ബംഗളൂരു: മുഴുവൻ സമയ നായകനായ ശേഷമുള്ള നൂറു ശതമാന വിജയറെക്കോഡ് തുടരാൻ രോഹിത് ശർമ ഇന്നിറങ്ങുന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന കളിയിൽ ഇന്നിറങ്ങുമ്പോൾ പരമ്പര 2-0ത്തിന് തൂത്തുവാരുകയെന്ന ലക്ഷ്യമാവും രോഹിതിന്റെ മനസ്സിൽ. ആദ്യ ടെസ്റ്റിൽ സന്ദർശകരെ തകർത്തെറിഞ്ഞ ടീം ഇന്ത്യ അലസത കാണിച്ചില്ലെങ്കിൽ ഇത് അനായാസമായി നേടാനുമാവും. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ-നൈറ്റ് മത്സരമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറുക. ഇന്ത്യയുടെ നാലാമത്തെ ഡേ-നൈറ്റ് ടെസ്റ്റാണിത്.
ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന അവസ്ഥയിലാണ് ലങ്ക. ആദ്യ മത്സരത്തിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പേസർ ലാഹിരു കുമാരയും ബാറ്റർ പാത്തും നിസാങ്കയും പരിക്കുമൂലം പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി. ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന പേസർ ദുഷ്മന്ത ചമീര പരിക്ക് ഭേദമാകാത്തതിനാൽ ഇത്തവണയുമില്ലാത്തതിനാൽ പേസർ ചാമിക കരുണരത്നെയായിരിക്കും കുമാരക്ക് പകരമിറങ്ങുക. മൊഹാലിയിൽ തരക്കേടില്ലാതെ ബാറ്റുചെയ്ത നിസാങ്കയുടെ അഭാവം ടീമിന് വിനയാവും.
പകരം ദിനേശ് ചണ്ഡിമലാവും കളിക്കുക. നായകൻ ദിമുത് കരുണരത്നെയും സീനിയർ താരം എയ്ഞ്ചലോ മാത്യൂസുമടക്കമുള്ളവർ പ്രകടനം മെച്ചപ്പെടുത്തിയാലേ ലങ്കക്ക് പ്രതീക്ഷക്ക് വകയുള്ളൂ.
2019ലെ ഇതുപോലൊരു പിങ്ക് ബാൾ ടെസ്റ്റിലാണ് വിരാട് കോഹ്‍ലി അവസാനമായി സെഞ്ച്വറിയടിച്ചത്. കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ 136. പിന്നീട് കളിച്ച 28 ടെസ്റ്റ് ഇന്നിങ്സുകളിൽ ആറ് അർധ സെഞ്ച്വറികളാണ് 33കാരന്റെ അക്കൗണ്ടിൽ.
ടോപ്സ്കോർ 79ഉം. ഐ.പി.എല്ലിലെ ഏറെ പരിചിതമായ ഹോം ഗ്രൗണ്ടിൽ സെഞ്ച്വറിവരൾച്ചക്ക് കോഹ്‍ലിക്ക് അറുതിവരുത്താനാവുമോ എന്നതായിരിക്കും ആരാധകരുടെ ആകാംക്ഷ. ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിൽ വിക്കറ്റ് ലഭിക്കാത്ത ഓഫ് സ്പിന്നർ ജയന്ത് യാദവിനു പകരം പരിക്കുമാറിയെത്തിയ ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേൽ കളിച്ചേക്കും. പേസർ മുഹമ്മദ് സിറാജിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.