ഡ്യുനെഡിന്‍: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി20യിലും പാകിസ്താന് തോൽവി. അഞ്ചു വിക്കറ്റിനാണ് മത്സരം കൈവിട്ടത്. മഴമൂലം 15 ഓവറാക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ഒന്നാം ട്വന്‍റി20യിൽ ഒമ്പത് വിക്കറ്റിന്‍റെ നാണംകെട്ട തോൽവിയാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്.
സ്കോർ: പാകിസ്താൻ 15 ഓവറിൽ ഒമ്പതിന് 135. ന്യൂസിലൻഡ് 13.1 ഓവറിൽ അഞ്ചു വിക്കറ്റിന് 137. ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ ടീമിൽ അടിമുടി മാറ്റം വരുത്തിയിട്ടും പാകിസ്താന് രക്ഷയില്ല. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ 2-0ത്തിന് മുന്നിലാണ്. ഓപ്പണർമാരായ ടിം സീഫെര്‍ട്ടും ഫിന്‍ അല്ലനും നൽകിയ മികച്ച തുടക്കമാണ് കിവീസ് ജയം അനായാസമാക്കിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 4.4 ഓവറിൽ 66 റൺസാണ് അടിച്ചെടുത്തത്.
ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിൽ നാലു സിക്സുകളടക്കം 26 റൺസാണ് സീഫെര്‍ട്ട് അടിച്ചുകൂട്ടിയത്. താരം 22 പന്തിൽ അഞ്ചു സിക്സും മൂന്നു ഫോറുമടക്കം 45 റൺസെടുത്തു. 16 പന്തിൽ അഞ്ചു സിക്സും ഒരു ഫോറുമടക്കം 38 റൺസാണ് ഫിന്‍ അല്ലൻ നേടിയത്. മാര്‍ക്ക് ചാപ്മാന്‍ (ആറു പന്തിൽ ഒന്ന്), ഡാരില്‍ മിച്ചല്‍ (14 പന്തിൽ 14), ജെയിംസ് നീഷാം (നാലു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മിച്ചല്‍ ഹേ (16 പന്തിൽ 21), മൈക്കല്‍ ബ്രേസ്വെല്‍ (രണ്ടു പന്തിൽ അഞ്ച്) എന്നിവർ ചേർന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. പാകിസ്താനായി ഹാരിസ് റൗഫ് രണ്ടു വിക്കറ്റും മുഹമ്മദ് അലി, ഖുഷ്ദിൽ ഷാ, ജഹന്ദാദ് ഖാന്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ (28 പന്തിൽ 46), ഷദബ് ഖാന്‍ (14 പന്തിൽ 26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22) എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താനെ മാന്യമായ സ്‌കോറിലെത്തിച്ചത്. തകര്‍ച്ചയോടെയായിരുന്നു പാകിസ്താന്‍റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ഹസന്‍ നവാസ് റണ്ണൊന്നും എടുക്കാതെ മടങ്ങി. നാലാം ഓവറില്‍ രണ്ടാം വിക്കറ്റും വീണു. മുഹമ്മദ് ഹാരിസിനെ (11) സീര്‍സ് മടക്കുകയായിരുന്നു. ഇര്‍ഫാന്‍ ഖാന്‍ (11), ഖുഷ്ദില്‍ ഷാ (2) എന്നിവരെ ഒരേ ഓവറില്‍ സോധി മടക്കിയതോടെ നാലിന് 52 എന്ന നിലയിലേക്ക് സന്ദർശകർ തകർന്നു.
അബ്ദുൽ സമദ് (ഏഴു പന്തിൽ 11), ജഹന്ദാദ് ഖാന്‍ (പൂജ്യം), ഹാരിസ് റൗഫ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. കിവീസിനായ ഇഷ് സോധി, ജേക്കബ് ഡഫി, ബെന്‍ സീര്‍സ്, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.