ഇന്ത്യൻ ജനാധിപത്യം പൂർണമായും തകരുമെന്ന് കരുതാനാകില്ലെന്ന് കെ. വേണു

തൃശൂർ : ഇന്ത്യൻ ജനാധിപത്യം പൂർണമായും തകരുമെന്ന് കരുതാനാകില്ലെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ. വേണു. സാഹിത്യ അക്കാദമിയിൽ ഫിഫ്ത്ത് എസ്റ്റേറ്റ് സംഘടിപ്പിച്ച കെ വേണുവും കാലവും എന്ന പേരിൽ നടന്ന ജനാധിപത്യ വാദികളുടെ കൂടിച്ചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഹിന്ദി ബെൽറ്റിന്റെയും സ്വാധീനത്തെ തകർക്കാവുന്ന രീതിയിൽ കേന്ദ്രീകൃതമായ രാഷ്ട്രീയ മുന്നേറ്റം ഉയർന്നു വരാത്തതാണ് ജനാധിപത്യ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാലാണ് ആർ.എസ്.എസ് രൂപം കൊണ്ട് 100 വർഷമാകുമ്പോഴേക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളിയാകാൻ ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് കഴിഞ്ഞത്. എന്നാൽ, ഗാന്ധി വളമിട്ട മതസൗഹാർദ സന്ദേശവും ഇന്ത്യയുടെ ബഹുസ്വരതയും ഇപ്പോഴും ഏറെക്കുറെ നില നിൽക്കുന്നതിനാൽ തന്നെ പൂർണമായ നിരാശരാകേണ്ടതില്ല എന്നും തെരഞ്ഞെടുപ്പിൽ അവർ അധികാരത്തിലെത്തിയാലും അവയൊന്നും പൂർണമായി തകർക്കാനാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ഏറ്റവും ഭീഷണിയായ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കുന്നതോടൊപ്പം കേരളത്തിൽ സമഗ്രാധി പത്യം സ്ഥാപിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് ശക്തികൾക്കെതിരെയും ജനാധിപത്യ വാദികൾ ജാഗരൂകരാകണമെന്ന് കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ്, ഏതുതരത്തിലുള്ള ഫാസിസ്റ്റ് ശക്തികളേയും പരാജയപ്പെടുത്താൻ സഹായകരമായ വിധത്തിൽ വോട്ടവകാശം വിനിയോഗിക്കാൻ ജനാധിപത്യ - മതേതര ശക്തികൾ തയാറാകണം.

ഇന്ത്യൻ ഫാഷിസത്തിന്റെ അടിത്തറ ജാതിയാണെന്നും അതു തകർക്കാതെ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാനാകില്ല എന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിനേ കഴിയു എന്ന് വി.ടി ബൽറാം അഭിപ്രായപ്പെട്ടു. ഫാസിസത്തിന്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളും ദളിതരുമാണെന്നും അവരുടെ സ്വന്തം മുൻകൈയിലുള്ള മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും അക്കാര്യം ആദ്യം ഉന്നയിച്ചത് കെ വേണുവാണെന്നും കൂടിച്ചേരൽ ഉദ്ഘാടനം ചെയ്ത സാറാ ജോസഫ് പറഞ്ഞു.

ഹിന്ദുത്വ ഫാസിസവും ഇന്ത്യൻ ജനാധിപത്യവും. കമ്യൂണിസ്റ്റ് സമഗ്രാധിപത്യവും കേരള രാഷട്രീയവും എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്. കെ. അരവിന്ദാക്ഷൻ, പി. സുരേന്ദ്രൻ, ഇ. കരുണാകരൻ, കെ. ഗോപിനാഥൻ, ആശാ ഉണ്ണിത്താൻ, സജീവൻ അന്തിക്കാട്, ജോമി പി. എൽ, ഐ. ഗോപിനാഥ്, സോയ ജോസഫ്, വി.കെ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ കെ.ജി ശങ്കരപ്പിള്ളയുടെ സന്ദേശം വായിച്ചു. ദെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

Tags:    
News Summary - It cannot be assumed that Indian democracy will collapse completely- K. Venu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.