സ്മൃതിക്കും പ്രതികക്കും സെഞ്ച്വറി, ദീപ്തിക്ക് മൂന്ന് വിക്കറ്റ്; 304 റൺസിന്റെ റെക്കോഡ് വിജയവുമായി ഇന്ത്യൻ വനിതകൾ

സ്മൃതിക്കും പ്രതികക്കും സെഞ്ച്വറി, ദീപ്തിക്ക് മൂന്ന് വിക്കറ്റ്; 304 റൺസിന്റെ റെക്കോഡ് വിജയവുമായി ഇന്ത്യൻ വനിതകൾ

രാജ്കോട്ട്: റെക്കോഡുകൾ പെയ്തിറങ്ങിയ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം. ടീം ഇന്ത്യ പടുത്തുയർത്തിയ 436 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന്റെ ഇന്നിങ്സ് 131ൽ അവസാനിച്ചു. 304 റൺസിന്റെ വമ്പൻ ജയത്തോടെയാണ് സ്മൃതി മന്ഥാനയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ സംഘം പരമ്പര തൂത്തുവാരിയത്. 41 റൺസ് നേടിയ സാറ ഫോബ്സാണ് അയർലൻഡിന്റെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി 129 പന്തിൽ 154 റൺസ് അടിച്ചെടുത്ത് ടോപ് സ്കോററായ പ്രതിക റാവലാണ് കളിയിലെ താരം. മൂന്ന് മത്സരത്തിൽ 310 റൺസ് നേടിയ പ്രതിക പരമ്പരയിലെ താരവുമായി. സ്കോർ: ഇന്ത്യ -50 ഓവറിൽ അഞ്ചിന് 435, അയർലൻഡ് -31.4 ഓവറിൽ 131ന് പുറത്ത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ന് രാജ്കോട്ടിൽ പിറന്നത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ഓപ്പണർമാരായ ക്യാപ്റ്റൻ പ്രതിക റാവൽ, സ്മൃതി മന്ഥന എന്നിവര്‍ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് എത്തിയത്. വനിതാ ഏകദിനത്തിൽ റൺസ് അടിസ്ഥാനത്തിൽ ഉയർന്ന ഏഴാമത്തെ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും. മൂന്നു വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ, രണ്ടു വിക്കറ്റ് വീഴ്ത്തിയ തനൂജ കൻവാർ എന്നിവർ ചേർന്നാണ് അയർലൻഡിനെ 131ൽ ഒതുക്കിയത്. ടൈറ്റസ് സന്ധു, സയാലി സാത്ഗരെ, മലയാളി താരം മിന്നു മണി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

സ്മൃതിയും യുവ ഓപ്പണർ പ്രതികയും ഒരുമിച്ച ഓപ്പണിങ് കൂട്ടുകെട്ടിൽ 233 റൺസ് പിറന്നു. ഇരുവരും സെഞ്ചുറി നേടി. ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഏകദിന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 129 പന്ത് നേരിട്ട് 20 ഫോറും ഒരു സിക്സറുമടിച്ച് 159 റൺസാണ് പ്രതിക സ്വന്തമാക്കിയത്. 100 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ പ്രതിക, അടുത്ത 29 പന്തിൽ 54 റൺസ് കൂടി കൂട്ടിച്ചേർത്തു. ഒരു ഇന്ത്യൻ വനിതാ ബാറ്ററുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറാണ് ഇരുപത്തിനാലുകാരി സ്വന്തം പേരിൽ കുറിച്ചത്. ദീപ്തി ശർമയും (188) ഹർമൻപ്രീത് കൗറുമാണ് (171*) ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഏകദിന കരിയറിൽ വെറും ആറാം മത്സരമാണ് താരം കളിക്കുന്നത്.

ഇതിന് മുമ്പ് കളിച്ച അഞ്ച് ഏകദിന മത്സരത്തിൽ മൂന്ന് അർധസെഞ്ച്വറി നേടിയ താരം ഇന്നത്തെ മത്സരത്തിൽ കന്നി സെഞ്ച്വറിയാണ് നേടിയത്. ആദ്യ ആറ് ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ലോക വനിതാ ക്രിക്കറ്റിലെ ലോക റെക്കോഡും പ്രതിക സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരം ഷാർലറ്റ് എഡ്വേർഡ്സിന്‍റെ പേരിലുണ്ടായിരുന്ന 434 റൺസിന്‍റെ റെക്കോഡാണ് തകർന്നത്. അതേസമയം, കൂടുതൽ ആക്രമണോത്സുകമായി ബാറ്റ് വീശിയ സ്മൃതി മന്ഥാന, 12 ഫോറും ഏഴ് സിക്സും സഹിതം 80 പന്തിൽനിന്നും 135 റൺസും നേടി. താരത്തിന്‍റെ പത്താം ഏകദിന സെഞ്ച്വറിയാണിത്. 70 പന്തിൽ ശതകത്തിലെത്തിയ സ്മൃതി ഒരു ഇന്ത്യൻ വനിതാ ബാറ്ററുടെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ചു. ഏകദിനത്തിൽ പത്ത് ശതകങ്ങൾ തികക്കുന്ന ആദ്യ ഏഷ്യൻ വനിതാ താരവും സ്മൃതിയാണ്.

മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് 42 പന്തിൽ 59 റൺസ് സ്വന്തമാക്കി. തുടർന്നെത്തിയവരിൽ തേജൽ ഹസാബ്നി 28 റൺസും ഹർലീൻ ഡിയോൾ 15 റൺസും നേടി. ജമീമ റോഡ്രിഗ്സ് 4 റൺസും ദീപ്തി ശർമ 11 റൺസുമെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ് ആരംഭിച്ച അയർലൻഡിനായി സാറ ഫോബ്സിനു പുറമെ ഒർല പ്രൻഡർഗാസ്റ്റ് (36) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലീ പോൾ (15), ലോറ ഡിലാനി (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റ് ബാറ്റർമാർ. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

News Summary - Mandhana and Rawal's tons fire India to record win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.