായ 20 കോടി ജനങ്ങളാണ് മുസ്‍ലിംകൾ. മറ്റു വിഭാഗങ്ങളെപ്പോലെ അധികാര-അവകാശങ്ങൾക്ക് അവരും അർഹരാണ്. ഭരണഘടനപരമായി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കൃത്യമായി നിർവചിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് മുസ്‍ലിം കൂടപ്പിറപ്പുകൾ അന്തിയുറങ്ങുന്ന പാർപ്പിടങ്ങൾ ബുൾഡോസർ എന്ന അധികാരഘടനകൊണ്ട് തകർക്കുന്നു എന്ന് ചോദിക്കാൻ ബുദ്ധനും ഗാന്ധിയും പിറന്ന നാട്ടിൽ സഹിഷ്ണുതയുടെ സഹസഞ്ചാരികളായ വിശ്വാസികൾക്ക് കഴിയുന്നില്ല? അവരിൽ പലരും സൂക്ഷിക്കുന്നത് താൻ മുസൽമാൻ അല്ലാത്തതുകൊണ്ട് പാർപ്പിടം സുരക്ഷിതമാണ് എന്ന ധാരണയാണ്. അപ്പോഴാണ് ഇരുട്ടിനെ തുരന്ന് കൽബുർഗിയും ഗൗരി ലങ്കേഷും ഗോവിന്ദ് പൻസാരയും വർത്തമാന ഇന്ത്യയിലേക്ക് കടന്നുവരുന്നത്. സമീപകാലത്ത് യു.പിയിൽ നടക്കുന്നത് പ്രതികാര രാഷ്ട്രീയത്തിന്റെ ശത്രുതാപരമായ ഇടപെടൽ അല്ല, മറിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ സർവ ചലനാത്മകതയെയും നിശ്ചലമാക്കുന്ന ആസൂത്രണ ഇരവേട്ടയാണ് എന്ന് തിരിച്ചറിയാൻ ജനാധിപത്യവിശ്വാസികൾക്ക് കഴിയണം.

എന്തുകൊണ്ടാണ് ഹിന്ദുത്വ ഭരണകൂടം മുസ്‍ലിംകളെ മുഖ്യശത്രുവായി കാണുന്നത്? അത് വംശീയതാ രാഷ്ട്ര നിർമിതിയുടെ ഭാഗമാണ്. ഇതിനെ മനസ്സിലാക്കാത്തവരല്ല ഇന്ത്യയിലെ സംഘ്പരിവാർ ഇതര ജനാധിപത്യ പ്രസ്ഥാനങ്ങൾ. എന്നിട്ടും ഗാന്ധിജി സ്വപ്നംകണ്ട രാമരാജ്യത്തിലെ വംശീയ ഇരവേട്ടക്ക് മുന്നിൽ ഇന്ത്യൻ മതേതര പ്രസ്ഥാനങ്ങൾ മൗനംപൂണ്ടിരിക്കുന്നു. ഗാന്ധിയുടെ ഇന്ത്യയിലെ രാമനിൽനിന്ന് തീവ്രഹിന്ദുത്വ രാമനിലേക്കുള്ള ഇന്ത്യയുടെ ഈ മാറ്റം എല്ലാ അധികാര സ്ഥാപനങ്ങളെയും ഹിന്ദുത്വവത്കരിച്ചുകൊണ്ടാണ് നടക്കുന്നത്. അവിടെ നീതിയും നിയമവും എക്സിക്യൂട്ടിവും കാവികൊണ്ട് പൊതിഞ്ഞുകഴിഞ്ഞു. അപ്പോഴും ഇന്ത്യൻ ജനാധിപത്യത്തിന്റെ എക്കാലത്തെയും ശക്തിയായ മതേതര പ്രസ്ഥാനങ്ങൾ പ്രതീക്ഷയായിരുന്നു. രണ്ടാം യോഗി സർക്കാറിന്റെ ബുൾഡോസർ രാഷ്ട്രീയം മനുഷ്യന്റെ ജീവിക്കാനുള്ള പ്രാഥമിക അവകാശത്തെയാണ് നിഷേധിക്കുന്നത്. ഭരണകൂടം സ്വന്തം പ്രജകളെ വഴിയാധാരമാക്കുമ്പോൾ ഏത് രാമനെയാണ് വിശ്വാസികൾ നെഞ്ചോട് ചേർത്തുപിടിക്കുക? അത് ഗാന്ധിയുടെ രാമൻതന്നെയായിരിക്കും. അല്ലാതെ ആധുനിക ഇന്ത്യയിലെ രാമൻ ആയിരിക്കില്ല. ഈ അവസരത്തിലാണ് ഇന്ത്യ എന്ന ബഹുസ്വര സംസ്കൃതിയുടെ വീണ്ടെടുപ്പിന് രാജ്യത്തെ ഇതര മതസ്ഥർക്ക് എന്തുചെയ്യാൻ കഴിയും എന്ന ചോദ്യം പ്രസക്തമാകുന്നത്.

ഏതാനും ദിവസങ്ങളായി പ്രവാചകനിന്ദയുടെ പേരിൽ ബോധപൂർവമായ വർഗീയലഹള സൃഷ്ടിക്കപ്പെട്ടതിന് കൃത്യമായ അജണ്ടയുണ്ട്; വർഗീയ കലാപത്തിന്റെ മറവിൽ സമൂഹത്തിൽ മതപരമായ ധ്രുവീകരണം സുഷ്ടിക്കുക. അതുവഴി തദ്ദേശീയരായ മുസ്‍ലിം ജനവിഭാഗങ്ങളെ സ്വന്തം ദേശത്തുനിന്ന് അപരവത്കരിക്കുക. ദേശമില്ലാത്ത മനുഷ്യരുടെ ജീവിതംകാട്ടി ഒരുവിഭാഗത്തെ മുഴുവൻ ഭയത്തിൽ അമർത്തുക. അതിനായി ഭരണകൂടത്തിന്റെ മുഴുവൻ സന്നാഹത്തെയും ഉപയോഗിക്കുക -ഇങ്ങനെ സ്റ്റേറ്റ് തന്നെ മർദക ഘടനയായി മാറുമ്പോൾ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മറനീക്കി നിറഞ്ഞാടുന്നത് ലോകം കാണുന്നു. ഇവിടെ രാമൻ എന്തിന്റെ പ്രതീകമാണെന്ന് ബോധ്യമുള്ള വിശ്വാസികൾ ഇന്ത്യ മഹാരാജ്യത്ത് ജീവിക്കുന്നുണ്ടെന്ന് പറയാൻപോലും കഴിയാത്തവിധം രാജ്യം മൗനത്തിലാണ്. ഗാന്ധിജിയുടെ ഇന്ത്യയിൽ അത് എങ്ങനെ സംഭവിക്കുന്നു? അതിന് ഗാന്ധിജിതന്നെ ഉത്തരം നൽകിയിട്ടുണ്ട്: ''ഞാൻ ആരാധിക്കുന്ന രാമൻ, എന്റെ സങ്കൽപത്തിലുള്ള രാമൻ സമ്പൂർണ സത്തയാണ്. ചരിത്ര പുരുഷനല്ല''. എന്നാൽ, തീവ്രഹിന്ദുത്വത്തിന്റെ രാമൻ എങ്ങനെ വർത്തമാനകാലത്ത് അസഹിഷ്ണുതയുടെ ഭാഗമാകുന്നു എന്നതിന് രാമൻ ഭരണകൂട നിലനിൽപിന്റെ ഭാഗമായി എന്ന തിരിച്ചറിവ് സാധ്യമാകും. എന്നുമാത്രമല്ല, രാമൻ ഹിന്ദുത്വത്തിന്റെ ആത്മീയവഴിയാണെങ്കിൽ ബഹുസ്വര ഇന്ത്യയിൽ ആ രാമന്റെ സ്ഥാനം എന്താണ്? തികഞ്ഞ വിഭാഗീയതയിൽ നമ്മുടെ ജനാധിപത്യം തകർന്നുപോകുന്നത് കണ്ടുനിൽക്കുന്നവരുടെ രാജ്യമാണോ രാമരാജ്യം?

പതിറ്റാണ്ടുകളായി സ്വന്തം മണ്ണിനെ പ്രണയിച്ച്, അതിൽ അലിഞ്ഞുചേർന്ന് അനേകം ഭിന്നസംസ്കൃതിയിലും ഒന്നിച്ചുജീവിച്ച ഇന്ത്യ, ഇന്ന് ലോകത്തിനുമുന്നിൽ മതേതരത്വവും ജനാധിപത്യവും ഇടിഞ്ഞുപൊളിഞ്ഞ രാഷ്ട്രമായി മാറിയിരിക്കുന്നു. ഈ ഇരുട്ടിൽ നിശ്ശബ്ദരായിരിക്കുന്ന രാമഭക്തരെ, നിങ്ങൾ ഗാന്ധിജിയുടെ രാമനെ പറഞ്ഞുവിട്ട ഇന്ത്യയിൽ ആരുടെ പക്ഷത്താണ് എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്. വിശ്വാസികൾക്ക് ഇഷ്ടം ഗാന്ധിയുടെ രാമൻതന്നെ. അപ്പോഴും പാർശ്വവത്കരിക്കപ്പെടുന്ന, സ്വന്തം കിടപ്പാടം ബുൾഡോസർകൊണ്ട് തരിപ്പണമാക്കി, സ്വന്തം രാജ്യത്ത് വേരറ്റ മനുഷ്യരെ സൃഷ്ടിക്കുന്ന ഭരണകൂടത്തോട് ചോദിക്കണം; ഇന്ത്യ ഇനി ആരുടെ രാമരാജ്യം...?

Tags:    
News Summary - Whose 'Rama Rajya' is India now?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT