ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമെന്നാണ് നാം ചന്ദ്രനെക്കുറിച്ച് പഠിച്ചിട്ടുള്ളത്. എന്നാലിപ്പോൾ ഭൂമിക്ക് ഒരു ഉപഗ്രഹം കൂടി വരുന്നുവെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള പുതിയ വാർത്ത. ഭൂമിക്കരികിലേക്ക് അതിഥിയായെത്തുന്ന ഒരു കുഞ്ഞൻ ഛിന്നഗ്രഹം കുറച്ചുദിവസത്തേക്ക് ചന്ദ്രനെപ്പോലെ ഉപഗ്രഹമായി ഭൂമിയെ വലംവെക്കുമെന്ന് സ്പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. വളരെ അപൂർവമായ ഗോള പ്രതിഭാസമാണിത്.
2024PT5 എന്ന ഛിന്നഗ്രഹമാണ് സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെ ഭൂമിയുടെ ഉപഗ്രഹമായി മാറുക. കേവലം 11 മീറ്റർ വ്യാസമുള്ള ഈ കുഞ്ഞൻ ഗ്രഹം ഭൂമിയോടടുത്ത് സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്ന ക്ഷുദ്രഗ്രഹങ്ങളിലൊന്നാണ്. ഈ ഗ്രഹശ്രേണികൾ അർജുന ബെൽറ്റ് അസ്റ്ററോയിഡുകൾ എന്നാണ് അറിയപ്പെടുന്നത്. താരതമ്യേന ചെറിയ വേഗത്തിൽ ഭൂമിയോടടുത്ത് വരുന്ന ഈ കുഞ്ഞനെ ഭൂമി അതിന്റെ ഗുരുത്വാകർഷണം കാരണം അതിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരും. ഇതോടെ, സ്വന്തം പരിക്രമണപാതയിൽനിന്ന് മാറി ഭൂമിയുടെ ഗുരുത്വാകർഷണ നിയന്ത്രണത്തിൽ സഞ്ചരിക്കാൻ 2024PT5 നിർബന്ധിതമാകും.
ആഗസ്റ്റ് ഏഴ് മുതൽ ബഹിരാകാശ ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലുള്ള ഛിന്നഗ്രഹം അടുത്തയാഴ്ചയോടെ ഭൂമിയുടെ നിയന്ത്രണത്തിലാകും. തുടർന്ന്, മണിക്കൂറിൽ 3500 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹത്തിന് പക്ഷേ, ഭൂമിയെ ഒരു തവണ പൂർണമായി വലംവെക്കാൻ കഴിയില്ല. അതിനുമുമ്പേ തന്നെ ഭൂമിയുടെ നിയന്ത്രണത്തിൽനിന്ന് വേർപെടും. ഇത് നവംബർ 25ന് സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കൂട്ടൽ. അതുവരെ സാങ്കേതികമായി ഭൂമിയുടെ ഉപഗ്രഹം തന്നെയായിരിക്കും 2024PT5 എന്ന ഛിന്നഗ്രഹം.
അതേസമയം, ഒരു ബസിന്റെ അത്ര വലുപ്പം മാത്രമുള്ള ഈ ഗ്രഹത്തെ ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവില്ല. ഏകദേശം 3500 കിലോമീറ്ററോളം വ്യാസമുള്ള ചന്ദ്രനുമായി താരതമ്യം ചെയ്യാൻപോലും കഴിയാത്തത്രയും ചെറുതാണ് ഈ ഛിന്നഗ്രഹം.
അറ്റ്ലസ് എന്ന പേരിൽ ലോകത്തെ വിവിധ ജ്യോതിശാസ്ത്ര നിരീക്ഷകരുടെ കൂട്ടായ്മയാണ് 2024PT5നെ തിരിച്ചറിഞ്ഞത്. ഭൂമിയോടടുത്തുള്ള ഖഗോള വസ്തുക്കളെ നിരീക്ഷിക്കുന്നതിനും അവ ഭൂമിക്ക് ഏതെങ്കിലും തരത്തിലുള്ള ആഘാതം സൃഷ്ടിക്കുന്നുണ്ടോ എന്നറിയുന്നതിനുമായുള്ള സർവേയാണ് അറ്റ്ലസ് (അസ്റ്റിറോയഡ് ടെറസ്റ്റട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം). നാസയാണ് ഇതിന് പണം മുടക്കുന്നത്. അറ്റ്ലസിന്റെ കീഴിൽ ദക്ഷിണാഫ്രിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.
ഇതിന് മുമ്പും താൽക്കാലിക ഉപഗ്രഹങ്ങൾ ഭൂമിക്കുണ്ടായിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 1981, 2005, 2022 വർഷങ്ങളിൽ കുഞ്ഞൻ ഗ്രഹങ്ങൾ അതിഥികളായെത്തി. ഇതിൽ 2005ൽ വന്ന ഗ്രഹം ഒരു വർഷത്തോളം ഭൂമിയുടെ നിയന്ത്രണത്തിൽ സഞ്ചരിച്ചുവത്രെ. ഇപ്പോൾ അതിഥിയായെത്താൻ പോകുന്ന 2024PT5 നവംബർ 25ന് തിരിച്ചുപോയാലും മടങ്ങിവരുമത്രെ. പക്ഷേ, അതിന് 2055 വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.