ചിന്നക്കനാലിൽ മിഷൻ അരിക്കൊമ്പെന്റ തയാറെടുപ്പുകൾ നടക്കുന്നതിനിടയിൽ ഒരു വൈകുന്നേരം അരിക്കൊമ്പൻ കുങ്കിയാനകളെ തറച്ചിരുന്ന തമ്പിലെത്തി അവരെ ആക്രമിച്ചു. മാധ്യമങ്ങളും പുറംലോകവും പക്ഷേ അതറിഞ്ഞില്ല. കൊമ്പന്റെ വിചാരധാരകളിലൂടെ ശെന്തരുണി വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡന്റെ സഞ്ചാരം
ഉയർത്തിപ്പിടിച്ച തുമ്പിയുമായി ഞാൻ തെല്ലിട നിന്നു. നാളിത്രയും പരിചിതമല്ലാത്ത ചില പുത്തൻ ഗന്ധങ്ങൾ അപ്പോഴും നാസികകളിൽ തുളഞ്ഞു കയറുന്നതുപോലെ. അരികിലായി നടക്കുന്ന നാല് പിടികളും കുഞ്ഞുങ്ങളും അടങ്ങിയ സംഘം നല്ല പരവേശത്തിലാണെന്ന് അറിയാം. ഇന്നലെ രാത്രി മുതൽ തുടങ്ങിയ നടപ്പാണല്ലോ. മുകളിൽ കത്തിയെരിയുന്ന മീനമാസ സൂര്യൻ. കരിഞ്ഞുണങ്ങിയ പുൽത്തലപ്പുകൾ മാത്രം നിറഞ്ഞ പുൽമേടുകളും കാട്ടുതീയിൽ കത്തിച്ചാരമായ മുളങ്കാടുകളും വറ്റി വരണ്ട നീർച്ചാലുകളും താണ്ടി നടന്നു കൊണ്ടേയിരുന്നു. മല മടക്കുകളിലെ അപൂർവം ചോലക്കാടുകളിലെ ചൂരൽക്കൂട്ടത്തിന്റെയും ഈറപ്പടർപ്പുകളുടെയും തണലുകളിൽ മാത്രം നിന്നു കിതപ്പാറ്റി. ഇല്ലെങ്കിൽ കൂട്ടത്തിലെ കുഞ്ഞുങ്ങൾ യാത്ര മുഴുമിപ്പിക്കാനാകാതെ തളർന്ന് വീണുപോയേക്കുമെന്ന് പിടികൾ ഭയപ്പെട്ടു തുടങ്ങിയിരുന്നു.
ഭീഷണങ്ങളായ പുതുഗന്ധങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളിൽനിന്നും അവരെ എത്രയും അകറ്റി നിർത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. കൂട്ടത്തിലെ നായകൻ എന്ന നിലക്ക് അതെന്റെ ഉത്തരവാദിത്തം കൂടിയാണല്ലോ. കുഞ്ഞുന്നാളിലേ പുതിയ ഗന്ധങ്ങൾ ജനിപ്പിക്കുന്ന ഉദ്വേഗങ്ങളെക്കുറിച്ച് കൂട്ടത്തിലെ മുതിർന്നവർ പറഞ്ഞുകേട്ടത് മനസ്സിലുണ്ട്. കാട്ടിലെ മറ്റു മൃഗങ്ങളോളം കാഴ്ച അത്രമേൽ അവകാശപ്പെടാനില്ലാത്ത ഞങ്ങൾക്ക് ഘ്രാണശക്തിയാണല്ലോ മുഖ്യാവലംബം. എന്നും അപകടങ്ങളിൽനിന്നും കാത്തുരക്ഷിച്ചിരുന്നതും അതുതന്നെ.
നിർദോഷമെന്ന് തോന്നിക്കുന്ന ഇളകിക്കിടക്കുന്ന പുത്തൻ മൺകൂനകളിൽപ്പോലും മനുഷ്യൻ എന്ന കൂർമ ബുദ്ധിയുള്ള ഇരുകാലികൾ ചതിക്കുഴികൾ ഒളിപ്പിച്ചുവെക്കുമെന്നും ഉദ്യമിക്കുന്നതിനുമുമ്പ് ഗന്ധം കൊണ്ടുതന്നെ അത് തിരിച്ചറിയണമെന്നും അമ്മ ഓതിപ്പഠിപ്പിച്ചതൊന്നും ഇനിയും മറന്നിട്ടില്ല. അവസാനം ഒരു കുന്നിറക്കത്തിൽ മൺതിട്ടകൾ ഇടിഞ്ഞു താണ് നടകൾ ഒടിഞ്ഞുമടങ്ങി അമ്മ വീണുപോയപ്പോൾ... പിന്നെ എണീക്കാനാകാതെ നിസ്സഹായതയോടെ എന്നെ നോക്കി വിതുമ്പിയപ്പോൾ...!
ഭയന്ന് കൂടെക്കരഞ്ഞുനിന്ന തന്നെ ഒടുവിൽ കൂട്ടത്തിലെതന്നെ തലമുതിർന്ന പിടികൾ ആട്ടിത്തെളിച്ചുകൊണ്ട് കാടിനുള്ളിലേക്ക് തിരികെ കയറുകയായിരുന്നല്ലോ. പിന്നെ അമ്മയെപ്പറ്റി നാളിന്നോളം കേട്ടറിവില്ല. വളർന്നപ്പോൾ പലപ്പോഴും കുറ്റിക്കാടുകൾ വകഞ്ഞ് ആ സ്ഥലത്ത് പോയി നോക്കി നിന്നിട്ടുണ്ട്. കനം തൂങ്ങുന്ന ഓർമകൾ ഉള്ളിൽ വിങ്ങാൻ തുടങ്ങുമ്പോൾ തിരികെ നടക്കും.
അങ്ങനെയൊരു യാത്രയിലാണ് തഴച്ചുനിന്ന വാഴക്കൂട്ടവും കരിമ്പും ഒക്കെക്കണ്ടും മണത്തറിഞ്ഞും ആകാംക്ഷ സഹിയാതെ നാട്ടിൻ പുറത്തിറങ്ങിയതും കുടിലുകളുടെ ചായ്പുകളിൽ സൂക്ഷിച്ചിരുന്ന ആഹാരം ആദ്യമായി ഭക്ഷിച്ചതും. അതൊരു കവർച്ചയാണെന്ന് തോന്നിയിട്ടേയില്ല. അന്നും ഇന്നും. കാട്ടിലെ അതികായന്മാരും ബലവാന്മാരുമായ ആണുങ്ങൾ പലയിടങ്ങളിലും മധുര ഫലങ്ങൾക്കായി കാടിറങ്ങുന്നതും മനുഷ്യന്റെ അടച്ചുറപ്പുകൾ തകർത്ത് ആഹാരം പരതുന്നതുമൊക്കെ പതിവാണെന്ന് പുതുതായി കൂട്ടത്തിൽച്ചേർന്ന പിടികളിൽ പലരും പറഞ്ഞറിഞ്ഞതും ശരിക്കും ഒരു ധൈര്യമായിട്ടുണ്ട് എന്നതും സത്യം.
എന്നാൽ ഇത്രനാളും നിലനിന്നിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് വ്യക്തം. മനുഷ്യരിൽ കുറെ പേർ കാടകങ്ങളിലേക്ക് കടന്നു കയറി, അവർ ലോഹച്ചീളുകൾ നിറച്ച കുഴലുകൾ കൊണ്ട് അനത്തിയപ്പോൾ1 പിടികളിലൊന്നിന്റെ വലം കണ്ണ് എന്നന്നേക്കുമായി നഷ്ടപ്പെട്ടത് ഈയടുത്താണ്. അതുപോലെ തന്നെ കൂട്ടത്തിൽ നിന്നും പിരിഞ്ഞുപോയ ഒരിളമുറക്കാരന്റെ മുതുകത്ത് ഏറുപടക്കമെറിഞ്ഞ് പൊട്ടിച്ചതും അത് ഉണങ്ങാതെ പുഴുവരിക്കുന്ന വ്രണമായി പിന്നീട് മാറിയതും ഇന്നലെയെന്നോണം ഓർമയിലുണ്ട്. ഇത്തവണ അവരുടെ ആജ്ഞാനുവർത്തികളായി ഞങ്ങളുടെ തന്നെ കുറെ സഹോദരങ്ങളും എത്തിയിട്ടുണ്ട്. വികാരരഹിതങ്ങളായ യന്ത്രങ്ങൾ മാതിരി മനുഷ്യെന്റ നിർദേശങ്ങൾക്കനുസരിച്ചു മാത്രം ചലിക്കുന്നവർ. അവരുടെ തോഴരെ ശരിക്കും സഹോദരങ്ങൾ എന്നുതന്നെ പറഞ്ഞുകൂടാ. അത്രക്കുണ്ട് ആ കുറിയ കണ്ണുകളിൽ നിറഞ്ഞിരിക്കുന്ന കൊടും ക്രൂരതയുടെ നിഴലാട്ടം.
മങ്ങിയ ദൂരക്കാഴ്ചയിൽപ്പോലും പലപ്പോഴും എനിക്കത് തിരിച്ചറിയാനായിട്ടുണ്ട്. രാത്രികാലങ്ങളിലെ കാടിറക്കങ്ങളിൽ മനുഷ്യവാസമുള്ളയിടങ്ങളിൽ കാണാറുള്ള, കഴുത്തിൽ ചങ്ങലക്കിലുക്കവുമായി എന്നും മനുഷ്യനെ പിൻപറ്റാൻ മാത്രം വിധിക്കപ്പെട്ടവർ. ഞങ്ങളെക്കണ്ടാൽ വമ്പത്തം കാണിച്ച് കുരച്ചുകൊണ്ടെത്തുന്ന നായ്ക്കൾ തുമ്പിയൊന്ന് ചുഴറ്റിയാൽത്തന്നെ നിലവിളിച്ചുകൊണ്ട് വാലും താഴ്ത്തി മനുഷ്യന്റെ കൂരകളിലേക്ക് ഓടിക്കയറുന്നതു കാണാം. അതുപോലെ തന്നെയാണ് അവന്റെ തട്ടകങ്ങളിൽ ഒതുങ്ങിനിന്ന് തിണ്ണമിടുക്ക് കാട്ടുന്ന ഈ മ്ലേച്ഛന്മാരും! ജീവിതത്തോട് തന്നെയുള്ള കൊടിയ നൈരാശ്യമാണോ അവരുടെ പെരുമാറ്റത്തിൽ നിഴലിക്കുന്നത് എന്നും ഒരുവേള ചിന്തിച്ചുപോയി ട്ടുണ്ട്. ജീവിത സന്ധികളിലെപ്പോഴോ മനുഷ്യരുടെ നിതാന്ത തടവുകാരാകാൻ വിധിക്കപ്പെട്ട ഒരു പിടി ആത്മാക്കൾ! കൈമോശം വന്ന തനതു വികാരങ്ങൾ ഒരു നാളും ഉയിരൂതിക്കിട്ടാത്തവർ.
എന്നിരുന്നാലും അക്കൂട്ടർ ഞങ്ങൾക്ക് വരുത്തുന്ന കൊടിയ നാശങ്ങളെപ്പറ്റി ഒരുപാട് കേട്ടിരിക്കുന്നു. തലയെടുപ്പുണ്ടായിരുന്ന ആണുങ്ങളെയും എന്തിന് ഓമനത്തം വിട്ടുമാറാത്ത കുഞ്ഞുങ്ങളെപ്പോലും ചതിക്കുഴികളിൽപ്പെടുത്താനും കീഴടക്കി ബന്ധിച്ച് എന്നേക്കുമായി പാരതന്ത്ര്യത്തിന്റെ ഉരുക്കു ചങ്ങലകൾ അണിയിക്കാനും മുന്നിട്ടുനിൽക്കുന്നത് അവരാണത്രേ. കെട്ടിയഴിപ്പുകളിലൂടെയും ഭീകര മർദന മുറകളിലൂടെയും മനുഷ്യൻ അനുസരിപ്പിച്ചെടുക്കുന്ന കുങ്കികളെ2 ന്നറിയപ്പെടുന്ന ഇക്കൂട്ടരാണ് ശരിക്കും നമ്മുടെ വർഗശത്രുക്കൾ!
കൂട്ടത്തിൽനിന്നും ആട്ടിയകറ്റപ്പെടുന്നതിനും മുമ്പ് ഓർമയുറച്ചു തുടങ്ങിയ കാലത്ത് കാതിൽത്തറഞ്ഞ ഒരു നിലവിളിയുടെ മാറ്റൊലികൾ ഇന്നുമുണ്ട്. ആപത്തിൽപെട്ടുഴറിയ അന്നത്തെ ഞങ്ങളുടെ നായകന്റെ ദീനരോദനം! ഇടച്ചങ്ങലകളും കൂച്ചുവിലങ്ങുകളും ഇട്ടു മുറുക്കിയ ആ മഹാബലവാനെ വലിച്ചിഴക്കാൻ പാകത്തിൽ പിന്നിൽനിന്നും വശങ്ങളിൽ നിന്നും നിഷ്കരുണം കുത്തി മുന്നോട്ട് നടത്തിച്ച കുങ്കിയാനകളുടെ കൊടും ചെയ്തികളുടെ കഥകളും പിന്നീട് കേട്ടു. തീറ്റക്കായി കാടിറങ്ങുന്ന കുഞ്ഞുങ്ങളെയും ഗർഭിണികളായ പിടികളെയും വരെ ഭീമൻ ചങ്ങലച്ചുറ്റുകൾ തുമ്പിക്കൈയിൽ തിരുപ്പിടിച്ച് മുൻപിൻ നോക്കാതെ വയറ്റിലും ദേഹത്തും അടിച്ചു പൊട്ടിച്ച് ആട്ടിപ്പായിക്കുന്ന നിർദയത്വത്തിന്റെ കഥകളും! എന്നെങ്കിലുമൊരിക്കൽ അവരോട് പ്രതികാരം ചെയ്യണമെന്ന മോഹം ആൺ-പെൺ വ്യത്യാസമില്ലാതെ പകയുടെ കടന്നലുകളായി കൂട്ടത്തിലോരോരുത്തരുടേയും മനസ്സിൽ ആർത്തുകൊണ്ടേയിരുന്നു. ഒരവസരം വീണുകിട്ടും. അതുവരെ കാത്തിരിക്കുക.
അത്തരമൊരവസരമാണ് ഇപ്പോൾ മുന്നിലുള്ളതെന്ന് മനസ്സ് ആണയിടുന്നു. ഇനിയും വൈകിക്കൂടാ. കൂട്ടത്തിനെ സുരക്ഷിതമായ ഒരു ഈറ്റക്കാട്ടിനുള്ളിൽ ഒളിപ്പിച്ചു നിർത്തിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. ഏറെ അകലെയല്ലാതെ വേനലിൽ ക്ഷയിച്ച ഒരു കുഞ്ഞരുവിയുടെ ശബ്ദം. ഒരു വലിയ ചുമതല ഇവിടെ എന്നിലൂടെ സാർഥകമാകുകയാണ്. കാലത്തിന്റെ തള്ളലിൽ ഞാനിടറി വീണുപോയാൽ ആണൊരുത്തൻ വേറെയെത്തും. പിന്നെ അവനാകും കൂട്ടത്തിന്റെ നെടുനായകത്വം. പ്രകൃതിയുടെ അലിഖിത നിയമമാണത്. വശംവദനാവുകയല്ലാതെ തരമില്ല.
ഈറ്റക്കമ്പുകളും ഇലകളും പിടിച്ചൊടിച്ചും ഉരിച്ചെടുത്തും കഴിക്കുന്നതിന്റെയും കുഞ്ഞുങ്ങളെ തീറ്റുന്നതിന്റെയും തിരക്കിലാണിപ്പോൾ പിടികളെല്ലാം. സഹ്യന്റെ ഈ കിഴക്കൽ ചരിവിൽ മറഞ്ഞുനിൽക്കുന്ന ആനക്കൂട്ടത്തിന്റെ ഗന്ധം എളുപ്പത്തിൽ പുറത്തേക്ക് പടരില്ലതന്നെ. നല്ല ക്ഷീണം തനിക്കുമുണ്ട്. പക്ഷേ ആണായിപ്പിറന്നവർക്ക് പിന്തിരിഞ്ഞോടാനാകില്ലല്ലോ. കാട് ശക്തന്റെ മാത്രം തട്ടകമാണ്! തിരികെപ്പോയേ പറ്റൂ. ഒഴിവാക്കാനാകാത്ത നിർബന്ധമായി അത് നെഞ്ചിനുള്ളിൽക്കിടന്ന് തിക്കുമുട്ടുന്നു.
(തുടരും)
1.അനത്തുക:- നിറയൊഴിക്കുക.
2.കുങ്കികൾ:- (നാട്ടിൽ ഭീതി വിതക്കുന്ന കാട്ടാനകളെ തുരത്താനും മയക്കുവെടിെവച്ച് അവയെ
കൊട്ടിലിലേക്ക് ആനയിക്കാനുമൊക്കെയായി) പ്രത്യേകം പരിശീലിപ്പിച്ചെടുത്ത താപ്പാനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.