ലഖ്നോ: ലഖ്നോ സൂപ്പർ ജയന്റ്സ് മുന്നോട്ടുവെച്ച 204 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് അവസാന ഓവർ വരെ പോരാടിയ മുംബൈ ഇന്ത്യൻസ് 12 റൺസകലെ വീണു.
സൂര്യകുമാർ യാദവിന്റെയും (67) നമൻധിറിന്റെയും (46) ഹർദിക് പാണ്ഡ്യയുടെയും (28) ചെറുത്ത് നിൽപ്പ് 191 റൺസിലവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നോ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിങ്ങിയ മുംബൈക്ക് 17 റൺസെടുക്കുന്നതിനിടെ ഓപണർമാരെ നഷ്ടമായെങ്കിലും നമൻധിറും സൂര്യകുമാറും തിലക് വർമയും ചേർന്ന് സ്കോർ 150 കടത്തി.
43 പന്തിൽ 67 റൺസെടുത്ത് സൂര്യകുമാർ വീണതോടെ പ്രതീക്ഷകൾ ഏറെകുറേ അവസാനിച്ചു. 23 പന്തിൽ 25 റൺസെടുത്ത് തിലക് റിട്ടേഡ് ഔട്ടായി. അവസാന ഓവറുകളിൽ നായകൻ ഹാർദിക് പാണ്ഡ്യയുടെ കൂറ്റൻ അടികൾക്ക് സമർത്ഥമായി തടയിട്ടതോടെ ലഖ്നോ ജയം പിടിച്ചെടുത്തു.
നേരത്തെ, മിച്ചൽ മാർഷിന്റെയും എയ്ഡൻ മാർക്രമിന്റെയും ഇന്നിങ്സാണ് ലഖ്നോ ഇന്നിങ്സിന് കരുത്തേകിയത്. 31 പന്തിൽ 60 റൺസുമായി മിച്ചൽ മാർഷ് ലഖ്നോക്ക് മികച്ച തുടക്കം സമ്മാനിച്ചു. എയ്ഡൻ മാർക്രം 53ഉം ആയുഷ് ബദോനി 30ഉം ഡേവിഡ് മില്ലർ 27ഉം റൺസ് നേടി. ആറ് ഓവറിൽ 70 ഉം കടന്ന് മുന്നേറിയ ഓപണിങ് കൂട്ടുക്കെട്ട് പൊളിച്ചത് വിഗ്നേഷ് പുത്തൂരാണ്.
ദീപക് ചാഹർ എറിഞ്ഞ ആദ്യ ഓവറിൽ മൂന്ന് ഫോറുകൾ നേടിയ മാർഷ്, അടുത്ത ഓവറിൽ ട്രെന്റ് ബോൾട്ടിനെയും തൂക്കി. മറുഭാഗത്ത് എയ്ഡൻ മാർക്രം പതിയെയാണ് മുന്നേറിയത്. അശ്വിനി കുമാർ എറിഞ്ഞ ആറാം ഓവറിൽ 23 റൺസായിരുന്നു മാർഷ് നേടിയത്. ഉഗ്രൻ ഫോമിൽ നിറഞ്ഞാടുമ്പോഴായിരുന്നു പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് താരമായത്. വിഷ്നേഷിന്റെ ആദ്യ മൂന്ന് പന്തുകളും മാർക്രം ബഹുമാനത്തോടെ നേരിട്ടു. റണ്ണൊന്നും വഴങ്ങിയില്ല. നാലാം പന്ത് സിക്സർ പറത്തി. അടുത്ത പന്തിൽ സിംഗിൾ. വിഷ്നേഷിന് മുന്നിൽ മാർഷ്. ലെഗ് സ്റ്റംപിന് പുറത്തുള്ള പന്ത് ഓൺസൈഡിലേക്ക് തട്ടാനായിരുന്നു ഓസീസ് താരത്തിന്റെ ശ്രമം. മുന്നോട്ട് എഡ്ജ് ചെയ്ത പന്ത് ഡൈവിങ് ക്യാച്ചിലൂടെ വിഷ്നേഷ് കൈയിലാക്കി. അഭിനന്ദനവുമായി നായകൻ ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവുമടക്കമുള്ളവർ ഓടിയെത്തി.
അടുത്ത ഓവർ എറിഞ്ഞ ഹാർദിക് അപകടകാരിയായ നിക്കോളസ് പുരാനെ (ആറ് പന്തിൽ 12) ദീപക് ചാഹറിന്റെ കൈയിലെത്തിച്ചു. രണ്ട് വിക്കറ്റ് നഷ്ടമായശേഷം മാർക്രം ആക്രമണം കടുപ്പിച്ചു. പത്തോവറിൽ ലഖ്നോ നൂറ് കടന്നു. വീണ്ടും നിരാശപ്പെടുത്തിയ ലഖ്നോ ക്യാപ്റ്റൻ സീസണിൽ ഇതുവരെ ഫോം കണ്ടെത്താനാകാത്ത നായകൻ റിഷഭ് പന്ത് വീണ്ടും 'ദുരന്ത'മായി മാറി. രണ്ട് റൺസെടുത്ത പന്ത് ഹാർദികിന് വിക്കറ്റ് നൽകി മടങ്ങി. ഐ.പി.എൽ മെഗാലേലത്തിൽ റെക്കോഡ് തുകയായ 27 കോടി രൂപക്ക് ടീമിലെത്തിയ പന്ത് 0, 15, 2, 2 റൺസാണ് കഴിഞ്ഞ നാല് മത്സരങ്ങളിൽ നേടിയത്.
തുടർന്നെത്തിയ ആയുഷ് ബദോനി മാർക്രമിനൊപ്പം ചേർന്ന് തകർത്തടിച്ചതോടെ സ്കോർ 150 കടന്നു. 19 പന്തിൽ 30 റൺസെടുത്ത ബദോനി അശ്വിനി കുമാറിന്റെ പന്തിൽ പുറത്തായി. 38 പന്തിൽ നാല് സിക്സും രണ്ടു ഫോറും ഉൾപ്പെടെ 53 റൺസെടുത്ത മാർക്രം പാണ്ഡ്യക്ക് മൂന്നാമത്തെ വിക്കറ്റും നൽകി മടങ്ങി. 27 റൺസെടുത്ത ഡേവിഡ് മില്ലറെയും റൺസെടുക്കും മുൻപ് ആകാശ് ദീപിനെ പുറത്താക്കി പാണ്ഡ്യ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.