ന്യൂഡൽഹി: ട്വന്‍റി20 ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി സൂപ്പർതാരം വിരാട് കോഹ്ലി. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ ട്വന്‍റി20യിൽ താരത്തിന് നൂറ് അർധ സെഞ്ച്വറികളായി.
ഫിഫ്റ്റിയിൽ സെഞ്ച്വറി തികക്കുന്ന ആദ്യ ഇന്ത്യൻ താരവും ലോക ക്രിക്കറ്റിലെ രണ്ടാമനും. ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹൊബാര്‍ട്ടിലെ ബെല്ലെറിവ് ഓവലില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലാണ് വാര്‍ണര്‍ നൂറാം ട്വന്‍റി20 അര്‍ധ സെഞ്ച്വറി നേടിയത്.
ട്വന്‍റി20യിൽ ഒമ്പത് സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 38 അർധ സെഞ്ച്വറികളും ഇന്ത്യക്കുവേണ്ടിയാണ് നേടിയത്. ബാക്കിയുള്ള സെഞ്ച്വറിയും അർധ സെഞ്ച്വറിയും ഐ.പി.എല്ലിലും. രാജ്യാന്തര ട്വന്‍റി20 മത്സരങ്ങളും ഫ്രാഞ്ചൈസി മത്സരങ്ങളുമെല്ലാം ചേര്‍ന്ന കണക്കാണിത്. 404 ട്വന്‍റി20 മത്സരങ്ങളിൽനിന്ന് 13,072 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 2024 ട്വന്‍റി20 ലോകകപ്പ് കിരീട നേട്ടത്തോടെ ട്വന്‍റി20 ടീമിൽനിന്ന് വിരമിച്ച കോഹ്ലി നിലവിൽ ഐ.പി.എല്ലിൽ മാത്രമാണ് കളിക്കുന്നത്.
രാജസ്ഥാനെതിരായ മത്സരത്തിൽ 45 പന്തില്‍നിന്ന് 62 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. രണ്ട് സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. നിലവില്‍ 108 അര്‍ധ സെഞ്ച്വറികളുമായി വാര്‍ണറാണ് പട്ടികയിൽ മുന്നിലുള്ളത്. 90 അര്‍ധ സെഞ്ച്വറികളുമായി പാകിസ്താന്‍ താരം ബാബര്‍ അസമാണ് മൂന്നാമത്. ക്രിസ് ഗെയ്ല്‍ (88), ജോസ് ബട്ട്‌ലര്‍ (86) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
ഓൾ റൗണ്ട് പ്രകടനത്തിന്‍റെ മികവിൽ ഒമ്പതു വിക്കറ്റിനാണ് ആർ.സി.ബി രാജസ്ഥാനെ തോൽപിച്ചത്. രാജസ്ഥാൻ കുറിച്ച 174 റൺസ് വിജയലക്ഷ്യം ബംഗളൂരു 15 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഒപ്പണർമാരായ വിരാട് കോഹ്ലിയുടെയും ഫിൽ സാൾട്ടിന്‍റെയും അർധ സെഞ്ച്വറിയാണ് ആർ.സി.ബിയുടെ ജയം എളുപ്പമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗളൂരു 17.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.