ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ഡിസംബറിലെ മികച്ച താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ തെരഞ്ഞെടുക്കപ്പെട്ടു. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.
ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൻ പാറ്റേഴ്സൺ എന്നിവരെ പിന്തള്ളിയാണ് ബുംറ രണ്ടാം തവണയും ഐ.സി.സിയുടെ മാസാന്ത്യ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഓസീസിനെതിരായ പരമ്പരയിൽ ഡിസംബറിൽ നടന്ന ആദ്യ മൂന്നു ടെസ്റ്റുകളിൽ 14.22 ശരാശരിയിൽ 22 വിക്കറ്റുകളാണ് താരം നേടിയത്. അഞ്ചു ടെസ്റ്റുകളിലായി മൊത്തം 32 വിക്കറ്റുകളും താരം വീഴ്ത്തി. പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബുംറയായിരുന്നു.
പരമ്പരയിൽ ഇന്ത്യ ജയിച്ച പെർത്തിലെ ആദ്യ ടെസ്റ്റിൽ ടീമിനെ നയിച്ചതും ബുംറയാണ്. ‘ഡിസംബറിലെ ഐ.സി.സി പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ആവേശത്തിലാണ്. വ്യക്തിഗത അംഗീകാരങ്ങൾക്കായി തെരഞ്ഞെടുക്കപ്പെടുന്നത് വലിയ കാര്യമാണ്, നമ്മുടെ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത് സന്തോഷകരമാണ്’ -ബുംറ പ്രതികരിച്ചു. ബോർഡർ ഗവാസ്കർ ട്രോഫി ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് പരമ്പരയിൽ കളിക്കാനായത് വലിയ അംഗീകാരമാണെന്നും താരം കൂട്ടിച്ചേർത്തു.
ബുംറയുടെ ബൗളിങ് മികവുകൊണ്ടുമാത്രമാണ് ഓസീസിനെതിരായ പരമ്പര ഏകപക്ഷീയമാകാതിരുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങൾ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതോടെയാണ് പത്തു വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യക്ക് പരമ്പര നഷ്ടപ്പെട്ടത്. ഓസീസിന്‍റെ അന്നാബെൽ സതർലാൻഡാണ് ഡിസംബറിലെ മികച്ച വനിത താരം. ഇന്ത്യയുടെ സ്മൃതി മാന്ഥാനയെ മറികടന്നാണ് ഓസീസ് താരം പുരസ്കാരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.