അഹ്മദാബാദ്: ഐ.പി.എൽ സീസൺ തുടക്കത്തിൽ അപരാജിതരായി ഒന്നാം സ്ഥാനത്ത് മുന്നേറിയവരാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാകട്ടെ നേരെ മറിച്ചും. ആദ്യ എട്ടിൽ ഏഴ് മത്സരങ്ങളും തോറ്റു. ഒമ്പതിൽ എട്ടും ജയിച്ച രാജസ്ഥാൻ പിന്നീട് ഏറ്റുവാങ്ങിയത് തുടർച്ചയായ നാല് പരാജയങ്ങൾ. അവസാന മത്സരം മഴയും കൊണ്ടുപോയതോടെ മൂന്നാംസ്ഥാനത്തേക്കും എലിമിനേറ്ററിലേക്കും ഇറങ്ങി സഞ്ജു സംഘം. ആറ് ജീവന്മരണപോരുകളും ജയിച്ച് റൺറേറ്റിന്റെ കൂടി ആനുകൂല്യത്തിൽ നാലാംസ്ഥാനക്കാരായി കടന്നുകൂടി വിരാട് കോഹ് ലിയുടെ ബംഗളൂരു. ഇരു ടീമും തമ്മിൽ ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ശക്തിപരീക്ഷിക്കാനിറങ്ങുകയാണ്. ഒരു കാര്യം ഉറപ്പ്. ഇനി ഭാഗ്യം നോക്കി കാത്തിരിപ്പില്ല. തോൽക്കുന്നവർക്ക് വെറുംകൈയോടെ മടങ്ങാം. ജയിച്ചാൽ ഫൈനൽ തേടി രണ്ടാം ക്വാളിഫയറിനൊരുങ്ങാം.
സ്റ്റാർ ഓപണർ ജോസ് ബട്ട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയാണ്. യശസ്വി ജയ്സ്വാളിനൊപ്പം ടോം കോഹ്ലർ കാഡ്മോർ ഇന്നിങ്സ് തുടങ്ങിയേക്കും. മധ്യനിരിയിൽ ഷിമ്രോൺ ഹിറ്റ്മെയർ തിരിച്ചെത്താനും സാധ്യതയുണ്ട്. സഞ്ജുവിന്റെയും ഫോമിലുള്ള റയാൻ പരാഗിന്റെയും ഉത്തരവാദിത്തം വർധിക്കും. പരിചയസമ്പന്നരായ ബൗളർമാരാണ് ടീമിന്റെ തുറുപ്പുശീട്ട്. സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും യുസ്വേന്ദ്ര ചാഹലും കരുത്തുപകരും. പേസ് ഡിപ്പാർട്ട്മെന്റിൽ ട്രെന്റ് ബോൾട്ട്, നാന്ദ്രെ ബർഗർ, ആവേഷ് ഖാൻ, സന്ദീപ് ശർമ തുടങ്ങിയവരുമുണ്ട്. ഓപണർമാരായ കോഹ്ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും മിന്നുന്നത് ബംഗളൂരുവിന്റെ പ്രതീക്ഷകൾക്ക് നിറംപകരുന്നു. ടോപ് ഓർഡറിൽ രജത് പാട്ടിദാറും തകർപ്പൻ പ്രകടനം നടത്തുന്നതും മധ്യനിരയിൽ ദിനേശ് കാർത്തിക് നിർണായക സംഭാവന നൽകുന്നതും ഇംഗ്ലീഷ് ബാറ്റർ വിൽ ജാക്സിന്റെ കുറവ് നികത്തിയേക്കും. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് ബൗളിങ് നിരയിലെ ഇടംകൈയൻ യാഷ് ദയാലിന്റെ മികവാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ കഴിഞ്ഞ കളി ബംഗളൂരുവിന്റെ വരുതിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.