'എ പ്ലസുകളിലൊന്നുമല്ല കാര്യം'; ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ മാർക്ക് ലിസ്റ്റ് വൈറൽ

പരീക്ഷകളിൽ നേടുന്ന എ പ്ലസുകളും ഉയർന്ന മാർക്കുകളും ഇല്ലെങ്കിൽ ഭാവിയേ ഇല്ലെന്ന് വിധിയെഴുതുന്ന ഒരു പൊതു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. മാതാപിതാക്കളുടെ സമർദ്ദങ്ങൾക്കും മാനസിക പീഡനങ്ങൾക്കും വരെ വഴിയൊരുക്കുന്നതാണ് മാർക്കിന് വേണ്ടിയുള്ള മത്സരങ്ങൾ. എന്നാൽ, ഈ മാർക്കുകൾ മാത്രമല്ല ജീവിതത്തെ നിർണയിക്കുന്നതെന്ന് തെളിയിക്കുകയാണ് ഗുജറാത്തിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍.

പത്താംക്ലാസ്സ് ബോർഡ് ഫലങ്ങൾക്കായി കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ധൈര്യം പകരാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് തന്‍റെ സുഹൃത്തും ഗുജറാത്തിലെ ബറൂച്ചി ജില്ല കലക്ടറുമായ തുഷാർ ഡി. സുമേരയുടെ പത്താക്ലാസ്സ് മാർക്ക് ഷീറ്റ് ട്വിറ്ററിൽ പങ്കുവെച്ചത്. പോസ്റ്റ് നിരവധി പേർ പങ്കുവെക്കുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

പത്താംക്ലാസ്സ് ബോർഡ് പരീക്ഷയിൽ കഷ്ടിച്ച് ജയിച്ച സുമേരയുടെ കഥയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷ് പരീക്ഷയിൽ 100ൽ 35ഉം കണക്കിന് 100ൽ 36ഉം മാർക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. സുമേര എവിടെയും എത്താന്‍ പോകുന്നില്ലെന്ന് വിധിയെഴുതിയവരെ ഞെട്ടിപ്പിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്‍റെ വളർച്ചയെക്കുറിച്ചും പോസ്റ്റിൽ പ്രതിപാദിക്കുന്നുണ്ട്.

തുഷാർ സുമേരയും ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 2012ലാണ് സുമേര ഐ.എ.എസ് ഓഫിസറായി ചുമതലയേൽക്കുന്നത്. ആർട്‌സ് സ്ട്രീമിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം യു.പി.എസ്‌.സി പരീക്ഷ പാസാകുന്നതിന് മുമ്പ് സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.  

Tags:    
News Summary - 35 In English, 36 In Maths: Class 10 Marksheet Of Bureaucrat Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.