മുസ്‌ലിം രാഷ്ട്രീയത്തെ കേരള സി.പി.എം എന്തിനാണ് ഇത്ര ഭയക്കുന്നത്?

1987 മാർച്ച് മാസം 25 ന് രാത്രി അങ്ങാടിയിലിറങ്ങിയപ്പോൾ കാണുന്നത് തകരപ്പാട്ടയിൽ വടിയെടുത്തടിച്ച് "ലീഗില്ലാത്തൊരു ഭരണം വന്നേ" എന്നാർത്തു വിളിച്ച് തുള്ളിച്ചാടുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി ജയിച്ചതിൻറെ ആഹ്ലാദത്തിൽ മുഖ്യ കക്ഷിയായ കോൺഗ്രസ് തോറ്റതിനേക്കാൾ വലിയ സന്തോഷം ലീഗില്ലാ ഭരണം വന്നതിലെന്തെന്ന് അന്നത്തെ ചെറു പ്രായത്തിൽ മനസ്സിലായില്ല. കുഞ്ഞുവേട്ടൻറെ ചായക്കടയിൽ കാണുന്ന ദേശാഭിമാനി ഇടയ്ക്കിടെ വായിക്കുന്നതിൽ നിന്നും ലീഗ്, കേരളാ കോൺഗ്രസ് എന്നീ മുസ്‌ലിം ക്രിസ്ത്യൻ പാർട്ടികളുടെ തോളത്ത് കയ്യിട്ട് കോൺഗ്രസ് നടക്കുന്നതാണ് സി.പി.എമ്മിന്‌ വലിയൊരു പ്രശ്നമെന്ന് മനസ്സിലാക്കിയിരുന്നു.

.

1989 ലാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുവാറ്റുപുഴ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പി.ജെ ജോസഫ് യു.ഡി.എഫ്‌ വിട്ട് സ്വതന്ത്രനായി മത്സരിച്ച് തോൽക്കുന്നത്. ക്രിസ്ത്യൻ പശ്ചാത്തല പാർട്ടിയായതുകൊണ്ടു ഇടത് മുന്നണി എടുക്കാതെ ജോസഫ് ആകെ ഉഴറുമല്ലോ എന്നാണ് വിചാരിച്ചത്. പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞാൽ ജോസഫിനെ സ്വീകരിക്കാമെന്നായിരുന്നു ഇ.എം.എസിൻറെ പ്രസ്താവന. "നന്നായി പാടും, ഒരു പാട്ട് പാടട്ടോ തിരുമേനീ" എന്നും ചോദിച്ച് അദ്ദേഹത്തിൻറെ പടിപ്പുരയിൽ ജോസഫ് നിൽക്കുന്ന അഗ്രഹാരത്തിൽ കുതിര (കുതിര ജോസഫിൻറെ ചിഹ്നമാണന്ന്) എന്ന വേണുവിൻറെ ഒരു കാർട്ടൂൺ അന്ന് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടിയിലാണ് മുസ്‌ലിം പ്രശ്നങ്ങളിലെ കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ച് ലീഗ് യു.ഡി.എഫ്ൽ നിന്ന് പുറപ്പെട്ടിറങ്ങുന്നത്. എന്നാൽ സി.പി.എമ്മിൻറെ മുഖമടച്ച നിലപാടിൻറെ ഫലമായി ലീഗ് തിരിച്ചു പോയി. എന്നാൽ ഒരു തള്ളിപ്പറച്ചിലുമില്ലാതെ ജോസഫിൻറെ ക്രിസ്ത്യൻ പശ്ചാത്തല പാർട്ടി 1991ലെ പൊതു തെരഞ്ഞെടുപ്പോടെ സി.പി.എം

 മുന്നണിയുടെ ഭാഗമാകുന്നത് കണ്ട് നാം അൽഭുതം കൂറി. 1996 ലെ തെരഞ്ഞെടുപ്പിൽ വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പുകൾ ഒന്നിച്ച് ജോസഫിന് കൊടുത്ത് പ്ലസ് ടു വിതരണം ഗംഭീരമാക്കി നടത്താൻ സൗകര്യവും കൊടുത്തു.

മറ്റുള്ളോർക്ക് പറ്റുന്നതും മുസ്‌ലിമിന് പറ്റാത്തതും

ഇന്ത്യൻ സാമൂഹ്യ പരിസരത്ത് കൂറ് കൂടെക്കൂടെ തെളിയിക്കേണ്ടി വരുന്ന മുസ്‌ലിമിൻറെ ഇരട്ട ഭാരത്തെ കുറിച്ച് രാജീന്ദർ സച്ചാർ പറഞ്ഞിട്ടുണ്ട്. സാമുദായിക സംഘാടനത്തിനെതിരാണ് തങ്ങളെന്ന് പറയുമ്പോഴും ഇവ്വിഷയത്തിൽ മുസ്‌ലിം ക്രിസ്ത്യൻ പശ്ചാത്തല സംഘടനകൾക്കിടയിൽ സി.പി.എം നടത്തുന്ന വിവേചനം ഇതിൻറെ ഉത്തമോദാഹരണമായി കാണാനാവും. ബാബരിയാനന്തരം ലീഗുമായി തെറ്റിയ സേട്ടു അന്നത്തെ സി.പി.എം സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തുമായി ആലോചിച്ച് 1994 ൽ തൻറെ പാർട്ടിക്ക് ഇന്ത്യൻ നാഷണൽ ലീഗ് എന്ന പേരിട്ടെങ്കിലും എ.കെ.ജി  സെൻററിലെ നട തുറന്നു കിട്ടാൻ കാൽ നൂറ്റാണ്ടാണ് കാത്തിരിക്കേണ്ടി വന്നത്. ഇക്കാലത്തിനിടയിൽ പഴയ ഇസ്രായേല്യരെ അനുസ്മരിപ്പിക്കും പ്രകാരം ഇടതു പക്ഷത്തിൻറെ വാഗ്ദത്ത ഭൂമി സ്വപ്നം കണ്ടിറങ്ങിയ സേട്ടുവടക്കം നല്ലൊരു ശതമാനവും മരിച്ചിരുന്നു. ഇതേ മുന്നണിയിലാണ് ക്രിസ്ത്യൻ പശ്ചാത്തലമുള്ള ജോസഫിൻറെ പാർട്ടി ഓടിക്കയറുന്നതും കൺചിമ്മും വേഗതയിൽ മന്ത്രിയാവുന്നതും കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അയാളോടൊപ്പം ബൈബിളുമേന്തി മാർപാപ്പയെ കണ്ടു കൈമുത്തുന്നതും. ആര്‍.എസ്.എസ്‌ കൂടാരത്തിലെ നിരവധി കൊല്ലത്തെ പൊറുതി കഴിഞ്ഞ് പി.സി തോമസ് യു.ഡി.എഫിലേക്ക് മടങ്ങുമ്പോൾ ഒരു മതേതര അപകട സൈറണും സി.പി.എം മുഴക്കാത്തത് കേരളത്തിലെ ഇടത് ബോധത്തിൽ രൂഢമൂലമായ മുസ്‌ലിം വിരുദ്ധ മുൻ വിധികളുണ്ടെന്നതുകൊണ്ടുതന്നെയാണ്. വർഗീയതയും തീവ്രവാദവുമൊക്കെ മുസ്‌ലിംകൾക്ക് മാത്രമായി സംവരണം ചെയ്യപ്പെടുന്നതും കൊളോണിയൽ സവർണ മൂല്യങ്ങളിൽ നിന്ന് അവർക്ക് പുറത്തുകടക്കാനാകാത്തതു കൊണ്ടാണ്.


മുസ്‌ലിം എന്ന അപരൻ

1967 മുതൽ 1985 വരെ ലീഗിൻറെ രണ്ട് ഭാഗങ്ങളെ സഖ്യകക്ഷിയാക്കിയും ബാബരിയാനന്തരം മുസ്‌ലിം വോട്ടുകളെ സമാഹരിച്ചുമാണ് സി.പി.എം രാഷ്ട്രീയം മുന്നോട്ട് പോവുന്നതെങ്കിലും മുസ്‌ലിം രാഷ്ട്രീയ കർതൃത്വങ്ങളെ അംഗീകരിക്കാൻ അവർക്ക് എന്നും വിമുഖതയായിരുന്നു. ലീഗ്, സേട്ടു, മഅദനി, കാന്തപുരം, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരോടെക്കെയുള്ള സി.പി.എമ്മിൻറെ ബന്ധം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ജനസംഖ്യയുടെ കാൽ ഭാഗം വരുന്ന ഒരു ജനവിഭാഗത്തിൻറെ വോട്ടുകൾ ഉപയോഗപ്പെടുത്തുകയും അതേ സമയം അവരുടെ രാഷ്ട്രീയ നീക്കങ്ങളെ തങ്ങൾക്കനുകൂലമല്ലെങ്കിൽ വർഗീയ ഭീകരവാദ മുദ്രകൾ ചാർത്തിക്കൊടുക്കുകയായിരുന്നു കേരള സി.പി.എം.

ലീഗിൻറെ സി.എച്ച്‌ മുഹമ്മദ് കോയയെ വിദ്യാഭ്യാസ മന്ത്രിയാക്കി, മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമൊക്കെ കൊടുത്ത സി.പി.എം തന്നെയാണ് കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് അബ്ദുറബ്ബിനെതിരെ നടന്ന വംശീയാധിക്ഷേപങ്ങളുടെ മുഖ്യ പ്രചാരകരായത്. പച്ച ബ്ലൗസ്, പച്ച ബോർഡ് മുതൽ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയത്തിന് വരെ അബ്ദുറബിനെതിരെ വർഗീയ പ്രചരണം അഴിച്ചുവിട്ടു. ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻറെ സമുദായം പ്രസിദ്ധീകരിച്ച് അവർ വഴി പൊതുഖജനാവിലെ പണം ഒരു സമുദായത്തിലേക്കൊഴുകുകയാണെന്ന് പെരുമ്പറയടിച്ചു. അതെസമയം മറ്റൊരു സമുദായത്തിലെ മന്ത്രിമാരും ഇത്തരമൊരു ടെസ്റ്റിന് വിധേയരായതുമില്ല.

സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയവും കോൺഗ്രസ് പുലർത്തിയ മൃദു ഹിന്ദുത്വത്തോടുള്ള എതിർപ്പും കാരണം സമീപകാലത്ത് ഇടതുപക്ഷം ഏറ്റവും കൂടുതൽ സഹകരിച്ച് നീങ്ങിയത് ജമാഅത്തെ ഇസ്ലാമിയുമായാവും. 1991 ൽ ബേപ്പൂർ വടകരയിലെ കോലിബി സഖ്യത്തിനെതിരിലും 1994 ലെ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാർഥികൾക്ക് വേണ്ടി ജമാഅത്തും സി.പി.എമ്മും ഒന്നിച്ചു പ്രവർത്തിച്ചു. 1996 ലെ തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണിക്കായിരുന്നു ജമാഅത്തിൻറെ പൂർണ പിന്തുണ. 1998, 99 വർഷങ്ങളിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സി.പി.എം അടക്കമുള്ള പല ഇടതുമുന്നണിക്കാർക്കും ജമാഅത്ത് വോട്ടു ചെയ്തു. 2006 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ജമാഅത്ത് ഇടതു മുന്നണിയെ പൂർണമായും പിന്തുണക്കുകയും കുറ്റിപ്പുറത്ത് കെ.ടി ജലീൽ അടക്കമുള്ള ഇടത് സ്ഥാനാർഥികൾക്കായി പരസ്യ പ്രചാരണം നടത്തുകയും ചെയ്തു. 2010ലും 2015 ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2011 ലെ അസംബ്ലി തെരഞ്ഞെടുപ്പിലുമൊക്കെ ചർച്ചകളും ധാരാണകളുമുണ്ടായി.

ഹിന്ദുത്വ മലവെള്ളപ്പാച്ചിലിൽ ദുർബല പ്രതിരോധമെങ്കിലും തീർക്കാൻ കഴിയുക കോൺഗ്രസിനാണെന്ന് കരുതി 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാനാണ് സംസ്ഥാനത്ത് മുസ്‌ലിം പ്രാമുഖ്യമുള്ള രാഷ്ട്രീയ കക്ഷികൾ തീരുമാനിച്ചത്. ജമാഅത്തെ ഇസ്ലാമി കൂടി ഉൾപ്പെട്ട രാഷ്ട്രീയ ചർച്ചകളുടെ പശ്ചാത്തലത്തിൽ രൂപം കൊണ്ട വെൽഫെയർ പാർട്ടിയും ഈ നിലപാടാണ് എടുത്തത്. അതോടെ വർഗീയാരോപണമായി.

സി.പി.എമ്മിൻറെ ത്രിമുഖ തന്ത്രം

സവർണ സംവരണം ആവേശപൂർവം നടപ്പിലാക്കി സവർണ വോട്ടുകളുടെ ഏകീകരണം, ലോകത്താകമാനമുള്ള വലതുപക്ഷ വളർച്ചക്കു ശേഷം കൂടുതൽ ദൃശ്യപ്പെടുന്ന ക്രിസ്ത്യൻ വർഗീയതയെ ഉപയോഗപ്പെടുത്തൽ, മുസ്‌ലിം പ്രാമുഖ്യ രാഷ്ട്രീയത്തെ കുറിച്ച പൈശാചികവൽക്കരണം എന്നീ മൂന്നിന പരിപാടിയുമായാണ് സി.പി.എം മുന്നോട്ടു പോവുന്നത്.

ദേശീയാടിസ്ഥാനത്തിൽ ബി.ജെ.പി വിജയിപ്പിച്ചെടുത്ത മുസ്‌ലിം രഹിത രാഷ്ട്രീയത്തിൻറെ ആവർത്തനമാണത്.

സവർണ സംവരണം ദേവസ്വം ബോർഡിൽ കൊണ്ടുവന്ന് ബി.ജെ.പിക്കിതിന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചത് കേരളത്തിലെ സി.പി.എം സെക്രട്ടറിയാണ്. മറ്റൊരു ചെയർമാനും നൽകാത്ത കാബിനറ്റ് പദവി മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാന് മാത്രം കൊടുത്തത് സവർണരെ തൃപ്തിപ്പെടുത്താനായിരുന്നു. എമ്മിൻറെ എക്കാലത്തെയും വലിയ വോട്ട് ബാങ്കായ ഈഴവ വിഭാഗത്തെ ഓപൺ യൂണിവേഴ്സിറ്റിക്ക് ഗുരുവിൻറെ പേര് കൊടുത്ത് പറ്റിക്കാൻ ശ്രമിച്ചാണ് പിന്നാക്കക്കാരുടെ താൽപര്യങ്ങളെ തലമുറകളോളം ബാധിക്കുന്ന സംവരണക്കൊള്ള നടത്തുന്നത്.

സി.പി.എം സെക്രട്ടറി ഈയിടെയായി ആവർത്തിക്കുന്ന ഒന്നാണ് ഹഗിയാ സോഫിയ. മ്യൂസിയമാക്കി മാറ്റിയിരുന്ന അവിടെ ജൂലൈ മാസത്തിൽ വീണ്ടും നമസ്ക്കാരമാരംഭിച്ചപ്പോൾ മുതൽ ജമാഅത്തെ ഇസ്ലാമിയും പാണക്കാട് തങ്ങളും അതിനെ അനുകൂലിച്ചെന്നും പറഞ്ഞു കോടിയേരി രംഗത്തുണ്ട്. ഈ ആവർത്തിച്ചുള്ള പ്രചരണം ക്രിസ്ത്യൻ വർഗീയ വോട്ടുകളിൽ കണ്ണു വെച്ചാണ്. മോദി ഭരണത്തിൻ കീഴിൽ തങ്ങളുടെ കാര്യങ്ങൾ നടക്കാൻ ഏറ്റവും നല്ല വഴി ഹിന്ദുത്വരുടെ മുസ്‌ലിം വിരുദ്ധതയുടെ മികച്ച പ്രചാരകരാവുകയാണ് എന്നൊരു തോന്നൽ ന്യൂനപക്ഷം വരുന്ന സ്ഥാപിത താൽപര്യക്കാരായ ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്കുണ്ട്. ഇതിനിടയിലാണ് അന്തർദേശീയ തലത്തിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ നൂറ്റാണ്ടുകളായി ഏകാഭിപ്രായമെത്താത്ത ഹഗിയാ സോഫിയ വീണ്ടും പൊങ്ങി വരുന്നത്. ആ പ്രശ്നത്തിന് പിറകിൽ കൃത്യമായ രാഷ്ട്രീയമുണ്ട് എന്ന് കേരളത്തിലെ മുസ്‌ലിംകൾക്കറിയാം. പക്ഷെ, 400 കൊല്ലത്തിലധികം പള്ളിയായിരുന്ന സ്ഥലത്തു നമസ്ക്കാരം തുടരേണ്ടെന്ന് കേരളത്തിലെ ഏതെങ്കിലും മുസ്‌ലിം വിഭാഗത്തിന് അഭിപ്രായമുള്ളതായി അറിയില്ല. പിന്നെ എന്തിനാണ് കൊടിയേരി അതിലേക്ക് ചിലരെ വലിച്ചു കൊണ്ടുവരുന്നത്? സി.പി.എമ്മിനോട് ഒന്നേ പറയാനുള്ളൂ. നാല് വോട്ടു കിട്ടാൻ വേണ്ടി മധ്യകാല യൂറോപ്പിലെ സംഭവങ്ങളിൽ പക്ഷം പിടിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാവും

ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ മുസ്‌ലിം വോട്ടുകളുടെ ഒരു തിരിച്ചുവരവ് സി.പി.എം പ്രതീക്ഷിക്കുന്നില്ല. അതിനാൽ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളെ പൈശാചികവൽക്കരിച്ച് സവർണ വോട്ടുകളുടെ ഏകീകരണം സൃഷ്ടിക്കുന്നതിലാണ് കേരളത്തിൽ തങ്ങളുടെ രാഷ്ട്രീയ ഭാവി എന്ന് സി.പി.എം ധരിക്കുന്നു. ബംഗാളിലും തൃപുരയിലും കോഴി കൂവും മുമ്പെ ബി.ജെ.പി ആയിയുണർന്ന സ്വന്തം നേതാക്കളെ കണ്ടു പരിചയിച്ച പാർട്ടി, ബി.ജെ.പി കൊടുക്കുന്നത് തങ്ങൾ തന്നെ കൊടുത്താലേ അണികളെ പിടിച്ചു നിർത്താനാവൂ എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള ശ്രമത്തിലാണ്. അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളോ സാമൂഹിക വിഭജനമോ അധികാര തുടർച്ച എന്ന ഏക ലക്ഷ്യത്തിൽ കണ്ണും നട്ടിരിക്കുന്ന നേതൃത്വത്തിന് പ്രശ്നമല്ലാതാകുകയാണ്.

ലീഗിന് മുഖ്യമന്ത്രിയായിക്കൂടെന്നോ?


കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ചോദ്യം ഉന്നയിക്കവേ, നികേഷ് കുമാർ ലീഗ് വെൽഫെയറിനെ ഒപ്പം കൂട്ടി കോൺഗ്രസിനെ അപ്രസക്തമാക്കി ഏറ്റവും വലിയ കക്ഷിയാവാനും, അത് വഴി മുഖ്യമന്ത്രിയാവാനും ശ്രമിക്കുകയാണെന്ന ദുസ്സൂചന നൽകുകയുണ്ടായി. മുഖ്യമന്ത്രി പദം ലീഗ് കൊണ്ടു പോകുമോ എന്ന് ഭീതി പരത്തി കോൺഗ്രസിലുള്ള സവർണരെ കൂടെക്കൂട്ടാനുള്ള ശ്രമമായിരുന്നു അത്.

മാണിയെ മുഖ്യമന്ത്രിയാക്കാൻ നടത്തിയ ശ്രമങ്ങളെ സ്വാഭാവികതയായി കണ്ട കേരളത്തെയാണ് മുസ്‌ലിം ലീഗ് മുഖ്യമന്ത്രി വരുന്നേ എന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്. മാത്രമല്ല, എൺപതുകളിൽ എൻ.ഡി.പി., എസ്.ആര്‍.പി തുടങ്ങിയ സാമുദായിക പാർട്ടികളെയൊക്കെ കൂടെക്കൊണ്ടു നടന്ന് മന്ത്രിമാരെയടക്കം ഉണ്ടാക്കിക്കൊടുത്ത കോൺഗ്രസിനോടാണ് ഉപദേശം. അപ്പോഴൊന്നും തകരാറിലാകാത്ത സാമുദായിക ബന്ധങ്ങൾ മുസ്‌ലിം പശ്ചാത്തല സംഘടനകളെ കൂട്ടുമ്പോൾ മാത്രം തകരാറിലാകുമെന്ന് പ്രചരിപ്പിക്കുന്നതിൽ ഐ.എന്‍.എല്ലിനെ കാൽ നൂറ്റാണ്ട് പുറത്ത് നിർത്തിയ മനസ് തന്നെയാണ് പ്രവർത്തിക്കുന്നത്.

മറ്റൊന്നുണ്ട്. 1957 മുതൽ നമ്പൂതിരി (5 വർഷം), മുന്നാക്ക ഹിന്ദു (30 വർഷം) ക്രിസ്ത്യന്‍ (12 വർഷം), ഈഴവ (11 വർഷം) എന്ന കണക്കിൽ മുഖ്യമന്ത്രിയായിരുന്ന സ്ഥാനത്ത് 25 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം മുഖ്യമന്ത്രിയായത് വെറും 50 ദിവസമാണ്. പ്രബുദ്ധ കേരളത്തിൽ 63 കൊല്ലത്തിനിടെ മുസ്‌ലിം മുഖ്യമന്ത്രിയുണ്ടാകുക എന്ന സാമൂഹ്യനീതിയുടെ സ്വാഭാവിക തേട്ടം പൊതുബോധത്തെ കൊണ്ട് അംഗീകരിപ്പിക്കാൻ നമ്മുടെ മുന്നണികൾക്ക് കഴിയാതെ പോയതുകൊണ്ടാണ് ലീഗ് മുഖ്യമന്ത്രി എന്നത് ഒരു അപകട സൈറണായി മുഴക്കാൻ കഴിയുന്നത്.

കൊട്ടിഘോഷിക്കപ്പെടുന്ന പൊതുമണ്ഡലം എങ്ങനെയാണ് തങ്ങളോട് പെരുമാറിയത് എന്ന് എഴുപതു വർഷത്തിനിപ്പുറം മുസ്‌ലിംകളാദി പിന്നാക്ക സമൂഹങ്ങൾ തിരിച്ചറിയുന്നുണ്ട്. നൂറാം വാർഷികമാഘോഷിക്കുന്ന വേളയിലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിയിൽ മുസ്‌ലിം കർതൃത്വങ്ങളുടെ സ്വാധീനം ഒന്ന് പഠിക്കാൻ സി.പി.എം ശ്രമിക്കുന്നത് നന്നാവും. വർത്തമാന കാല മുസ്‌ലിം കർതൃത്വ രാഷ്ട്രീയ വികാസങ്ങൾ സൂക്ഷമ വായനക്ക് മുതിർന്നാലും വിഭാഗീയതകൾക്കുമപ്പുറത്ത് നിലയുറപ്പിച്ച മർദ്ദിത രാഷ്ട്രീയത്തിന്‍റെ നേർചിത്രം കാണാനാകും. അതിനുവേണ്ടത് മുസ്‌ലിം അപരവത്കരണത്തിെൻറ കാവി കണ്ണട അഴിച്ചുവെക്കാനുള്ള വിനയം മാത്രമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.