അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 36 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ മുംബൈക്കായുള്ളൂ.
വിലക്കിനു ശേഷം മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയ മത്സരമായിരുന്നു ഇന്നത്തേത്. 197 എന്ന ലക്ഷ്യത്തിലേക്കിറങ്ങിയ മുംബൈക്ക് തുടക്കത്തിലേ രോഹിത് ശർമയെ നഷ്ടപ്പെട്ടു. എട്ട് റൺസെടുത്തായിരുന്നു മുൻ ക്യാപ്റ്റന്റെ മടക്കം. സ്കോർ 35ൽ നിൽക്കെ റയാൻ റിക്കിൾടൺ ആറ് റൺസെടുത്ത് പുറത്തായി. പിന്നീട് തിലക് വർമയും (39), സൂര്യകുമാർ യാദവും (48) ചേർന്നാണ് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, സ്കോറിങ്ങിന് വേഗം കുറഞ്ഞത് മുംബൈക്ക് തിരിച്ചടിയായി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ റോബിൻ മിൻസ് മൂന്ന് റൺസിന് പുറത്തായി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാകട്ടെ 17 പന്തിൽ നേടിയത് വെറും 11 റൺസ്. നമൻ ധീറും മിച്ചൽ സാന്റ്നറും ചേർന്ന് അവസാനം അടിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപണർ സായി സുദർശന്റെ (41 പന്തിൽ 63 റൺസ്) മികവിലാണ് 196 റൺസ് അടിച്ചത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായ് സുദർശനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 27 പന്തിൽ 38 റൺസെടുത്ത ഗിൽ ഒമ്പതാം ഓവറിൽ വീണു. ഹാർദിക്കിന് സീസണിലെ ആദ്യ വിക്കറ്റ് നൽകി നമൻ ധിറിന്റെ കൈകളിലൊതുങ്ങി ഗിൽ. സ്കോർ ബോർഡിൽ അപ്പോൾ 78. പിന്നെ ജോസ് ബട്ട്ലറും സായിയും ചേർന്ന് സ്കോർ മുന്നോട്ടുനീക്കി. 24 പന്തിൽ 39 റൺസ് നേടി ബട്ട്ലറെ 14ാം ഓവറിൽ മുജീബുറഹ്മാൻ മടക്കി. വിക്കറ്റിന് പിന്നിൽ റയാൻ റിക്കിൾടണിന് ക്യാച്ച്. സ്കോർ രണ്ടിന് 129.
ഏഴ് പന്തിൽ ഒമ്പത് റൺസായിരുന്നു ഷാരൂഖ് ഖാന്റെ സംഭാവന. 16ാം ഓവറിൽ ഹാർദിക്കിന് രണ്ടാം വിക്കറ്റും തിലക് വർമക്ക് ക്യാച്ചും സമ്മാനിച്ചു. ഒരറ്റത്ത് നിലയുറപ്പിച്ച സായിയെ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുന്നിൽ കുരുക്കി. നാല് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 18 ഓവർ പൂർത്തിയാവുമ്പോൾ സ്കോർ നാലിന് 179. രാഹുൽ തേവാട്യ (0) വന്നപാട് ഹാർദിക്കിന്റെ കൈകളാൽ റണ്ണൗട്ടായി. 11 പന്തിൽ 18 റൺസുമായി ദീപക് ചാഹറിന് വിക്കറ്റേകി ഷെർഫാൻ റതർഫോർഡ് പുറത്ത്. റാഷിദ് ഖാനെ (6) അവസാന ഓവറിൽ സത്യനാരായണ രാജു ക്യാപ്റ്റൻ ഹാർദിക്കിനെ ഏൽപിച്ചു. അവസാന പന്തിൽ സായി കിഷോർ (1) റണ്ണൗട്ട്. കാഗിസോ റബാദ അഞ്ച് പന്തിൽ ഏഴ് റൺസുമായി പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.