വിജയവാഡ: വിവാഹം കഴിപ്പിച്ചയക്കാനുള്ള വീട്ടുകാരുടെ ശ്രമം തടയാൻ ഫേസ്ബുക്ക് വഴി കലക്ടറോട് സഹായം തേടി 13 വയസ്സുകാരി. ആന്ധ്രപ്രദേശ് ഏലൂർ സ്വദേശിനിയായ പെൺകുട്ടിയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ജില്ല കലക്ടർ വൈ പ്രസന്ന വെങ്കിടേഷുമായി ബന്ധപ്പെട്ടത്. ഏലൂരിലെ ചെഞ്ചു കോളനിയിലാണ് സംഭവം. പെൺകുട്ടിക്ക് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടിരുന്നു. അമ്മ പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. തുടർന്ന് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് ഈ കുട്ടി കഴിയുന്നത്.
കർഷകരായ ഇവർ അതേ നഗരത്തിൽ നിന്നുള്ള യുവാവുമായാണ് വിവാഹം നിശ്ചയിച്ചത്. എന്നാൽ, തനിക്ക് പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടെന്നും വിവാഹം തടയാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി കലക്ടർക്ക് സന്ദേശം അയക്കുകയായിരുന്നു. ഫേസ്ബുക് മെസേജ് ശ്രദ്ധയിൽപെട്ടതോടെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ സി.എച്ച്. സൂര്യ ചക്രവേണി, ചൈൽഡ് ഹെൽപ്പ് ലൈൻ ജീവനക്കാർ എന്നിവരോട് സംഭവം അന്വേഷിച്ച് വിവാഹം തടയാൻ കലക്ടർ നിർദേശം നൽകി.
ചക്രവേണിയുടെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് വിവാഹം കഴിപ്പിക്കാൻ പെൺകുട്ടിയുടെ ബന്ധുക്കൾ പദ്ധതിയിട്ടതെന്ന് അധികൃതർ പറഞ്ഞു. ഇവരെ കലക്ടറേറ്റിൽ വിളിച്ചുവരുത്തി കൗൺസിലിങ് നടത്തിയതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിൻമാറി. തുടർന്ന് കലക്ടർ പെൺകുട്ടിയുടെ സ്‌കൂളിലെത്തി പഠനനിലവാരം ചോദിച്ചറിയുകയും സൈക്കിൾ, സ്കൂൾ ബാഗ്, യൂണിഫോം, പുസ്തകങ്ങൾ എന്നിവ സമ്മാനിക്കുകയും ചെയ്തു. പഠനത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.