‘കോഹ്‌ലിയെ പുറത്താക്കാനുള്ള തന്ത്രം ബസ് ഡ്രൈവറും പറഞ്ഞുതന്നു’; വെളിപ്പെടുത്തലുമായി ഹിമാൻഷു സങ്‍വാൻ
രഞ്ജി ട്രോഫി മത്സരത്തിൽ പുറത്തായി മടങ്ങുന്ന വിരാട് കോഹ്ലി

‘കോഹ്‌ലിയെ പുറത്താക്കാനുള്ള തന്ത്രം ബസ് ഡ്രൈവറും പറഞ്ഞുതന്നു’; വെളിപ്പെടുത്തലുമായി ഹിമാൻഷു സങ്‍വാൻ

ന്യൂഡൽഹി: രഞ്ജി ട്രോഫി മത്സരത്തിൽ സൂപ്പർ താരം വിരാട് കോഹ്‌ലിയെ പുറത്താക്കിയതിനു പിന്നാലെയാണ് ഹിമാൻഷു സങ്‍വാൻ എന്ന റെയിൽവേ ടീമിന്റെ ബൗളറെ കുറിച്ച് കൂടുതൽ ചർച്ചകളുയർന്നത്. 13 വർഷത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ പാഡണിഞ്ഞ കോഹ്‌ലി കേവലം ആറ് റൺസ് മാത്രം എടുത്തു നിൽക്കെയാണ് ഹിമാൻഷു ക്ലീൻ ബൗൾഡാക്കിയത്. സ്റ്റംപ് തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. ഇപ്പോൾ കോഹ്‌ലിയെ പുറത്താക്കാനുള്ള തന്ത്രം ബസ് ഡ്രൈവറും പറഞ്ഞുതന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ഹിമാൻഷു സങ്‍വാൻ.

“ഞങ്ങൾ സഞ്ചരിച്ചിരുന്ന ബസിലെ ഡ്രൈവർ പോലും കോഹ്‌ലിയെ എങ്ങനെ പുറത്താക്കണമെന്ന് പറഞ്ഞുതന്നു. ഓഫ് സൈഡിൽ നാലാമത്തെയോ അഞ്ചാമത്തെയോ സ്റ്റമ്പ് ലൈനിൽ പന്തെറിഞ്ഞാൽ കോഹ്‌ലി പുറത്താകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എന്നാൽ മറ്റൊരാളുടെ ബലഹീനത പ്രയോജനപ്പെടുത്തുക എന്നതിലുപരി സ്വന്തം കഴിവിൽ വിശ്വസിക്കുക എന്നതാണ് എന്റെ രീതി. എന്തായാലും അതിൽ ഫലം കണ്ടെത്താനായി.

മത്സരത്തിന് ഇറങ്ങുമ്പോൾ കോഹ്‌ലിയെ പുറത്താക്കാൻ പ്രത്യേകിച്ച് പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. ഡൽഹി ടീമിലുള്ളവർ അക്രമോത്സുകരായി കളിക്കുന്നവരാണെന്ന് പരിശീലകർ പറഞ്ഞിരുന്നു. എല്ലാവരും സ്ട്രോക്ക് പ്ലെയേഴ്സാണ്. ലൈൻ ശ്രദ്ധിച്ച് എറിയണമെന്നായിരുന്നു നിർദേശം. റെയിൽവേസിന്റെ പേസ് ആക്രമണത്തെ നയിക്കുന്നതു ഞാനാണ്. ഞാൻ കോലിയെ പുറത്താക്കുമെന്ന് തോന്നുന്നതായി ടീമംഗങ്ങളെല്ലാം എന്നോടു പറഞ്ഞിരുന്നു. ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞപ്പോൾ വലിയ വിക്കറ്റ് ലഭിച്ചു” -ഹിമാൻഷു പറഞ്ഞു.

2019ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 29കാരനായ ഹിമാന്‍ഷു ഡൽഹി സ്വദേശിയാണ്. ഡൽഹി ടീമിന്റെ നാല് വിക്കറ്റുകളാണ് മത്സരത്തിൽ ഹിമാൻഷു പിഴുതത്. എന്നാൽ ബാറ്റിങ് അമ്പേ പരാജയപ്പെട്ടതോടെ റയിൽവേസ് ഡൽഹി ടീമിനോട് ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങി. ഓൾറൗണ്ട് പ്രകടന മികവ് പുറത്തെടുത്ത സുമിത് മാത്തൂരാണ് കളിയിലെ താരം.

Tags:    
News Summary - Bus driver told me to bowl 5th-stump line to Virat Kohli: Himanshu Sangwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.