ബംഗളൂരു: ആദിത്യ കുതിക്കുമ്പോൾ ദൗത്യത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് 59കാരിയായ പ്രോജക്ട് ഡയറക്ടർ നിഗർ ഷാജി. തെക്കൻ തമിഴ്നാട്ടിലെ തെങ്കാശി ചെങ്കോൈട്ട സ്വദേശിയായ നിഗർ ഷാജി, കർഷക മുസ്ലിം കുടുംബത്തിലാണ് ജനിച്ചുവളർന്നത്. ഷെയ്ക്ക് മീരാന്റെയും സൈത്തൂൻ ബീവിയുടെയും മകളായി പിറന്ന നിഗർ ഗ്രാമീണാന്തരീക്ഷത്തിൽനിന്ന് പഠിച്ചുവളർന്ന് ഒടുവിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ആദിത്യയുടെ പെൺശോഭയായി മാറുകയായിരുന്നു.
റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് (ബി.ഐ.ടി) മാസ്റ്റർ ഡിഗ്രിയും നേടിയാണ് ഐ.എസ്.ആർ.ഒയിലെത്തുന്നത്. 1987ൽ ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലേക്കായിരുന്നു ജോലിയിലെ ആദ്യ കാൽവെപ്പ്. പിന്നീട് ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ.
ആദിത്യ ദൗത്യത്തിൽ പ്രധാന പങ്കുള്ള സ്ഥാപനം കൂടിയാണ് യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ. ഇന്ത്യൻ റിമോട്ട് സെൻസിങ്, കമ്യൂണിക്കേഷൻ, ഇന്റർ പ്ലാനറ്ററി സാറ്റലൈറ്റുകൾ എന്നിവയുടെ രൂപകൽപനയിലും നിഗർ പങ്കാളിയായിരുന്നു. അതിനിടെയാണ് രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യയുടെ പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെടുന്നത്. നിഗറിന്റെ ഭർത്താവ് ഷാജി ദുബൈയിൽ മെക്കാനിക്കൽ എൻജിനീയറാണ്. ഒരു മകനും മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.