രാജ്യാന്തരതല ഇസ്ലാമിക ഭീകര ഗ്രൂപ്പുകളിലേക്കും അവയാൽ നിയന്ത്രിക്കപ്പെടുന്ന ലൈംഗികചൂഷക സംവിധാനങ്ങളിലേക്കും ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നു എന്നത് മുതല്‍ ഇന്ത്യയുടെ ജനസംഖ്യ അനുപാതം മാറ്റുന്നതുവരെയുള്ള അങ്ങേയറ്റം ആശങ്കപ്പെടുത്തുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് 'ലവ് ജിഹാദ്' എന്ന പദം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ലവ് ജിഹാദ് എന്നത് വളരെ വലിയ നിലയിലുള്ള മതപരിവര്‍ത്തന ഗൂഢാലോചനയുടെ ഒരു ചുരുക്കപ്പേരായി മാറി.
ലോകത്തിലെ രണ്ടാമത്തെ വലിയ പൗരസ്ത്യ കത്തോലിക്ക സഭയായ സിറോ മലബാര്‍ സഭ 2020 ജനുവരി പന്ത്രണ്ടിനാണ് ഈ വിഷയം സംഘ്പരിവാറിൽനിന്ന് ആദ്യമായി ഏറ്റെടുക്കുന്നത്. ലവ് ജിഹാദ് ഉപയോഗപ്പെടുത്തി ക്രിസ്ത്യന്‍ സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികൾ മതംമാറ്റുന്നതായും സിറിയയിലേക്ക് ഭീകരപ്രവർത്തനങ്ങൾക്കും ലൈംഗികചൂഷണത്തിനുമായി കൊണ്ടുപോകുന്നുവെന്നും സഭ ആരോപിച്ചു.
കേരളത്തിൽ നിലനിൽക്കുന്ന മതപരവും സാമൂഹികവുമായ ഐക്യത്തെ തകർക്കുകയെന്ന ഇസ്ലാമിക് സ്റ്റേറ്റിെൻറ (ഐ.എസ്) അജണ്ടയുടെ ഭാഗമാണ് 'ലവ് ജിഹാദ്' എന്ന് സഭ അവകാശപ്പെട്ടു. 2020 ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് സഭാ ബിഷപ്പുമാർ ഇടപെടൽ ആവശ്യപ്പെട്ടു. തൊട്ടുമുമ്പ് സഭാനേതൃത്വം ദേശീയ ന്യൂനപക്ഷ കമീഷന് നൽകിയ പരാതിയിൽ ലവ് ജിഹാദിനെ താരതമ്യം ചെയ്തത് 2019 ഡിസംബര്‍ 26ന് ഇസ്ലാമിക് സ്റ്റേറ്റ് നൈജീരിയയില്‍ ക്രിസ്ത്യന്‍ തടവുകാരെ വധിച്ചതുമായാണ്.
വിവരാവകാശരേഖകള്‍ വെളിപ്പെടുത്തുന്നത്
വനിത കമീഷൻ അധ്യക്ഷ രേഖ ശർമ മഹാരാഷ്ട്ര ഗവർണറുമായി ലവ് ജിഹാദ് സംബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചക്കുശേഷം, 2020 ഒക്ടോബര്‍ 23ന് കമീഷന് മുമ്പാകെ ഞങ്ങൾ ഒരു വിവരാവകാശ അപേക്ഷ ഫയല്‍ചെയ്തു.
1) ദേശീയ വനിത കമീഷനിൽ ലവ് ജിഹാദ് കേസുകളുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ ഡേറ്റയുടെയും രേഖകളുടെയും പകർപ്പുകൾ.
2) 'ലവ് ജിഹാദ്' കേസുകളുമായി ബന്ധപ്പെട്ട് വനിത കമീഷൻ അയച്ചതോ സ്വീകരിച്ചതോ ആയ പരാതികൾ, കുറിപ്പുകള്‍, കത്തുകള്‍, നടപടികൾ, മെമ്മോകള്‍, ഓര്‍ഡറുകള്‍ തുടങ്ങിയവയുടെ കോപ്പികൾ.
3) 'ലവ് ജിഹാദ്' കേസുകളുമായി ബന്ധപ്പെട്ട കമീഷെൻറ ഫയല്‍ കുറിപ്പുകള്‍ എന്നീ കാര്യങ്ങളാണ് അതുപ്രകാരം തേടിയത്.
2020 നവംബര്‍ 11ന് നൽകിയ മറുപടിയില്‍, കമീഷനിലെ പരാതികൾ സംബന്ധിച്ച വിഭാഗത്തിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട ഡേറ്റകളൊന്നും ഇല്ലെന്ന് അവർ വ്യക്തമാക്കി. ലവ് ജിഹാദിനെക്കുറിച്ചുള്ള രേഖ ശർമയുടെ ആവർത്തിച്ചുള്ളതും സാമുദായിക വികാരം ഇളക്കിവിടുന്നതുമായ പ്രസ്താവനകള്‍ക്ക് ആധികാരികമായ ഒരു അടിസ്ഥാനവുമില്ലായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. 2020 നവംബര്‍ 21ന് മറ്റൊരു വിവരാവകാശ അപേക്ഷ ഞങ്ങൾ ഫയല്‍ ചെയ്തു. അതില്‍ ഇന്ത്യയിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ഡേറ്റയോ വിവരങ്ങളോ അനുബന്ധ രേഖകളോ ഉണ്ടെങ്കിൽ ലഭ്യമാക്കാൻ ആവശ്യപ്പെട്ടു.
മേൽപറഞ്ഞ വിഷയത്തിൽ ദേശീയ വനിത കമീഷനിൽ പ്രത്യേകമായ ഡേറ്റകൾ/വിവരങ്ങള്‍ ഒന്നുംതന്നെ ശേഖരിച്ചുവെക്കുന്നില്ല എന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നും മറുപടി കിട്ടി. 2020 നവംബർ 26നായിരുന്നു ആ മറുപടി. കേരളത്തിലെ 'ലവ് ജിഹാദിനെക്കുറിച്ച്' ഒരു വിശദമായ അന്വേഷണം നടത്തിയെന്ന് രേഖ ശർമ അതിനകം പറഞ്ഞിരുന്നതിനാൽ ഞങ്ങൾ 2020 ഡിസംബര്‍ 16ന് മൂന്നാമത്തെ അപേക്ഷ നൽകി. കേരളത്തിൽ വനിത കമീഷൻ നടത്തിയ അന്വേഷണങ്ങളുടെ കണ്ടെത്തലുകളും റഫറന്‍സും നിബന്ധനകളും കാലാവധിയുമാണ് ആവശ്യപ്പെട്ടത്.
2017 നവംബര്‍ അഞ്ചു മുതൽ എട്ടുവരെ മൂന്നു ദിവസങ്ങളില്‍ അന്വേഷണം നടത്തിയിരുന്നതായി കമീഷൻ 2021 ജനുവരി 11ന് മറുപടി നല്കി. എന്നാൽ, വിവരാവകാശനിയമത്തിലെ 2005 (8) (ജെ) വകുപ്പ് പ്രകാരം അന്വേഷണത്തിലെ വിവരങ്ങൾ വെളിപ്പെടുത്തില്ല എന്ന് കമീഷൻ ശഠിച്ചു. അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തിയാൽ അത് ഏതെങ്കിലും പൊതുതാൽപര്യത്തിന് വിരുദ്ധമോ അല്ലെങ്കില്‍ വ്യക്തിയുടെ സ്വകാര്യതയില്‍ അനാവശ്യമായുള്ള കടന്നുകയറ്റത്തിനോ കാരണമാകും എന്ന് കമീഷൻ വാദിച്ചു.
'പൂർണ അസംബന്ധം'
കമീഷെൻറ ഈ വാദത്തെ കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റീവിലെ ആക്സസ് ടു ഇന്‍ഫര്‍മേഷന്‍ പ്രോഗ്രാം മേധാവിയും വിവരാവകാശ വിദഗ്ധനുമായ വെങ്കിടേഷ് നായക് ശുദ്ധ അസംബന്ധം എന്നാണ് വിശേഷിപ്പിക്കുന്നത്. വിവരങ്ങൾ മറച്ചുവെക്കാൻ വിവരാവകാശനിയമത്തെ ദുരുപയോഗംചെയ്യുന്നത് തികഞ്ഞ അസംബന്ധമാണെന്ന് നായക് പറഞ്ഞു. ലവ് ജിഹാദിനെക്കുറിച്ചുള്ള ദേശീയ വനിത കമീഷൻ റിപ്പോര്‍ട്ട് പൊതുതാൽപര്യമുള്ള രേഖയാണ്. അത് പരസ്യമാക്കപ്പെടണം. സ്വകാര്യത എവിടെയും യാന്ത്രികമായി പ്രയോഗിക്കാന്‍ കഴിയില്ല. ആരുടെയെങ്കിലും സ്വകാര്യത അപകടത്തിലാക്കുന്ന ഭാഗമുണ്ടെങ്കിൽ അത് മാത്രം ഒഴിവാക്കി രേഖ പുറത്തുവിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വിവരങ്ങള്‍ നിഷേധിക്കുന്നതിനെതിരെ 2021 ജനുവരി 12ന് ഞങ്ങൾ അപ്പീല്‍ നല്കി. 2021 ഫെബ്രുവരി 12ന്, ഡെപ്യൂട്ടി സെക്രട്ടറിയും ആദ്യ അപ്പലേറ്റ് അതോറിറ്റിയുമായ പ്രദീപ് കുമാര്‍, ഞങ്ങൾ ചോദിച്ച എല്ലാ വിവരങ്ങളും ദേശീയ വനിത കമീഷൻ വെളിപ്പെടുത്തണമെന്ന് വിധിച്ചു.
എന്നാൽ, ഉത്തരവ് പാലിക്കുന്നതിനുപകരം, വനിത കമീഷനിലെ മുഖ്യ ഇൻഫർമേഷൻ ഓഫിസർ കമീഷെൻറ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കുന്നതിനായി വിവരാവകാശനിയമത്തിലെ സെക്ഷന്‍ 8.1 ജി ഉപയോഗിച്ച് ഒരു പുതിയ മാനദണ്ഡം കൊണ്ടുവന്നു. ''റിപ്പോർട്ട് വെളിപ്പെടുത്തിയാൽ ചില വ്യക്തികളുടെ ജീവനും ശാരീരികസുരക്ഷയും അപകടത്തിലാകും.
അല്ലെങ്കില്‍ നിയമനിർവഹണത്തിനോ സുരക്ഷ ആവശ്യങ്ങള്‍ക്കോ വേണ്ടി രഹസ്യാത്മകമായി നല്കിയ വിവരങ്ങളുടെ ഉറവിടം തേടുന്നതുപോലുള്ള ഒരു ഗൂഢശ്രമമായി ഞങ്ങളുടെ അപേക്ഷയെ കാണേണ്ടിവരും'' -അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഞങ്ങൾ വിവരാവകാശവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ക്കും പരാതികള്ക്കുമായുള്ള ഇന്ത്യയുടെ പരമോന്നത അതോറിറ്റിയായ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമീഷന് പരാതി നൽകി. അതിൽ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, വനിത കമീഷൻ രേഖകളിൽനിന്ന് ഭാഗികമായി വെളിപ്പെട്ട് ഞങ്ങൾക്ക് കിട്ടിയ വിവരങ്ങൾ ലവ് ജിഹാദിെൻറ പിന്നിലെ വ്യാജോക്തികളെ നല്ലയളവിൽ പൊളിച്ചുകാട്ടുന്നവയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.