എനിക്ക് ആർക്കും ഒരു സന്ദേശവും നൽകാനില്ല! ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ശ്രേയസ് അയ്യർ

2025 ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ ഒരാളായി ഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ മാറിയിരുന്നു. അഞ്ച് ഇന്നിങ്സിൽ നിന്നും 243 റൺസാണ് അയ്യർ നേടിയത്. ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും അയ്യരായിരുന്നു. തനിക്ക് ആരോടും ഒന്നും തെളിയിക്കാനില്ലെന്ന് പറയുകയാണ് അയ്യരിപ്പോൾ.

നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന അയ്യർ ഇന്ത്യൻ നിരയിൽ ഒരു സ്ഥാനം ഉറപ്പിക്കുന്നുണ്ടെങ്കിലും സ്ഥിരത ഇല്ലായ്മ, ഷോർട്ട് ബോളിനെതിരെയുള്ള മോശം പ്രകടനം എന്നിവ മൂലം അദ്ദേഹം കരിയറിലുടനീളം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ 2023ലെ ഏകദിന ലോകകപ്പ്, ഈയിടെ നടന്ന ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ അയ്യർ മികച്ച തിരിച്ചുവരവ് നടത്തി. ബി.സി.സി.ഐ കരാറിൽ നിന്നും അയ്യരിനെ ഒഴിവാക്കിയിരുന്നു. എന്നാൽ ഈയിടെ ക്രിക്കറ്റിലേക്ക് വമ്പൻ തിരിച്ചുവരവാണ് താരം നടത്തിയത്. ഷോർട്ട് ബോളിനെതിരെയുള്ള ബലഹീനതയെ അയ്യർ ഏറെക്കുറെ മറികടന്നെന്ന് പറയാം.

'ആത്മവിശ്വാസം തീർച്ചയായും വർധിച്ചിട്ടുണ്ട്. എന്റെ ആഭ്യന്തര സീസൺ നോക്കൂ, ഈ വർഷം ഞാൻ ധാരാളം കളിച്ചു, ബുദ്ധിമുട്ടുള്ള പന്തുകളിൽ സിക്സറുകൾ അടിച്ചു. അതിൽ നിന്ന് എനിക്ക് വളരെയധികം ആത്മവിശ്വാസം ലഭിച്ചു. സാങ്കേതികമായി, എനിക്ക് വലിയ സ്റ്റാൻഡെടുക്കാനും മികച്ച ഒരു അടിത്തറ സൃഷ്ടിക്കാനും കഴിഞ്ഞു, അത് ശക്തി സൃഷ്ടിക്കാൻ എന്നെ പ്രാപ്തമാക്കി. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലും അതിന് ശേഷം നടന്ന മത്സരങ്ങളിലും എനിക്ക് മികച്ച രീതിയിൽ ബാറ്റ് വീശാൻ സാധിച്ചു.

എനിക്ക് ആർക്കും ഒരു സന്ദേശവും നൽകാനില്ല. പറ്റാവുന്ന രീതിയിൽ മികച്ച ക്രിക്കറ്റ് കളിക്കുക എന്നുള്ളതാണ് എനിക്ക് ചെയ്യാൻ പറ്റാവുന്ന ഏറ്റും വലിയ കാര്യം. സന്ദേശം തനിയെ അവിടെ എത്തും,' അയ്യർ പറഞ്ഞു.

കഴിഞ്ഞ വർഷം ഐ.പി.എൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകനായിരുന്ന അയ്യർ നിലവിൽ പഞ്ചാബ് കിങ്സിന്‍റെ ക്യാപ്റ്റനാണ്. മേഗാ ലേലത്തിൽ 26.75 കോടി രൂപ നൽകിയാണ് അയ്യരിനെ പഞ്ചാബ് ടീമിലെത്തിച്ചത്.

Tags:    
News Summary - I don't have to send any message to anyone" shreyas iyer statement after 2025 Champions Trophy win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.