മുംബൈ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ നിയന്ത്രണം. ബി.സി.സി.ഐയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിദേശ ടൂർണമെന്റിന്റെ മുഴുവൻ സമയവും കുടുംബാംഗങ്ങൾക്ക് താരങ്ങൾക്കൊപ്പം കഴിയാനാവില്ല.
45 ദിവസത്തെ പരമ്പരയിൽ 14 ദിവസം മാത്രമേ അവർക്ക് ഇത്തരത്തിൽ താരങ്ങൾക്കൊപ്പം കഴിയാനാവു. ബി.സി.സി.ഐയുടെ വാർഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മുഴുവൻ മത്സരങ്ങളിലും കോഹ്‍ലിയുടേയും കെ.എൽ രാഹുലിന്റേയും പങ്കാളിമാർ ടീം അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ഇതിനൊപ്പം മറ്റ് ചില നിയന്ത്രണങ്ങളും ബി.സി.സി.ഐ ഏർപ്പെടുത്തിയിട്ടുണ്ട്. ടീം ബസിൽ മാത്രമേ താരങ്ങൾക്ക് ഇനി സഞ്ചരിക്കാൻ സാധിക്കു. താരങ്ങൾക്ക് പ്രകടനത്തിനനുസരിച്ച് ശമ്പളം നൽകുന്ന വേരിയബിൾ പേ സംവിധാനത്തിനും ബി.സി.സി.ഐ തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യ 1-3ന് തോറ്റിരുന്നു. 10 വർഷത്തിന് ശേഷമാണ് ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫിയിൽ തോൽവി വഴങ്ങുന്നത്. നേരത്തെ ന്യൂസിലാൻഡിനെതിരായ സീരിസിലും ഇന്ത്യ 3-0ത്തിന് തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ നടപടികൾ കർശനമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.